Friday, August 28, 2009

ബാങ്കുകളില്‍ നിക്ഷേപം കുന്നുകൂടുന്നു; വായ്‌പ വിതരണം മന്ദഗതിയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ബാങ്കുകളില്‍ നിക്ഷേപം കുന്നുകൂടുമ്പോഴും വായ്‌പാ വിതരണത്തില്‍ വന്‍ കുറവ്‌. ആഗോളസാനഎപത്തിക മാന്ദ്യത്തിന്റെ മറവില്‍ പല ബാങ്കുകളും വായ്‌പ നല്‍കുന്നതില്‍ കാട്ടുന്ന വിമുഖതയാണ്‌ ഈ കുറവിന്‌ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തെ ബാങ്കുകളിലെ നിക്ഷേപത്തില്‍ 24.03 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ആഗോള സാമ്പത്തികമാന്ദ്യം രൂക്ഷമായ തുടരുന്ന സാഹചര്യത്തിലും ഇതായിരുന്നു കേരളത്തിലെ സ്ഥിതി. എന്നിട്ടും വായ്‌പാ വിതരണത്തില്‍ വന്‍ കുറവാണ്‌ ബാങ്കുകള്‍ വരുത്തുന്നത്‌.
2008 മാര്‍ച്ചില്‍ 71.39 ശതമാനമായിരുന്ന വായ്‌പാ നിക്ഷേപാനുപാതം 2009 മാര്‍ച്ച്‌ മാസമായപ്പോള്‍ 63.54 ശതമാനമായി കുറഞ്ഞു. മൂന്നുമാസംകൂടി കഴിഞ്ഞപ്പോള്‍ വായ്‌പാ നിക്ഷേപാനുപാതം വീണ്ടും ഒരു ശതമാനം കണ്ടു കുറയുകയായിരുന്നുവെന്ന്‌ തിരുവനന്തപുരത്തു നടന്ന സ്‌റ്റേറ്റ്‌ ലെവല്‍ ബാങ്കേഴ്‌സ്‌ സമിതി യേഗാത്തില്‍ അവതരിപ്പിച്ച കണക്കുകള്‍ തെളിയിക്കുന്നു.

അതേസമയം പ്രവാസി നിക്ഷേപത്തില്‍ ജൂണ്‍മാസം വരെ 964 കോടിരൂപയുടെ വര്‍ധനയാണ്‌ ഉണ്ടായത്‌. പ്രവാസി നിക്ഷേപം 37,983 കോടി രൂപയാണ്‌. കഴിഞ്ഞ മാര്‍ച്ച്‌ മാസത്തില്‍ പ്രവാസി നിക്ഷേപം 37,019 കോടി രൂപയായിരുന്നു. സംസ്ഥാനത്തെ ബാങ്കുകളിലെ ആകെ നിക്ഷേപം 1,34,764 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്‌.
യോഗത്തില്‍ കനറാ ബാങ്ക്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ എച്‌ എസ്‌ ഉപേന്ദ്ര കാമത്ത്‌ അധ്യക്ഷനായിരുന്നു. എസ്‌ എല്‍ ബി സി കണ്‍വീനര്‍ കെ എന്‍ ആചാര്യ, പട്ടികജാതി-പട്ടിക വര്‍ഗ വികസനവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി പോള്‍ ആന്റണി, എസ്‌ ബി ടി മാനേജിംഗ്‌ ഡയറക്‌ടര്‍ എ കെ ജഗന്നാഥന്‍, ആര്‍ ബി ഐ റീജണല്‍ ഡയറക്‌ടര്‍ എസ്‌ രാമസ്വാമി, കാനറാ ബാങ്ക്‌ ജനറല്‍ മാനേജര്‍ എന്‍ നരസറെഡ്‌ഢി, എന്‍ ആര്‍ വെങ്കട്ടരമണി, ആര്‍ ബി ഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്‍ കെ മോറിയ, നബാര്‍ഡ്‌ ചീഫ്‌ ജനറല്‍ മാനേജര്‍ കെ സി ശശിധര്‍, ഡോ തര്‍സീം ചന്ദ്‌ എന്നിവര്‍ സംസാരിച്ചു.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP