Monday, July 20, 2009

റഷ്യയില്‍ ആറ്‌ മാസത്തിനിടെ തോക്ക്‌ ലൈസന്‍സ്‌ എടുത്തത്‌ 1,80,000 പേര്‍

ടുളു: റഷ്യക്കാര്‍ക്കിടയില്‍ ആയുധവില്‍പ്പന ക്രമാതീതമായി ഉയരുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌. സ്വയം രക്ഷക്കായി ആയുധം സൂക്ഷിക്കുന്നതിന്‌ ലൈസന്‍സ്‌ തേടി സര്‍ക്കാരിന്‌ ലഭിക്കുന്ന അപേക്ഷകള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്‌.
ഈവര്‍ഷം ആദ്യ ആറ്‌ മാസത്തിനകംതന്നെ 1,80,000 പേര്‍ തോക്കിന്‌ ലൈസന്‍സ്‌ നേടിക്കഴിഞ്ഞു. ആദ്യ മൂന്ന്‌ മാസത്തില്‍ 50,000 പേര്‍ ലൈസന്‍സ്‌ എടുത്തുവെങ്കില്‍ 1,30,000 പേര്‍ അടുത്ത മൂന്നു മാസത്തിനകമാണ്‌ ലൈസന്‍സ്‌ എടുത്തത്‌.
സ്വയം രക്ഷയ്‌ക്കായി എന്ന പേരിലാണ്‌ സര്‍ക്കാരിന്‌ ലഭിക്കുന്ന അപേക്ഷകള്‍ മുഴുവനുമെന്ന്‌ റഷ്യയുടെ ഫസ്‌റ്റ്‌ ഡെപ്യൂട്ടി ഇന്റരിയോര്‍ മിനിസ്‌റ്റര്‍ കേണല്‍-ജനറല്‍ മിഖാലി സുഖോഡോള്‍സ്‌കി അറിയിച്ചു. എന്നാല്‍ അപേക്ഷയില്‍ പറയുംപോല സ്വയം രക്ഷയ്‌ക്കല്ല ഇവര്‍ തോക്ക്‌ ഉപയോഗിക്കുന്നതെന്ന്‌ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
റഷ്യയില്‍ ഇപ്പോള്‍ സ്വകാര്യവ്യക്തികളുടെ കൈവശമുള്ളത്‌ അഞ്ച്‌ മില്ല്യണ്‍ ആയുധങ്ങളാണെന്നാണ്‌ ഔദ്യോഗിക കണക്ക്‌.

ബ്രിട്ടനില്‍ നാല്‌ മില്ല്യണ്‍ ജനങ്ങളുടെ മെയില്‍ ഐ ഡികള്‍ വില്‍പനയ്‌ക്ക്‌

ലണ്ടന്‍: ബ്രിട്ടനിലെ നാല്‌ മില്ല്യണ്‍ ജനങ്ങളുടെ ഇന്റര്‍നെറ്റ്‌ മേല്‍വിലാസങ്ങള്‍ വില്‌പനയ്‌ക്ക്‌. അവരുടെ നധകാര്യ ഇടപാടുകളുടെ വിവരം, ക്രെഡിറ്റ്‌ കാര്‍ഡ്‌ നമ്പര്‍, ബാങ്ക്‌ അക്കൗണ്ട്‌ നമ്പര്‍, ടെലിഫോണ്‍ നമ്പര്‍, എന്തിനേറെ പിന്‍ നമ്പര്‍വരെയുള്ള വിവരങ്ങള്‍ സഹിതമാണ്‌ മേല്‍വിലാസങ്ങള്‍ വില്‍ക്കുന്നതെന്ന്‌ ദ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
വ്യക്തികള്‍ അറിഞ്ഞുകൊണ്ടുള്ള വില്‌പനയല്ലിത്‌. വിവിധ മാര്‍ഗങ്ങളിലൂടെ ഹാക്കര്‍മാര്‍ കൈവശപ്പെടുത്തിയതാണ്‌ ഈ വിവരങ്ങള്‍. ബ്രിട്ടനില്‍ ഇന്റര്‍നെറ്റ്‌ വഴി ഇടപാടുകള്‍ നടത്തുന്ന ആരുടെയും നില അപകടത്തിലാണെന്നാണ്‌ ഇത്‌ ചൂണ്ടിക്കാട്ടുന്നത്‌.
ബ്രിട്ടനിലെ ആകെ ഇന്റര്‍നെറ്റ്‌ ഉപയോക്താക്കളുടെ കാല്‍ ഭാഗത്തോളം പേരുടെയും ബാങ്ക്‌ അക്കൗണ്ട്‌ നമ്പരോ ക്രെഡിറ്റ്‌ കാര്‍ഡ്‌ നമ്പരോ ഇതിനകം ഹാക്കര്‍മാരുടെ കൈകളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നാണ്‌ ഔദ്യോഗിക വിലയിരുത്തല്‍. യൂസര്‍നെയിം, പാസ്‌വേര്‍ഡ്‌, ക്രെഡിറ്റ്‌ കാര്‍ഡിന്റെ വിശദാംശങ്ങള്‍ ഇങ്ങനെയെല്ലാം ഫിഷിംഗ്‌ തന്ത്രത്തിലൂടെ ഹാക്കര്‍മാര്‍ കൈക്കലാക്കിയിട്ടുണ്ട്‌. ഇത്‌ ആവശ്യക്കാര്‍ക്ക്‌ വന്‍ തുക ഈടാക്കി അവര്‍ മറിച്ചുവില്‍ക്കുകയും ചെയ്യുന്നുണ്ടത്രേ.
ഇന്റര്‍നെറ്റ്‌ മുഖേന കച്ചവടം നടത്തുന്ന സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും മറ്റും പേരില്‍ വ്യാജമെയിലുകളുമായി വ്യക്തികള സമീപിച്ചാണ്‌ അവരില്‍നിന്നും അവരറിയാതെ വിവരങ്ങള്‍ ശേഖരിക്കുന്നത്‌. ചില പ്രമുഖ സ്ഥാപനങ്ങളുമായി രഹസ്യധാരണയും ഇത്തരം ഹാക്കര്‍മാര്‍ക്കുണ്ട്‌. തങ്ങളുടെ ഉപഭോക്താവിന്റെ വിവിരങ്ങള്‍ കൈമാറുന്നതിന്‌ ഒരാള്‍ക്ക്‌ 30 പൗണ്ട്‌ എന്നതോതില്‍ ഹാക്കര്‍മാര്‍ പണം നല്‍കുന്നുമുണ്ട്‌. ഇതേ വിവരങ്ങള്‍ തട്ടിപ്പുനടത്തുന്നവര്‍ക്ക്‌ വന്‍തുക ഈടാക്കിയശേഷം കൈമാറകയും ചെയ്യും.
ഈ തട്ടിപ്പ്‌ ബ്രിട്ടനില്‍ മാത്രമാണെന്ന്‌ കരുതി ആശ്വസിക്കേണ്ട. ലോകത്തൊട്ടാകെ 40 മില്ല്യണ്‍ ഇന്റര്‍നെറ്റ്‌ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ കവശപ്പെടുത്തിയിട്ടുണ്ട്‌. ഇതില്‍ ഏറെയും അമേരിക്കക്കാരുടേതാണെന്നും ടൈംസ്‌ പറയുന്നു.

സ്വീഡ്‌ബാങ്ക്‌ വന്‍ നഷ്ടത്തില്‍; 3600 പേര്‍ക്ക്‌ ജോലിപോകും



ബാള്‍ട്ടിക്‌: നഷ്ടം പ്രതീക്ഷിച്ചതിലും ഏറെയായതോടെ സ്വീഡ്‌ ബാങ്ക്‌ വീണ്ടും ജീവനക്കാരുടെ എണ്ണം രെട്ടിക്കുറയ്‌ക്കുന്നു. ഇത്തവണ 3600 പേരെയാണ്‌ ബാങ്ക്‌ പറഞ്ഞുവിടാന്‍ ഒരുങ്ങുന്നത്‌. 2010 ല്‍ പിരിച്ചുവിടല്‍ പൂര്‍ത്തിയാക്കും.
നടപ്പ്‌ വര്‍ഷത്തിലെ രണ്ടാം പാദത്തിലും നഷ്ടത്തിലേക്ക്‌ മൂക്കുകുത്തിയതോടെ ബാള്‍ട്ടിക്‌ മേഖലയിലെ പ്രവര്‍ത്തനംതന്നെ നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യമാണ്‌ ബാങ്ക്‌ അഭിമുഖീകരിക്കുന്നത്‌.
രണ്ടാം പാദത്തില്‍ 1.8 ബില്ല്യണ്‍ നോര്‍ (228 മില്ല്യണ്‍ ഡോളര്‍) നഷ്ടമാണ്‌ ബാങ്കിനുണ്ടായത്‌. ബാള്‍ട്ടിക്‌ മേഖലയിലെ 3600 പേര്‍ക്ക്‌ ജോലി പോകുന്നതിനെപ്പം സ്വീഡനിലും 500 തസ്‌തികകള്‍ ബാങ്ക്‌ നിര്‍ത്തലാക്കും. ഇവിടെ ആരെയും പിരിച്ചുവിടില്ല. എന്നാല്‍ ഉടന്‍ പെന്‍ഷന്‍ പറ്റുന്ന 500 പേര്‍ക്ക്‌ പകരം ആളെ എടുക്കില്ലെന്ന്‌ സ്വീഡ്‌ബാങ്ക്‌ ഗ്രൂപ്പ്‌ പ്രസ്‌ മാനേജര്‍ അന്ന സുന്‍ഡ്‌ബ്ലാഡ്‌ അറിയിച്ചു.
വന്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വീഡ്‌ബാങ്കിന്റെ നില പരിതാപകരമായത്‌
ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ്‌. 2008 ല്‍ ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള മൂന്നുമാസം 4.6 ബില്ല്യണ്‍ നോര്‍ (സ്വീഡിഷ്‌ കറന്‍സി) ലാഭമുണ്ടാക്കിയ ബാങ്കാണ്‌ 2009 ല്‍ അതേ കാലയളവില്‍ 1.8 ബില്ല്യണ്‍ നോര്‍ നഷ്ടത്തിലേക്ക്‌ വഴുതിവീണത്‌.
ബാങ്ക്‌ പ്രതീക്ഷിച്ചിരുന്നതാകട്ടെ 1.2 ബില്ല്യണ്‍ നോറിന്റെ നഷ്ടവും. ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും വായ്‌പാ തിരിച്ചടവ്‌ ശേഷിയില്‍ കുറവുവന്നതാണ്‌ നഷ്ടത്തിന്‌ പ്രധാനകാരണം. 6.67 ബില്ല്യണ്‍ നോര്‍ ആണ്‌ ഇതിലൂടെമാത്രം ബാങ്കിന്‌ നഷ്ടമായത്‌.

ഗ്വാളിയറിലെ ചരിത്രങ്ങള്‍



താന്സെനും നാട്ടുരാജാക്കന്മാരും മുഗളന്മാരും സിന്ധ്യാ രാജകുടുംബവും പ്രശസ്തി നല്കിയ ഗ്വാളിയര്. ഇടമുറിയാതെ കടന്നു പോകുന്ന വാഹനങ്ങള്ക്കിടയിലൂടെ ഭയപ്പാടില്ലാതെ കന്നുകാലികള് നടന്നുപോകുന്ന റോഡുകളുള്ള നഗരം. ചരിത്രത്തിന്റെ തിരുശേഷിപ്പുമായി തലയുയര്ത്തി നില്ക്കുന്ന കോട്ടയുടെ നഗരം. രണ്ടാം സൂര്യക്ഷേത്രവും താന്സന്റെ ശവകുടീരവുമൊക്കെ ചേര്ന്ന് ചരിത്രഭൂപടത്തിലും വിനോദസഞ്ചാരഭുപടത്തിലുമൊക്കെ തിളങ്ങി നില്ക്കുന്ന നഗരമാണ് ഗ്വാളിയര്. മിറാഷ്, മിഗ് വിമാനങ്ങളുടെ സ്ക്വാഡ്രണ് നിലകൊളളുന്ന വായുസേന കേന്ദ്രവും മൊറാറിലെ കരസേന കേന്ദ്രവും ഗ്വാളിയറിന് സൈനീക ഭൂപടത്തിലും സ്ഥാനം നല്കുന്നു.

പഴയ ഗ്വാളിയറിന്റെ ചരിത്ര സ്മാരകങ്ങളെ അതേപടി സംരക്ഷിക്കുന്നതിനൊപ്പം തന്നെ വളരെ പെട്ടന്ന് വികസിച്ച നഗരം കൂടിയാണിത്. ഗ്വാളിയറിന്റെ വളര്ച്ചയ്ക്ക് പിന്നില് സിന്ധ്യാ രാജകുടുംബത്തിന്റെ ഇങ്ങേയറ്റത്തുള്ള ആളുടെ പോലും കരവിരുതുണ്ടെന്ന് ഗ്വാളിയാര് നിവാസികള് നിസ്സംശയം പറയും. ഗ്വാളിയറിനെ ഇന്നുകാണുന്ന ഗ്വാളിയറാക്കിയതില് അവരുടെ പങ്ക് വലുതത്രെ.

യാത്രയ്ക്കും കാഴ്ച്ചയ്ക്കും ഏറെ അനുയോജ്യമായ നിരവധി സ്ഥലങ്ങള് ഈ പ്രദേശത്തുണ്ട്. അതില് പ്രധാനം ഗ്വാളിയര് കോട്ടതന്നെ യുദ്ധങ്ങളുടെയും 'ശിക്ഷ'കളുടെയുമൊക്കെ ചരിത്രം പേറി നില്ക്കുന്നയിടം. ബാബര് ചക്രവര്ത്തിയെ പോലും അതിശയപ്പെടുത്തിയ ഈ കോട്ടയുടെ പുറം ഭിത്തി 35 അടി ഉയരത്തില് രണ്ടു മൈലിലധികം നീണ്ടു കിടക്കുന്നു. കോട്ടയ്ക്കുളളില് കാണാനാകുന്നത് മധ്യകാലത്തിന്റെ ശില്പ്പ ഭംഗി. രാജാ മാന്സിംഗിന്റെയും അദ്ദേഹത്തിന്റെ രാജ്ഞി മൃഗനയനിയുടെയും കഥകളിലേക്ക് നീളുന്ന ഗുജ്ജാരി മഹള്. ചരിത്രത്തനപ്പുറം ഇതൊക്കെ കാഴ്ച്ചയുടെ മറ്റൊരു അനുഭവമാകുന്നു. ഗ്വാളിയാര് കോട്ട ഏറെക്കാലം അടഞ്ഞു കിടന്നു. പിന്നീട് സന്ദര്ശകരെ അനുവദിച്ചു തുടങ്ങി. ഇപ്പോള് സന്ധ്യ കഴിഞ്ഞാല് ഗ്വാളിയര് കോട്ടയുടെ ചരിത്രം കാഴ്ച്ചക്കാരെ ലൈറ്റ് ആന്റ് സൗണ്ട് ഷോയിലൂടെ കാട്ടിത്തരികയും ചെയ്യുന്നു.

സിന്ധ്യ കുടുംബത്തിന്റെ മാസസ്ഥലമായ ജയ്വിലാസ് കൊട്ടാരമാണ് മറ്റൊരത്ഭുതം. രാജഭരണകാലത്തെ വിശാല ജീവിതത്തെക്കുറിച്ച് ഒരു കാഴ്ച്ചപ്പാട് നല്കുന്ന കൊട്ടാരമാണിത്. കൊട്ടാരത്തിലെ 35 മുറികളോളം ഇപ്പോള് സിന്ധ്യ മ്യൂസിയമാണ്. ഈ ഭാഗത്ത് സന്ദര്ശകര്ക്ക് പ്രവേശിക്കാം. ബാക്കി ഭാഗം ഇപ്പോഴും സിന്ധ്യാ കുടുംബത്തിന്റെ വാസസ്ഥലമാണ്.

തന്റെ കൊട്ടാരത്തിലെ നവരത്നങ്ങളിലൊന്നെന്ന് അക്ബര് ചക്രവര്ത്തി വിശേഷിപ്പിച്ച, ഹിന്ദുസ്ഥാനി ക്ലാസ്സിക്കല് സംഗീത ചക്രവര്ത്തി താന്സെന് അന്ത്യവിശ്രമം കൊള്ളുന്ന താന്സെന് ടോംബ് ഗ്വാളിയറിന്റെ ഭാഗമാണ്. ഇവിടെ എല്ലാ വര്ഷവും ദേശീയ സംഗീതോത്സവവും അരങ്ങേറുന്നുണ്ട്.

1486നും 1517നും ഇടയ്ക്ക് പണി കഴിപ്പിച്ച മന്മന്ദിര് പാലസിന്റെ അവശിഷ്ടങ്ങളും ഗ്വാളിയറിലെ കാഴ്ച്ചയാണ്. മുഗളരുടെയും രജപുത്രരുടെയും ഓര്മകളുണര്ത്തുന്ന ഈ അവശിഷ്ടം ഗ്വാളിയറിന്റെ നൂറ്റാണ്ടുകളുടെ ചരിത്രത്തിന്റെ ഭാഗമാണ്. കൊണാര്ക്കിലെ സൂര്യക്ഷേത്രത്തില് നിന്ന് പ്രചോദനമുള്ക്കൊണ്ട് നിര്മ്മിച്ചിട്ടുള്ള ഗൂജാരിമഹല് ആര്ക്കിയോളജിക്കല് മ്യൂസിയവും സരോദ് ഘാട്ടുമൊക്കെ ഗ്വാളിയര് യാത്രയെ അര്ത്ഥവത്താക്കും. ചരിത്ര സ്മാരകങ്ങളിലേക്കുളള യാത്രകള് ഇഷ്ടപ്പെടുന്നവര്ക്ക് എന്നും ഓര്മ്മകള് സമ്മാനിക്കുന്ന ഇടമാണ് ഗ്വാളിയറും ഇവിടുത്തെ കാഴ്ച്ചകളും.

യാത്രാ മാര്ഗ്ഗം

വിമാനം: ഡല്ഹിയില് നിന്നും ഭോപ്പാലില് നിന്നും ഗ്വാളിയറിലേക്ക് നേരിട്ട് വിമാന സര്വ്വീസുണ്ട്.

തീവണ്ടി: ഡല്ഹി-മുംബൈ, ഡല്ഹി-ചെന്നൈ പാതയിലെ പ്രധാന റെയില്വേ സ്റ്റേഷനാണ് ഗ്വാളിയര്.

റോഡ്: ആഗ്ര, മഥുര, ജയ്പൂര്, ഡല്ഹി, ചണ്ഡിഗര്, ലക്നൗ, ഭോപ്പല്, ഇന്ഡോര്, ഝാന്സി തുടങ്ങിയിടങ്ങളില് നിന്ന് ഗ്വാളയറിലേക്ക് നേരിട്ട് ബസ് സര്വ്വീസുണ്ട്.

സ്‌കൂളിലെ ഭക്ഷ്യധാന്യങ്ങള്‍ കാട്ടാനക്കൂട്ടം കൊള്ളയടിച്ചു

ജംഷഡ്‌പൂര്‍: രാത്രി സ്‌കൂളില്‍ അതിക്രമിച്ചുകയറിയ കാട്ടാനക്കൂട്ടം അവിടെ ഉച്ചക്കഞ്ഞിക്കു സൂക്ഷിച്ചിരുന്ന ഭക്ഷ്യധാന്യങ്ങള്‍ തിന്നുതീര്‍ത്തു. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ സംഭവം.
ജംഷഡ്‌പൂരില്‍നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള സരൈകേല - ഖര്‍സ്‌വാന്‍ ജില്ലയിലെ മക്‌ഡംഡിഹ്‌ രാജ്‌കിയ മധ്യ വിദ്യാലയ എന്ന സ്‌കൂളാണ്‌ ആനക്കൂട്ടം കൊള്ളയടിച്ചത്‌. കാടിനു നടുക്ക്‌ ഒറ്റപ്പെട്ടുകിടക്കുന്ന സ്‌കൂളാണിത്‌. അടുക്കളയുടെ വാതിലും ജന്നാലയുമെല്ലാം ആനക്കൂട്ടം തകര്‍ത്തിട്ടുണ്ട്‌.
രാവിലെ സ്‌കൂള്‍ അധിതര്‍ സ്ഥലത്തെത്തുമ്പോള്‍ എല്ലാം ചവിട്ടികുഴച്ചിട്ടിരിക്കുന്ന കാഴ്‌ചയാണ്‌ കണ്ടത്‌. വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ ഡിവിഷണല്‍ ഫോറസ്‌റ്റ്‌ ഓഫീസര്‍ എ ടി മിശ്രയുടെ നേതൃത്വത്തില്‍ സഥലത്തെത്തിയ വനപാലകര്‍ നഷ്ടം കണക്കാക്കി മടങ്ങി.

മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ട്‌ 40 വര്‍ഷം

മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയിട്ട്‌ ഇന്ന്‌ 40 വര്‍ഷം. 1969 ജൂലൈ 20. അമേരിക്കന്‍സമയം വൈകുന്നേരം 4.17. ചന്ദ്രനിലിറങ്ങുക എന്ന സ്വപ്‌നവുമായി ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ്‌ സെന്ററില്‍നിന്ന്‌ പുറപ്പെട്ട അപ്പോളോ 11 ന്റെ കമാന്‍ഡ്‌ മോഡ്യൂള്‍ ചന്ദ്രന്റെ മണ്ണില്‍ തൊട്ടു.
പ്രസിഡന്റ്‌ റിച്ചാര്‍ഡ്‌ നിക്‌സണ്‍ ഉള്‍പ്പെടെ ലക്ഷങ്ങള്‍ ടെലിവിഷനു മുന്നില്‍ ശ്വാസമടക്കിയിരുന്നു. രാത്രി 10.56. കാത്തിരിപ്പിനൊടുവില്‍ മോഡ്യൂളിന്റെ വാതില്‍തുറന്നു. നീല്‍ആംസ്‌ട്രോങ്‌ ചരിത്രത്തിലേക്ക്‌ ചുവടുവച്ചു - മനുഷ്യന്‌ ഒരു കാല്‍വയ്‌പ്‌. മാനവരാശിക്ക്‌ വന്‍ കുതിച്ചുചാട്ടം.
ആംസ്‌ട്രോങ്ങിനു പിന്നാലെ എഡ്വിന്‍ ഇ. ആള്‍ഡ്രിനും ചന്ദ്രനില്‍ കാലുകുത്തി. മൈക്കല്‍കോളിന്‍സായിരുന്നു ദൗത്യത്തിലെ മൂന്നാമന്‍. മനുഷ്യനെ ആദ്യമായി ബഹിരാകാശത്തെത്തിച്ച സോവിയറ്റ്‌ യൂണിയന്‌ മറുപടിയായാണ്‌ അമേരിക്ക ചാന്ദ്രദൗത്യം സംഘടിപ്പിച്ചത്‌. നീല്‍ ആംസ്‌ട്രോങ്ങും എഡ്വിന്‍ ആല്‍ഡ്രിനും ശേഷം അമേരിക്ക പത്തു പേരെക്കൂടി ചന്ദ്രനിലെത്തിച്ചു.
അപ്പോളോ 11 ന്റെ ദൗത്യത്തിനു നാലു മാസത്തിനുശേഷം നവംബറില്‍ അപ്പോളോ 12 ല്‍ ചാള്‍സ്‌ കൊണാര്‍ഡ്‌, അലന്‍ ബീന്‍ എന്നിവര്‍ ചന്ദ്രനില്‍ ഇറങ്ങി. 1971 ഫെബ്രുവരിയില്‍ അപ്പോളോ 14 ചന്ദ്രനില്‍ ഇറക്കിയത്‌ അലന്‍ ഷെപ്പേഡ്‌, എഡ്‌ഗാര്‍ മിച്ചല്‍ എന്നിവരെയാണ്‌. അക്കൊല്ലം തന്നെ ജൂലൈയില്‍ അപ്പോളോ 15 ല്‍ ഡേവിഡ്‌ സ്‌കോട്ട്‌, ജെയിംസ്‌ ഇര്‍വിന്‍ എന്നിവര്‍ ചന്ദ്രനിലെത്തി. മാനവരാശിയുടെ കുതിച്ചുചാട്ടമായി വിശേഷിപ്പിക്കപ്പെട്ട ചാന്ദ്രദൗത്യം ബഹിരാകാശ ഗവേഷണരംഗത്ത്‌ വന്‍മുന്നേറ്റത്തിനാണ്‌ വഴിയൊരുക്കിയത്‌.
ഇതൊക്കെയാണെങ്കിലും 1972 നുശേഷം ചന്ദ്രനിലേക്ക്‌ ആരും മനുഷ്യരെ അയച്ചിട്ടില്ല. 1972 ഏപ്രിലില്‍ ജോണ്‍ യംങ്‌, ചാള്‍സ്‌ ഡ്യൂക്ക്‌ എന്നിവരായിരുന്നു ചന്ദ്രനില്‍ ഇറങ്ങിയത്‌. വാഹനം അപ്പോളോ 16. എട്ടാം മാസം വീണ്ടും ചന്ദ്രനിലേക്ക്‌ മനുഷ്യന്റെ യാത്ര. 1972 ഡിസംബറില്‍ അവസാനത്തെ ചാന്ദ്രദൗത്യവുമായി കുതിച്ചുയര്‍ന്ന അപ്പോളോ 17 ഹാരിസണ്‍ സ്‌മിത്ത്‌, യൂജിന്‍ സെര്‍നന്‍ എന്നിവരെ ചന്ദ്രനില്‍ എത്തിച്ചു. അങ്ങനെ ചന്ദ്രനെ സ്‌പര്‍ശിച്ച അവസാനത്തെയാളായി യൂജിന്‍ സെര്‍നന്‍. ചന്ദ്രനില്‍ നടന്ന 12 പേരില്‍ ചാള്‍സ്‌ കൊണാഡ്‌, അലന്‍ ഷെപ്പേഡ്‌, ജെയിംസ്‌ ഇര്‍വിന്‍ എന്നിവരൊഴിച്ച്‌ എല്ലാവരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്‌.
പിന്നീട്‌ ഏകദേശം 37 വര്‍ഷമായി ആരും മനുഷ്യരെ ചന്ദ്രനിലേക്കയച്ചിട്ടില്ല. ചാന്ദ്രദൗത്യത്തിനുള്ള വന്‍ പണചെലവുതന്നെ പ്രധാനകാരണം. ഒപ്പം സാങ്കേതികവിദ്യയുടെ വളര്‍ച്ചയും ശാസ്‌ത്രഞ്‌ജര്‍ക്ക്‌ മറ്റു ഗ്രഹങ്ങളോടുതോന്നിയ അഭിവിജ്ഞയുമാണ്‌ ഇതിന്‌ പ്രധാനകാരണം. മനുഷ്യനുപകരം യന്ത്രങ്ങളെ അയച്ചു പഠിക്കാമെന്ന സ്‌ഥിതിയുണ്ടായതോടെ അതിലായി എല്ലാവര്‍ക്കും താത്‌പര്യം. ഒപ്പം ചെവ്വ, വ്യാഴം ഗ്രഹങ്ങളെ കുറിച്ച്‌ പഠിക്കാനും.വീണ്ടും മനുഷ്യന്റെ കാല്‍പെരുമാറ്റത്തിന്‌ ചന്ദ്രനില്‍ അവസരമൊരുങ്ങുകയാണ്‌.
മുമ്പ്‌ വന്‍ ശക്തികളായിരുന്ന സോവിയറ്റ്‌ യൂണിയനും അമേരിക്കയുമാണ്‌ ചാന്ദ്രദൗത്യത്തിന്‌ മുന്‍കൈയെടുത്തതെങ്കില്‍ വന്‍ശക്തികളായി രൂപാന്തരപ്പെട്ടുവരുന്ന ഇന്ത്യയും ചൈനയുമാണ്‌ ചന്ദ്രനിലേക്ക്‌ വീണ്ടും മനുഷ്യനെ എത്തിക്കാന്‍ പരിശ്രമിക്കുന്നത്‌.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP