Friday, July 10, 2009

എളുപ്പത്തിനായി ഡിജിറ്റല്‍ പേന


ഡിജിറ്റല്‍ പേന സാങ്കേതികതയുടെ ഇന്‍ഡ്യയിലെ വ്യാപനത്തിനായി സ്‌പീച്ച്‌ ബ്രിഡ്‌ജ്‌ ടെക്‌നോളജി ദക്ഷിണാഫ്രിക്കയിലെ എക്‌സ്‌കാലിബറുമായി ധാരണയിലായി. ഡിജിറ്റല്‍ പേനകോണ്ട്‌ പ്രത്യേക പേപ്പറില്‍ എഴുതുന്നത്‌ ബ്ലൂടൂത്ത്‌ സഹായത്തോടെ കമ്പ്യൂട്ടറിലേക്ക്‌ സേവ്‌ ചെയ്യുന്ന സാങ്കേതിക വിദ്യയാണ്‌ ഡിജിറ്റല്‍ പേനയില്‍ ഉപയോഗിച്ചിരിക്കുന്നത്‌. പേപ്പര്‍ ജോലികള്‍ 40 മുതല്‍ 45 ശതമാനം വരെ കുറക്കാനാവുമെന്നതാണ്‌ ഗുണമായി കാണുന്നത്‌.

പിണറായിയോ വി എസോ? ഇനി ഉദ്വേഗത്തിന്റെ 48 മണിക്കൂര്‍

ന്യൂഡല്‍ഹി: കേരളത്തിലെ ഉള്‍പ്പാര്‍ട്ടി വിഷയങ്ങളെക്കുറിച്ച്‌ ചര്‍ച്ചചെയ്യാന്‍ സി പി എം കേന്ദ്രകമ്മിറ്റി പ്രത്യേകയോഗം ഇന്നു ചേരും. ഉദ്വേഗത്തിന്റെ 48 മണിക്കൂറുകള്‍ കഴിയുമ്പോള്‍ വി എസോ പിണറായിയോയെന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനമുണ്ടാകും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ ഭാവി എന്താകുമെന്ന സുചനയും ഇതോടൊപ്പം തെളിഞ്ഞുകിട്ടും.
കേരളരാഷ്‌ട്രീയത്തിന്റെയും സി പി എം ചരിത്രത്തിന്റെയും മുന്നോട്ടുള്ള പ്രയാണത്തില്‍ നിര്‍ണായകമാവും കേന്ദ്രകമ്മിറ്റിയോഗത്തിന്റെ തീരുമാനം.
പ്രത്യേക കേന്ദ്രകമ്മിറ്റി യോഗത്തിന്‌ മണിക്കൂറുകള്‍ അവശേഷിക്കെ തലസ്ഥാനത്ത്‌ പരക്കുന്ന ഊഹാപോഹങ്ങള്‍ക്കും കുറവില്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി എസ്‌ രാമചന്ദ്രന്‍പിള്ള എത്തുമെന്നതാണ്‌ ഇതില്‍ പ്രധാന ഊഹാപോഹം. ഇക്കാര്യം അടുത്തുചേരുന്ന സംസ്ഥാന കമ്മിറ്റിയോഗത്തില്‍ പ്രഖ്യാപിക്കുമെന്നാണ്‌ പ്രചരണം. ഈ നീക്കത്തിന്‌ എങ്ങനെയും തടയിടുകയെന്ന ലക്ഷ്യത്തോടെയാണ്‌ കേരളത്തില്‍നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ ഡല്‍ഹിയിലെത്തിയിട്ടുള്ളത്‌.
കേരളത്തില്‍നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളില്‍ ഔദ്യോഗിക പക്ഷത്തിനാണ്‌ മൃഗീയഭൂരിപക്ഷമുള്ളത്‌. പി കെ ഗുരുദാസനും എം സി ജേസഫൈനും ഒഴികെ വി എസ്‌ പക്ഷത്തു നില്‍ക്കാന്‍ മറ്റാരുമില്ലെന്നതാണ്‌ അവസ്ഥ. കഴിഞ്ഞ കേന്ദ്രകമ്മിറ്റിയോഗത്തിലും വി എസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ്‌ ഔദ്യോഗികപക്ഷം അഴിച്ചുവിട്ടത്‌.
സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും വി എസിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ഒട്ടും ശക്തിചോരാതെതന്നെ തോമസ്‌ ഐസക്കിന്റെ നേതൃത്വത്തില്‍ ഔദ്യോഗികപക്ഷം അന്ന്‌ കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ചിരുന്നു. വി എസിന്റെ പരസ്യ പ്രസ്‌താവനകളും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്ത്‌ അടക്കം സ്വീകരിച്ച പരസ്യ നിലപാടുകളുമാണ്‌ ഒദ്യോഗഗിക പക്ഷത്തിന്റെ ആയുധം. വി എസിനെതിരായ നടപടി സംബന്ധിച്ച തീരുമാനം പി ബിയില്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായി ആക്രമിച്ചാലേ കേന്ദ്രകമ്മിറ്റിയില്‍നിന്നും അനുകൂല തീരുമാനം ഉണ്ടാക്കാനാവൂവെന്ന്‌ ഔദ്യോഗിക പക്ഷത്തിനറിയാം.
ഇതനുസരിച്ചുള്ള നീക്കങ്ങളാവും അവര്‍ നടത്തുക. അതേസമയം പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരെയാണ്‌ സംസ്ഥാന ഘടകം പ്രവര്‍ത്തിക്കുന്നതെന്ന്‌ വി എസ്‌ അച്യുതാനന്ദന്‍ വാദിക്കും. കഴിഞ്ഞ പി ബി യോഗത്തിലും ഇക്കാര്യങ്ങള്‍ വി എസ്‌ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പുകാലത്തും അതിനു മുമ്പും പിമ്പും പാര്‍ട്ടി നയങ്ങള്‍ക്കും കേന്ദ്രനിര്‍ദ്ദേശത്തിനും ഘടകവിരുദ്ധമായ നടപടികളാണ്‌ സംസ്ഥാന ഘടകം സ്വീകരിച്ചത്‌.
വിവാദമായ ലാവ്‌ലിന്‍ വിഷയവും വി എസ്‌ ആയുധമാക്കും. പ്രോസിക്യൂഷന്‌ ഗവര്‍ണര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തുനിന്ന്‌ പിണറായി വിജയന്‍ മാറിനില്‍ക്കണമെന്ന വി എസിന്റെ ആവശ്യത്തിന്‌ കഴിഞ്ഞ പി ബി യോഗത്തിലും പിന്തുണ കിട്ടിയിരുന്നു. കേരളത്തില്‍നിന്നുള്ളവര്‍ ഒഴികെയുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ ഇക്കാര്യത്തില്‍ പിണറായിക്ക്‌ അനുകൂല നിലപാട്‌ സ്വീകരിക്കാന്‍ സാധ്യതയില്ലെന്നാണ്‌ സൂചന.
ഈ സാഹചര്യത്തിലാണ്‌ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക്‌ എസ്‌ രാമചന്ദ്രന്‍പിള്ളയുടെ പേര്‍ ഉയര്‍ന്നുകേള്‍ക്കുന്നത്‌. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തുനിന്നും വി എസ്‌ അച്യൂതാനന്ദന്‌ ഇളക്കമുണ്ടാവില്ലെന്നും പ്രചരണമുണ്ട്‌. എന്നാല്‍ പൊളിറ്റ്‌ ബ്യൂറോയില്‍നിന്നും അദ്ദേഹം തരംതാഴ്‌ത്തപ്പെടുമെന്നും അറിയുന്നു. ഇക്കാര്യങ്ങളിലും വ്യക്തമായ തീരുമാനം യോഗത്തിലുണ്ടാവും.
ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിനും ഇന്നത്തെ യോഗം നിര്‍ണായകമാവും. പൊളിറ്റ്‌ ബ്യൂറോയില്‍ ജനറല്‍ സെക്രട്ടറി അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടിന്‌ എതിര്‍പ്പുണ്ടാവുന്നതും അത്‌ കേന്ദ്രകമ്മിറ്റിക്ക്‌ ചര്‍ച്ചചെയ്യാന്‍ വിടുന്നതും സി പി എമ്മിന്റെ ചരിത്രത്തില്‍ ഇത്‌ മൂന്നാം സംഭവമാണ്‌.
ഇക്കാര്യത്തില്‍ സുന്ദരയ്യയും സുര്‍ജിത്തുമാണ്‌ കാരാട്ടിന്റെ മുന്‍ഗാമികള്‍. മുമ്പ്‌ രണ്ടുതവണയും ജനറല്‍ സെക്രട്ടറിയുടെ നിലപാടിന്‌ വിരുദ്ധമായ തീരുമാനമാണ്‌ കേന്ദ്രകമ്മിറ്റി കൈകൊണ്ടിട്ടുള്ളത്‌. ഈ തീരുമാനങ്ങളെ തുടര്‍ന്ന്‌ സുന്ദരയ്യ സ്ഥാനം ഒഴിഞ്ഞപ്പോള്‍ സുര്‍ജിത്‌ മറുപാതയാണ്‌ സ്വീകരിച്ചത്‌. നാളെ തുടങ്ങുന്ന യോഗത്തിലും പാര്‍ട്ടി സെക്രട്ടറിയുടെ നിലപാട്‌ പരാജയപ്പെട്ടാല്‍ കാരാട്ട്‌ ഏത്‌ വഴി സ്വീകരിക്കുമെന്ന ചോദ്യത്തിനും പ്രസക്തിയേറെയാണ്‌. ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാനുള്ള സുര്‍ജിത്തിന്റെ്‌ തീരുമാനത്തെ കേന്ദ്രകമ്മിറ്റി യോഗത്തില്‍ പരാജയപ്പെടുത്താന്‍ മുന്‍കൈയെടുത്തവരില്‍ ഒരാളാണ്‌ പ്രകാശ്‌ കാരാട്ടെന്നതും ശ്രദ്ധേയമാണ്‌.

ആഗോള നിക്ഷേപകര്‍ക്ക്‌ ചൈനയെക്കാള്‍ പ്രിയം ഇന്ത്യ

മ്യൂണിക്‌: ലോക വ്യവസായികള്‍ തങ്ങളുടെ മുതല്‍മുടക്കിനുള്ള അനുയോജ്യ രാജ്യമായി വിലയിരുത്തുന്നത്‌ ഇന്ത്യയെ. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ രൂക്ഷത ഏറ്റവും കുറച്ച്‌ അനുഭവിക്കേണ്ടിവന്ന രാജ്യമെന്നതാണ്‌ ഇന്ത്യയ്‌ക്ക്‌ അന്താരാഷ്‌ട്ര വ്യവസായികള്‍ക്കിടയില്‍ പ്രിയപ്പെട്ടതായി മാറാന്‍ സഹായകമായത്‌. ചൈനയെക്കാളും മികച്ച നിക്ഷേപസൗഹൃദ രാജ്യമാണ്‌ ഇന്ത്യയെന്നാണ്‌ വിലയിരുത്തല്‍.
കഴിഞ്ഞയാഴ്‌ച മ്യൂണിക്കില്‍ നടന്ന ദ്വിദിന ഗ്ലോബല്‍ ഇന്ത്യ ബിസിനസ്‌ മീറ്റിഗിന്റെ ഭാഗമായ സംഘടിപ്പിച്ച വേള്‍ഡ്‌ ഏക്കണോമിക്‌ ഫോറത്തിലാണ്‌ ഈ അഭിപ്രായം ഉരുത്തിരിഞ്ഞത്‌. മുതല്‍ മുടക്കാനും സുരക്ഷിതമായ ലാഭം നേടാനും ലോകത്ത്‌ ഇപ്പോള്‍ അനുയോജ്യമായ രാജ്യം ഇന്ത്യയാണെന്നാണ്‌ മീറ്റിലെ വിലയിരുത്തല്‍.
സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഒന്‍പത്‌ ശതമാനം സാമ്പത്തിക വളര്‍ച്ച നേടാന്‍ ഇന്ത്യയ്‌ക്ക്‌ കഴിഞ്ഞിരുന്നു. അടുത്തവര്‍ഷവും എട്ട്‌ ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയ്‌ക്കുണ്ടാവുമെന്നാണ്‌ ഐ എം എഫും മറ്റ്‌ ധനകാര്യ ഏജന്‍സികളും പ്രവചിക്കുന്നത്‌. ഇതാണ്‌ വ്യവസായികള്‍ക്ക്‌ ഇന്ത്യയെ ചൈനയെക്കാള്‍ പ്രിയങ്കരമാക്കുന്നത്‌.
ഇന്ത്യയുടെ സാമൂഹിക, വ്യവസായ മേഖലകളിലെ അവസ്ഥയും വിദേശികളെ ആകര്‍ഷിക്കുന്നുണ്ട്‌. വിദ്യാസമ്പന്നരായ, ഇംഗ്ലീഷ്‌ ഭാഷ സംസാരിക്കാന്‍ കഴിവുള്ള ഇടത്തരക്കാര്‍ ഏറെയുള്ള രാജ്യമാണ്‌ ഇന്ത്യ. അതുകൊണ്ടുതന്നെ വിദഗദ്ധ തൊഴിലാളികളെ കണ്ടെത്താനും അവസരമുണ്ട്‌. രാജ്യത്ത്‌ നിലവിലുള്ള വന്‍കിട കമ്പനികള്‍പോലും ശരിയായ ഗുണമേന്‍മാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഗുണമേന്‍മയുള്ള ഉത്‌പന്നങ്ങള്‍ പുറത്തിറക്കിയാല്‍ അത്‌ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യമാവും.
മറ്റ്‌ രാജ്യങ്ങളെ അപേക്ഷിച്ച്‌ ഉത്‌പാദന ചെലവും കുറവാണെന്നതും വ്യാവസായികളെ ഇന്ത്യയില്‍ മുതല്‍ മുടക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്‌.
തങ്ങളെപോലയുള്ള മില്ല്യണേഴ്‌സിനെ ഇന്ത്യയില്‍ മുതല്‍മുടക്കാന്‍ ക്ഷണിച്ചുവെന്നതുതന്നെ ആദരവായി കാണുന്നുവെന്ന്‌ ബവേറിയന്‍ ബിസിനസ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ റാന്‍ഡോള്‍ഫ്‌ റെഡന്‍സ്‌റ്റോക്‌ പറഞ്ഞു.

ഓഹരി സൂചിക വീണ്ടും താഴേക്ക്‌

ആഴ്‌ചയിലെ അവസാന ദിവസവും ഓഹരി വിപണിയില്‍ ഇടിവുതന്നെ. ബോംബേ ഓഹരി സൂചികയായ സെന്‍സെക്‌സും നിഫ്‌ടിയും ഒരു ഘട്ടത്തില്‍പോലും പ്രതീക്ഷയ്‌ക്ക്‌ വകനല്‍കാതെയാണ്‌ താഴേക്ക്‌ മൂക്കുകുത്തിയത്‌. സെന്‍സെക്‌സ്‌ 253 പോയിന്റ്‌ ഇടിഞ്ഞ്‌ 13,504 പോയിന്റിലും നിഫ്‌ടി 77 പോയിന്റ്‌ ഇടിഞ്ഞ്‌ 4003 പോയിന്റിലുമാണ്‌ വില്‌പന അവസാനിപ്പിച്ചത്‌. കടുത്ത വില്‌പന സമ്മര്‍ദ്ദമാണ്‌ ഓഹരി വിപണിയില്‍ ഇന്നും നിഴലിച്ചുകണ്ടത്‌. ഓഹരി വാങ്ങാനുള്ളവര്‍ കൂട്ടത്തോടെ വിട്ടുനിന്നതും സൂചിക താഴേക്ക്‌ പതിക്കുന്നതിന്‌ ഇടവരുത്തി.

തീവണ്ടികളില്‍ റെയില്‍വേ ഭക്ഷണം നെരിട്ട് എത്തിക്കും.


തീവണ്ടികളിലും സ്റ്റേഷനുകളിലും ഭക്ഷണം നല്കുന്ന ചുമതലയില്‍ നിന്നു ഇന്ത്യന്‍ റെയില്‍വേ ആന്‍ഡ്‌ ടൂറിസം കര്പോരറേനെ ഒഴിവാക്കുന്നു. പകരം തീവണ്ടികളിലും സ്റ്റേഷനുകളിലും ഭക്ഷണം റെയില്‍വേ നെരിട്ട് തന്നെ എത്തിക്കും. രാജധാനി, ശതാബ്ദി വണ്ടികളിലെയും മറ്റു ദീര്‍ഘദൂര വണ്ടികളിലെയും ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചു ആക്ഷേപം ഉയര്‍ന്നതിനാലാണ് ഈ തീരുമാനം. റെയില്‍വേ സ്റ്റേഷനുകളില്‍ കുടിവെള്ള വിതരണം മെച്ചപ്പെടുത്താന്‍ കുഴല്‍ കിണറുകളും സ്ഥാപിക്കും .

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP