Wednesday, August 19, 2009

ഭരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഒഴിയാന്‍ അനുവദിക്കുകയെന്ന്‌ വി എസ്‌

തിരുവനന്തപുരം: ഭരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ഒഴിയാന്‍ അനുവദിക്കുകയെന്ന്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ സി പി എം ദേശീയ നേതൃത്വത്തോട്‌ അഭ്യര്‍ത്ഥിച്ചു. കേന്ദ്രനേതൃത്വത്തെ ഞെട്ടിച്ച ഈ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ്‌ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും എസ്‌ രാജേന്ദ്രനെ ഒഴിവാക്കാന്‍ ദേശീയ നേതൃത്വം പച്ചക്കൊടികാട്ടിയത്‌. പി കെ ഗുരുദാസന്‍ ഉള്‍പ്പെടെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ബഹുഭൂരിപക്ഷവും ഇതിനെ എതിര്‍ത്തുവെങ്കിലും ഒടുവില്‍ പ്രകാശ്‌കാരാട്ടിന്റെ നിര്‍ദേശം അംഗീകരിക്കേണ്ടിവന്നു.
സി പി എം സംസ്ഥാന സമിതിയും ഈ നിര്‍ദ്ദേശം അംഗീകരിച്ചതോടെ എസ്‌ രാജേന്ദ്രനെ മിന്നല്‍ വേഗത്തില്‍ ഒഴിവാക്കി ചന്ദ്രശേഖരപണിക്കരെ സ്‌പെഷ്യല്‍ പ്രൈവറ്റ്‌ സെക്രട്ടറിയായി നിയമിക്കുകയും ചെയ്‌തു. മുഖ്യമന്ത്രിയുടെ ഓഫീസിലെ കെ എന്‍ ബാലഗോപാലിന്റെ ദിവസങ്ങളും എണ്ണപ്പെട്ടുകഴിഞ്ഞു. അധികം വൈകാതെതന്നെ ബാലഗോപാലിനും പുതിയ മേച്ചില്‍പ്പുറം തേടേണ്ടിവരും. ഇക്കാര്യത്തിലും തീരുമാനമായിക്കഴിഞ്ഞതായാണ്‌ സൂചന.
തന്റെ ആവശ്യങ്ങളില്‍ തീരുമാനം വൈകുന്നതു കണ്ടാണ്‌ മുഖ്യമന്ത്രിസ്ഥാനത്തുനിന്നും ഒഴിയാന്‍ വി എസ്‌ അച്യുതാനന്ദന്‍ താത്‌പര്യം പ്രകടിപ്പിച്ചത്‌. രാജേന്ദ്രനും ബാലഗോപാലിനും എതിരെ മാസങ്ങള്‍ക്കു മുമ്പുതന്നെ വി എസ്‌ രേഖാമൂലം പി ബി ക്ക്‌ പരാതി നല്‍കിയിരുന്നു. വി എസിനെ കേന്ദ്രകമ്മിറ്റിയിലേക്ക്‌ തരംതാഴ്‌ത്തിയ പി ബി യോഗത്തിലും ഈ വിഷയം ചര്‍ച്ചയ്‌ക്ക്‌ വന്നിരുന്നു. അന്ന്‌ കേന്ദ്രനേതൃത്വം നല്‍കിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ്‌ ഇപ്പോഴത്തെ മാറ്റെമന്നാണ്‌ സൂചന.
രാജേന്ദ്രനും ബാലഗോപാലിനുമെതിരെ വ്യക്തമായ തെളിവുകളോടെയാണ്‌ വി എസ്‌ നേരത്തേ പി ബിക്കു പരാതി നല്‍കിയിരുന്നത്‌. ബന്ധുക്കള്‍ക്കും അടുത്തവര്‍ക്കുമായി നിയമന ശുപാര്‍ശകള്‍ നല്‍കിയതാണ്‌ ഇതില്‍ പ്രധാന ആരോപണം. പാലോട്‌ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിരവധിപേര്‍ക്ക്‌ നിയമനത്തിന്‌ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മേല്‍ വിലാസം ഉപയോഗിച്ച്‌ ശുപാര്‍ശ നല്‍കിയതായി തെളിവ്‌ സഹിതം ദേശീയ നേതൃത്വത്തിന്‌ വി എസ്‌ കൈമാറിയിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തുന്നവരോും ഫോണില്‍ വിളിക്കുന്നവരോടും അപമര്യാദയായി പെരുമാറുന്നതാണ്‌ മറ്റൊരു സംഭവം. ഇതു സംബന്ധിച്ച മാധ്യമങ്ങളില്‍ വന്ന വിവാദ വാര്‍ത്തകളാണ്‌ തെളിവായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്‌. കഴിഞ്ഞ 1.5 വര്‍ഷമായി പ്രധാനപ്പെട്ട ഫയലുകള്‍ പൂഴ്‌ത്തുന്നതാണ്‌ മറ്റൊരു പരാതി. ഇങ്ങനെ പൂഴ്‌ത്തപ്പെട്ട ഫയലുകളുടെ വന്‍ ലിസ്‌റ്റുതന്നെ വി എസ്‌ കേന്ദ്രനേതൃത്വത്തിനു കൈമാറിയതായാണ്‌ വിവരം. മുഖ്യമന്ത്രി ചെയര്‍മാനായ വിവിധ സമിതികളുടെ യോഗം വിളിച്ചുചേര്‍ക്കുന്നതതില്‍ കുറ്റകരമായ അനാസ്ഥയാണ്‌ കഴിഞ്ഞ 1.5 വര്‍ഷത്തിനിടെ രാജേന്ദ്രന്‍ കാട്ടിയതെന്നും പരാതിയുണ്ട്‌.
ഒട്ടും കാര്യക്ഷമതയില്ലാത്തയാളെന്ന പരാതിയാണ്‌ കെ എന്‍ ബാലഗോപാലിന്‌ തിരിച്ചടിയാവുന്നത്‌. ഒപ്പം ഐ ടി വകുപ്പുമായി ബന്ധപ്പെട്ടു നടത്തിയ ചില ഇടപെടലുകളും ബന്ധപ്പെട്ട ഫയലുകള്‍ പൂഴ്‌ത്തിയതും പരാതിക്കു കാരണമായിട്ടുണ്ട്‌. നല്ല നടപ്പിന്‌ ആറുമാസത്തെ കാലാവധി ഇപ്പോള്‍ നല്‍കിയിട്ടുണ്ടെങ്കിലും അത്രയുംകാലം പൂര്‍ത്തിയാക്കില്ലെന്നാണ്‌ സൂചന.

ഐ ഹൈ ഫൈവ്‌: എസ്‌ ബി ഐയുടെ പുതിയ ഭവനവായ്‌പാ പദ്ധതി

തിരുവനന്തപുരം: എസ്‌ ബി ഐയുടെ `എന്റെ വീട്‌' ഭവന വായ്‌പാ പദ്ധതിക്ക്‌ കേരളത്തില്‍ തുടകക്കമായി. രാജ്യത്തിന്റെ 63ാം സ്വാതന്ത്ര്യദിനത്തോട്‌ അനുബന്ധിച്ചാണ്‌ ഈ പദ്ധതി എസ്‌ ബി ഐ കേരളത്തില്‍ നടപ്പാക്കുന്നത്‌. ഈ പദ്ധതി അനുസരിച്ചുള്ള വിവിധ വായ്‌പകള്‍ക്ക്‌ പലിശ നിരക്ക്‌ കുറവാണെന്നു മാത്രമല്ല പ്രൊസസിംഗ്‌ ചാര്‍ജ്‌ ഒഴിവാക്കിയും നല്‍കുമെന്ന്‌ കേരള സര്‍ക്കിള്‍ ചീഫ്‌ ജനറല്‍ മാനേജര്‍ എസ്‌ കെ സെഹ്‌ഗള്‍ അറിയിച്ചു.
50 ലക്ഷംവരെ വായ്‌പ ലഭിക്കുന്ന പദ്ധതിയാണ്‌ എസ്‌ ബി ഐ ഐ ഹൈ ഫൈവ്‌. ആദ്യവര്‍ഷം എട്ട്‌ ശതമാനവും രണ്ടാംവര്‍ഷം 8.5 ശതമാനവുമാണ്‌ പലിശ നിരക്ക്‌. എസ്‌ ബി ഐയുടെ തന്നെ ഐ ഹാപ്പി ഹോം ലോണും സ്‌പെഷല്‍ ഹോം ലോണും സംയോജിപ്പിച്ചുള്ള പദ്ധതിയാണ്‌ ഐ ഹൈ ഫൈവ്‌.
എസ്‌ ബി ഐ- ഐ ഹൈ ഫൈവ്‌ എന്ന ലോണില്‍ അഞ്ചുലക്ഷം രൂപവരെ വായ്‌പായായി ലഭിക്കുന്ന പ്രത്യേക പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്‌. ഈ പദ്ധതി പ്രകാരം വായ്‌പയെടുക്കുന്നവരുട തിരിച്ചടവ്‌ കാലാവധി 10 വര്‍ഷമാണ്‌.
ഇതില്‍ ആദ്യ അഞ്ചുവര്‍ഷം എട്ട്‌ ശതമാനമാണ്‌ പലിശ. പിന്നീട്‌ സ്‌റ്റേ്‌ ബാങ്ക്‌ അഡ്വാന്‍സ്‌ റേറ്റില്‍ 2.75 ശതമാനം നിരക്കില്‍ ഫ്‌ളോട്ടിംഗ്‌ റേറ്റ്‌ ആകും ഈടാക്കുക. ഈ കാലാവധിയില്‍ എസ്‌ ബി ഐ ആറ - ന്‌ 1.25 ശതമാനം താഴെ ഫിക്‌സഡ്‌ പലിശ തിരഞ്ഞെടുക്കാനും ഉപഭോക്താവിന്‌ അവകാശമുണ്ടാകും.
ഐ ഹൈ ഫൈവ്‌ പദ്ധതി പ്രകാരം എടുക്കുന്ന വായ്‌പകള്‍ക്ക്‌ പ്രെസസിംഗ്‌ ചാര്‍ജ്‌ ഈടാക്കില്ല. സെപ്‌തംബര്‍ 30 വരെയാണ്‌ ഈ ആനുകൂല്യം നല്‍കുന്നതെന്നും എസ്‌ കെ സെഹ്‌ഗള്‍ അറിയിച്ചു.

ഓഹരി വിപണിയില്‍ ആശ്വാസത്തിന്റെ ദിനം

മുംബൈ: വിലയിടിവു രേഖപ്പെടുത്തിയ ഓഹരികള്‍ വാങ്ങാന്‍ ഇടപാടുകാര്‍ നടത്തിയ മല്‍സരം സെന്‍സെക്‌സ്‌, നിഫ്‌ടി ഓഹരി സൂചികകളെ വീണ്ടും വളര്‍ച്ചയുടെ പാതയിലെത്തിച്ചു. കഴിഞ്ഞദിവസം നഷ്‌ടപ്പെട്ടതിന്റെ മൂന്നിലൊന്ന്‌ പോയിന്റ്‌ സൂചികകള്‍ ഇന്നലെ തിരിച്ചുപിടിച്ചു. ഏഷ്യന്‍ സൂചികകളുടെ തിരിച്ചുവരവും ഷോര്‍ട്ട്‌ കവറിംഗും ഇതില്‍ പ്രധാന പങ്ക്‌ വഹിച്ചു.
ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ്‌ 250.34 പോയിന്റും ദേശീയ ഓഹരി സൂചികയായ നിഫ്‌ടി 71 പോയിന്റും ഉയര്‍ന്നു. സെന്‍സെക്‌സ്‌ വീണ്ടും 15,000 എന്ന നിലവാരം മറികടന്നു. 15135-14740 പരിധിയില്‍ വ്യാപാരം നടന്ന ബോംബെ ഓഹരി സൂചിക 250.34 പോയിന്റ്‌ ഉയര്‍ന്ന്‌ 15035.26 ല്‍ വ്യാപാരം അവസാനിപ്പിച്ചു.
വ്യാപാരത്തിനിടെ 4500 ന്‌ സമീപമെത്തിയ ദേശീയ ഓഹരി സൂചിക 71 പോയിന്റ്‌ ഉയര്‍ന്ന്‌ 4458.90 ല്‍ വ്യാപാരം അവസാനിപ്പിച്ചു. വിപണിയില്‍ സ്‌ഥിരത രേഖപ്പെടുത്തുന്നതിന്‌ മുന്നോടിയായ വ്യതിയാനമാണ്‌ ഇന്നലെ കണ്ടതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ആസിയാന്‍ കരാര്‍ കേരളത്തിന്റെ നട്ടെല്ല്‌ ഒടിക്കും

തേയില, കാപ്പി, കുരുമുളക്‌ ഇറക്കുമതി തീരവ വെട്ടിക്കുറയ്‌ക്കും
പാമോയില്‍ ഇറക്കുമതിക്കും ഇളവ്‌


ന്യൂഡല്‍ഹി: അടുത്ത ജനുവരി ഒന്നിന്‌ ആസിയാന്‍ കരാര്‍ നടപ്പിലാകുന്നതോടെ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ മരണമണി മുഴങ്ങിത്തുടങ്ങും. വാണിജ്യവിളകളുടെ ഇറക്കുമതിക്ക്‌ യാതൊരു നിയന്ത്രണവുമില്ലാത്ത കരാറാണ്‌ അസോസിയേഷന്‍ ഓഫ്‌ സൗത്ത്‌ ഇസ്‌റ്റ്‌ ഏഷ്യന്‍ നേഷന്‍സു (ആസിയാന്‍) മായി ഇന്ത്യ ഒപ്പുവച്ചിട്ടുള്ളത്‌. കേരളത്തിന്റെ പ്രധാനവിളകള്‍ക്ക്‌ നെഗറ്റീവ്‌ പട്ടികയുടെ ഗുണവും ലഭിക്കുന്നില്ലെന്ന്‌ കേന്ദ്രവാണിജ്യമന്ത്രാലയം ഇന്നലെ ഇന്‍ര്‍നെറ്റിലൂടെ പുറത്തുവിട്ട കരാര്‍ രേഖകള്‍ തെളിയിക്കുന്നു.
ഇീ കരാര്‍ അനുസരിച്ച്‌ കാപ്പിയുടെയും തേയിലയുടെയും ഇറക്കുമതി ചുങ്കം 10 വര്‍ഷംകൊണ്ട്‌ 45 ശതമാനമായി കുറയ്‌ക്കും. പ്രതിവര്‍ഷം അഞ്ചു ശതമാനം എന്ന നിരക്കിലാണ്‌ ചുങ്കം കുറയ്‌ക്കുന്നത്‌. നിലവില്‍ 100 ശതമാനമാണ്‌ ഇവയുടെ ഇറക്കുമതി ചുങ്കം. കുരുമുളകിന്റെ ഇറക്കുമതി ചുങ്കം 50 ശതമാനമായാണ്‌ കുറയ്‌ക്കുന്നത്‌. നിലവില്‍ ഇത്‌ 70 ശതമാനമാണ്‌.
സംസ്ഥാനത്തെ കേരകര്‍ഷകരുടെ ഭാവിയില്‍ ഇരുള്‍ നിറയ്‌ക്കുന്നതാണ്‌ പാമോയില്‍ ഇറക്കുമതിക്കുള്ള ചുങ്കം വെട്ടിക്കുറയ്‌ക്കുന്ന നടപടി. സംസ്‌്‌കൃത പാമോയിലിന്റെ ചുങ്കം നിലവിലുള്ള 80 ശതമാനത്തില്‍നിന്ന്‌ 37.5 ശതമാനമായാണ്‌ കുറയ്‌ക്കുന്നത്‌. സംസ്‌കരിച്ച പാമോയിലിന്റെ ഇറക്കുമതിചുങ്കം പകുതികണ്ട്‌ കുറയ്‌ക്കുമെന്നും കരാറില്‍ പറയുന്നു. 90 ശതമാനം ചുങ്കം ഇപ്പോള്‍ നല്‍കുന്നിടത്ത്‌ ഇനി മുതല്‍ 45 ശതമാനം ചുങ്കമേ ഈടാക്കൂ.
കേരകര്‍ഷകര്‍ക്കായുള്ള സംസ്ഥാന സര്‍ക്കാരിന്റെ പോരാട്ടത്തെ കൂടുതല്‍ ദുര്‍ബലപ്പെടുത്താനേ ഈ നിര്‍ദ്ദേശം വഴിവയ്‌ക്കൂ. രാജ്യത്തേയ്‌ക്ക്‌ പാമോയിലിന്റെ ഇറക്കുമതി വര്‍ധിക്കാന്‍ ഇത്‌ കാരണമാവും. പാമോയില്‍ കേരളത്തില്‍ ഇറക്കുമതി ചെയ്യുന്നതിനേ ഇപ്പോള്‍ തടസമുള്ളൂ. ആസിയാന്‍ കരാര്‍ നിലവില്‍ വരുന്നതോടെ ഈ തടസത്തിന്റെ ഭാവി എന്താകുമെന്ന്‌ കണ്ടറിയേണ്ടിയിരിക്കുന്നു. ഇറക്കുമതി ചുങ്കത്തില്‍ വന്‍ ഇളവ്‌ ലഭിക്കുന്നതോടെ അയല്‍ സംസ്ഥാനങ്ങളില്‍ ഇറക്കുമതി ചെയ്‌തശേഷം പാമോയില്‍ കരമാര്‍ഗം കേരളത്തിലെത്തിച്ചാലും വ്യാപാരികള്‍ക്ക്‌ വന്‍ ലാഭം ഉണ്ടാകുന്ന സാഹചര്യമാണ്‌ സംജാതമാകുന്നത്‌.
അതേസമയം നെഗറ്റീവ്‌ പട്ടികയില്‍ നാളീകേരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ പാമോയില്‍ ഇറക്കുമതിക്ക്‌ വാതില്‍ തുറന്നുകൊടുക്കുന്നതോടെ ഇതുകൊണ്ടുള്ള പ്രയോജനം കേരകര്‍ഷകര്‍ക്ക്‌ ലഭിക്കാതപോകും. റബര്‍, സുഗന്ധ വ്യജ്ഞനങ്ങള്‍ എന്നിവയെയും നെഗറ്റീവ്‌ ലിസ്‌റ്റില്‍ ഉള്‍പ്പെടുൃത്തിയതാണ്‌ ഏക ആശ്വാസം.
ഇന്തോനേഷ്യ, തായ്‌ലാന്‍ഡ്‌, മലേഷ്യ, സിംഗപൂര്‍, ബ്രൂണെ, ഫിലിപ്പന്‍സ്‌, കംബോഡിയ, ലാവോസ്‌, മ്യാന്‍മാര്‍, വിയറ്റ്‌നാം എന്നീ 10 രാജ്യങ്ങളാണ്‌ ആസിയാനിലെ അംഗങ്ങള്‍. ഈ രാജ്യങ്ങളുടെ അസോസിയേഷനുമായി ഇന്ത്യ ഒപ്പിട്ട കരാര്‍ അനുസരിച്ച്‌ 10 വര്‍ഷത്തിനകം ഇരുകൂട്ടരും ഇറക്കുമതിചെയ്യുന്ന സാധനങ്ങളില്‍ 85 ശതമാനത്തിന്റെയും ചുങ്കം ഇല്ലാതാകും.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP