Tuesday, August 18, 2009

ടോട്ടല്‍ ഫോര്‍ യു: ഡോ. രമണിക്ക്‌ ജാമ്യം

കൊച്ചി: ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്‌ കേസില്‍ പത്താം പ്രതി ഡോ. രമണിക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു. ലക്ഷം രൂപ കെട്ടിവയ്‌ക്കണം എന്നതുള്‍പ്പെടെയുള്ള വ്യവസ്‌ഥകളിന്‍മേലാണ്‌ ജാമ്യം്‌. മറ്റ്‌ അഞ്ചു കേസുകളില്‍ രമണിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോടതിയുടെ അനുമതിയില്ലാതെ ജില്ല വിട്ടു പോകരുതെന്ന്‌ രമണിയോട്‌ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്‌. അഡീഷനല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ ചെറിയാന്‍ വര്‍ഗീസ്‌ മുന്‍പാകെ ക്രൈംബ്രാഞ്ച്‌ ഹാജരാക്കിയ 1000 പേജുള്ള കുറ്റപത്രത്തില്‍ 20 പേരെയാണ്‌ പ്രതികളാക്കിയിട്ടുള്ളത്‌. ചലച്ചിത്രനടി റോമ ഉള്‍പ്പെടെ മൊത്തം 319 സാക്ഷികളും, 510 രേഖകളും 308 തൊണ്ടി സാധനങ്ങളും ഉണ്ട്‌.
ശബരീനാഥിനു പുറമേ മണ്ണന്തല സ്വദേശി ബിന്ദു മഹേഷ്‌ (33), തിരുമല സ്വദേശി ചന്ദ്രമതി അമ്മ (57), ആലപ്പുഴ സ്വദേശി പ്രമോദ്‌ ഐസക്‌ (25), ശബരിയുടെ പിതാവ്‌ രാജന്‍ (48), കോവളം സ്വദേശി ബിന്ദു സുരേഷ്‌ (33), കരമന മേലാറന്നൂര്‍ സ്വദേശി എസ്‌. ഹേമലത (54), ഹേമലതയുടെ മകള്‍ ലക്ഷ്‌മിമോഹന്‍ (22), തൈക്കാട്‌ സ്വദേശി മിലി എസ്‌. നായര്‍, കൊല്ലം സ്വദേശി ഡോ. രമണി (49), മണക്കാട്‌ സ്വദേശിയും മുന്‍ അണ്ടര്‍ സെക്രട്ടറിയുമായ അദീലാബീവി (56), കുടപ്പനക്കുന്ന്‌ സ്വദേശി വിനോദ്‌ (29), വട്ടിയൂര്‍ക്കാവ്‌ സ്വദേശി ഫെനി ഫെലിക്‌സ്‌, നേമം സ്വദേശി രാഹുല്‍ (20), ബാലരാമപുരം സ്വദേശി ജിജേഷ്‌ ( 25), ചിറയിന്‍കീഴ്‌ സ്വദേശി സനല്‍ (28), ചാരാച്ചിറ സ്വദേശി അഡ്വ. അവീഷ്‌ ശിവപ്രസാദ്‌ (26), ആലപ്പുഴ കരുവാറ്റ സ്വദേശി അനില്‍കുമാര്‍ (29), ആനത്തലവട്ടം സ്വദേശി ബിനീഫ്‌ (29), കരമന മേലാറന്നൂര്‍ സ്വദേശി അഡ്വ. സുരേഷ്‌കുമാര്‍ (43) എന്നിവരാണ്‌ പ്രതിപ്പട്ടികയിലുള്ളത്‌.
പ്രതികളായ ലക്ഷ്‌മിമോഹന്‍, ജിജേഷ്‌, സനല്‍, അഡ്വ. അവിഷ്‌ ശിവപ്രസാദ്‌, ബിനീഫ്‌, അഡ്വ. സുരേഷ്‌കുമാര്‍ എന്നിവര്‍ ഒളിവിലാണ്‌.

അസം ഗവര്‍ണറോട്‌ രാജി ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: അസം ഗവര്‍ണര്‍ സയ്യിദ്‌ സിബ്‌തേ റസിയോട്‌ രാജിവയ്‌ക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ ആവശ്യപ്പെട്ടു. ജാര്‍ഖണ്ഡ്‌ ഗവര്‍ണറായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസ്‌ അഴിമതി നടത്തിയെന്ന്‌ സി ബി ഐ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. പ്രധാനമന്ത്രി ഇക്കാര്യം സിബ്‌തേ റസിയോട്‌ ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ ഓഫീസ്‌ സ്‌ഥിരീകരിച്ചിട്ടുണ്ട്‌.
ജാര്‍ഖണ്ഡിലെ ഗവര്‍ണറായിരുന്ന റസിയെ കഴിഞ്ഞ മാസമാണ്‌ അസമില്‍ ഗവര്‍ണറായി നിയമിച്ചത്‌. അതേസമയം കാലാവധി കഴിയുന്ന ഒക്‌ടോബര്‍ വരെ തുടരാന്‍ അനുവദിക്കണമെന്നാണ്‌ റസിയുടെ നിലപാട്‌. പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയെ കണ്ട്‌ ഇക്കാര്യം വിശദീകരിക്കാന്‍ റസി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. റസിയുടെ ഓഫീസ്‌ അഴിമതി നടത്തിയതായി ഒരു മുന്‍ എം എല്‍ എയാണ്‌ പ്രധാനമന്ത്രിക്ക്‌ പരാതി നല്‍കിയത്‌. ഈ പരാതിയില്‍ കഴമ്പുണ്ടെന്ന്‌ ഐ ബി റിപ്പോര്‍ട്ട്‌ നല്‍കിയിതിനെ തുടര്‍ന്നാണ്‌ അദ്ദേഹത്തെ അസമിലേക്ക്‌ മാറ്റുകയും കെ ശങ്കരനാരായണനെ ജാര്‍ഖണ്ഡ്‌ ഗവര്‍ണറായി നിയമിക്കുകയും ചെയ്‌തത്‌.

മൗലവി ഒമര്‍ പിടിയിലായി

ഇസ്‌ലമാബാദ്‌: അമേരിക്കന്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട താലിബാന്‍ കമാന്‍ഡര്‍ ബെയ്‌തുല്ല മെഹ്‌സൂദിന്റെ അടുത്ത സഹായി മൗലവി ഒമര്‍ പിടിയിലായി. അഫ്‌ഗാന്‍ അതിര്‍ത്തിയോട്‌ ചേര്‍ന്ന മുഹമ്മദ്‌ മേഖലയില്‍ നിന്നാണ്‌ ഒമറിനെ സൈനികര്‍ പിടികൂടിയത്‌. ഒമറിനെ എത്രയും വേഗം മാധ്യമങ്ങള്‍ക്കു മുമ്പില്‍ ഹാജരാക്കുമെന്ന്‌ മുതിര്‍ന്ന സൈനിക ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. പാക്ക്‌ താലിബാന്‍ മുന്‍ വക്‌താവും ബെയ്‌തുല്ല മെഹ്‌സൂദ്‌ നേതാവുമായിരുന്ന തെഹ്രീകെ താലിബാന്റെ വക്‌താവായിരുന്ന മൗലവി ഏതാനും മാസങ്ങള്‍ക്കു മുമ്പാണ്‌ തല്‍സ്‌ഥാനത്തുനിന്നു മാറിയത്‌. ജൂണില്‍ പെഷാവര്‍ ഹോട്ടലിലും ലഹോര്‍ പള്ളിയിലും നടന്ന സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം
പാക്ക്‌ താലിബാന്‍ ഏറ്റെടുത്തതായി മൗലവി ഒമറാണ്‌ മാധ്യമങ്ങളെ അറിയിച്ചത്‌.

നെഹ്‌റുകപ്പിന്‌ നാളെ കിക്കോഫ്‌

ന്യൂഡല്‍ഹി: പതിനാലാമാത്‌ നെഹ്‌റു കപ്പ്‌ ഫുട്‌ബോളിന്‌ നാളെ തുടക്കം. അംബേദ്‌കര്‍ മൈതാനത്ത്‌ നാളെ വൈകിട്ട്‌ ആറിന്‌ നടക്കുന്ന ആദ്യമത്സരത്തില്‍ ആതിഥേയരും നിലവിലുള്ള ജേതാക്കളുമായ ഇന്ത്യയും ലെബനനും ഏറ്റുമുട്ടും.
റൗണ്ട്‌ റോബിന്‍ ലീഗ്‌ അടിസ്‌ഥാനത്തില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ അഞ്ചു രാജ്യങ്ങളാണ്‌ മാറ്റുരയ്‌ക്കുന്നത്‌. നിലവിലുള്ള രണ്ടാംസ്‌ഥാനക്കാരായ സിറിയയ്‌ക്കു പുറമേ ശ്രീലങ്ക, കിര്‍ഗിസ്‌ഥാന്‍ എന്നീ ടീമുകളും നെഹ്‌റു കപ്പിനായി ബൂട്ട്‌ അണിയുന്നുണ്ട്‌. എല്ലാ ടീമുകളും പരസ്‌പരം മാറ്റുരച്ച്‌ അതില്‍ മികച്ച രണ്ടു ടീമുകള്‍ 31 ന്‌ ഫൈനലില്‍ ഏറ്റമുട്ടും.
കഴിഞ്ഞ തവണ സിറിയയെ 1-0ന്‌ മറികടന്നാണ്‌ ഇന്ത്യ ചരിത്രത്തിലാദ്യമായി നെഹ്‌റുകപ്പ്‌ ഉയര്‍ത്തിയത്‌. അന്നത്തെ ക്യാപ്‌ടന്‍ ബൈച്ചുങ്‌ ബൂട്ടിയ തന്നെയാണ്‌ ഇത്തവണയും ക്യാപ്‌ടന്‍. ഇന്നലെ വൈകീട്ട്‌ ഇന്ത്യന്‍സംഘം കോച്ച്‌ ബോബ്‌ ഹൂട്ടന്റെ നേതൃത്വത്തില്‍ പരിശീലനം നടത്തി. ഡല്‍ഹി പബ്ലിക്‌ സ്‌കൂള്‍ മൈതാനത്തായിരുന്നു അവസാനഘട്ട ഒരുക്കങ്ങള്‍.
ടീമിന്‌ മികച്ച പ്രകടനം നടത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ്‌ ഹൂട്ടന്‍. എന്നാല്‍ സിറിയ അടക്കമുള്ള ടീമുകള്‍ മികച്ചതാണെന്നും ആരെയും അവഗണിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒ എന്‍ ജി സിയാണു മല്‍സരത്തിന്റെ പ്രായോജകര്‍. ജേതാക്കള്‍ക്ക്‌ 40,000 യു എസ്‌ ഡോളറും രണ്ടാംസ്‌ഥാനക്കാര്‍ക്ക്‌ 20,000 യു എസ്‌ ഡോളറും സമ്മാനമായി ലഭിക്കും. മല്‍സരങ്ങള്‍ സീ സ്‌പോര്‍ട്‌സ്‌ തല്‍സമയം സംപ്രേഷണം ചെയ്യും.

മല്‍സരക്രമം:
നാളെ ഇന്ത്യ- ലെബനന്‍, 20 ന്‌ കിര്‍ഗിസ്‌ഥാന്‍-സിറിയ, 21 ന്‌ ശ്രീലങ്ക- ലെബനന്‍, 22 ന്‌ ഇന്ത്യ- കിര്‍ഗിസ്‌ഥാന്‍, 23ന്‌ സിറിയ- ശ്രീലങ്ക, 24 ന്‌ കിര്‍ഗിസ്‌ഥാന്‍- ലെബനന്‍, 25 ന്‌ ഇന്ത്യ- ശ്രീലങ്ക, 26ന്‌ സിറിയ- ലെബനന്‍, 27 ന്‌ ശ്രീലങ്ക- കിര്‍ഗിസ്‌ഥാന്‍, 28 ന്‌ ഇന്ത്യ- സിറിയ.

എസ്‌ ബി ഐ ലൈഫ്‌ ഇനി ഓണ്‍ലൈനായും അടയ്‌ക്കാം

കൊച്ചി: എസ്‌ ബി ഐ ലൈഫ്‌ ഇന്‍ഷുറന്‍സിന്റെ റിന്യൂവല്‍ പ്രീമിയം അടയ്‌ക്കാന്‍ ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തി. എസ്‌ ബി ഐ ലൈഫിന്റെ വെബ്‌സൈറ്റ്‌, കസ്‌റ്റമര്‍ സെല്‍ഫ്‌ പോര്‍ട്ടലായ മൈ പോളിസി എന്നിവ വഴി എസ്‌ ബി ഐ ലൈഫ്‌ പോളിസി ഉടമകള്‍ക്കു റിന്യൂവല്‍ പ്രീമിയം അടയ്‌ക്കാം. സ്‌റ്റേറ്റ്‌ ബാങ്ക്‌ ഗ്രൂപ്പിന്റെ 16,000 ശാഖകളിലെ നെറ്റ്‌ വര്‍ക്ക്‌ സൗകര്യവും ഇതിനായി ഉപയോഗിക്കാം.
എസ്‌ ബി ഐ പോളിസി ഉടമകള്‍ക്കു ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ അപ്‌ഡേറ്റ്‌ ചെയ്യാനും സംശയങ്ങളും പരാതികളും രേഖപ്പെടുത്താനും പോളിസിക്കാവശ്യമായ ഫോമുകള്‍ ഡൗണ്‍ലോഡ്‌ ചെയ്യാനും കഴിയും. പ്രീമിയം സര്‍ട്ടിഫിക്കറ്റുകളും പോര്‍ട്ടലില്‍നിന്നു ലഭിക്കും.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP