Tuesday, August 18, 2009

നെഹ്‌റുകപ്പിന്‌ നാളെ കിക്കോഫ്‌

ന്യൂഡല്‍ഹി: പതിനാലാമാത്‌ നെഹ്‌റു കപ്പ്‌ ഫുട്‌ബോളിന്‌ നാളെ തുടക്കം. അംബേദ്‌കര്‍ മൈതാനത്ത്‌ നാളെ വൈകിട്ട്‌ ആറിന്‌ നടക്കുന്ന ആദ്യമത്സരത്തില്‍ ആതിഥേയരും നിലവിലുള്ള ജേതാക്കളുമായ ഇന്ത്യയും ലെബനനും ഏറ്റുമുട്ടും.
റൗണ്ട്‌ റോബിന്‍ ലീഗ്‌ അടിസ്‌ഥാനത്തില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ അഞ്ചു രാജ്യങ്ങളാണ്‌ മാറ്റുരയ്‌ക്കുന്നത്‌. നിലവിലുള്ള രണ്ടാംസ്‌ഥാനക്കാരായ സിറിയയ്‌ക്കു പുറമേ ശ്രീലങ്ക, കിര്‍ഗിസ്‌ഥാന്‍ എന്നീ ടീമുകളും നെഹ്‌റു കപ്പിനായി ബൂട്ട്‌ അണിയുന്നുണ്ട്‌. എല്ലാ ടീമുകളും പരസ്‌പരം മാറ്റുരച്ച്‌ അതില്‍ മികച്ച രണ്ടു ടീമുകള്‍ 31 ന്‌ ഫൈനലില്‍ ഏറ്റമുട്ടും.
കഴിഞ്ഞ തവണ സിറിയയെ 1-0ന്‌ മറികടന്നാണ്‌ ഇന്ത്യ ചരിത്രത്തിലാദ്യമായി നെഹ്‌റുകപ്പ്‌ ഉയര്‍ത്തിയത്‌. അന്നത്തെ ക്യാപ്‌ടന്‍ ബൈച്ചുങ്‌ ബൂട്ടിയ തന്നെയാണ്‌ ഇത്തവണയും ക്യാപ്‌ടന്‍. ഇന്നലെ വൈകീട്ട്‌ ഇന്ത്യന്‍സംഘം കോച്ച്‌ ബോബ്‌ ഹൂട്ടന്റെ നേതൃത്വത്തില്‍ പരിശീലനം നടത്തി. ഡല്‍ഹി പബ്ലിക്‌ സ്‌കൂള്‍ മൈതാനത്തായിരുന്നു അവസാനഘട്ട ഒരുക്കങ്ങള്‍.
ടീമിന്‌ മികച്ച പ്രകടനം നടത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ്‌ ഹൂട്ടന്‍. എന്നാല്‍ സിറിയ അടക്കമുള്ള ടീമുകള്‍ മികച്ചതാണെന്നും ആരെയും അവഗണിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒ എന്‍ ജി സിയാണു മല്‍സരത്തിന്റെ പ്രായോജകര്‍. ജേതാക്കള്‍ക്ക്‌ 40,000 യു എസ്‌ ഡോളറും രണ്ടാംസ്‌ഥാനക്കാര്‍ക്ക്‌ 20,000 യു എസ്‌ ഡോളറും സമ്മാനമായി ലഭിക്കും. മല്‍സരങ്ങള്‍ സീ സ്‌പോര്‍ട്‌സ്‌ തല്‍സമയം സംപ്രേഷണം ചെയ്യും.

മല്‍സരക്രമം:
നാളെ ഇന്ത്യ- ലെബനന്‍, 20 ന്‌ കിര്‍ഗിസ്‌ഥാന്‍-സിറിയ, 21 ന്‌ ശ്രീലങ്ക- ലെബനന്‍, 22 ന്‌ ഇന്ത്യ- കിര്‍ഗിസ്‌ഥാന്‍, 23ന്‌ സിറിയ- ശ്രീലങ്ക, 24 ന്‌ കിര്‍ഗിസ്‌ഥാന്‍- ലെബനന്‍, 25 ന്‌ ഇന്ത്യ- ശ്രീലങ്ക, 26ന്‌ സിറിയ- ലെബനന്‍, 27 ന്‌ ശ്രീലങ്ക- കിര്‍ഗിസ്‌ഥാന്‍, 28 ന്‌ ഇന്ത്യ- സിറിയ.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP