Sunday, August 30, 2009

വിവരം നല്‍കുന്നവര്‍ക്ക്‌ ഒരു ലക്ഷം പാരിതോഷികം

തിരുവനന്തപുരം: മുത്തൂറ്റ്‌ പോള്‍ വധക്കേസില്‍ തിരഞ്ഞുകൊണ്ടിരിക്കുന്ന ഓംപ്രകാശിനേയും പുത്തന്‍പാലം രാജേഷിനെയും പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക്‌ പൊലീസ്‌ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഇവരെ പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമായാല്‍ ഇന്റലിജന്‍സ്‌ എ ഡി ജി പി സിബിമാത്യൂസ്‌ - 9846068989, ദക്ഷിണ മേഖലാ എ ഡി ജി പി പി ചന്ദ്രശേഖരന്‍ - 9846186000, എറണാകുളം റേഞ്ച്‌ ഐ ജി വിന്‍സണ്‍ എം പോള്‍ - 9846010114, തിരുവനന്തപുരം റേഞ്ച്‌ ഐ ജി എ ഹേമചന്ദ്രന്‍ - 9446424042, തിരുവനന്തപുരം സിറ്റി പൊലീസ്‌ കമ്മിഷണര്‍ അജിത്‌കുമാര്‍ - 9446402007, ആലപ്പുഴ ജില്ലാ സൂപ്രണ്ട്‌ ദിവാകരന്‍- 9846010870, 9447111230 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന്‌ ഡി ജി പി അറിയിച്ചു.

ചൈനീസ്‌ ഹെലികോപ്‌ടറുകള്‍ വ്യോമാതിര്‍ത്തി ലംഘിച്ചു

ലേ (ജമ്മുകശ്‌മീര്‍): കഴിഞ്ഞ മൂന്നുമാസത്തിനിടെ വടക്കന്‍ കശ്‌മീരിലെ ലേയില്‍ രണ്ട്‌ ചൈനീസ്‌ ഹെലികോപ്‌ടറുകള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമാറിലെ ആളൊഴിഞ്ഞ സ്ഥലത്ത്‌ ടിന്നിലടച്ച ഭക്ഷണപദാര്‍ഥങ്ങള്‍ ഹെലികോപ്‌ടറില്‍ നിന്നും താഴേയ്‌ക്കിട്ടെന്നും റിപ്പോര്‍ട്ടുണ്ട്‌.
അതിര്‍ത്തിയിലെ പാംഗോംഗ്‌ തടാകത്തിനു സമീപം താമസിക്കുന്നവരാണ്‌ ലേയിലെ പ്രതിരോധ പോസ്റ്റിനു സമീപം ചൈനീസ്‌ ഹെലികോപ്‌ടുകറുകള്‍ കണ്ടതായി സൈന്യത്തെ അറിയിച്ചത്‌. ഇന്ത്യന്‍ വ്യോമസേനയുടെ ചീറ്റ, ചേതക്‌ ഹെലികോപ്‌ടറുകള്‍ നീരീക്ഷണപറക്കല്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ജൂണ്‍, ജൂലൈ, ഓഗസ്റ്റ്‌ മാസങ്ങളിലായി ചൈനീസ്‌ പട്ടാളം ഇന്ത്യ അതിര്‍ത്തി കടക്കുന്നത്‌ വ്യാപകമാണെന്നും റിപ്പോര്‍ട്ടുണ്ട്‌. ഓഗസ്റ്റില്‍ മാത്രം 26 തവണ ചൈനീസ്‌ പട്ടാളം ഇന്ത്യന്‍ അതിര്‍ത്തി കടന്ന്‌ പട്ടാളക്കാര്‍ക്കായി പെട്രോളും മണ്ണെണ്ണയും കൊണ്ടുപോയിട്ടുണ്ട്‌.
ലേയില്‍ നിന്നും 168 കിലോമീറ്റര്‍ അകലെയുള്ള പാംഗോംഗ്‌ സോ തടാകതീരത്താണ്‌ പ്രധാനമായും അതിക്രമിച്ചുകയറ്റം നടക്കുന്നത്‌. തടാകത്തിന്റെ ഉത്തര, ദക്ഷിണ തീരത്ത്‌ 45 കിലോമീറ്ററോളം ഇന്ത്യയിലും മറ്റൊരു 90 കിലോമീറ്ററോളം ചൈനയിലുമാണുള്ളത്‌. യഥാര്‍ഥ നിയന്ത്രണ രേഖ സംബന്ധിച്ച്‌ ഇന്ത്യയും ചൈനയും 2002 ല്‍ ചര്‍ച്ചകള്‍ നടത്തി മാപ്പുകള്‍ കൈമാറുകയും ചെയ്‌തിരുന്നു.
പടിഞ്ഞാറന്‍ ജമ്മുകശ്‌മീരില്‍ കാരക്കോരം പാസിനും ചിപ്‌ചാപ്‌ നദിക്കും ഇടയ്‌ക്കുള്ള സമര്‍ ലുംഗ്‌പായാണ്‌ തര്‍ക്കപ്രദേശം. ചൈനീസ്‌ മാപ്പ്‌ പ്രകാരം സമര്‍ ലുംഗ്‌പയുടെ തെക്കന്‍ഭാഗവും അവരുടെ അതിര്‍ത്തിയുടെ ഭാഗമണ്‌. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്‌ ഈ മേഖലയില്‍ പട്രോളിംഗ്‌ നടത്തുമ്പോള്‍ ഇത്‌ തങ്ങളുടെ അതിര്‍ത്തിയാണെന്ന്‌ ചൂണ്ടിക്കാട്ടി ചൈന ഇടങ്കോലിടാറുണ്ട്‌.
പോയിന്റ്‌ 5459 എന്ന്‌ ചൈനീസ്‌ അധികൃതര്‍ പ്രത്യേക പേരുനല്‍കിയിട്ടുള്ള ഈ മേഖലയില്‍ ചൈനീസ്‌ പട്ടാളം ഇടയ്‌ക്കിടെ പട്രോളിംഗും നടത്താറുണ്ട്‌.

ബാലരാമപുരം സ്‌പിന്നിംഗ്‌ മില്ലിന്റെ പ്രവര്‍ത്തനത്തിന്‌ നാളെ തുടക്കം

ബാലരാമപുരം: കൈത്തറിയുടെ സ്വന്തം നാടിന്‌ കേരള സര്‍ക്കാരിന്റെ ഓണസമ്മാനമായി ബാലരാമപുരത്തെ സ്‌പിന്നിങ്ങ്‌ മില്ലിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നു.
മുന്‍സര്‍ക്കാരിന്റെ കൃമവിരുദ്ധമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൂട്ടിപോയ മില്ല്‌, അടഞ്ഞുകിടക്കുന്ന വ്യവസായസ്ഥാപനങ്ങളെ പുനര്‍പ്രവര്‍ത്തിപ്പിക്കുവാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ നയപരമായിട്ടാണ്‌ ഉത്രാട തലേന്ന്‌ തിരുവനന്തപുരം സ്‌പിന്നിംഗ്‌ മില്ലിന്റെ പുനര്‍പ്രവര്‍ത്തനം ആരംഭിക്കുന്നത്‌.
നഷ്‌ടത്തിലായ മില്ലിനെ കോടതി ഇടപെട്ട്‌ ലിക്വിടേറ്ററെ ചുമതലപ്പെടുത്തുവാനുള്ള തീരുമാനത്തെത്തുടര്‍ന്ന്‌ പഞ്ചായത്തും സര്‍ക്കാരും കക്ഷി ചേര്‍ന്ന്‌ മില്ല്‌ തുറന്ന്‌ പ്രവര്‍ത്തിപ്പിക്കാമെന്ന ഹര്‍ജിയില്‍മേല്‍ ഒരു വര്‍ഷം മുമ്പ്‌ മില്ല്‌ സര്‍ക്കാരിനെ ഏല്‍പ്പിക്കുകയായിരുന്നു.
തുരുമ്പിച്ച യന്ത്രങ്ങള്‍ മാറ്റി പകരം അത്യാധുനിക വിദേശനിര്‍മിത യന്ത്രങ്ങള്‍ ഘടിപ്പിക്കുകയും കെട്ടിടങ്ങള്‍ നവീകരീക്കുകയും ചെയ്‌തു കഴിഞ്ഞു. നിരവധിപേര്‍ക്ക്‌ തൊഴിലും കൈത്തറിമേഖലയ്‌ക്ക്‌ അനന്തസാധ്യതകളുള്ള മില്ലിന്റെ ഉദ്‌ഘാടനം ഉത്സവമാക്കി മാറ്റുകയാണ്‌ കൈത്തറി ഗ്രാമം.
ബാലരാമപുരം ഗവണ്‍മെന്റ്‌ ഹയര്‍സക്കന്ററി സ്‌കൂളില്‍ നിന്നും ആരംഭിക്കുന്ന വര്‍ണശബളമായ ഘോഷയാത്ര മില്ലിന്റെ കവാടം കടക്കുമ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ പുനര്‍പ്രവര്‍ത്തനത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കും.
വ്യവസായി വകുപ്പ്‌ മന്ത്രി എളമരം കരിം അധ്യക്ഷനായിരിക്കും. ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ മന്ത്രി സി ദിവാകരന്‍, നിയമ മന്ത്രി വിജയകുമാര്‍, സമ്പത്ത്‌ എം പി, എന്‍ ശക്തന്‍, വി ജെ തങ്കപ്പന്‍, രാജന്‍, ജോര്‍ജ്‌, മേഴ്‌സിയന്‍, തുടങ്ങിയ നിരവധി എം എല്‍ എ മാരും സാമൂഹിക സംസ്‌കാരിക നായകരും നാട്ടുകാരും ഉദ്‌ഘാടന കര്‍മ്മത്തില്‍ സന്നിഹിതരായിരുന്നു.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP