Monday, August 3, 2009

ഏര്‍ക്കാട്‌: മലയാളരുടെ സ്വന്തം നാട്‌

അവധിക്കാല യാത്രകള്‍ക്ക്‌ തിരഞ്ഞെടുക്കാവുന്ന ഒരു ഹില്‍സ്‌റ്റേഷനാണ്‌ ഏര്‍ക്കാട്‌. തമിഴ്‌നാടിലെ സേലം ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഏര്‍ക്കാട്‌ അറിയപ്പെടുന്നത്‌ മലയാളരുടെ സ്വന്തം നാട്‌ എന്ന വിശേഷണത്തിലാണ്‌ ഈ പ്രദേശത്തിന്‌ കൂടുതല്‍ ഇണങ്ങുക. സമുദ്രനിരപ്പില്‍നിന്നും 5000 അടി ഉയരത്തിലുള്ള ഈ വിനോദസഞ്ചാര കേന്ദ്രത്തില്‍ വന്നുചേരാന്‍ സേലത്തുനിന്നും 35 കിലോമീറ്റര്‍ സഞ്ചരിക്കണം. ഹെയര്‍പിന്‍ വളവുകള്‍ പിന്നിട്ട്‌, പ്രകൃതിസൗന്ദര്യം ആവോളം ആസ്വദിച്ച്‌ ഉയരത്തില്‍ എത്തിച്ചേരുമ്പോള്‍, സുഗന്ധലേപനം ചെയ്‌ത ഉറുമാലയുപോലെ, കുളിര്‍തെന്നല്‍ വീശുന്ന ഏര്‍ക്കാട്‌.

ചുരം കടന്നെത്തുന്നത്‌ വന്യമായ അന്തരീക്ഷത്തിലേക്കാണ്‌. ഒരു തടാകം, അതില്‍ ബോട്ടുസവാരി നടത്തുന്ന വിനോദ സഞ്ചാരികള്‍. ഒരു ചെറിയ അങ്ങാടി... ഏര്‍ക്കാടിലെ പ്രധാന സവിഷേത ഓര്‍ക്കിഡോറിയവും ഓഷോ കേന്ദ്രവുമാണ്‌. തണല്‍നിലങ്ങളിലൂടെ നടന്ന്‌ ഓര്‍ക്കിഡുകളുടെ തീവ്രവര്‍ണങ്ങള്‍ ആസ്വദിക്കാം.
വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി പഗോഡ പോയിന്റ്‌, ലേഡീസ്‌ സീറ്റ്‌ എന്നാക്കെ പേരിട്ടിരിക്കുന്ന ചില സ്ഥലങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്‌. ടെലിസ്‌കോപിലൂടെ കുന്നുകളെയും പട്ടണങ്ങളെയും നിരീക്ഷിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്‌.
സെവറായന്‍ മലനിരകളിലാണ്‌ ഏര്‍ക്കാട്‌. യൂക്കാലിപ്‌റ്റസിന്റെയും ഓറഞ്ചിന്റെയും പുഷ്‌പങ്ങളുടെയും പരിമളം പുരട്ടിയ ഒരു പട്ടുറുമാല്‍. ഈ മലനിരകളിലുള്ള ഗോത്രവിഭാഗമാണ്‌ മലയാളര്‍. ഓറഞ്ചുതോട്ടങ്ങളും ചെറുവനങ്ങളും താണ്ടി, അരമണിക്കൂറോളം സഞ്ചരിച്ചാല്‍ മലമുടിയിലെ ഗ്രാമക്ഷേത്രത്തില്‍ എത്തിച്ചേരാം.

ഇത്‌ മാലയാളരുടെ ക്ഷേത്രമാണ്‌. മണ്ണിനടിയിലൂടെ, നുഴഞ്ഞുകടക്കാവുന്ന ഒരു ഗുഹാനിര്‍മ്മിതിയും അതിനുള്ളില്‍ ഒരു സമാധിസ്ഥാനവുമുണ്ട്‌. ഈ ക്ഷേത്രത്തിലെ ആണ്ടുത്സവത്തിന്‌ പല കുന്നുകളില്‍ വസിക്കുന്ന മലയാളര്‍ ഇവിടെ ഒത്തുചേരും.
വിനോദസഞ്ചാരികള്‍ക്ക്‌ താമസിക്കാന്‍ യൂത്ത്‌ ഹോസ്‌റ്റലും ഒട്ടേറെ സ്വകാര്യ ഹോട്ടല്‍/ടൂറിസ്‌റ്റ്‌ ഹോമുകളും ഏര്‍ക്കാടിലുണ്ട്‌, ഒപ്പം രുചികരമായ ഭക്ഷണം ലഭിക്കുന്ന കുഞ്ഞുകടകളും. കുടുംബസഹിതമുള്ള യാത്രയ്‌ക്ക്‌ തിരഞ്ഞെടുക്കാന്‍ അനുയോജ്യമായതാണ്‌ വെയിലും പ്രസരിപ്പും കുളിര്‍മയുമെല്ലാം പ്രദാനം ചെയ്യുന്ന കൂന്നിന്‍നെറുകയിലെ ഈ ടൂറിസ്‌റ്റ്‌ കേന്ദ്രം.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP