Wednesday, July 22, 2009

കാവ്യാ മാധവന്‍ വിവാഹമോചനത്തിന്‌ ?

തിരുവനന്തപുരം: മലയാളികളുടെ പ്രിയ ചലച്ചിത്രതാരം കാവ്യാമാധവന്‍ വിവാഹമോചനത്തിന്‌ തയ്യാറെടുക്കുന്നതായി സൂചന. ഏകദേശം ആറ്‌ മാസം നീണ്ടുനിന്ന വിവാഹജീവിതത്തിന്‌ അവസാനമിടാന്‍ കാവ്യ നീക്കം തുടങ്ങിയതായാണ്‌ സൂചനകള്‍.
കഴിഞ്ഞ ഫെബ്രുവരിയിലാണ്‌ കുവൈറ്റില്‍ സ്ഥിരതാമസമാക്കിയ നിഷാല്‍ ചന്ദ്രയും കാവ്യാമാധവനും വിവാഹിതരായത്‌. കര്‍ണാടകയിലെ പ്രമുഖ ക്ഷേത്രത്തിലാണ്‌ കാവ്യയും നിഷാല്‍ ചന്ദ്രയും വിവാഹിതരായത്‌. വിവാഹശേഷം ഭര്‍ത്താവുമൊത്ത്‌ കുവൈത്തിലെ സല്‍വയിലെ വീട്ടിലായിരുന്നു കാവ്യ താമസിച്ചിരുന്നത്‌.
വിവാഹമോചനത്തിന്റെ നടപടിക്രമങ്ങള്‍ക്കായി കാവ്യ കൊച്ചിയിലെ പ്രമുഖ അഭിഭാഷകനുമായി ചര്‍ച്ച നടത്തിയതായാണ്‌ വാര്‍ത്ത. വിവാഹമോചനത്തിന്‌ ഒരു വര്‍ഷം വരെ പിരിഞ്ഞു കഴിയേണ്ടതുണ്ടെന്ന ഉപദേശമാണ്‌ അഭിഭാഷകനില്‍ നിന്നും കാവ്യയ്‌ക്ക്‌ ലഭിച്ചതെന്നും അറിയുന്നു. അതേസമയം ജോയിന്റ്‌ പെറ്റിഷനാണെങ്കില്‍ അധികം കാത്തിരിക്കേണ്ടിവരില്ലെന്നും ഉപദേശിച്ചിട്ടുണ്ടത്രേ.
കഴിഞ്ഞ ഒരു മാസമായി കാവ്യ സ്വന്തം വീട്ടിലാണ്‌ താമസം. ഈ വാര്‍ത്ത സംബന്ധിച്ച്‌ കാവ്യയുടെ പ്രതികരണം അറിവായിട്ടില്ല. എന്നാല്‍ വിവാഹത്തോടെ കാവ്യ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നാണ്‌ അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്‌.

ഓഹരി വിപണിയില്‍ ഇടിവ്‌ തുടരുന്നു

മുംബൈ: ഉയര്‍ന്ന നിരക്കില്‍ വില്‍പന കൂടിയതോടെ ഓഹരി വിലകള്‍ വീണ്ടും താഴേക്ക്‌. ബി എസ്‌ ഇ സൂചിക 128.52 പോയിന്റ്‌ കുറഞ്ഞ്‌ 15062.49 പോയിന്റിലും എന്‍ എസ്‌ ഇ നിഫ്‌റ്റി 33.15 പോയിന്റ്‌ താഴ്‌ന്ന്‌ 4469.10 പോയിന്റിലുമാണ്‌ ഇന്ന്‌ വ്യാപാരം അവസാനിപ്പിച്ചത്‌. ഐ ടി, റിയല്‍റ്റി, പവര്‍ ഓഹരികളാണ്‌ നഷ്‌ടം നേരിട്ടത്‌. 15218 ല്‍ ആരംഭിച്ച ബി എസ്‌ ഇ സൂചിക ഒരുഘട്ടത്തില്‍ 14955 പോയിന്റ്‌ വരെ താഴ്‌ന്നിരുന്നു.
യൂറോപ്യന്‍ വിപണിയില്‍ വില 0.9 - 1.33% ഉയര്‍ന്നു. ഏഷ്യന്‍ വിപണികളില്‍ സമ്മിശ്ര പ്രതികരണമാണുണ്ടായത്‌. ചൈന, ഹോങ്കോങ്‌, സിംഗപ്പൂര്‍ വിപണികള്‍ 0.07-1.64% വിലയിടിവു നേരിട്ടപ്പോള്‍
ജപ്പാന്‍, തായ്‌വാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ 0.21-2.73% വില കൂടി. മുംബൈയില്‍ വ്യാപാരത്തിനെത്തിയ ഓഹരികളില്‍ 1283 എണ്ണം നേട്ടം കൊയ്‌തു.
സൂചികാധിഷ്‌ഠിത ഓഹരികളില്‍ 21 എണ്ണത്തിന്റെ വില കൂടി. ഇടത്തരം ഓഹരി വിഭാഗം 0.19 ശതമാനവും, ചെറുകിട വിഭാഗം 0.24 ശതമാനവും കുറഞ്ഞു. നേട്ടം കൊയ്‌തവ (ശതമാനത്തില്‍) മെറ്റല്‍ (1.25), ഓട്ടമൊബീല്‍ (0.11), നഷ്‌ടം നേരിട്ടവ: എഫ്‌എംസിജി (0.85), ഐടി (1.74), പവര്‍ (1.7), പിഎസ്‌യു (1.4), ബാങ്കെക്‌സ്‌ (1.39), റിയല്‍റ്റി (1.23).

എയര്‍ ഇന്ത്യയില്‍ അഴിച്ചുപണി ഒരു മാസത്തിനകം

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ഡയറക്‌ടര്‍ ബോര്‍ഡില്‍ ഒരു മാസത്തിനകം അഴിച്ചുപണി ഉണ്ടാകുമെന്ന്‌ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. നഷ്ടത്തില്‍നിന്ന്‌ കരകയാറാന്‍ എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തന ശൈലി മാറ്റുകയാണ്‌ വേണ്ടത്‌. അല്ലാതെ ഒരു പരിധിക്കപ്പുറം സഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
എയര്‍ ഇന്ത്യയുടെ നഷ്ടം മറികടക്കാന്‍ സംഘടനാപരമായും സാമ്പത്തികമായുമുള്ള പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും വ്യോമയാന മേഖലയെ കുറിച്ചുള്ള കോണ്‍ഫറന്‍സില്‍ പങ്കെടുക്കവെ മാധ്യമപ്രവര്‍ത്തകരോട്‌ അദ്ദേഹം പറഞ്ഞു.
എയര്‍ ഇന്ത്യയുടെ ഡയറക്ടര്‍ബോര്‍ഡിലേക്ക്‌ സാംപ്രിട്രോഡ ഉള്‍പ്പെടെയുള്ളവര്‍ കടന്നുവരുമെന്ന്‌ നേരേത്ത സുചനകളുണ്ടായിരുന്നു. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടകുമെന്നും മന്ത്രി ഇന്ന്‌ സൂചിപ്പിച്ചു.

കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 73 കാരന്‍ നടന്നു നേടിയത്‌ 90,000 പൗണ്ട്‌

ലണ്ടന്‍: കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗവേഷണത്തിനായി ഇന്ത്യാക്കാരനായ 73 കാരന്‍ നടന്നുനേടിയത്‌ 90,000 പൗണ്ട്‌. ഗവേഷണത്തിനുള്ള ധനശേഖരണാര്‍ത്ഥം 800 കിലോമീറ്റര്‍ നടന്നാണ്‌ ബോബി ഗ്രേവാള്‍ എന്നറിയപ്പെടുന്ന ബല്‍വന്ത്‌ സിംഗ്‌ ഗ്രേവാള്‍ 90,000 പൗണ്ട്‌ സ്വരൂപിച്ചത്‌. ഈ തുക കാന്‍സര്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നതിനായി ബ്രിട്ടനിലെ സെന്റ്‌ മാര്‍ക്‌സ്‌ ഹോസ്‌പിറ്റല്‍ ഫൗണ്ടേഷന്‌ കൈമാറുകയും ചെയ്‌തു.
പഞ്ചാബ്‌ സ്വദേശിയായ ഗ്രേവാള്‍ 1958 ലാണ്‌ ബ്രിട്ടനിലേക്ക്‌ കുടിയേറിയത്‌. ഇതാദ്യമായല്ല ഗ്രേവാള്‍ നടന്നു ഫണ്ട്‌ പിരിക്കുന്നത്‌. മുമ്പൊരിക്കല്‍ സ്‌കോട്ടിഷ്‌ പാര്‍ലമെന്റ്‌ മുതല്‍ ലണ്ടനിലെ ഹൗസ്‌ ഓഫ്‌ കോമണ്‍വരെ നടന്ന്‌ 80,000 പൗണ്ട്‌ സ്വരൂപിച്ച്‌ കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രേവാള്‍ സംഭാവന ചെയ്‌തിട്ടുണ്ട്‌.
ഇന്ത്യയിലും ഇത്തരത്തില്‍ അദ്ദേഹം പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്‌. അമൃതസ്വര്‍ മുതല്‍ കന്യാകുമാരിവരെ നടന്ന അദ്ദേഹം അന്ന്‌ 50,000 പൗണ്ടാണ്‌ സ്വരൂപിച്ചത്‌. അന്ന്‌ 2,500 മൈലാണ്‌ അദ്ദേഹം പിന്നിട്ടത്‌.
തനിക്ക്‌ എവറസ്‌റ്റ്‌ കീഴടക്കിയ സന്തോഷമാണ്‌ ഇപ്പോഴുള്ളതെന്ന്‌ ഗ്രേവാള്‍ പറയുന്നു. സഹാറ മരുഭൂമിയിലൂടെ മൊറാക്കോ മുതല്‍ ഈജിപ്‌റ്റ്‌ വരെയും പിന്നീട്‌ അന്റാര്‍ടിക്‌ വരെയും നടന്ന്‌ കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു മില്ല്യണ്‍ പൗണ്ട്‌ സ്വരൂപിക്കണമെന്നാണ്‌ ഗ്രേവാളിന്റെ പുതിയ ആഗ്രഹം.

പന്നിപ്പനി ബാധിതര്‍ 1.50 ലക്ഷമാകുന്നു

ജനീവ: ആഗോളമാരിയായി പ്രഖ്യാപിക്കപ്പെട്ട പന്നിപ്പനി ബാധിച്ചവരുടെ എണ്ണം 1.50 ലക്ഷം ആകുന്നു. ഈ രോഗം ബാധിച്ച്‌ ഇതിനകം മരിച്ചവരുടെ എണ്ണം 700 ആയിട്ടുണ്ടെന്നും ലോകാരോഗ്യസംഘടന അറിയിച്ചു. രോഗം ഇനിയും പടര്‍ന്നുപിടിക്കാനാണ്‌ സാധ്യതയെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌. പനിബാധിതരുടെ എണ്ണം ദിനം പ്രതി കൂടിവരുകയാണ്‌. കഴിഞ്ഞദിവസം മാത്രം ലോകത്താകമാനം 2,300 പുതിയ കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

മൈക്കല്‍ ജാക്‌സന്റെ സംഗീത പരിപാടിയുടെ റിഹേഴ്‌സല്‍ ദൃശ്യങ്ങള്‍ സോണിക്ക്‌

ലോസ്‌ ആഞ്‌ജലസ്‌: മൈക്കല്‍ ജാക്‌സണ്‍ പോപ്‌ സംഗീതരംഗത്ത്‌ ശക്തമായ തിരിച്ചു വരവ്‌ ലക്ഷ്യമിട്ട്‌ രൂപപ്പെടുത്തിയ ദിസ്‌ ഈസ്‌ ഇറ്റ്‌ എന്ന സംഗീതപരിപാടിയുടെ റിഹേഴ്‌സല്‍ ദൃശ്യങ്ങള്‍ വിതരണം ചെയ്യുവാനുള്ള അവകാശം സോണി കോര്‍പറേഷന്‍ നേടി. അഞ്ച്‌ കോടി അമേരിക്കന്‍ ഡോളറിനാണ്‌ സോണി അവകാശം നേടിയിരിക്കുന്നത്‌.
പാരമൗണ്ട്‌, യൂണിവേഴ്‌സല്‍ തുടങ്ങിയ സ്റ്റുഡിയോകള്‍ റിഹേഴ്‌സലിന്റെ രംഗങ്ങള്‍ അല്‍പാല്‍പ്പമായി പുറത്തു വിടാന്‍ തുടങ്ങിയതോടെയാണ്‌ സോണി വന്‍ തുകയ്‌ക്ക്‌ സംഗീതപരിപാടിയുടെ വിതരണാവകാശം കരസ്ഥമാക്കിയത്‌.
സോണീ മൂവീസ്‌ മൈക്കല്‍ ജാക്‌സന്റെ സംഗീതപരിപാടികളുടെ സംപോണ്‍സറായ എ ഇ ജി ലൈവുമായി ചേര്‍ന്ന്‌ ജാക്‌സണെക്കുറിച്ച്‌ ചിത്രം നിര്‍മിക്കാനും ഉദ്ദേശിക്കുന്നുണ്ട്‌. ജാക്‌സന്റെ ആകസ്‌മിക മരണം കമ്പനിക്ക്‌ വന്‍സാമ്പത്തിക നഷ്‌ടമാണ്‌ സൃഷ്‌ടിച്ചിരിക്കുന്നത്‌.
ദിസ്‌ ഈസ്‌ ഇറ്റ്‌ സംഗീത പരിപാടിയുടെ തയ്യാറെടുപ്പിനായി മുടക്കിയ പണം സിനിമയിലൂടെ തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ്‌ കമ്പനി.

ആകാശവിസ്‌മയമൊരുക്കി സൂര്യഗ്രഹണം

തിരുവനന്തപുരം: ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിന്‌ ലോകം ഇന്ന്‌ പുലര്‍ച്ചെ സാക്ഷ്യം വഹിച്ചു. രാവിലെ 5.30 തുടങ്ങിയ സൂര്യഗ്രഹണം 7.15 വരെ ദൃശ്യമായി. പൂര്‍ണ സൂര്യഗ്രഹണം ആറു മിനിറ്റ്‌ 39 സെക്കന്റ്‌ നീണ്ടുനിന്നു.
വാരണാസി, സൂററ്റ്‌, അലഹബാദ്‌ തുടങ്ങിയ പ്രദേശങ്ങളില്‍ പൂര്‍ണ സൂര്യഗ്രഹണം ദര്‍ശിക്കാനായി. കേരളത്തില്‍ ഗ്രഹണം ഭാഗികമായിരുന്നു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌ എന്നിവിടങ്ങളില്‍ ഗ്രഹണം ദൃശ്യമായി. എന്നാല്‍ പലയിടങ്ങളിലും മേഘങ്ങള്‍ തടസം സൃഷ്‌ടിച്ചത്‌ ഗ്രഹണം കാണാനെത്തിയ ആയിരങ്ങളെ നിരാശരാക്കി. ഇന്ത്യയില്‍ ഗ്രഹണത്തിന്റെ പൂര്‍ണപ്രഭാവം അനുഭവപ്പെടുന്ന ബീഹാറിലെ താരേഗ്നയില്‍ മേഘങ്ങള്‍ കാഴ്‌ചയ്‌ക്കു തടസം സൃഷ്‌ടിച്ചു. ബിഹാര്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ആയിരങ്ങളാണു ഗ്രഹണം കാണാന്‍ താരേഗ്നയില്‍ എത്തിയിരുന്നത്‌.
പുലര്‍ച്ചെ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത്‌ സൂറത്തിനടുത്തുനിന്നാരംഭിച്ച ഗ്രഹണം ഉജ്‌ജയിന്‍, ഇന്‍ഡോര്‍, ഭോപ്പാല്‍, സാഗര്‍, ജബല്‍പ്പൂര്‍, വാരാണസി, അലഹാബാദ്‌, ഗയ, പട്‌ന, ഭഗല്‍പ്പൂര്‍, ജല്‍പായ്‌ഗുഡി, ഗുവാഹത്തി എന്നീ പ്രദേശങ്ങളില്‍ക്കൂടി നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലദേശ്‌ അതിര്‍ത്തി വഴി ചൈനയിലേക്കു നീങ്ങി.
ചൈന കടന്നു ജാപ്പനീസ്‌ ദ്വീപസമൂഹങ്ങള്‍ക്കരികില്‍ കൂടി പസഫിക്‌ സമുദ്രത്തില്‍ പ്രവേശിച്ച്‌ താഹിദി ദ്വീപിനു വടക്കു കിഴക്ക്‌ അവസാനിച്ചു.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP