കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 73 കാരന്‍ നടന്നു നേടിയത് 90,000 പൗണ്ട്
ലണ്ടന്‍: കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗവേഷണത്തിനായി ഇന്ത്യാക്കാരനായ 73 കാരന്‍ നടന്നുനേടിയത് 90,000 പൗണ്ട്. ഗവേഷണത്തിനുള്ള ധനശേഖരണാര്‍ത്ഥം 800 കിലോമീറ്റര്‍ നടന്നാണ് ബോബി ഗ്രേവാള്‍ എന്നറിയപ്പെടുന്ന ബല്‍വന്ത് സിംഗ് ഗ്രേവാള്‍ 90,000 പൗണ്ട് സ്വരൂപിച്ചത്. ഈ തുക കാന്‍സര്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി ബ്രിട്ടനിലെ സെന്റ് മാര്‍ക്‌സ് ഹോസ്‌പിറ്റല്‍ ഫൗണ്ടേഷന് കൈമാറുകയും ചെയ്‌തു.
പഞ്ചാബ് സ്വദേശിയായ ഗ്രേവാള്‍ 1958 ലാണ് ബ്രിട്ടനിലേക്ക് കുടിയേറിയത്. ഇതാദ്യമായല്ല ഗ്രേവാള്‍ നടന്നു ഫണ്ട് പിരിക്കുന്നത്. മുമ്പൊരിക്കല്‍ സ്‌കോട്ടിഷ് പാര്‍ലമെന്റ് മുതല്‍ ലണ്ടനിലെ ഹൗസ് ഓഫ് കോമണ്‍വരെ നടന്ന് 80,000 പൗണ്ട് സ്വരൂപിച്ച് കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രേവാള്‍ സംഭാവന ചെയ്‌തിട്ടുണ്ട്.
ഇന്ത്യയിലും ഇത്തരത്തില്‍ അദ്ദേഹം പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. അമൃതസ്വര്‍ മുതല്‍ കന്യാകുമാരിവരെ നടന്ന അദ്ദേഹം അന്ന് 50,000 പൗണ്ടാണ് സ്വരൂപിച്ചത്. അന്ന് 2,500 മൈലാണ് അദ്ദേഹം പിന്നിട്ടത്.
തനിക്ക് എവറസ്‌റ്റ് കീഴടക്കിയ സന്തോഷമാണ് ഇപ്പോഴുള്ളതെന്ന് ഗ്രേവാള്‍ പറയുന്നു. സഹാറ മരുഭൂമിയിലൂടെ മൊറാക്കോ മുതല്‍ ഈജിപ്‌റ്റ് വരെയും പിന്നീട് അന്റാര്‍ടിക് വരെയും നടന്ന് കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു മില്ല്യണ്‍ പൗണ്ട് സ്വരൂപിക്കണമെന്നാണ് ഗ്രേവാളിന്റെ പുതിയ ആഗ്രഹം.
1 comments:
gud story
Post a Comment