Monday, August 17, 2009

ബ്രിട്ടനില്‍ കനത്ത ആക്രമണത്തിന്‌ പദ്ധതിയെന്ന്‌ അല്‍ ഖ്വയ്‌ദ

ലണ്ടന്‍: ബ്രിട്ടനിലെ വിവിധ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടതായി അല്‍ ഖ്വയ്‌ദ വെളിപ്പെടുത്തി. അല്‍ ഖ്വയ്‌ദയുമായി ബന്ധമുള്ള പ്രാദേശിക തീവ്രവാദികളാണ്‌ ആക്രമണങ്ങള്‍ക്ക്‌ ഒരുക്കം നടത്തുന്നത്‌.
അമേരിക്കയെക്കാളും വലിയ ശത്രുവാണ്‌ ബ്രിട്ടനും യൂറോപ്പ്‌ പൊതുവിലുമെന്ന്‌ ഇന്റര്‍നെറ്റ്‌ മാഗസിനിലൂടെ ആക്രമണ ഭീഷണി പുറത്തുവിട്ടുകൊണ്ട്‌ അല്‍ ഖ്വയ്‌ദ പറഞ്ഞു.
ബ്രിട്ടനിലുള്ള ബ്രിട്ടീഷുകാരും വിദേശത്തുള്ള ബ്രിട്ടീഷുകാരുമാണ്‌ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്‌തിട്ടുള്ളത്‌. അത്യന്തം വിനാശകരമായിരിക്കും ആക്രമണങ്ങളെന്നും അല്‍ ഖ്വയ്‌ദ അവകാശപ്പെട്ടു.
വര്‍ഗീയ വിഷം ചീറ്റുന്ന പ്രസംഗങ്ങളുടെ പേരില്‍ ബ്രിട്ടനില്‍ ജയില്‍ ശിക്ഷയ്‌ക്കു ശേഷം നാടു കടത്തപ്പെട്ട അബ്‌ദുല്ല അല്‍ ഫൈസലിന്റെ അനുയായികള്‍ നടത്തുന്നതാണ്‌ ഇന്റര്‍നെറ്റ്‌ മാഗസിന്‍.
ജൂതന്‍മാരെയും അമേരിക്കക്കാരെയും ഹിന്ദുക്കളെയും വധിച്ച മൂന്നു കേസുകളില്‍ പ്രതിയാണ്‌ ഫൈസല്‍. വര്‍ഗീയ ലഹളയ്‌ക്ക്‌ ദുഷ്‌പ്രേരണ ചെലുത്തിയതിന്‌ രണ്ടു കേസുകളും ഇയാള്‍ക്കെതിരെയുണ്ട്‌.

ലാവ്‌ലിന്‍: പിണറായി ക്രിമിനല്‍ റിട്ട്‌ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ പ്രോസിക്യൂഷന്‌ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിക്കെതിരെ സി പി എം കേരള സെക്രട്ടറി പിണറായി വിജയന്‍ സുപ്രീംകോടതിയില്‍ ക്രിമിനല്‍ റിട്ട്‌ ഹര്‍ജി നല്‍കി. കഴിഞ്ഞതവണ ഹര്‍ജി നല്‍കിയപ്പോള്‍ ആഭ്യന്തര സെക്രട്ടറി മാത്രമായിരുന്നു എതിര്‍കക്ഷിയെങ്കില്‍ ഇത്തവണ സംസ്ഥാന സര്‍ക്കാരിനൊപ്പം സി ബി ഐയെയും പതിര്‍കക്ഷിയാക്കിയിട്ടുണ്ട്‌.
നടപടിക്രമം പൂര്‍ണമായും പാലിക്കാതിരുന്നതിനാല്‍ ആദ്യം നല്‍കിയ ഹര്‍ജി സുപ്രീംകോടതി രജിസ്‌ട്രി മടക്കിയിരുന്നു. അപാകതകള്‍ പരിഹരിച്ച്‌ ഈ മാസം 28 നകം വീണ്ടും ഹര്‍ജി നല്‍കാനായിരുന്നു നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ പ്രമുഖ അഭിഭാഷക ഗ്രൂപ്പായ പരേഖ്‌ ആന്‍ഡ്‌ കമ്പനി മുഖാന്തിരം പുതിയ റിട്ട്‌ നല്‍കിയിട്ടുള്ളത്‌.
കേസ്‌ നമ്പറിന്‌ പകരം ഡയറി നമ്പര്‍ മാത്രമാണ്‌ ആദ്യ റിട്ടില്‍ രേഖപ്പെടുത്തിയിരുന്നത്‌. കേസ്‌ സിവില്‍ ആണോ ക്രിമിനല്‍ ആണോ എന്നും വ്യക്തമാക്കിയിരുന്നില്ല. ഈ അപാകതകള്‍ പരിഹരിച്ചാണ്‌ വീണ്ടും റിട്ട്‌ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്‌.
മുന്‍വൈദ്യുതി മന്ത്രിയായ പിണറായി വിജയന്‍ പ്രതിയായ കേസില്‍ പ്രോസിക്യൂഷന്‌ ഗവര്‍ണര്‍ ആര്‍ എസ്‌ ഗവായ്‌ നല്‍കിയ അനുമതിയും അതിന്റെ അടിസ്ഥാനത്തില്‍ സി ബി ഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രവും അസ്ഥിരപ്പെടുത്തണമെന്നതാണ്‌ റിട്ടിലെ പ്രധാന ആവശ്യം.
ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച്‌ ആര്‍ എസ്‌ ഗവായിയെ ബഹിഷ്‌കരിച്ച സി പി എം മന്ത്രിമാര്‍ക്ക്‌ അദ്ദേഹം നല്‍കിയ ചായ സത്‌കാരത്തില്‍ പങ്കെടുക്കേണ്ടി വന്ന ദിവസവും പിണറായി വീണ്ടും റിട്ട്‌ സമര്‍പ്പിച്ച ദിവസവും ഒന്നുതന്നെയായത്‌ യാദൃശ്ചികമാവാം.

ഓഹരി വിപണിയില്‍ വന്‍തകര്‍ച്ച

മുംബൈ: ആഗോളവിപണിയിയെ തകര്‍ച്ചയും കനത്ത വില്‍പന സമ്മര്‍ദ്ദവും ഓഹരിവിപണിയെ പ്രതികൂലമായി ബാധിച്ചു. കനത്ത തകര്‍ച്ചയാണ്‌ ഇന്ന്‌ വിപണി മനരിടുന്നത്‌. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ്‌ 549 പോയിന്റിന്റെ തകര്‍ച്ചനേരിട്ടുകഴിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്‌ടി 171 പോയിന്റും നഷ്ടമുണ്ടാക്കിയിട്ടുണ്ട്‌.
ബാങ്കിംഗ്‌, ഓയില്‍ ആന്‍ഡ്‌ ഗ്യാസ്‌, ഓട്ടോ, ഐ ടി ഖേലകള്‍ക്കു പുറമേ ലോഹം മേഖലയിലും വന്‍ ഇടിവാണ്‌ ദൃശ്യമായത്‌. ഡി എല്‍ എഫ്‌, യുണിടെക്‌, ഹിന്റാല്‍കോ, ടാറ്റാ മോട്ടേഴസ്‌, ടാറ്റാ സ്‌റ്റൗല്‍, റിലയന്‍സ്‌ കാപിറ്റല്‍, സിപ്‌ല, ഐ ടി സി, ആക്‌സിസ്‌ ബാങ്ക്‌, എസ്‌ ബി ഐ, ഐ സി ഐ സി ഐ തുടങ്ങിയവയുടെയെല്ലാം ഓഹരികള്‍ക്ക്‌ തിരിച്ചടിയുണ്ടായി.

രാഖിക്കു പിറകേ രംഭയും സ്വയംവരത്തിന്‌

ചെന്നൈ: തെന്നിന്ത്യന്‍ താരറാണി രംഭയും സ്വയംവരത്തിനൊരുങ്ങുന്നു. ബോളിവുഡിലെ ഐറ്റം ഗേള്‍ രാഖി സാവന്തിന്റെ മാതൃക പിന്തുടര്‍ന്ന്‌ ഭാവിവരനെ കണ്ടുപിടിക്കാനാണ്‌ രംഭയും ഒരുങ്ങുന്നത്‌. ഇതു സംബന്ധിച്ച്‌ തമിഴിലെ പ്രമുഖ ചാനലും രംഭയുമായുള്ള ചര്‍ച്ച അവസാന ഘടത്തിലാണ്‌. ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്തെ സ്വപ്‌ന സുന്ദരിയായ രംഭയുടെ സ്വയംവരം വന്‍ഹിറ്റാകുമെന്നാണ്‌ ചാനലിന്റെ കണക്കുകൂട്ടല്‍. ഈ റിയാലിറ്റി ഷോയില്‍നിന്നുള്ള വരുമാനം ഇരുകൂട്ടരും പകുതി-പകുതിയായി പങ്കുവയ്‌ക്കാനാണ്‌ തീരുമാനം.
ഗ്ലാമര്‍ നായികയായ രംഭയ്‌ക്ക്‌ വീട്ടുകാര്‍ വരനെ അന്വേഷിച്ചുതുടങ്ങിയിട്ട്‌ കുറച്ചുകാലമാകുന്നു. ഇതുവരെ വിവാഹങ്ങളൊന്നും ഒത്തുവന്നിട്ടില്ല. വിവാഹത്തിനായി ക്ഷേത്രദര്‍ശനങ്ങള്‍ പതിവാക്കിയിട്ടും ദൈവങ്ങളൊന്നും ഇതുവരെ കണ്ണുതുറന്നിട്ടില്ല. ഈ സാഹചര്യത്തിലാണ്‌ രാഖി സാവന്തിന്റെ പാത പിന്തുടരാന്‍ രംഭയും ആലോചിക്കുന്നതെന്നാണ്‌ തമിഴ്‌ സിനിമാ ലോകത്തുനിന്നുമുള്ള റിപ്പോര്‍ട്ടുകള്‍.
ഒരു കാലത്ത്‌ തെന്നിന്ത്യന്‍ ചെറുപ്പക്കാരുടെ ഹൃദയമിടിപ്പ്‌ നിയന്ത്രിച്ചിരുന്ന രംഭയ്‌ക്ക്‌ ഇപ്പോള്‍ സിനിമയില്‍ പഴയതുപോലെ അവസരങ്ങള്‍ ലഭിക്കുന്നില്ല. ഇതിനിടെ പിടിച്ചുനില്‍ക്കാന്‍ സ്വന്തമായി നിര്‍മ്മിച്ച സിനിമ `ത്രീ റോസസ്‌' ബോക്‌സ്‌ ഓഫീസില്‍ വന്‍ പരാജയമാവുകയും ചെയ്‌തു. ഇതില്‍നിന്നുണ്ടായ കടബാധ്യതകളില്‍നിന്നെല്ലാം കരകയറാന്‍ സ്വയംവരം പരിപാടി സഹായകരമാവുമെന്ന പ്രതീക്ഷയും ഈ താരസുന്ദരിക്കുണ്ട്‌.

അഴകര്‍കോവിലും പഴമുതിര്‍ചോലയും

മധുരയില്‍നിന്ന്‌ 21 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറ്‌, വനത്തോട്‌ ചേര്‍ന്നുള്ള മനോഹര ക്ഷേത്രമാണ്‌ അഴഗര്‍ കോവില്‍. കല്‍ അഴഗര്‍ കോവില്‍, കല്ലഴഗര്‍ കോവില്‍, കള്ളഴഗര്‍ കോവില്‍ എന്നൊക്കെയാണ്‌ ഉച്ചരിക്കപ്പെടുന്നത്‌.
മുമ്പ്‌, മധുര നായിക്കന്‍മാരുടെ കുലക്ഷേത്രമായിരുന്നു ഇവിടം. ചിത്തിരമാസത്തിലെ (ഏപ്രില്‍) ഉത്സവകാലത്ത്‌ അഴഗര്‍ സ്വാമിയുടെ വിഗ്രഹം മധുരയിലെ വൈഗ നദിയില്‍ ആറാട്ടിനുകൊണ്ടുപോകും. മധുര മീനാക്ഷിയുടെ സഹോദരനാണ്‌ അഴഗര്‍ എന്നാണ്‌ വിശ്വാസം. മീനാക്ഷി കല്ല്യാണമാണ്‌ ചിത്തിരോത്സവമായി ആഘോഷിക്കുന്നത്‌.
`ചോലമല'യിലാണ്‌ അഴഗര്‍ കോവിലിരിക്കുന്നത്‌. കരിങ്കല്ലില്‍ പണിത കൂറ്റന്‍ ക്ഷേത്രം. മുനിഞ്ഞുകത്തുന്ന ദീപങ്ങളും പൗരാണികമായ വാസനയും ഒരു ഇരുണ്ട സൗന്ദര്യാനുഭൂതിയായി നിറഞ്ഞുനില്‍ക്കുന്നു, ഇവിടെ. മുഖ്യക്ഷേത്രത്തിനു മുന്നില്‍ ഒരു സപ്‌തസ്വരമണ്ഡപവുമുണ്ട്‌.

ഉള്ളിലെന്നപോലെ, ആകര്‍ഷകമാണ്‌ മുഖമണ്ഡപം. കൂറ്റന്‍ വ്യാളീരൂപങ്ങളും ദേവതാ രൂപങ്ങളും കൊത്തിയ കരിങ്കല്‍ത്തൂണുകള്‍ മുഖമണ്ഡപത്തിന്റെ മുഖ്യ ആകര്‍ഷണമാണ്‌. മണ്ഡപത്തിനുള്ളിലെ കല്‍വിരികളില്‍ നിറയെ തീര്‍ഥാടകരുണ്ടാവും.
അഴഗര്‍ കോവിലില്‍നിന്ന്‌ മൂന്ന്‌ കിലോമീറ്റര്‍ അഞ്ചരിച്ചാല്‍ പഴമുതിര്‍ചോലയിലെത്താം. സുബ്രഹ്മണ്യന്റെ ആറു പടൈ വീടുകളില്‍ ഒന്നാണ്‌ ഇവിടമെന്നാണ്‌ വിശ്വാസം. അഴഗര്‍കോവിലിനു പിന്നിലെ കാട്ടുപാതയിലൂടെ കാല്‍നടയായോ, ക്ഷേത്രത്തിനു മുന്നിലെ നിരത്തിലൂടെ വാഹനത്തിലോ പഴമുതിര്‍ചോലയില്‍ ചെന്നുചേരാം. അഴഗര്‍കോവിലില്‍ നിന്ന്‌ പഴമുതിര്‍ചോലയിലേക്ക്‌ അടിക്കടി ബസ്‌ സര്‍വീസുമുണ്ട്‌.
മലമുകളില്‍നിന്നുള്ള സ്വാഭാവിക നീര്‍ക്കുതിപ്പാണ്‌ പഴമുതിര്‍ചോലയിലുള്ളത്‌. തീര്‍ഥാടകര്‍ ഇവിടെ കുളിക്കുകയും വെള്ള ശേഖരിച്ചുകൊണ്ടു പോകുകയും ചെയ്യുന്നു. (ഈ നീര്‍ക്കുതിപ്പിന്‌ `ബബുരഗംഗ' എന്ന്‌ പേരിട്ടിരിക്കുന്നു) അഴഗര്‍കോവിലിന്‌ ചുറ്റുമെന്നപോലെ, പഴമുതിര്‍ചോല വരെ ധാരാളം കുരങ്ങന്‍മാരെ കാണാന്‍ സാധിക്കും. അഗസ്‌ത്യ മഹര്‍ഷിയുടെ പേരിലുള്ള മൂലികവനത്തിന്റെ ഭാഗമാണ്‌ ഇവിടം.

തായ്‌വാനില്‍ ഭൂകമ്പം; ജപ്പാനില്‍ സുനാമി മുന്നറിയിപ്പ്‌

ടോക്കിയോ: തായ്‌വാന്റെ കിഴക്കന്‍ തീരത്ത്‌ 6.8 തീവ്രതയുള്ള ശക്‌തമായ ഭുചലനം ഉണ്ടായതിനെ തുടര്‍ന്ന്‌ ദക്ഷിണ ജപ്പാനില്‍ സൂനാമി മുന്നറിയിപ്പ്‌ പ്രഖ്യാപിച്ചു. പ്രദേശികസമയം രാവിലെ ഒന്‍പതോടെയാണ്‌ ഭൂകമ്പമുണ്ടായത്‌. തായ്‌വാനു സമീപം സമുദ്രത്തിനടിയില്‍ പത്തുകിലോമീറ്റര്‍ ആഴത്തിലാണ്‌ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന്‌ പസഫിക്‌ സൂനാമി വാണിങ്‌ സെന്റര്‍ അറിയിച്ചു.

പന്നിപ്പനി: മരണം 28 ആയി

പൂനെ: പന്നിപ്പനിബാധിച്ച്‌ പൂനെയില്‍ ഒരാള്‍കൂടി മരിച്ചു. പൂനെ സാസൂണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 36കാരിയാണ്‌ മരിച്ചത്‌. ഇതോടെ രാജ്യത്ത്‌ പന്നിപ്പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 28 ആയി. പൂനെയില്‍മാത്രം മരിച്ചവര്‍ 13 ആണ്‌. പൂനെ സ്വദേശി ബീന ഗോണ്‍സാല്‍വസാണ്‌ ഇന്ന്‌ രാവിലെ മരിച്ചത്‌.
അതിനിടെ രാജ്യത്ത്‌ 152 പേര്‍ക്കുകൂടി പന്നിപ്പനി സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ പന്നിപ്പനി ബാധിതരുടെ എണ്ണം 1,708 ആയതായി ആരാഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്‌ട്രയിലാണ്‌ ഏറ്റവും കൂടുതല്‍ പന്നിപ്പനി ബാധിതരുള്ളത്‌. മഹാരാഷ്‌ട്ര(97), തമിഴ്‌നാട്‌(21), കര്‍ണാടക(18), ഡല്‍ഹി(11), കേരളം(മൂന്ന്‌), അസം(ഒന്ന്‌), ഷിംല(ഒന്ന്‌) പേര്‍ക്കുവീതം പന്നിപ്പനി സ്‌ഥിരീകരിച്ചു. ഇതില്‍ 694 പേര്‍ ആശുപത്രിവിട്ടതായും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്‌.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP