Saturday, July 25, 2009

ഹാര്‍മിസണ്‍ വിരമിക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ പ്രമുഖ ബൗളറായ സ്‌റ്റീവ്‌ ഹാര്‍മിസണ്‍ ക്രിക്കറ്റിനോട്‌ വിടപറയുന്നു. നടന്നുകൊണ്ടിരിക്കുന്ന ആഷസ്‌ പരമ്പരയോടെ കളി മതിയാക്കാനാണ്‌ ഹാര്‍മിസണിന്റെ തീരുമാനം.
ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ അവസാനിപ്പിക്കുകയാണെന്ന്‌ ഫ്‌ളിന്റോഫ്‌ പ്രഖ്യാപിച്ചതിന്‌ തൊട്ടുപിന്നാലെയാണ്‌ അദ്ദേഹത്തിന്റെ അടുത്തമിത്രമായ ഹാര്‍മിസണും വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്‌.
എന്നാല്‍ ഫ്‌ളിന്റോഫിനെപോലെ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍നിന്ന്‌ മാത്രമല്ല ഹാര്‍മിസണ്‍ വിരമിക്കുന്നത്‌. ഏകദിനത്തില്‍നിന്നും ടൊന്റി-20 യില്‍നിന്നുകൂടി വിരമിക്കുകയാണ്‌ അദ്ദേഹം.
ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ 221 വിക്കറ്റുകളാണ്‌ ഹാര്‍മിസണിന്റെ സമ്പാദ്യം. ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ വിക്കറ്റുവേട്ടക്കാരില്‍ 11 ാം സ്ഥാനമാണ്‌ ഹാര്‍മിസണിനുള്ളത്‌. എന്നാല്‍ പരുക്കും സ്ഥിരതയില്ലാത്ത ഫോമും കഴിഞ്ഞ കുറേക്കാലമായി ഹാര്‍മിസണിനെ വലയ്‌ക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ അവസാന 20 ടെസ്‌റ്റുകളില്‍ വെറും നാലെണ്ണത്തില്‍ മാത്രമാണ്‌ ഹാര്‍മിസണ്‌ കളിക്കാന്‍ കഴിഞ്ഞത്‌.

അമേരിക്കക്കാര്‍ക്ക്‌ ഒബാമയെക്കാള്‍ പ്രിയം ജിന്‍ഡാലിനോട്‌

വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്റ്‌ ബാരക്‌ ഒബാമയെക്കാളും ജനപ്രീതി ഇന്ത്യന്‍ വംശജന്‌. അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ ജനങ്ങള്‍ക്ക്‌ ഒബാമയെക്കാള്‍ കൂടുതല്‍ ഇഷ്ടം ഇന്ത്യന്‍ വംശജനായ ഗവര്‍ണര്‍ ബോബി ജിന്‍ഡാലിനോട്‌.
അഭിപ്രായ സര്‍വേയിലാണ്‌ ഇക്കാര്യം തെളിഞ്ഞത്‌. മുന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ജിന്‍ഡാല്‍ ലൂസിയാന ഗവര്‍ണറായി തുടരണമെന്ന്‌ സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.
ജിന്‍ഡാലിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന്‌ പബ്ലിക്‌ പോളിസി പോളിംഗ്‌ നടത്തിയ അഭിപ്രായ സര്‍വേയില്‍ പെങ്കടുത്ത 55 ശതമാനം പേരും വിലയിരുത്തി. ഒബാമയ്‌ക്കുള്ള പിന്തുണയെക്കാള്‍ 11 ശതമാനം അധികമാണിത്‌.

എയര്‍ ഇന്ത്യയ്‌ക്ക്‌ സര്‍ക്കാര്‍ സഹായം; ജെറ്റ്‌ എയര്‍ ഭീമന്‍ നഷ്ടത്തിലേക്ക്‌

ന്യൂഡല്‍ഹി: വന്‍ നഷ്ടത്തിലേക്ക്‌ മൂക്കുകുത്തി വീഴുന്ന എയര്‍ ഇന്ത്യയ്‌ക്ക്‌ കൂടുതല്‍ സഹായം നല്‍കാന്‍ കേന്ദ്ര ധന, പെട്രോളിയം മന്ത്രാലയങ്ങളോട്‌ ചെലവുചുരുക്കല്‍ പരിശോധനാ സമിതി നിര്‍ദ്ദേശിച്ചു. കാബിനറ്റ്‌ സെക്രട്ടറി കെ എം ച്രന്ദശേഖറിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ആദ്യയോഗമാണ്‌ ഈ നിര്‍ദ്ദേശം ധന, പെട്രോളിയം മന്ത്രാലയങ്ങള്‍ക്കു മുന്നില്‍വച്ചത്‌.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7,200 കോടിയുടെ നഷ്ടമാണ്‌ എയര്‍ ഇന്ത്യയ്‌ക്കുണ്ടായത്‌. ഏകദേശം 250 കോടിയുടെ പ്രതിമാസ നഷ്ടമാണ്‌ നിലവില്‍ എയര്‍ ഇന്ത്യ നേരിടുന്നത്‌. കമ്പനിക്ക്‌ 3000 കോടി രൂപ കുറഞ്ഞ പലിശക്ക്‌ വായ്‌പയായി നല്‍കണമെന്നാണ്‌ ധനമന്ത്രാലയത്തോട്‌ സമിതി ആവശ്യപ്പെട്ടിട്ടുള്ളത്‌. മൂന്നു മാസത്തേക്കുകൂടി പെട്രോള്‍ ക്രെഡിറ്റില്‍ നല്‍കണമെന്നാണ്‌ പെട്രോളിയം മന്ത്രാലയത്തോട്‌ മുന്നില്‍ സമിതി നിര്‍ദ്ദേശിച്ചിട്ടുള്ളത്‌.

അതേസമയം ജെറ്റ്‌ എയറും കൂടുതല്‍ നഷ്ടത്തിലേക്ക്‌ വഴുതിവീഴുകയാണ്‌. നടപ്പ്‌ സാമ്പത്തികവര്‍ഷം ആദ്യപാദത്തില്‍ 225 കോടിയുടെ നഷ്ടമാണ്‌ ജെറ്റ്‌ എയറിനുണ്ടായത്‌. കഴിഞ്ഞവര്‍ഷം ഇതേസമയം 143 കോടിയുടെ ലാഭമാണ്‌ കമ്പനിക്ക്‌ ലഭിച്ചത്‌. ഈവര്‍ഷം ആദ്യപാദത്തിലെ വരുമാനം 2080 കോടിയാണ്‌. 28 ശതമാനം കുറവാണ്‌ വരുമാനത്തില്‍ ഉണ്ടായത്‌.

ജോണ്‍ റൈറ്റ്‌ വീണ്ടും ഇന്ത്യയിലേക്ക്‌

ഗാംഗുലി നൈറ്റ്‌ റൈഡേഴസ്‌ ക്യാപ്‌ടനാവും

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ ഏറ്റവും മികച്ച പരിശീലകനായിരുന്നു ജോണ്‍ റൈറ്റ്‌ ഇന്ത്യയിലേക്ക്‌ മടങ്ങിയെത്തുന്നു. ഐ പി എല്ലില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ടീമുകളിലൊന്നായ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ കോച്ച്‌ ആയാവും ജോണ്‍ റെറ്റ്‌ മടങ്ങിയെത്തുക. ഓസ്‌ട്രേലിയക്കാരനായ ജോണ്‍ ബുക്കാനന്‌ പകരമാണ്‌ റൈറ്റിന്‌ നിയമനം ലഭിക്കുന്നത്‌.
റെററ്റ്‌ എത്തുന്നതോടെ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ ക്യാപ്‌ടന്‍ പദവിയിലേക്ക്‌ സൗരവ്‌ ഗാംഗുലി തിരിച്ചെത്തുമെന്നാണ്‌ സൂചന. റൈറ്റ്‌ കോച്ച്‌ ആയിരുന്ന വേളയില്‍ ഗാംഗുലിയായിരുന്നു ഇന്ത്യന്‍ ടീം ക്യാപ്‌ടന്‍. ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണകാലഘട്ടവുമായിരുന്നു അത്‌.
ഇക്കാര്യങ്ങള്‍ സംബന്ധിച്ച്‌ ക്ലബ്‌ ഉടമ ഷാരൂഹ്‌ഖാനും ഗാംഗുലിയും ചര്‍ച്ച നടത്തിക്കഴിഞ്ഞു. രണ്ടുപേരും ഇപ്പോള്‍ ലണ്ടനിലാണ്‌ ഉള്ളത്‌. റെറ്റുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ്‌ സൂചന. നാഷണല്‍ ക്രിക്കറ്റ്‌ അക്കാദമി ഡയറക്ടര്‍ ഓസ്‌ട്രേലിയക്കാരനായ ഡേവ്‌ വാറ്റ്‌മോര്‍, ഡബ്ല്യു വി രാമന്‍, ചന്ദ്രകാന്ത പണ്ഡിറ്റ്‌, പരസ്‌ മാംമ്പ്രേ, പാകിസ്ഥാന്‍കാരനായ റിച്ചാര്‍ഡ്‌ പൈബസ്‌ എന്നിവരും കോച്ചിന്റെ ലിസ്‌റ്റിലുണ്ട്‌.

ഭൂമി പ്രശ്‌നം: ബംഗാളില്‍നിന്ന്‌ ഒരു വന്‍കിട കമ്പനികൂടി പിന്‍മാറുന്നു

കൊല്‍ക്കത്ത: ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച വിവാദങ്ങളെ തുടര്‍ന്ന്‌ പശ്ചിമ ബംഗാളില്‍നിന്ന്‌ ഒരു വന്‍കിടകമ്പനികൂടി പിന്‍വാങ്ങുന്നു. 500 കോടിയുടെ ഭക്ഷ്യസംസ്‌കരണ യൂണിറ്റിന്റെ പദ്ധതിയില്‍നിന്നും ഐ ടി സി ആണ്‌ പിന്‍മാറാന്‍ ഒരുങ്ങുന്നത്‌.
ഭൂമി ഏറ്റെടുക്കല്‍ വിവാദങ്ങളെ തുടര്‍ന്ന്‌ പശ്ചിമ ബംഗാളില്‍നിന്നും പിന്‍മാറുന്ന മൂന്നാമത്തെ വന്‍കിട കമ്പനിയാണ്‌ ഐ ടി സി. ആദ്യം ടാറ്റായും പിന്നീട്‌ ഡി എല്‍ എഫും ബംഗാള്‍ ഉപേക്ഷിച്ച മറ്റ്‌ സംസ്ഥാനങ്ങളിലേക്ക്‌ ചേക്കേറിയിരുന്നു. ഭക്ഷ്യസംസ്‌കരണ യൂണിറ്റിന്‌ ആവശ്യമായ സ്ഥലം ഇനിയും ഏറ്റെടുക്കാന്‍ കഴിയാത്തതാണ്‌ ഐ ടി സിയുടെ മനംമാറ്റത്തിന്‌ കാരണം.
വന്‍കിട കമ്പനികള്‍ക്ക്‌ സംസ്ഥാനത്ത്‌ മുതല്‍മുടക്കാനോ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനോ കഴിയാത്ത അവസ്ഥയാണ്‌ നിലനില്‍ക്കുന്നതെന്ന്‌ ഐ ടി സി ചെയര്‍മാന്‍ വൈ സി ദേവേശ്വര്‍ പറഞ്ഞു. ബംഗാളില്‍ ഇപ്പോള്‍ മുതല്‍മുടക്കുന്നവരില്‍ ഏറ്റവും കരുത്തരായ കമ്പനിയാണ്‌ ഐ ടി സി.
ഇവിടത്തെ വ്യവസായമേഖലയില്‍ കൂടുതല്‍ തുക മുതല്‍ മുടക്കണമെന്നാണ്‌ കമ്പിയുടെ ആഗ്രഹം. പക്ഷേ അതിന്‌ കഴിയാത്ത സ്ഥിതിയാണ്‌ സംജാതമാകുന്നതെന്നും അദ്ദേഹം പരിഭവിച്ചു. ഹൗറയിലെ സന്‍ക്രയിലില്‍ 40 ഏക്കര്‍ ഭൂമിയാണ്‌ ഭക്ഷ്യസംസ്‌കരണ യൂണിറ്റിനായി ഏറ്റെടുക്കേണ്ടത്‌. ഈ സ്ഥലം ഏറ്റെടുക്കുന്നതിനായി വെസ്‌റ്റ്‌ ബംഗാള്‍ ഇന്‍ഡസ്‌ട്രിയല്‍ ഡവലപ്‌മെന്റ്‌ കോര്‍പറേഷന്‌ തങ്ങള്‍ അഡ്വാന്‍സും നല്‍കിയിരുന്നു.
എന്നാല്‍ സ്ഥലമുടമകള്‍ എതിര്‍പ്പുമായി കോടതിയെ സമീപിച്ചതോടെ ഏറ്റെടുക്കല്‍ നടപടികള്‍ തടസപ്പെട്ടു. ഇത്‌ നിരാശാജനകമാണ്‌. ഞങ്ങളുടെ കൈവശം പണമുണ്ട്‌. പക്ഷേ ഇത്തരമൊരു അവസ്ഥയില്‍ എങ്ങനെ ആ പണം വ്യവസായ രംഗത്തിറക്കുമെന്നും അദ്ദേഹം ചോദിച്ചു.

ഇറാനിന്‍ വീണ്ടും വിമാനം തകര്‍ന്ന്‌ 17 പേര്‍ മരിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ വിമാനം തകര്‍ന്ന്‌ 17 പേര്‍ കാല്ലപ്പെട്ടു. 19 പേര്‍ക്ക്‌ സാരമായ പരുക്കുണ്ട്‌. 10 ദിവസങ്ങള്‍ക്കുള്ളില്‍ ഇറാനില്‍ നടക്കുന്ന രണ്ടാമത്തെ വിമാന അപകടമാണിത്‌.
ഇറാനിലെ രണ്ടാമത്തെ വലിയ നഗരവും പ്രമുഖ തീര്‍ത്ഥാടന കേന്ദ്രവുമായ മഷ്‌ഹാദിലാണ്‌ അപകടം ഉണ്ടായത്‌. വിമാനത്തിന്റെ മുന്‍ഭാഗം വന്‍തീയോടെ പെട്ടിത്തെറിക്കുകയായിരുന്നുവെന്ന്‌ ഔദ്യോഗിക ന്യൂസ്‌ ഏജന്‍സിയായ ഐ ആര്‍ എന്‍ എ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
റഷ്യന്‍ നിര്‍മ്മിത ഇല്ല്യൂഷിന്‍ വിമാനമാണ്‌ അപകടത്തില്‍പ്പെട്ടത്‌. 150 യാത്രക്കാരുമായി എത്തിയ വിമാനം മഷ്‌ഹാദിലെ ഹഷമി നെജാദ്‌ വിമാനത്താവളത്തില്‍ ലാന്‍ഡ്‌ ചെയ്യാന്‍ ഒരുങ്ങുമ്പോഴാണ്‌ അപകടമുണ്ടായത്‌. തീ നിയന്ത്രണ വിധേയമായെന്നും മറ്റ്‌ യാത്രക്കാര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. സാങ്കേതിക തകരാറാണ്‌ അപകടത്തിന്‌ വഴിവച്ചതെന്ന്‌ കരുതപ്പെടുന്നു.
ഇറാനില്‍ 10 ദിവസം മുമ്പാണ്‌ വിമാനം തകര്‍ന്ന്‌ 153 യാത്രക്കാരും 15 വിമാന ജീവനക്കാരും കൊല്ലപ്പെട്ടത്‌. തൊട്ടുപിറകേ വീണ്ടും അപകടം ഉണ്ടായത്‌ ആശങ്കയ്‌ക്കിടവച്ചിട്ടുണ്ട്‌.

ബി എസ്‌ എന്‍ എല്ലിന്റെ മൈവേ ഐ പി ടി വി കേരളത്തിലും

തിരുവനന്തപുരം: സ്‌മാര്‍ട്‌ ഡിജി വിഷന്‍ പ്രൈവറ്റ്‌ ലിമിറ്റഡുമായി ചേര്‍ന്നു മൈവേ എന്ന പേരില്‍ ബി എസ്‌ എന്‍ എല്‍ (ഇന്ററാക്‌ടീവ്‌ പഴ്‌സനലൈസ്‌ഡ്‌ ടെലിവിഷന്‍ ആന്‍ഡ്‌ വിഡിയോ സര്‍വീസ്‌- ഐ പി ടി വി) ആരംഭിക്കുന്നു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായിരിക്കും ഈ സംരംഭം നടപ്പാക്കുക. നിലവില്‍ രാജ്യത്ത്‌ ഇതിനകം 54 നഗരങ്ങളില്‍ മൈവേ ഐ പി ടി വി സേവനം ബി എസ്‌ എന്‍ എല്‍ നല്‍കുന്നുണ്ട്‌.
ബി എസ്‌ എന്‍ എല്‍ ഫിക്‌സഡ്‌ ലൈനും ബ്രോഡ്‌ബാന്‍ഡ്‌ കണക്‌ഷനും ഉണ്ടെങ്കില്‍ മൈവേ സെറ്റ്‌ ടോപ്‌ ബോക്‌സ്‌ ഉപയോഗിച്ച്‌ ഉപഭോക്‌താക്കള്‍ക്കു വീട്ടിലെ ടിവിയിലൂടെ സ്വന്തം ഇഷ്‌ടമനുസരിച്ചുള്ള പരിപാടികള്‍ കാണാനാവും. ഇന്റര്‍നെറ്റിനു സമാനമായി അന്യോന്യം സംവദിക്കുന്ന തരത്തിലുള്ള പരിപാടികളും മൈവേ ഐ പി ടി വിയിലൂടെ ലഭ്യമാകും.
കൂടുതല്‍ വ്യക്‌തമായ ചിത്രങ്ങള്‍, ഇഷ്‌ടാനുസരണം വിഡിയോ, ഡിവിഡി പ്ലെയറില്‍ ചെയ്യുന്നതു പോലെ പ്രോഗ്രാമുകള്‍ റീവൈന്‍ഡ്‌ ചെയ്യാനും മുന്നോട്ടു നീക്കാനുമുള്ള സംവിധാനം, ഇഷ്‌ടാനുസരണം സംഗീതം തുടങ്ങിയവയെല്ലാം മൈവേ ഐ പി ടി വിയില്‍ ലഭ്യമാകും.
പഴ്‌സനലൈസ്‌ഡ്‌ സ്‌റ്റോക്ക്‌ ടിക്കര്‍, ഇന്ററാക്‌ടീവ്‌ വ്യൂയിങ്‌ സംവിധാനം, ഇമെയില്‍ ചാറ്റ്‌, ട്രെയിന്‍, വിമാന സമയങ്ങള്‍, ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനുള്ള സൗകര്യം എന്നിവ ലഭ്യമാക്കുന്ന സംവിധാനം, കാലാവസ്‌ഥാ റിപ്പോര്‍ട്ടുകള്‍ എന്നിവയും ഈ പദ്ധതിയിലൂടെ ഉപഭോക്താക്കള്‍ക്ക്‌ ലഭിക്കും.

സെന്‍സെക്‌സ്‌ 15,378 ല്‍

തുടര്‍ച്ചയായ കയറ്റിറക്കങ്ങള്‍ക്കുശേഷം ഓഹരി വിപണിയില്‍ കുതിപ്പ്‌. ബി എസ്‌ ഇ സൂചിക സെന്‍സെക്‌സ്‌ 147.92 പോയിന്റ്‌ കൂടി 15378.96 പോയിന്റിലും എന്‍ എസ്‌ ഇ നിഫ്‌റ്റി 44.80 പോയിന്റ്‌ ഉയര്‍ന്ന്‌ 4568.55 പോയിന്റിലുമാണ്‌ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്‌. ഇന്നലെ 200 പോയിന്റിന്റെ കയറ്റിറക്കമാണ്‌ ഓഹരി വിപണിയില്‍ ദൃശ്യമായത്‌. ഓട്ടമൊബൈല്‍, റിയല്‍റ്റി ഓഹരികളാണ്‌ ഏറെ നേട്ടം കൈവരിച്ചത്‌. ഇടത്തരം, ചെറുകിട ഓഹരികള്‍ രണ്ടു ശതമാനം വിലവര്‍ധന നേടി. മുംബൈയില്‍ വ്യാപാരം നടന്ന 2764 ഓഹരികളില്‍ 1782 എണ്ണത്തിന്റെ വില മെച്ചപ്പെട്ടു. ടാറ്റ മോട്ടോഴ്‌സിന്റെ വില 10 ശതമാനമാണ്‌ വര്‍ധിച്ചത്‌.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP