Saturday, July 25, 2009

ഭൂമി പ്രശ്‌നം: ബംഗാളില്‍നിന്ന്‌ ഒരു വന്‍കിട കമ്പനികൂടി പിന്‍മാറുന്നു

കൊല്‍ക്കത്ത: ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച വിവാദങ്ങളെ തുടര്‍ന്ന്‌ പശ്ചിമ ബംഗാളില്‍നിന്ന്‌ ഒരു വന്‍കിടകമ്പനികൂടി പിന്‍വാങ്ങുന്നു. 500 കോടിയുടെ ഭക്ഷ്യസംസ്‌കരണ യൂണിറ്റിന്റെ പദ്ധതിയില്‍നിന്നും ഐ ടി സി ആണ്‌ പിന്‍മാറാന്‍ ഒരുങ്ങുന്നത്‌.
ഭൂമി ഏറ്റെടുക്കല്‍ വിവാദങ്ങളെ തുടര്‍ന്ന്‌ പശ്ചിമ ബംഗാളില്‍നിന്നും പിന്‍മാറുന്ന മൂന്നാമത്തെ വന്‍കിട കമ്പനിയാണ്‌ ഐ ടി സി. ആദ്യം ടാറ്റായും പിന്നീട്‌ ഡി എല്‍ എഫും ബംഗാള്‍ ഉപേക്ഷിച്ച മറ്റ്‌ സംസ്ഥാനങ്ങളിലേക്ക്‌ ചേക്കേറിയിരുന്നു. ഭക്ഷ്യസംസ്‌കരണ യൂണിറ്റിന്‌ ആവശ്യമായ സ്ഥലം ഇനിയും ഏറ്റെടുക്കാന്‍ കഴിയാത്തതാണ്‌ ഐ ടി സിയുടെ മനംമാറ്റത്തിന്‌ കാരണം.
വന്‍കിട കമ്പനികള്‍ക്ക്‌ സംസ്ഥാനത്ത്‌ മുതല്‍മുടക്കാനോ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനോ കഴിയാത്ത അവസ്ഥയാണ്‌ നിലനില്‍ക്കുന്നതെന്ന്‌ ഐ ടി സി ചെയര്‍മാന്‍ വൈ സി ദേവേശ്വര്‍ പറഞ്ഞു. ബംഗാളില്‍ ഇപ്പോള്‍ മുതല്‍മുടക്കുന്നവരില്‍ ഏറ്റവും കരുത്തരായ കമ്പനിയാണ്‌ ഐ ടി സി.
ഇവിടത്തെ വ്യവസായമേഖലയില്‍ കൂടുതല്‍ തുക മുതല്‍ മുടക്കണമെന്നാണ്‌ കമ്പിയുടെ ആഗ്രഹം. പക്ഷേ അതിന്‌ കഴിയാത്ത സ്ഥിതിയാണ്‌ സംജാതമാകുന്നതെന്നും അദ്ദേഹം പരിഭവിച്ചു. ഹൗറയിലെ സന്‍ക്രയിലില്‍ 40 ഏക്കര്‍ ഭൂമിയാണ്‌ ഭക്ഷ്യസംസ്‌കരണ യൂണിറ്റിനായി ഏറ്റെടുക്കേണ്ടത്‌. ഈ സ്ഥലം ഏറ്റെടുക്കുന്നതിനായി വെസ്‌റ്റ്‌ ബംഗാള്‍ ഇന്‍ഡസ്‌ട്രിയല്‍ ഡവലപ്‌മെന്റ്‌ കോര്‍പറേഷന്‌ തങ്ങള്‍ അഡ്വാന്‍സും നല്‍കിയിരുന്നു.
എന്നാല്‍ സ്ഥലമുടമകള്‍ എതിര്‍പ്പുമായി കോടതിയെ സമീപിച്ചതോടെ ഏറ്റെടുക്കല്‍ നടപടികള്‍ തടസപ്പെട്ടു. ഇത്‌ നിരാശാജനകമാണ്‌. ഞങ്ങളുടെ കൈവശം പണമുണ്ട്‌. പക്ഷേ ഇത്തരമൊരു അവസ്ഥയില്‍ എങ്ങനെ ആ പണം വ്യവസായ രംഗത്തിറക്കുമെന്നും അദ്ദേഹം ചോദിച്ചു.

2 comments:

കടത്തുകാരന്‍/kadathukaaran July 25, 2009 at 11:02 AM  

കൊടുത്താല്‍ കൊല്ലത്തും കിട്ടും. സമരങ്ങളിലൂടെയും ഒട്ടനവധി വികസനവിരുദ്ധ നിലപാടുകളിലൂടെയും ജനലക്ഷങ്ങളുടെ വികസന, തൊഴില്‍ സ്വപ്നങ്ങളെ ഇല്ലാതാക്കിയ ഇടതുപക്ഷം വെള്ളം കുടിക്കുകയാണീപ്പോള്‍, പക്ഷെ അപ്പോഴും പാവം ജനങ്ങള്‍ തന്നെയാണല്ലോ പരീക്ഷികപ്പെടുന്നതെന്ന ദുഖം മാത്രം.

Anonymous July 25, 2009 at 2:49 PM  

അതെ. ഗിനിപന്നികളാകാന്‍ എപ്പോഴും വിധിക്കപ്പെടുന്നത്‌ പൊതുജനം എന്ന കഴുതകള്‍ മാത്രം

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP