Wednesday, August 26, 2009

മലേഷ്യയില്‍ തൊഴില്‍ വാഗ്‌ദാനം നല്‍കി 62 ഇന്ത്യക്കാരെ കബളിപ്പിച്ചു

ക്വലാലംപൂര്‍: റിക്രൂട്ടിംഗ്‌ ഏജന്റിന്റ്‌ നല്‍കിയ വ്യാജ തൊഴില്‍ വാഗ്‌ദാനത്തില്‍ വിശ്വസിച്ച്‌ മലേഷ്യയിലെത്തിയ 62 ഇന്ത്യക്കാര്‍ കബളിപ്പിക്കപ്പെട്ടു. മസായി, ജോഹാര്‍ എന്നിവിടങ്ങളില്‍ ജോലിക്കായി ഇവിടെയെത്തി 62 ഇന്ത്യാക്കാരാണ്‌ കുടുങ്ങിപ്പോയത്‌. ഇവര്‍ക്ക്‌ ഇന്ത്യയിലേക്ക്‌ മടങ്ങിപ്പോകാനോ മലേഷ്യയില്‍ തൊഴിലിന്‌ കയറാനോ കഴിയാത്ത അവസ്ഥയാണ്‌ നിലവിലുള്ളത്‌. ഏജന്റിന്‌ ഭീമമായ തുകകള്‍ നല്‍കിയാണ്‌ ഇവരില്‍ ഭുരിപക്ഷവും മലേഷ്യയില്‍ ജോലി തേടിയെത്തിയത്‌.

തിബറ്റില്‍ ഇന്ത്യയ്‌ക്ക്‌ കോണ്‍സുലേറ്റ്‌ തുറക്കാമെന്ന്‌ ചൈന

ലാസ: ഇന്ത്യയ്‌ക്ക്‌ താല്‍പര്യമുണ്ടെങ്കില്‍ തിബറ്റിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ തുറക്കാന്‍ യാതൊരു തടസവുമില്ലെന്ന്‌ ചൈന അറിയിച്ചു. ഈമാസമാദ്യം ഇന്ത്യയും ചൈനയും തമ്മില്‍ ഡല്‍ഹിയില്‍ നടന്ന പതിമൂന്നാം ഘട്ട അതിര്‍ത്തി ചര്‍ച്ചയുടെ ഫലമായാണ്‌ ചൈനയുടെ ഈ തീരുമാനം. തിബറ്റിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ പ്രവര്‍ത്തനരഹിതമായിട്ട്‌ ഇപ്പോള്‍ അരനൂറ്റാണ്ട്‌ കഴിഞ്ഞു.
ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ മച്ചപ്പെടുത്താന്‍ ചൈന ആഗ്രഹിക്കുന്നുണ്ട്‌. ഇക്കാര്യം ഔദ്യോഗികമായിതന്നെ അവര്‍ അറിയിച്ചിട്ടുമുണ്ട്‌. ഈ ബന്ധം മെച്ചപ്പെടുത്തുന്നതിന്‌ സഹായകരമാവും എന്നതിനാലാണ്‌ ടിബറ്റില്‍ ഇന്ത്യ കോണ്‍സുമലറ്റ്‌ ആരംഭിക്കണമെന്ന്‌ ചൈന അഭ്യര്‍ത്ഥിക്കുന്നത്‌.
ഇന്ത്യ തിബറ്റില്‍ കോണ്‍സുലേറ്റ്‌ തുറന്നാല്‍ തിബറ്റുമായുള്ള തങ്ങളുടെ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കാമെന്ന പ്രതീക്ഷയും ചൈനീസ്‌ സര്‍ക്കാരിനുണ്ട്‌. 1950 ല്‍ ആരഭിച്ച ചൈന-തിബറ്റ്‌ കലാപത്തെ തുടര്‍ന്ന്‌ 1959 ലാണ്‌ ഇന്ത്യ ലാസയിലെ കോണ്‍സുലേറ്റ്‌ അടച്ചുപൂട്ടിയത്‌.
തിബറ്റിന്റെ ആത്മീയ ആചാര്യന്‍ ദലൈ ലാമയ്‌ക്ക്‌ ഇന്ത്യ അഭയം നല്‍കുകയും ചെയ്‌തു. ഇതോടെ ഇന്ത്യ- ചൈന ബന്ധവും വഷളാകുകയായിരുന്നു. മൂന്ന്‌ വര്‍ഷത്തിന്‌ ശേഷം ഇന്ത്യാ- ചൈന യുദ്ധവും ആരംഭിച്ചു.
എന്നാല്‍ ചൈനയുമായുള്ള നയതന്ത്രബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഷങ്‌ഹായിയിലും ഗുവാങ്‌ഷുവിലും ഇന്ത്യ കോണ്‍സുലേറ്റ്‌ തുറക്കാമെന്ന്‌ സമ്മതിച്ചു.
1962 ല്‍ അടച്ച്‌ പൂട്ടിയ കൊല്‍ക്കത്തയിലെ ചൈനീസ്‌ കോണ്‍സുലേറ്റ്‌ ചൈന വീണ്ടും തുറക്കും.

സുപ്രിം കോടതി ജഡ്‌ജിമാര്‍ സ്വത്ത്‌ വെളിപ്പെടുത്തും

ന്യൂഡല്‍ഹി: സുപ്രിംകോടതിയിലെ ജഡ്‌ജിമാര്‍ സ്വത്ത്‌ വിവരം വെളിപ്പെടുത്താന്‍ തീരുമാനിച്ചു. സുപ്രീം കോടതിയുടെ വെബ്‌സൈറ്റിലൂടെയാവും ജഡ്‌ജിമാര്‍ സ്വത്തുവിവരം വെളിപ്പെടുത്തക.
ബുധനാഴ്‌ച നടന്ന രണ്ടുമണിക്കൂറോളം നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ്‌ സ്വത്തുവിവരം പരസ്യപ്പെടുത്താന്‍ ജഡ്‌ജിമാര്‍ തീരുമാനിച്ച്‌ത്‌. അതേസമയം ഇക്കാര്യത്തില്‍ ചീഫ്‌ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്റെ സമ്മര്‍ദം ജഡ്‌ജിമാര്‍ക്കുമേല്‍ ഉണ്ടായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ജഡ്‌ജിമാര്‍ സ്വത്തുവിവരം വെളിപ്പെടുത്തണമെന്നും ഇക്കാര്യത്തില്‍ സമവായം ഉണ്ടാകണമെന്നും കുറച്ചുനാളായി ചീഫ്‌ ജസ്റ്റിസ്‌ അഭിപ്രായപ്പെടുന്നുണ്ട്‌.

പുതിയ വിദേശ വ്യാപാര നയം പ്രഖ്യാപിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുതിയ വിദേശ വ്യാപര നയം കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി ആനന്ദ്‌ ശര്‍മ വ്യാഴാഴ്‌ച പ്രഖ്യാപിക്കും. സാമ്പത്തികമാന്ദ്യം മൂലമുണ്ടായ നഷ്‌ടം നികത്താന്‍ കയറ്റുമതിക്കാര്‍ക്ക്‌ പ്രോത്‌സാഹനം നല്‍കുന്നതാവും പുതിയ നയത്തിന്റെ കാതല്‍. അമേരിക്കയ്‌ക്കും യൂറോപ്പിനും പുറത്ത്‌ പുതിയ വിപണികള്‍ കണ്ടെത്താന്‍ കയറ്റുമതിക്കാരെ സഹായിക്കുന്ന പ്രഖ്യാപനങ്ങള്‍ നയത്തിലുണ്ടാകുമെന്നാണ്‌ സൂചന.
ടെക്‌സ്റ്റൈല്‍സ്‌, ഹാന്‍ഡിക്രാഫ്‌റ്റ്‌സ്‌, ലതര്‍, ജെംസ്‌, ജ്വല്ലറി മേഖലകളില്‍ നികുതി ഒഴിവാക്കുന്നകാര്യവും പുതിയ നയത്തില്‍ ഉണ്ടായേക്കും. അടുത്ത അഞ്ച്‌ വര്‍ഷത്തേക്ക്‌ വിദേശ വ്യാപാര മേഖലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ഗണനകള്‍ സംബന്ധിച്ച നിര്‍ദേശങ്ങടങ്ങുന്ന നയം പലരെയും തൃപ്‌തിപ്പെടുത്തുമെങ്കിലും എല്ലാവരെയും തൃപ്‌തിപ്പെടുത്തണമില്ലെന്ന്‌ ആനന്ദ്‌ ശര്‍മ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്‌.
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന്‌ വിവിധ കയറ്റുമതി യൂണിറ്റുകളിലെ 150 കോടി ആളുകള്‍ക്ക്‌ തൊഴില്‍ഭീഷണി നേരിടേണ്ടിവന്നത്‌. പരമ്പരാഗത വിദേശ വിപണികളായ അമേരിക്കയിലും യൂറോപ്പിലും ഇന്ത്യന്‍ ഉല്‌പന്നങ്ങള്‍ക്ക്‌ ആവശ്യക്കാര്‍ കുറഞ്ഞതാണ്‌ തിരിച്ചടിയായത്‌.
ഇന്ത്യന്‍ കയറ്റുമതി വരുമാനമായ 168 ബില്യണ്‍ ഡോളറില്‍ 55 ശതമാനവും അമേരിക്കയിലും പടിഞ്ഞാറന്‍ യൂറോപ്പിലും നിന്നുമുള്ളതാണ്‌. ഈ സാഹചരയത്തില്‍ ആഫ്രിക്കയിലും ലാറ്റനമേരിക്കന്‍ രാജ്യങ്ങള്‍ക്കുമായി നയരേഖ രൂപീകരിക്കാന്‍ സഹപ്രവര്‍ത്തകര്‍ക്ക്‌ നിര്‍ദേശം നല്‍കിയതായും ശര്‍മ പറഞ്ഞു.
അതേസമയം ഘടനാപരമായ പ്രശ്‌നങ്ങളും സങ്കീര്‍ണമായ നടപടിക്രമങ്ങളും വര്‍ധിച്ച കടത്തുകൂലിയുമാണ്‌ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. കയറ്റുമതിക്കാര്‍ക്കായി നിലവില്‍ 26 പദ്ധതികള്‍ ഉണ്ടെങ്കിലും പലതിനെയും കുറിച്ച്‌ അവര്‍ക്ക്‌ അറിവില്ല. അതുകൊണ്ടുതന്നെ അവയുടെ ആനുകൂല്യം നേടിയെടുക്കാന്‍ കയറ്റുമതിക്കാര്‍ക്ക്‌ കഴിഞ്ഞിട്ടില്ലെന്ന്‌ സാമ്പത്തിക വിദഗ്‌ധന്‍ രാജീവ്‌ കുമാര്‍ പറയുന്നു.

15,000 രൂപയ്‌ക്ക്‌ 10 ഇഞ്ച്‌ ലാപ്‌ടോപ്പ്‌ വിപണിയില്‍

കോട്ടയം: പ്രമുഖ കംപ്യൂട്ടര്‍ നിര്‍മാതാക്കളായ എം എസ്‌ ഐ കേരളത്തിലെ പ്രമുഖ ഐ ടി ഡീലറായ ഓക്‌സിജനുമായി സഹകരിച്ച്‌ 10 ഇഞ്ച്‌ മാത്രം വലുപ്പമുള്ള ലാപ്‌ടോപ്പ്‌ വിപണിയില്‍ ഇറക്കി. 14,900 രൂപയാണ്‌ ഇതിന്റെ വില.
ഇന്റല്‍ ആറ്റം പ്രോസസര്‍ ഉപയോഗിച്ച്‌ നിര്‍മിച്ച ഈ ലാപ്‌ടോപ്പില്‍ സാധാരണ ഉപഭോക്താവിന്‌ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. 1 ജി ബി റാം, 160 ജി ബി ഹാര്‍ഡ്‌ ഡിസ്‌ക്‌, ബ്ലൂടൂത്ത്‌, കാര്‍ഡ്‌ റീഡര്‍, 10 ഇഞ്ച്‌ സ്‌ക്രീന്‍ എന്നീ കോണ്‍ഫിഗറേഷനോടു കൂടിയതാണ്‌ ലാപ്‌ടോപ്പ്‌.
സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും അനായാസം കൈകാര്യം ചെയ്യാവുന്ന ലാപ്‌ടോപ്പിന്റെ ബുക്കിംഗ്‌ ആരംഭിച്ചതായി കമ്പനി അറിയിച്ചു. ഒരു വര്‍ഷം ഇന്റര്‍നാഷണല്‍ വാറണ്ടിയും ഈ ഉല്‍പ്പന്നത്തിന്‌ ലഭ്യമാണ്‌. വിശദവിവരങ്ങള്‍ക്ക്‌ ഫോണ്‍: 9544400810.

പന്നിപ്പനി: അമേരിക്കയില്‍ മരണം 90,000 കവിയുമെന്ന്‌ റിപ്പോര്‍ട്ട്‌

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ പന്നിപ്പനി മൂലം മരണമടയുന്നവരുടെ എണ്ണം ഈ വര്‍ഷം അവസാനത്തോടെ 90,000 കവിയുമെന്ന്‌ വൈറ്റ്‌ ഹൗസ്‌ മുന്നറിയിപ്പ്‌ നല്‍കി. 20 ലക്ഷത്തോളം പേര്‍ രോഗബാധിതരാകും. ഇക്കൊല്ലം അവസാനത്തോടെ ആറ്‌ മുതല്‍ 12 കോടി വരെ ആളുകള്‍ക്ക്‌ രോഗം പിടിപെടാം.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന ഒന്നര ലക്ഷം മുതല്‍ മൂന്ന്‌ ലക്ഷം വരെ പേര്‍ തീവ്രപരിചരണവിഭാഗത്തിലാകും പ്രവേശിപ്പിക്കപ്പെടുക. ഇതില്‍ 30,000 മുതല്‍ 90,000 വരെ പേരെ രക്ഷിക്കാന്‍ കഴിഞ്ഞുവെന്ന്‌ വരില്ല.
50 വയസിനുമേല്‍ പ്രായമുളളവരായിരിക്കും ഇങ്ങനെ മരണമടയുന്നതില്‍ ഭൂരിപക്ഷവും. മൊത്തം ജനസംഖ്യയുടെ 20 മുതല്‍ 40 ശതമാനം വരെ പേരില്‍ രോഗലക്ഷണങ്ങള്‍ ദൃശ്യമാകുമെന്ന്‌ 2009 ലേക്കുളള എച്ച്‌ ഒന്ന്‌ എന്‍ ഒന്ന്‌ വൈറസിനെതിരെയുളള അമേരിക്കന്‍ തയ്യാറെടുപ്പ്‌ എന്ന്‌ പേരിട്ടിട്ടുളള റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.
എല്ലാ വര്‍ഷവും മറ്റ്‌ വൈറസ്‌ ബാധകളെ തുടര്‍ന്ന്‌ ഏകദേശം 35,000 അമേരിക്കക്കാര്‍ മരിക്കാറുണ്ടെന്നും വൈറ്റ്‌ ഹൗസില്‍ പ്രസിഡന്റിന്റെ ശാസ്‌ത്ര സാങ്കേതിക വിഭാഗത്തിന്റെ ഉപദേശക സമിതി പറയുന്നു. 1918 മുതല്‍ 1919 വരെ പടര്‍ന്നു പിടിച്ച ഗുരുതരമായ വൈറസ്‌ പനിക്ക്‌ സമാനമായതാണ്‌ ഇപ്പോഴത്തെ പന്നിപ്പനി. 1976 ല്‍ ചെറിയ രീതിയില്‍ സംക്രമിച്ച്‌ തുടങ്ങിയ പന്നിപ്പനി ഇന്ന്‌ വലിയതോതില്‍ ജീവഹാനി വരുത്തുന്ന ഒന്നായിമാറിയിരിക്കുന്നു.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP