Sunday, July 12, 2009

പിണറായി മാറണമെന്ന്‌ പി ബിയില്‍ ഭൂരിപക്ഷം

ന്യൂഡല്‍ഹി: സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ തത്സ്‌ഥാനത്തുനിന്നും മാറ്റണമെന്ന്‌ പി ബിയില്‍ ഭൂരിപക്ഷാഭിപ്രായം. രൂക്ഷമായ ചര്‍ച്ച വോട്ടെടുപ്പുവരെ നീണ്ടു.

എന്നാല്‍ വോട്ടെടുപ്പ്‌ കേരളഘടകത്തിലെ വിഭാഗീയത വര്‍ധിപ്പിക്കാനേ ഉപകരിക്കൂവെന്ന ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ അഭ്യര്‍ത്ഥനെയെ തുടര്‍ന്നാണ്‌ നാല്‌ മണിക്കൂറിലധികം നീണ്ട പി ബി യോഗം വിഷയം കേന്ദ്രകമ്മിറ്റിക്ക്‌ വിടാന്‍ തീരുമാനിച്ചത്‌. ഇന്നലെ നടന്ന കേന്ദ്രകമ്മിറ്റിയിലും സംസ്ഥാന ഘടകത്തിന്റെ മോഹങ്ങള്‍ക്ക്‌ എതിരായ ദിശയിലാണ്‌ ചര്‍ച്ച നീണ്ടത്‌.
പി ബിയില്‍ ആകെയുള്ള 15 അംഗങ്ങളില്‍ എട്ടുപേരാണ്‌ പിണറായി മാറണമെന്ന്‌ വാദിച്ചത്‌. വി എസ്‌ അച്യുതാനന്ദന്‍, മണിക്‌ സര്‍ക്കാര്‍, ബുദ്ധദേവ്‌ ഭട്ടാചാര്യ, സീതാറാം യെച്ചൂരി, ബൃന്ദാ കാരാട്ട്‌, എം കെ പാന്ഥെ, മുഹമ്മദ്‌ അമീന്‍ എന്നിവര്‍ പിണറായിക്കെതിരെ വാദിച്ചു.
എന്നാല്‍ പ്രകാശ്‌കാരാട്ട്‌, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്‌ണന്‍, എസ്‌ രാമചന്ദ്രന്‍പിള്ള എന്നീ നാല്‌ മലയാളികള്‍ മാത്രമാണ്‌ വി എസിനെതിരെ മാത്രം നടപടി മതിയെന്ന പക്ഷക്കാരായിരുന്നത്‌. വരദരാജന്‍, രാഘവലു, ബിമല്‍ബോസ്‌, നിരുപംസെന്‍ എന്നിവര്‍ ഉള്‍പ്പെടെ 10 പേരാണ്‌ രണ്ടുപേര്‍ക്കുമെതിരെ നടപടിവേണമെന്ന്‌ ആവശ്യപ്പെട്ടു.
ബംഗാളില്‍നിന്നുള്ള മുഹമ്മദ്‌ അമീനിലായിരുന്നു പ്രകാശ്‌ കാരാട്ടും പിണറായിയും നേരത്തേ പിന്തുണ പ്രതീക്ഷിച്ചിരുന്നത്‌. വി എസിന്റെ വിമര്‍ശകനായ അമീന്‍ പക്ഷേ ഇന്നലെ പിണറായി വിരുദ്ധപക്ഷത്താണ്‌ നിലയുറപ്പിച്ചത്‌. കേന്ദ്രകമ്മിറ്റിയിലും ചൂേടറിയ ചര്‍ച്ചയാണ്‌ നടന്നത്‌.
കേരളത്തില്‍നിന്നുള്ള അംഗങ്ങള്‍ വി എസിനെതിരെ കടുത്ത നടപടിയാവശ്യപ്പെട്ടപ്പോള്‍ തത്തുല്ല്യമായ നടപടി പിണറായിക്കെതിരെയും ഉണ്ടാകണമെന്ന്‌ ബംഗാളില്‍നിന്നുള്ള കേന്ദ്രകമ്മിറ്റിയംഗങ്ങള്‍ നിര്‍ദ്ദേശിച്ചതായാണ്‌ അറിവ്‌. ഇന്ന്‌ നടക്കുന്ന ചര്‍ച്ചകള്‍കൂടി കഴിയുമ്പോഴേ ചിത്രം വ്യക്തമാകൂ.

കളി തുടരും; സി പി എമ്മില്‍ ഇന്ന്‌ വീണ്ടും തൊലിപ്പുറത്ത്‌ ചികിത്സ

ന്യൂഡല്‍ഹി: ഒരു ദശകത്തിലേറെക്കാലമായി സി പി എം സംസ്ഥാനഘടകത്തില്‍ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന വിഭാഗീയത ഇനിയും തുടരും. ഇതിന്‌ തടയിടാനായി ഇവിടെ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗതീരുമാനം തൊലിപ്പുറത്തെ ചികിത്സയായി മാറിയേക്കും.
പിണറായി വിജയനും വി എസ്‌ അച്യുതാനന്ദനുമെതിരെ അച്ചടക്ക നടപടികളുണ്ടാകുമെന്ന സൂചനകളാണ്‌ ഇപ്പോള്‍ പുറത്തുവരുന്നത്‌. വി എസിനെ കേന്ദ്ര കമ്മിറ്റിയിലേക്ക്‌ തരംതാഴ്‌ത്തുകയും പിണറായിക്ക്‌ ഏറിയാല്‍ പരസ്യ ശാസനയുമാണ്‌ കേന്ദ്രകമ്മിറ്റിയിലുണ്ടാകാന്‍ പോകുന്ന തീരുമാനം.
അതേസമയം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും പിണറായി വിജയനും മുഖ്യമന്ത്രി സ്ഥാനത്തുനിന്നും വി എസ്‌ അച്യുതാനന്ദനും മാറ്റപ്പെടുന്ന തലത്തിലുള്ള തീരുമാനം ഇന്നും ഉണ്ടാവില്ല. ഫലത്തില്‍ വിഭാഗീയതയ്‌ക്ക്‌ കേരളത്തില്‍ വീണ്ടും പീലിവിടര്‍ത്തിയാടുന്നതിനുള്ള പാതയാണ്‌ കേന്ദ്രകമ്മിറ്റി ഒരുക്കിക്കൊടുക്കുന്നത്‌.
വിഭാഗീയതയുടെ പേരില്‍ ഒരിക്കല്‍ പിണറായി വിജയനേയും വി എസ്‌ അച്യുതാനന്ദനെയും പൊളിറ്റ്‌ ബ്യൂറോയില്‍നിന്നും ഒഴിവാക്കിയതാണ്‌. എന്നിട്ടും സി പി എം കേരളഘടകത്തില്‍ കാര്യമായ മാറ്റമൊന്നുമുണ്ടായില്ല. ഈ അനുഭവം മുന്നിലിരിക്കെയാണ്‌ വീണ്ടും അത്തരമൊരു നീക്കം പാര്‍ട്ടി പരീക്ഷിക്കുന്നത്‌.
ഇന്നലെ നടന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ വി എസിനെതിരെ രൂക്ഷമായ ആക്രമണമാണ്‌ കേരളത്തില്‍നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ നടത്തിയത്‌. എന്നാല്‍ ഏകപക്ഷീയമായ ആ ആക്രമണത്തിന്‌ മറ്റ്‌ സംസ്ഥാനങ്ങളില്‍നിന്നും എത്തിയ കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്താനായില്ല. അതുകൊണ്ടുതന്നെയാണ്‌ പിണറായിക്കെതിരെയും നടപടി വേണമെന്ന ദിശയിലേക്ക്‌ ചര്‍ച്ച നീണ്ടത്‌.
ഇന്ന്‌ കേന്ദ്രകമ്മിറ്റിയില്‍ ഉണ്ടാകാന്‍ പോകുന്ന തീരുമാനവും സംസ്ഥാനഘടകത്തിലെ ചേരിപ്പോര്‌ രൂക്ഷമാകാനേ സഹായകമാവൂ. മുഖ്യമന്ത്രിയെന്ന നിലയില്‍ സ്വന്തം നിലപാടുമായി വി എസ്‌ മുന്നോട്ടുപോകുമെന്നതില്‍ രണ്ടഭിപ്രായം ആര്‍ക്കും ഉണ്ടാകില്ല. കേരളത്തില്‍നിന്നുള്ള അവശേഷിക്കുന്ന രണ്ട്‌ പി ബി അംഗങ്ങളും ഔദ്യോഗികപക്ഷക്കാരായതിനാല്‍ വി എസിന്റെ ഓരോ നീക്കങ്ങളെയും വെട്ടിനിരത്താന്‍ പിണറായി പക്ഷവും ശ്രമിക്കും.
അതുകൊണ്ടുതന്നെ നമുക്ക്‌ പറയാം, കളി തീര്‍ച്ചയായും തുടരും....

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP