Sunday, July 5, 2009

കേന്ദ്ര ബജറ്റ്‌ 2009 - ആദായനികുതി പരിധി രണ്ട്‌ ലക്ഷമാക്കും


രണ്ടാം മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാരിന്റെ കന്നി ബജറ്റ്‌ ധനകാര്യമന്ത്രി പ്രണബ്‌ കുമാര്‍ മുഖര്‍ജി പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഉദാരവത്‌കരണ നയങ്ങള്‍ക്ക്‌ ആക്കം കൂട്ടിയും സാമൂഹിക ക്ഷേമ പദ്ധതികള്‍ വ്യാപിപ്പിക്കുന്നതിനും ഒരുപോലെ മുന്‍ഗണന നല്‍കുന്നതായിരിക്കും രണ്ടാം യൂ പി എ സര്‍ക്കാരിന്റെ കന്നി ബജറ്റ്‌. മുന്‍ഗണനാക്രമത്തില്‍ ഉദാരവത്‌കരണത്തിനായിരിക്കും മുന്‍തൂക്കമെങ്കിലും വീണ്ടും അധികാരത്തിെലത്തിച്ച സാമൂഹിക ക്ഷേമ പദ്ധതികളെയും ഒരു കൈ സഹായിക്കാന്‍ ധനമന്ത്രി പ്രണബ്‌ കുമാര്‍ മുഖര്‍ജി തയ്യാറായേക്കും. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്‌ പ്രാമുഖ്യം നല്‍കിക്കൊണ്ട്‌ പൊതുമേഖലാ ഓഹരി വില്‌പന ശക്തമാക്കാനുള്ള നിര്‍ദ്ദേശം ബജറ്റിലുണ്ടാകും. ലോകം നേരിടുന്ന ആഗോള മാന്ദ്യത്തെ മറികടക്കാന്‍ വിദേശ നിേക്ഷപത്തെ ആകര്‍ഷിക്കാനുള്ള മുഖ്യ ഉപാധിയായാണ്‌ ഓഹരി വില്‌പനയ്‌ക്ക്‌ മുന്‍തൂക്കം നല്‍കുന്നത്‌. ഇതിനുപുറമേ രൂക്ഷമായ സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ മറികടക്കാനുള്ള നികുതിയൊഴിവ്‌ നിര്‍ദ്ദേശങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കാം. ഐടി മേഖലയിലെ തൊഴില്‍ നഷ്ടം ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ മറികടക്കാനായിരിക്കും നികുതിയൊഴിവ്‌ നിര്‍ദ്ദേശങ്ങള്‍ പ്രധാനമായും ഉള്‍പ്പെടുത്തുക. കമ്പനികള്‍ ജീവനക്കാര്‍ക്ക്‌ നല്‍കുന്ന ആനുകൂല്യങ്ങള്‍ക്കുള്ള നികുതി ഉള്‍പ്പെടെ തത്‌കാലത്തേക്ക്‌ ഒഴിവാക്കപ്പെടും. വ്യക്‌തികളുടെ നികുതി പരിധി ഉയര്‍ത്തും. മൂന്ന്‌ ലക്ഷംവരെ ഇത്‌ ഉയര്‍ത്തപ്പെടാമെന്നാണ്‌ പല കോണുകളും പ്രതീക്ഷിക്കുന്നതെങ്കിലും രണ്ട്‌ ലക്ഷംവരെയെങ്കിലുമാക്കി നികുതി പരിധി നിശ്ചയിക്കാനാണ്‌ സാധ്യത. രണ്ടാം തവണയും യു പി എയെ അധികാരത്തിലെത്തിച്ചതിന്‌ പ്രധാന പങ്ക്‌ വഹിച്ചത്‌ സാമൂഹികക്ഷേമ പദ്ധതികളാണ്‌. ഗ്രാമീണ തൊഴിലയുറപ്പ്‌ പദ്ധതിയാണ്‌ ഇതില്‍ പ്രധാനം. ഈ പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കുന്നതിനും നഗരങ്ങളെക്കൂടി ഉള്‍പ്പെടുത്തി തൊഴില്‍ മൗലികാവകാശമാക്കുന്നതിനുള്ള ശ്രമം ധനമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായേക്കും.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP