Friday, July 31, 2009

ഓഹരി സൂചികയില്‍ വന്‍ മുന്നേറ്റം

മുംബൈ: ബോംബെ ഓഹരി സൂചികയില്‍ വന്‍ മുന്നേറ്റം. 13 മാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ്‌ ഇന്ന വിപണി വ്യാപാരം അവസാനിപ്പിച്ചത്‌. രാവിലെ മുതല്‍ മുന്നേറ്റത്തിന്റെ പാതയിലായിരുന്ന സൂചിക 282.35 പോയിന്റ്‌ കയറി 15,670.31 പോയിന്റിലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌.
ദേശീയ സൂചികയായ നിഫ്‌റ്റി 1.42 ശതമാനത്തിന്റെ വര്‍ധനയാണ്‌ ഇന്നു രേഖപ്പെടുത്തിയത്‌. 65 പോയിന്റ്‌ വര്‍ധനയോടെ 4636.45 പോയിന്റിലാണ്‌ നിഫ്‌റ്റിയില്‍ വ്യാപാരം അവസാനിച്ചത്‌.
ഇന്ന്‌ രാവിലെ 61 പോയിന്റ്‌ മുന്നേറ്റവുമായാണ്‌ സെന്‍സെക്‌സില്‍ വ്യാപാരം ആരംഭിച്ചത്‌. ഒരവസരത്തില്‍ സൂചിക 15,733 വരെ എത്തിയിരുന്നു.
ഇന്ത്യന്‍ കമ്പനികള്‍ ആദ്യ പാദത്തില്‍ മികച്ച പ്രവര്‍ത്തന ഫലം കാഴ്‌ചവച്ചതാണ്‌ സൂചികയിലെ വര്‍ധനയ്‌ക്കു സഹായകമായത്‌. 2008 ജൂണ്‍ 17 നുശേഷം ബി എസ്‌ ഇയിലെ ഉയര്‍ന്ന നിലവാരമാണിത്‌. അന്ന്‌ വിപണി 15,696 പോയിന്റിലാണ്‌ അവസാനിച്ചത്‌.
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്‌ ബി ഐയും വാഹന നിര്‍മാതാക്കളായ മഹീന്ദ്രയും ഇന്നലെ മികച്ച പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചിരുന്നു. ബി എസ്‌ ഇയില്‍ ഓയില്‍ ആന്‍ഡ്‌ ഗ്യാസ്‌, എഫ്‌ എം സി ജി സൂചികകളാണ്‌ കൂടുതല്‍ മുന്നേറ്റം പ്രകടമാക്കിയത്‌. ബി എസ്‌ ഇയില്‍ ഇന്നു വ്യാപാരം നടന്ന 2,801 ഓഹരികളില്‍ 1,401 എണ്ണവും നേട്ടമുണ്ടാക്കി. 1,299 ഓഹരികള്‍ക്ക്‌ നഷ്‌ടം നേരിട്ടു.

ഇന്ത്യാ-ചൈന കൂടിക്കാഴ്‌ച അടുത്തമാസം

ബെയ്‌ജിംഗ്‌: ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായുളള ചര്‍ച്ചകള്‍ക്കായി ഇരു രാജ്യങ്ങളിലെയും പ്രത്യേക പ്രതിനിധികള്‍ ഓഗസ്‌റ്റ്‌ ഏഴ്‌, എട്ട്‌ തീയതികളില്‍ കൂടിക്കാഴ്‌ച നടത്തും. ഇന്ത്യന്‍ ദേശീയസുരക്ഷാ ഉപദേഷ്‌ടാവ്‌ എം.കെ.നാരായണന്‍, ചൈനീസ്‌ സ്‌റ്റേറ്റ്‌ കൗണ്‍സിലര്‍ ജായി ബിന്‍ഗാവോ തുടങ്ങിയവര്‍ ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും. അതിര്‍ത്തി പ്രശ്‌നത്തിനു പുറമെ ഇന്ത്യ- ചൈന ബന്ധം മെച്ചപ്പെടുത്തുന്നതിനു വേണ്ട നടപടികള്‍ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യുമെന്ന്‌ ചൈനീസ്‌ വിദേശകാര്യമന്ത്രാലയം വക്‌താവ്‌ ഖിന്‍ ഗാങ്‌ പറഞ്ഞു.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP