Saturday, August 1, 2009

സൈബര്‍ കുറ്റകൃത്യം വര്‍ധിക്കാന്‍ കാരണം ഐ ടി നിയമത്തിലെ പോരായ്‌മ: മുഖ്യമന്ത്രി

കൊച്ചി: ഐ ടി നിയമത്തിന്‍െറ പോരായ്‌മയും സ്‌ത്രീകള്‍ക്കിടയിലെ അവബോധക്കുറവുമാണ്‌ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍. സ്‌ത്രീകള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങളെക്കു റിച്ച്‌ സാമൂഹ്യക്ഷേമവകുപ്പിന്‍െറ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ ശില്‍പ്പശാലയുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു? അദ്ദേഹം. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്റര്‍നെറ്റില്‍ ഇടപഴകുന്ന കുട്ടികളുടെ മേല്‍ മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കണമെന്ന്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത സുപ്രിം കോടതി ചീഫ്‌ ജസ്‌റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‍ പറഞ്ഞു.
ശാസ്‌ത്രസാങ്കേതിക രംഗത്തെ കുതിപ്പിനൊപ്പമെത്താന്‍ നമ്മുടെ നീതി നിര്‍വഹണ സംവിധാനങ്ങള്‍ വൈകുന്നതിനാല്‍ സൈബര്‍ കുറ്റവാളികള്‍ രക്ഷപ്പെടുന്ന സ്ഥിതിയുണ്ടെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ ഐ ടി നിയമത്തില്‍ പോരായ്‌മകളുള്ളതായി വിമര്‍ശനമുണ്ട്‌. ഈ സാഹചര്യത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്ന്‌ സമൂഹത്തിന്‌ സംരക്ഷണം നല്‍കാന്‍ ന്യായാധിപരും നിയമനിര്‍മാതാക്കളും കര്‍മപദ്ധതി തയ്യാറാക്കണം. സ്‌ത്രീ ശാക്തീകരണത്തിനുതകുന്ന പരിശീലന പരിപാടികള്‍ നടപ്പാക്കണം. കുറ്റകൃത്യങ്ങള്‍ക്ക്‌ ഇരയാകുന്ന സ്‌ത്രീകള്‍ കുറ്റവാളികളെ ചൂണ്ടിക്കാണിച്ച്‌ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരാന്‍? തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്‌ത്രീകളും കുട്ടികളും ഇരയാകുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‍ പറഞ്ഞു. കുറ്റവാളികളെ കണ്ടെത്താനും? നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുമുള്ള പരിമിതികളാണ്‌ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനുള്ള കാരണമെന്നും ചീഫ്‌ ജസ്‌റ്റിസ്‌ പറഞ്ഞു.
സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച്‌ പൊതുജനങ്ങളില്‍ അവബോധം വളര്‍ത്താനുള്ള പരിപാടികള്‍ ആവിഷ്‌കരിക്കണമെന്ന്‌ മുഖ്യപ്രഭാഷകനായ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌ ആര്‍ ബന്നൂര്‍മഠ്‌ പറഞ്ഞു. ആരോഗ്യമന്ത്രി പി കെ ശ്രീമതി, മേയര്‍ പ്രഫ. മേഴ്‌സി വില്യംസ്‌, ജസ്‌റ്റിസ്‌ കുര്യന്‍ ജോസഫ്‌, സാമൂഹ്യക്ഷേമ സെക്രട്ടറി ഉഷ ടൈറ്റസ്‌ എന്നിവര്‍ സംസാരിച്ചു. സി-ഡിറ്റ്‌, കേരള ലീഗല്‍ സര്‍വീസസ്‌ അതോറിറ്റി, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ്‌ ശില്‍പ്പശാല സംഘടിപ്പിച്ചത്‌. ശില്‍പശാലയോടനുബന്‌ധിച്ച്‌ സി-ഡിറ്റ്‌ തയ്യാറാക്കിയ സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനുള്ള വെബ്‌സൈറ്റും ഉദ്‌ഘാടനം ചെയ്‌തു.

പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ അന്തരിച്ചു

മലപ്പുറം: മുസ്‌ലിം ലീഗ്‌ സംസ്‌ഥാന പ്രസിഡന്റ്‌ പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ (73) അന്തരിച്ചു. മലപ്പുറം കെ പി എം ആശുപത്രിയില്‍ രാത്രി 8.45 നായിരുന്നു അന്ത്യം. ഇന്നലെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന്‌ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന്‌ മലപ്പുറം കെ പി എം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം പാണക്കാട്ടേക്കു കൊണ്ടുപോയി.
34 വര്‍ഷമായി മുസ്‌ലിം ലീഗ്‌ അധ്യക്ഷനായിരുന്നു മലബാറിലെ മുസ്‌ലിംകളുടെ ആത്മീയ നേതാവായിരുന്ന അദ്ദേഹം. കേരളത്തിലെ നൂറോളം മഹല്ലുകളുടെ ഖാസിയാണ്‌ ശിഹാബ്‌ തങ്ങള്‍. പുറമെ, കേരളത്തിലെ ആദ്യ ഉന്നത ഇസ്‌ലാമിക കലാലയമായ പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യഃ അറബിക്‌ കോളജ്‌ മുതല്‍ അനേകം മത സ്‌ഥാപനങ്ങളുടെ പ്രസിഡന്റും അമരക്കാരനും. മെട്രോ നഗരങ്ങളില്‍ മുതല്‍ ഗ്രാമങ്ങളില്‍ വരെയുള്ള വലുതം ചെറുതുമായ സ്‌ഥാപനങ്ങള്‍ ഇതില്‍പ്പെടും.
മുപ്പത്തൊന്‍പതാം വയസ്സില്‍, 1975 സെപ്‌റ്റംബര്‍ ഒന്നിനാണ്‌ ശിഹാബ്‌ തങ്ങള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്‌ സംസ്‌ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്‌. മുസ്‌ലിംലീഗ്‌ സംസ്‌ഥാന പ്രസിഡന്റായിരുന്ന പാണക്കാട്‌ പുതിയ മാളിയേക്കല്‍ സയ്യിദ്‌ അഹമ്മദ്‌ പൂക്കോയ തങ്ങളുടെയും (പി എം എസ്‌ എ. പൂക്കോയ തങ്ങള്‍) ആയിഷാ ബീവിയുടെയും മകനായി 1936 മേയ്‌ നാലിനാണു ശിഹാബ്‌ തങ്ങളുടെ ജനനം.
പാണക്കാട്‌ ഡി എം ആര്‍ ടി. സ്‌കൂളില്‍ പ്രാഥമിക പഠനം. ഫസ്‌റ്റ്‌ ഫോം മുതല്‍ എസ്‌ എസ്‌ എല്‍ സി വരെ കോഴിക്കോട്‌ എം എം ഹൈസ്‌കൂളില്‍. 1953 ല്‍ എസ്‌ എസ്‌ എല്‍ സി വിജയിച്ച ശേഷം നാലു വര്‍ഷത്തോളം വിവിധ പള്ളി ദര്‍സുകളില്‍ മതപഠനം. മലപ്പുറം ജില്ലയില്‍ തിരൂരിനടുത്തു തലക്കടത്തൂര്‍, രണ്ടത്താണിക്കടുത്തു കാനാഞ്ചേരി, തോഴന്നൂര്‍ തുടങ്ങിയ പള്ളികളിലായിരുന്നു ദര്‍സ്‌ പഠനം.

ഉപരിപഠനം 1958 ല്‍ ഈജിപ്‌തിലെ ലോകപ്രശസ്‌തമായ അല്‍ അസ്‌ഹര്‍ സര്‍വകലാശാലയില്‍. അല്‍ അസ്‌ഹറില്‍ സ്‌കോളര്‍ഷിപ്പോടെയുള്ള പഠനത്തിനു ശേഷം 1961ല്‍ പ്രശസ്‌തമായ കെയ്‌റോ സര്‍വകലാശാലയില്‍ അറബിക്‌ ഭാഷാ പഠനവിഭാഗത്തില്‍ ചേര്‍ന്നു. അഞ്ചുവര്‍ഷത്തെ പഠന ശേഷം ലിസാന്‍സ്‌ സാഹിത്യ ബിരുദം നേടി.
കയ്‌റോ സര്‍വകലാശാലയിലെ പഠന കാലത്ത്‌ സൂഫിസത്തില്‍ ആകൃഷ്‌ടനായ ശിഹാബ്‌ തങ്ങള്‍ ഷെയ്‌ഖ്‌ അബ്‌ദുല്‍ ഹലീം മഹ്‌മൂദ്‌ എന്ന പണ്ഡിതനു കീഴില്‍ പഠനം ആരംഭിച്ചു. സൂഫിവര്യനായ ഷെയ്‌ഖ്‌ ഹലീമിനു കീഴില്‍ മൂന്നു വര്‍ഷത്തെ ശിക്ഷണം ശിഹാബ്‌ തങ്ങള്‍ക്കു ലഭിച്ചു. ഗള്‍ഫ്‌ രാജ്യങ്ങള്‍ക്കും ഈജിപ്‌തിനും പുറമെ യു.എസ്‌., ബ്രിട്ടന്‍, ഫ്രാന്‍സ്‌, ഓസ്‌ട്രേലിയ, ഇറ്റലി, സിംഗപ്പൂര്‍, പലസ്‌തീന്‍, ഇറാന്‍, യെമന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും തങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌.
മുസ്‌ലിംലീഗ്‌ സംസ്‌ഥാന പ്രസിഡന്റും അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന സയ്യിദ്‌ അബ്‌ദുറഹിമാന്‍ ബാഫഖി തങ്ങളുടെ മകള്‍, പരേതയായ ശരീഫ ഫാത്തിമ ബീവിയായിരുന്നു ശിഹാബ്‌ തങ്ങളുടെ ഭാര്യ. 1966 നവംബര്‍ 24 നായിരുന്നു വിവാഹം.
അഞ്ചു മക്കള്‍ - മൂന്ന്‌ പെണ്ണും രണ്ട്‌ ആണും. കെ എം ഇ എ. സംസ്‌ഥാന പ്രസിഡന്റ്‌ സയ്യിദ്‌ ബഷീറലി ശിഹാബ്‌ തങ്ങള്‍, സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍, സുഹറ, ഫൈറൂസ്‌, സമീറ എന്നിവരാണു മക്കള്‍.
മരുമക്കള്‍: സയ്യിദ്‌ നാസര്‍ മഷ്‌ഹൂര്‍ തങ്ങള്‍, സയ്യിദ്‌ ലുഖ്‌മാന്‍ തങ്ങള്‍, സയ്യിദ്‌ യൂസഫ്‌ ഹൈദ്രോസ്‌ തങ്ങള്‍, ഷമീമ, ശരീഫ ഹനിയ.

കോറോസോണ്‍ അക്വിനോ അന്തരിച്ചു

മനില: ഫിലിപ്പൈന്‍സ്‌ മുന്‍ പ്രസിഡന്റ്‌ കോറോസോണ്‍ അക്വിനോ (76) അന്തരിച്ചു. ഇന്നു രാവിലെ പ്രാദേശിക സമയം 3.18 ന്‌ ആയിരുന്നു അന്ത്യം. അര്‍ബുദബാധയെത്തുടര്‍ന്ന്‌ ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. രോഗം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ ബാധിച്ചതിനാല്‍ ജൂണില്‍ മനിലയിലെ മക്കാത്തി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.
1986- 92 കാലഘട്ടത്തില്‍ ഫിലിപ്പൈന്‍സിന്റെ പ്രസിഡന്റായിരുന്നു അക്വിനോ. ജനാധിപത്യത്തിനു വേണ്ടി ഒട്ടേറെ പോരാട്ടങ്ങള്‍ നടത്തിയ അക്വിനോ കോരി എന്ന ഓമനപേരിലാണ്‌ ജനങ്ങള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്‌. പ്രതിപക്ഷനേതാവായിരുന്ന ഭര്‍ത്താവ്‌ ബെനിഞ്ഞോ അക്വിനോ 1983 ല്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്നാണ്‌ അതുവരെ വീട്ടമ്മയായി ഒതുങ്ങിക്കഴിഞ്ഞിരുന്ന കോറോസോണ്‍ അക്വിനോ രാഷ്‌ട്രീയരംഗത്തെത്തുന്നത്‌.
രണ്ടു ദശാബ്‌ദം ഫിലിപ്പിന്‍സിനെ അടക്കിവാണ പ്രസിഡന്റ്‌ ഫെര്‍ഡിനാന്‍ഡ്‌ മര്‍ക്കോസിനെയും ഭാര്യ ഇമല്‍ഡയെയും പുറത്താക്കാന്‍ കോറോസോണ്‍ അക്വിനോ ധീരമായ നേതൃത്വം നല്‍കി. 1986 ഫ്രെബുവരി 7 ന്‌ നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച അക്വിനോ 1992 ജൂണ്‍ 30 വരെ അധികാരത്തില്‍ തുടര്‍ന്നു.

വിമാനകമ്പനികള്‍ക്ക്‌ പ്രത്യേക പാക്കേജ്‌ ഇല്ല

ന്യൂഡല്‍ഹി: സ്വകാര്യ വിമാനക്കമ്പനികള്‍ക്കായി പ്രത്യേക സാമ്പത്തിക സുരക്ഷാ പദ്ധതികള്‍ അനുവദിക്കില്ലെന്ന്‌ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. സ്വകാര്യവിമാന കമ്പനികള്‍ ഈമാസം 18 ന്‌ പ്രഖ്യാപിച്ച പണിമുടക്ക്‌ പിന്‍വലിച്ച്‌ ചര്‍ച്ചകള്‍ക്കു തയാറാവാണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. അവര്‍ യാത്രക്കാരുടെ സൗകര്യം പരിഗണിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
വിമാനക്കമ്പനികളുടെ ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ മനസിലാക്കുന്നുണ്ട്‌. എന്നാല്‍ പൊതുജനങ്ങള്‍ക്കു പ്രയാസമുണ്ടാക്കുന്ന ഒരു നടപടിയും അംഗീകരിക്കാനാവില്ല. പണിമുടക്ക്‌ പിന്‍വലിച്ചില്ലെങ്കില്‍ കര്‍ശന നടപടികള്‍ അവര്‍ക്ക്‌ മനരിടേണ്ടിവരുമെന്നും മന്ത്രി മുന്നറിയിപ്പ്‌ നല്‍കി.

അതേ സമയം, പണിമുടക്കുമായി മുന്നോട്ടുപോകാനാണ്‌ വിമാനകമ്പനികളുടെ തീരുമാനം. ഇത്‌ സര്‍ക്കാരിനോ യാത്രക്കാര്‍ക്കോ എതിരെയുള്ള സമരമല്ല. മറിച്ച്‌ തങ്ങളുടെ നിലനില്‍പ്പിനായുള്ള സമരണമെന്ന്‌ ജെറ്റ്‌ എയര്‍വേസ്‌ എം ഡി സരോജ്‌ ദത്ത പറഞ്ഞു.
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന്‌ പ്രതിസന്ധി നേരിടുന്ന വിമാന കമ്പനികള്‍ക്ക്‌ കേന്ദ്രസര്‍ക്കാര്‍ സഹായമൊന്നും പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ചാണ്‌ പണിമുടക്ക്‌ നടത്തുന്നത്‌. വിമാന ഇന്ധനത്തിന്റെ നികുതി കുറയ്‌ക്കുന്നത്‌ അടക്കമുള്ള ആവശ്യങ്ങളാണ്‌ സ്വകാര്യ എയര്‍ലൈനുകള്‍ മുന്നോട്ടുവച്ചിരിക്കുന്നത്‌. 2008-09ല്‍ 10,000 കോടിയുടെ നഷ്‌ടമാണ്‌ വ്യോമയാന മേഖലയില്‍ ഉണ്ടായത്‌.

വിമാനകമ്പനികള്‍ സമരത്തിലേക്ക്‌

മുംബൈ: വിമാനക്കമ്പനികളെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറ്റാന്‍ സര്‍ക്കാര്‍ അടിയന്തരപദ്ധതി നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടു കമ്പനികള്‍ സമരത്തിനൊരുങ്ങുന്നു. ഈ മാസം 18 ന്‌ ആഭ്യന്തര സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കാന്‍ എട്ടു പ്രമുഖ വിമാനക്കമ്പനികള്‍ തീരുമാനിച്ചു. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെങ്കില്‍ അനിശ്‌ചിതമായി സര്‍വീസുകള്‍ നിര്‍ത്താനും ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ (എഫ്‌ ഐ എ) തീരുമാനിച്ചു.
മുംബൈയില്‍ നടന്ന പത്രസമ്മേളനത്തില്‍ വിജയ്‌മല്ല്യ, നരേഷ്‌ ഗോയല്‍, അനില്‍ ബൈജാല്‍ എന്നിവരാണ്‌ സമരവിവരം അറിയിച്ചത്‌. വ്യോമയാന വ്യവസായം നിലനില്‍ക്കണമെങ്കില്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ കാണാന്‍ സര്‍ക്കാരിന്‌ താത്‌പര്യം ഉണ്ടാവണം. ഈ വ്യവസായം അത്രയധികം ത്യാഗം സഹിച്ചാണ്‌ മുന്നോട്ട്‌ പോകുന്നതെന്ന്‌ ജെറ്റ്‌ എയര്‍വേസ്‌ ചെയര്‍മാന്‍ നരേഷ്‌ ഗോയല്‍ പറഞ്ഞു. പ്രശ്‌നത്തിന്റെ ഗൗരവം സര്‍ക്കാരിനെ ബോധ്യപ്പെടുത്തുകയാണു ലക്ഷ്യമെന്ന്‌ എഫ്‌ ഐ എ സെക്രട്ടറി ജനറല്‍ അനില്‍ ബൈജാല്‍ പറഞ്ഞു.
അംേതസമയം എഫ്‌ ഐ എയില്‍ അംഗമായ എയര്‍ ഇന്ത്യ സമരത്തില്‍ പങ്കെടുക്കില്ല. എയര്‍ ഇന്ത്യ ചെയര്‍മാനും എഫ്‌ ഐ എ യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ചെയര്‍മാന്‍ യോഗവേദി വിട്ടശേഷമാണു സമരപരിപാടികള്‍ക്കു രൂപം നല്‍കിയതെന്ന്‌ എയര്‍ ഇന്ത്യ വൃത്തങ്ങള്‍ പറയുന്നു.
അതിനിടെ എണ്ണകമ്പനികള്‍ വിമാന ഇന്ധന വില (എ ടി എഫ്‌) 1.6% കൂട്ടി. ആഗോള നിരക്കില്‍ എണ്ണവില ഉയര്‍ന്ന സാഹചര്യത്തിലാണിത്‌. രണ്ടാഴ്‌ച മുന്‍പ്‌ വിലയില്‍ 5.7% കുറവ്‌ വരുത്തിയിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ നാലു തവണ എ ടി എഫ്‌ വില ഉയര്‍ത്തിയിരുന്നു.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP