പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അന്തരിച്ചു
മലപ്പുറം: മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡന്റ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ (73) അന്തരിച്ചു. മലപ്പുറം കെ പി എം ആശുപത്രിയില്‍ രാത്രി 8.45 നായിരുന്നു അന്ത്യം. ഇന്നലെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് മലപ്പുറം കെ പി എം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം പാണക്കാട്ടേക്കു കൊണ്ടുപോയി.
34 വര്‍ഷമായി മുസ്‌ലിം ലീഗ് അധ്യക്ഷനായിരുന്നു മലബാറിലെ മുസ്‌ലിംകളുടെ ആത്മീയ നേതാവായിരുന്ന അദ്ദേഹം. കേരളത്തിലെ നൂറോളം മഹല്ലുകളുടെ ഖാസിയാണ് ശിഹാബ് തങ്ങള്‍. പുറമെ, കേരളത്തിലെ ആദ്യ ഉന്നത ഇസ്‌ലാമിക കലാലയമായ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളജ് മുതല്‍ അനേകം മത സ്‌ഥാപനങ്ങളുടെ പ്രസിഡന്റും അമരക്കാരനും. മെട്രോ നഗരങ്ങളില്‍ മുതല്‍ ഗ്രാമങ്ങളില്‍ വരെയുള്ള വലുതം ചെറുതുമായ സ്‌ഥാപനങ്ങള്‍ ഇതില്‍പ്പെടും.
മുപ്പത്തൊന്‍പതാം വയസ്സില്‍, 1975 സെപ്‌റ്റംബര്‍ ഒന്നിനാണ് ശിഹാബ് തങ്ങള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് സംസ്‌ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. മുസ്‌ലിംലീഗ് സംസ്‌ഥാന പ്രസിഡന്റായിരുന്ന പാണക്കാട് പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെയും (പി എം എസ് എ. പൂക്കോയ തങ്ങള്‍) ആയിഷാ ബീവിയുടെയും മകനായി 1936 മേയ് നാലിനാണു ശിഹാബ് തങ്ങളുടെ ജനനം.
പാണക്കാട് ഡി എം ആര്‍ ടി. സ്‌കൂളില്‍ പ്രാഥമിക പഠനം. ഫസ്‌റ്റ് ഫോം മുതല്‍ എസ് എസ് എല്‍ സി വരെ കോഴിക്കോട് എം എം ഹൈസ്‌കൂളില്‍. 1953 ല്‍ എസ് എസ് എല്‍ സി വിജയിച്ച ശേഷം നാലു വര്‍ഷത്തോളം വിവിധ പള്ളി ദര്‍സുകളില്‍ മതപഠനം. മലപ്പുറം ജില്ലയില്‍ തിരൂരിനടുത്തു തലക്കടത്തൂര്‍, രണ്ടത്താണിക്കടുത്തു കാനാഞ്ചേരി, തോഴന്നൂര്‍ തുടങ്ങിയ പള്ളികളിലായിരുന്നു ദര്‍സ് പഠനം.
ഉപരിപഠനം 1958 ല്‍ ഈജിപ്‌തിലെ ലോകപ്രശസ്‌തമായ അല്‍ അസ്‌ഹര്‍ സര്‍വകലാശാലയില്‍. അല്‍ അസ്‌ഹറില്‍ സ്‌കോളര്‍ഷിപ്പോടെയുള്ള പഠനത്തിനു ശേഷം 1961ല്‍ പ്രശസ്‌തമായ കെയ്‌റോ സര്‍വകലാശാലയില്‍ അറബിക് ഭാഷാ പഠനവിഭാഗത്തില്‍ ചേര്‍ന്നു. അഞ്ചുവര്‍ഷത്തെ പഠന ശേഷം ലിസാന്‍സ് സാഹിത്യ ബിരുദം നേടി.
കയ്‌റോ സര്‍വകലാശാലയിലെ പഠന കാലത്ത് സൂഫിസത്തില്‍ ആകൃഷ്‌ടനായ ശിഹാബ് തങ്ങള്‍ ഷെയ്‌ഖ് അബ്‌ദുല്‍ ഹലീം മഹ്‌മൂദ് എന്ന പണ്ഡിതനു കീഴില്‍ പഠനം ആരംഭിച്ചു. സൂഫിവര്യനായ ഷെയ്‌ഖ് ഹലീമിനു കീഴില്‍ മൂന്നു വര്‍ഷത്തെ ശിക്ഷണം ശിഹാബ് തങ്ങള്‍ക്കു ലഭിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഈജിപ്‌തിനും പുറമെ യു.എസ്., ബ്രിട്ടന്‍, ഫ്രാന്‍സ്, ഓസ്‌ട്രേലിയ, ഇറ്റലി, സിംഗപ്പൂര്‍, പലസ്‌തീന്‍, ഇറാന്‍, യെമന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും തങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
മുസ്‌ലിംലീഗ് സംസ്‌ഥാന പ്രസിഡന്റും അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന സയ്യിദ് അബ്‌ദുറഹിമാന്‍ ബാഫഖി തങ്ങളുടെ മകള്‍, പരേതയായ ശരീഫ ഫാത്തിമ ബീവിയായിരുന്നു ശിഹാബ് തങ്ങളുടെ ഭാര്യ. 1966 നവംബര്‍ 24 നായിരുന്നു വിവാഹം.
അഞ്ചു മക്കള്‍ - മൂന്ന് പെണ്ണും രണ്ട് ആണും. കെ എം ഇ എ. സംസ്‌ഥാന പ്രസിഡന്റ് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സുഹറ, ഫൈറൂസ്, സമീറ എന്നിവരാണു മക്കള്‍.
മരുമക്കള്‍: സയ്യിദ് നാസര്‍ മഷ്‌ഹൂര്‍ തങ്ങള്‍, സയ്യിദ് ലുഖ്‌മാന്‍ തങ്ങള്‍, സയ്യിദ് യൂസഫ് ഹൈദ്രോസ് തങ്ങള്‍, ഷമീമ, ശരീഫ ഹനിയ.
0 comments:
Post a Comment