Saturday, August 1, 2009

സൈബര്‍ കുറ്റകൃത്യം വര്‍ധിക്കാന്‍ കാരണം ഐ ടി നിയമത്തിലെ പോരായ്‌മ: മുഖ്യമന്ത്രി

കൊച്ചി: ഐ ടി നിയമത്തിന്‍െറ പോരായ്‌മയും സ്‌ത്രീകള്‍ക്കിടയിലെ അവബോധക്കുറവുമാണ്‌ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍. സ്‌ത്രീകള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങളെക്കു റിച്ച്‌ സാമൂഹ്യക്ഷേമവകുപ്പിന്‍െറ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ ശില്‍പ്പശാലയുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു? അദ്ദേഹം. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്റര്‍നെറ്റില്‍ ഇടപഴകുന്ന കുട്ടികളുടെ മേല്‍ മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കണമെന്ന്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത സുപ്രിം കോടതി ചീഫ്‌ ജസ്‌റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‍ പറഞ്ഞു.
ശാസ്‌ത്രസാങ്കേതിക രംഗത്തെ കുതിപ്പിനൊപ്പമെത്താന്‍ നമ്മുടെ നീതി നിര്‍വഹണ സംവിധാനങ്ങള്‍ വൈകുന്നതിനാല്‍ സൈബര്‍ കുറ്റവാളികള്‍ രക്ഷപ്പെടുന്ന സ്ഥിതിയുണ്ടെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ ഐ ടി നിയമത്തില്‍ പോരായ്‌മകളുള്ളതായി വിമര്‍ശനമുണ്ട്‌. ഈ സാഹചര്യത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്ന്‌ സമൂഹത്തിന്‌ സംരക്ഷണം നല്‍കാന്‍ ന്യായാധിപരും നിയമനിര്‍മാതാക്കളും കര്‍മപദ്ധതി തയ്യാറാക്കണം. സ്‌ത്രീ ശാക്തീകരണത്തിനുതകുന്ന പരിശീലന പരിപാടികള്‍ നടപ്പാക്കണം. കുറ്റകൃത്യങ്ങള്‍ക്ക്‌ ഇരയാകുന്ന സ്‌ത്രീകള്‍ കുറ്റവാളികളെ ചൂണ്ടിക്കാണിച്ച്‌ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരാന്‍? തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്‌ത്രീകളും കുട്ടികളും ഇരയാകുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‍ പറഞ്ഞു. കുറ്റവാളികളെ കണ്ടെത്താനും? നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുമുള്ള പരിമിതികളാണ്‌ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനുള്ള കാരണമെന്നും ചീഫ്‌ ജസ്‌റ്റിസ്‌ പറഞ്ഞു.
സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച്‌ പൊതുജനങ്ങളില്‍ അവബോധം വളര്‍ത്താനുള്ള പരിപാടികള്‍ ആവിഷ്‌കരിക്കണമെന്ന്‌ മുഖ്യപ്രഭാഷകനായ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌ ആര്‍ ബന്നൂര്‍മഠ്‌ പറഞ്ഞു. ആരോഗ്യമന്ത്രി പി കെ ശ്രീമതി, മേയര്‍ പ്രഫ. മേഴ്‌സി വില്യംസ്‌, ജസ്‌റ്റിസ്‌ കുര്യന്‍ ജോസഫ്‌, സാമൂഹ്യക്ഷേമ സെക്രട്ടറി ഉഷ ടൈറ്റസ്‌ എന്നിവര്‍ സംസാരിച്ചു. സി-ഡിറ്റ്‌, കേരള ലീഗല്‍ സര്‍വീസസ്‌ അതോറിറ്റി, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ്‌ ശില്‍പ്പശാല സംഘടിപ്പിച്ചത്‌. ശില്‍പശാലയോടനുബന്‌ധിച്ച്‌ സി-ഡിറ്റ്‌ തയ്യാറാക്കിയ സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനുള്ള വെബ്‌സൈറ്റും ഉദ്‌ഘാടനം ചെയ്‌തു.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP