അഫ്‌ഗാനില്‍ വോട്ട് ചെയ്‌തതിന് വിരല്‍ മുറിച്ചു
കാബൂള്‍: മതതീവ്രവാദികളുടെ വിലക്ക് മറികടന്ന് വോട്ട് ചെയ്‌തതിന് അഫ്‌ഗാനിസ്‌ഥാനില്‍ രണ്ട് അഫ്‌ഗാന്‍ പൗരന്‍മാരുടെ വിരലുകള്‍ താലിബാന്‍ തീവ്രവാദികള്‍ മുറിച്ചു. ദക്ഷിണ അഫ്‌ഗാനിസ്‌ഥാനിലെ കാണ്ടഹാര്‍ പ്രവിശ്യയിലാണ് സംഭവം നടന്നതെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ അറിയിച്ചു. തിരഞ്ഞെടുപ്പു ദിവസം രാജ്യത്തുണ്ടായ ആക്രമണങ്ങളില്‍ 11 ഉദ്യോഗസ്‌ഥര്‍ മരിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷനും അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ജനങ്ങളോട് താലിബാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ജനങ്ങള്‍ വന്‍തോതില്‍ വോട്ടിടാന്‍ എത്തിയത് താലിബാന്‍ നേതാക്കളെ പ്രകോപിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പു ദിവസം അവര്‍ വിവിധ സ്‌ഥലങ്ങളിലായി ആക്രമണം നടത്തുകയും ചെയ്‌തു. ഇതിനുശേഷമാണ് രണ്ടുപേരുടെ വിരലുകള്‍ മുറിച്ചതെന്ന് ഫ്രീ ആന്‍ഡ് ഫെയര്‍ ഇലക്‌ഷന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ നാദിര്‍ നാദിര്‍ വെളിപ്പെടുത്തുന്നു.
വോട്ട് ചെയ്‌തവരുടെ വിരലില്‍ മഷി പുരട്ടിയതാണ് ഇവര്‍ക്ക് വിരല്‍ നഷ്ടപ്പെടാന്‍ കാരണമായത്. മഷിയടയാളം കണ്ട് ഇവര്‍ വോട്ടുചെയ്‌തവരാണെന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ തീവ്രവാദികള്‍ക്കായി.