Wednesday, July 29, 2009

രണ്ട്‌ ശിരസുമായി കുഞ്ഞു പിറന്നു

മനില: ഫിലിപ്പന്‍സില്‍ രണ്ട്‌ ശിരസുമായി കുഞ്ഞു പിറന്നു. മനിലയിലെ ഫെബെല്ലാ മെമ്മോറിയല്‍ ആശുപത്രിയില്‍ ഇന്നലെ അര്‍ധരാത്രിയാണ്‌ രണ്ട്‌ ശിരസുമായി ഒരു പെണ്‍കുഞ്ഞ്‌ ജനിച്ചത്‌. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌ കുഞ്ഞിനെ ഇപ്പോള്‍.
കുഞ്ഞിന്റെ ആരോഗ്യനില ഇപ്പോള്‍ തൃപ്‌തികരമാണെന്ന്‌ ആശുപത്രി വക്താവ്‌ അറിയിച്ചു. പക്ഷേ രണ്ടു തലകളും ഒരു ശരീരത്തില്‍നിന്നു തന്നെയാണെങ്കില്‍ അത്‌ കുട്ടിയുടെ നില അപകടത്തിലാക്കിയേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്‌ സംബന്ധിച്ച പരിശോധനകള്‍ നടന്നുവരുകയാണ്‌.
ആശുപത്രിയുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഇത്തരമൊരു കേസ്‌ കാണുന്നത്‌. സാധാരണ കുട്ടികളെപ്പോലെ ഈ കുഞ്ഞിനും രണ്ട്‌ കൈകളും രണ്ട്‌ കാലുകളുമാണുള്ളത്‌. ഇരട്ടകളുടെ ശരീരം ഒട്ടിചേര്‍ന്നതാണന്നു പറയാനുള്ള ലക്ഷണങ്ങളും കാണുന്നില്ല. ഇതാണ്‌ ആശുപത്രി അധികൃതരെ കുഴക്കുന്നത്‌.
ട്രൈസൈക്കിള്‍ ഡ്രൈവറായ സാല്‍വഡോര്‍ അര്‍ഗാന്‍ഡ- കാറ്ററിയ ദമ്പത്‌ികളുടെ ആറാമത്തെ കുട്ടിയാണിത്‌. ഇവരുടെ കുടുംബത്തില്‍പോലും മുമ്പ്‌ ഒരു ഇരട്ടക്കുട്ടികള്‍ ജനിച്ചിട്ടില്ല.

മൈക്രോസോഫ്‌റ്റും യാഹുവും ഒരുമിക്കുന്നു

വാഷിംഗ്‌ടണ്‍: മൈക്രോസോഫ്‌റ്റും യാഹുവും ഒരുമിക്കുന്നു. ഇന്റര്‍നെറ്റ്‌ മേഖലയിലെ ഗൂഗിളിന്റെ അതികായകത്വത്തെ മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഇരുവരും കൈകോര്‍ക്കുന്നെതന്ന്‌ വാള്‍ സ്‌ട്രീറ്റ്‌ ജേര്‍ണല്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
പരസ്യങ്ങള്‍ പങ്കുവയ്‌ക്കുന്നതിനും സെര്‍ച്ച്‌ എന്‍ജിന്‍ ബിസിനസില്‍ സഹകരിക്കുന്നതിനും ഇരുകമ്പനികളും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ടെന്നാണ്‌ സൂചന. കഴിഞ്ഞ കൂറേമാസങ്ങളായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരുകയായിരുന്നു.
കരാര്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. യാഹുവിനെ ഏറ്റെടുക്കാനും മൈക്രോസോഫ്‌റ്റ്‌ നേരത്തെ ശ്രമിച്ചിരുന്നു. എന്നാല്‍ ശ്രമം വിജയം കാണാതെപോകുകയായിരുന്നു. തുടര്‍ന്നാണ്‌ ഇരു സ്ഥാപനങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ടുവന്നത്‌.

രാജന്‍ പി ദേവ്‌ അന്തരിച്ചു

കൊച്ചി: പ്രമുഖ ചലച്ചിത്ര നടന്‍ രാജന്‍ പി. ദേവ്‌ അന്തരിച്ചു. ഇന്ന്‌ പുലര്‍ച്ചെ 6.30 ന്‌ കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. രക്‌തം ഛര്‍ദിച്ച്‌ അബോധാവസ്‌ഥയിലായതിനെ തുടര്‍ന്നു അദ്ദേഹത്തെ ഞായറാഴ്‌ചയാണ്‌ കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ദീര്‍ഘകാലമായി കരള്‍ രോഗത്തിനു ചികില്‍സയിലായിരുന്നു. കടുത്ത പ്രമേഹവുമുണ്ടായിരുന്നു. സംസ്‌കാരം നാളെ രാവിലെ 11 ന്‌ കറുകുറ്റയില്‍. ഞായറാഴ്‌ച രാവിലെ ഒന്‍പതോടെയാണ്‌ അങ്കമാലിയിലെ വീട്ടില്‍ രക്‌തം ഛര്‍ദ്ദിച്ച്‌ അദ്ദേഹം ബോധരഹിതനാത്‌. തുടര്‍ന്ന്‌ അദ്ദേഹത്തെ അടുത്തുള്ള ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ചികില്‍സ നല്‍കയും പിന്നീട്‌ ലേക്‌ഷോറില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ശാന്തമ്മയാണ്‌ ഭാര്യ. മക്കള്‍ ആഷമ്മ, ജിബിള്‍ രാജ്‌. സഹോദരി റാണി.
നാടകവേദിയില്‍ കരുത്തുതെളിയിച്ചശേഷമാണ്‌ രാജന്‍പി ദേവ്‌ സിനിമയില്‍ എത്തുന്നത്‌. അവിടെയും അശ്വമേധ്വം തുടര്‍ന്ന അദ്ദേഹം സംവിധായകന്‍ എന്ന നിലയിലും കഴിവ്‌ തെളിയിച്ചിട്ടുണ്ട്‌. ചുരുങ്ങിയ കാലംകൊണ്ട്‌ തെന്നിന്ത്യന്‍ ഭാഷാ ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളിലൂടെ രാജന്‍ പി. ദേവ്‌ ശ്രദ്ധേയനായി. പ്രതിനായക വേഷങ്ങളോടൊപ്പം തന്നെ ഹാസ്യപ്രധാനമായ വേഷങ്ങളിലും മനോഹരമാക്കിയ രാജന്‍ പി ദേവിന്‌ ജൂബിലി തീയേറ്റേഴ്‌സ്‌ എന്ന പേരില്‍ ഒരു നാടകട്രൂപ്പുമുണ്ട്‌.
1954 മെയ്‌ 20 ന്‌ എസ്‌ ജെ ദേവിന്റെയും കുട്ടിയമ്മയുടെയും മകനായി ചേര്‍ത്തലയില്‍ ജനിച്ചു. സെന്റ്‌ മൈക്കിള്‍സ്‌, ചേര്‍ത്തല ഹൈസ്‌കൂള്‍, എസ്‌ എന്‍ കോളജ്‌ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആദ്യകാലങ്ങളില്‍ ഉദയാ സ്‌റ്റുഡിയോയില്‍ ഫിലിം റപ്രസന്‍റേറ്റീവായി ജോലി നോക്കിയിട്ടുണ്ട്‌. സഞ്ചാരിയാണ്‌ രാജന്‍ പി. ദേവ്‌ ആദ്യം അഭിനയിച്ച ചിത്രം. എണ്‍പതുകളുടെ തുടക്കത്തില്‍ എന്റെ മാമാട്ടിക്കുട്ടിയമ്മയ്‌ക്ക്‌ എന്ന സിനിമയില്‍ വക്കീലായി ചെറിയൊരു വേഷവും ചെയ്‌തു.
1984 ലും 86 ലും മികച്ച നാടകനടനുളള സംസ്‌ഥാന അവാര്‍ഡ്‌ രാജന്‍ പി ദേവിനാണ്‌ ലഭിച്ചത്‌. സോമസൂര്യയുടെ കാട്ടുകുതിര എന്ന നാടകമാണ്‌ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവ്‌ സൃഷ്ടിച്ചത്‌. ഈ നാടകത്തിലെ കൊച്ചുവാവ ഇന്നും നാടക പ്രേമികളുടെ മനസില്‍ മായാതെ നില്‍ക്കുന്ന വേഷമാണ്‌. കാട്ടുകുതിര സിനിമയായപ്പോള്‍ കൊച്ചുവാവയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്‌ തിലകനാണ്‌.
അവസാന നാളുകളില്‍ ഇടതു കണ്ണിന്റെ കാഴ്‌ച നഷ്‌ടപ്പെട്ട അവസ്‌ഥയിലായിരുന്നു. ഒന്നരയാഴ്‌ച മുമ്പ്‌ കരള്‍ രോഗത്തെ കുറിച്ച്‌ പരിശോധിക്കുന്നതിന്‌ കൊച്ചിയില്‍ ആശുപത്രിയില്‍ എത്തിയിരുന്നു. തുടര്‍ന്ന്‌ പരിശോധനയ്‌ക്കായി ഡോക്‌ടര്‍മാര്‍ നിര്‍ദേശം നല്‍കി. കരള്‍ രോഗത്തെ തുടര്‍ന്ന്‌ നാലു വര്‍ഷമായി മദ്യത്തിന്റെ ഉപയോഗം ഉപേക്ഷിച്ചിരുന്നു.

മൈക്കിള്‍ ഷുമാക്കര്‍ തിരിച്ചെത്തുന്നു ?

ലണ്ടന്‍: മുന്‍ലോചാമ്പ്യന്‍ മൈക്കിള്‍ ഷുമാക്കര്‍ ഫെറാറിയുടെ ഡ്രൈവറായി തിരിച്ചെത്തുമെന്ന്‌ സൂചന. ഇതിനുള്ള ശ്രമങ്ങള്‍ ഫെറാറി ആരംഭിച്ചുകഴിഞ്ഞു. തലയോട്ടിക്ക്‌ പരിക്കേറ്റ ഫിലിപ്‌ മാസെയ്‌ക്ക്‌ ഫോര്‍മുല വണ്ണിലെ ഈ സീസണ്‍ നഷ്ടമാകുമെന്ന്‌ ഉറപ്പായ സാഹചര്യത്തിലാണ്‌ ഷുമാക്കറെ വീണ്ടും വളയമേല്‍പ്പിക്കാന്‍ ഫെറാറി ശ്രമിക്കുന്നത്‌.
ഫെറാറിയുടെ ടെക്‌നിക്കല്‍ ഡയറക്ടറാണ്‌ ഷുമാക്കര്‍ ഇപ്പോള്‍. ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പിലേയ്‌ക്ക്‌ തിരികെ എത്തിയേക്കാമെന്ന്‌ അദ്ദേഹത്തിന്റെ ഔദ്യോഗിക വക്താവായ സബിന്‍ കെം വ്യക്തമാക്കിക്കഴിഞ്ഞു. ഓഗസ്‌റ്റ്‌ 23ന്‌ വലന്‍സിയയില്‍ നടക്കുന്ന ഫോര്‍മുല വണ്‍ മത്സരത്തിലൂടെയാവും മുന്‍ ലോക ചാമ്പ്യന്‍ തിരിച്ചുവരവെന്നും സൂനചയുണ്ട്‌.
ഹംഗേറിയന്‍ ഗ്രാന്റ്‌പ്രീക്കിടെ ഇടതു കണ്ണിന്‌ ഗുരുതരമായി പരിക്കേറ്റ മാസെയുടെ മടങ്ങിവരവ്‌ എന്നുണ്ടാകുമെന്ന്‌ ഉറപ്പിച്ചുപറയാന്‍ കഴിയാത്ത അവസ്ഥയാണ്‌ ഇന്നുള്ളത്‌. ഈ സാഹചര്യത്തില്‍ ഈ സീസണില്‍ കാര്യമായ പ്രകടനം നടത്താന്‍ കഴിയാതെ മുടന്തുന്ന ഫെറാറിക്ക്‌ പകരം ഡ്രൈവര്‍മാരായ സ്‌പെയിനിന്റെ മാര്‍ക്ക്‌ ജെന്‍കിനെയും ഇറ്റലിയുടെ ലൂക്ക ബാദറെയുമാണ്‌ ആശ്രയിക്കാനുള്ളത്‌.
ജെന്‍ക്‌ 2003-04 സീസണില്‍ വില്യംസിനായി 36 ചാമ്പ്യന്‍ഷിപ്പുകള്‍ മത്സരിച്ചിട്ടുള്ള ഡ്രൈവറാണ്‌. എന്നാല്‍ ആറാം സ്ഥാനത്തിനൊപ്പം പോകാന്‍ ഇതുവരെ ജെന്‍കിനായിട്ടില്ല. രണ്ടാം ഡ്രൈവറായ വാദര്‍ 99 മുതല്‍ ഫെറാറിയുടെ ടെസ്‌റ്റ്‌ ഡ്രൈവറായി തുടരുന്നുണ്ടെങ്കിലും ഇതുവരെ ഫോര്‍മുല വണ്‍ മത്സരത്തിന്‌ ഇറങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഇതാണ്‌ ഷുമാക്കറുടെ സാധ്യതകളെക്കുറിച്ച്‌ ഫെറാറി അധികൃതരെ പ്രേരിപ്പിക്കുന്നത്‌.
ഈ സീസണിന്റെ തുടക്കത്തില്‍ ഫെറാറിയുടെ പുതിയ കാര്‍ ടെസ്‌റ്റ്‌ ഡ്രൈവിംഗ്‌ നടത്തിയപ്പോള്‍ മാസെക്ക്‌ പകരം കാറോടിച്ചത്‌ ഷുമാക്കറായിരുന്നു. അദ്ദേഹം എല്ലാ ദിവസവും പരിശീലനം തുടരുന്നതും ഒരു തിരിച്ചുവരവിലേക്കാണ്‌ കാര്യങ്ങള്‍ നീങ്ങുന്നതെന്ന സൂചന നല്‍കുന്നുണ്ട്‌.
തിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യങ്ങളെ പുഞ്ചിരിച്ചുകൊണ്ട്‌ നേരിടുക മാത്രമാണ്‌ ഷുമാക്കര്‍ കഴിഞ്ഞ ദിവസം ചെയ്‌തത്‌. ഏഴു തവണ ലോക ചാമ്പ്യന്‍ഷിപ്പ്‌ നേടിയ ഷുമാക്കര്‍ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പില്‍നിന്നും പന്‍മാറുന്നത്‌ 2006-ലാണ്‌.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP