Wednesday, July 29, 2009

രാജന്‍ പി ദേവ്‌ അന്തരിച്ചു

കൊച്ചി: പ്രമുഖ ചലച്ചിത്ര നടന്‍ രാജന്‍ പി. ദേവ്‌ അന്തരിച്ചു. ഇന്ന്‌ പുലര്‍ച്ചെ 6.30 ന്‌ കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. രക്‌തം ഛര്‍ദിച്ച്‌ അബോധാവസ്‌ഥയിലായതിനെ തുടര്‍ന്നു അദ്ദേഹത്തെ ഞായറാഴ്‌ചയാണ്‌ കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ദീര്‍ഘകാലമായി കരള്‍ രോഗത്തിനു ചികില്‍സയിലായിരുന്നു. കടുത്ത പ്രമേഹവുമുണ്ടായിരുന്നു. സംസ്‌കാരം നാളെ രാവിലെ 11 ന്‌ കറുകുറ്റയില്‍. ഞായറാഴ്‌ച രാവിലെ ഒന്‍പതോടെയാണ്‌ അങ്കമാലിയിലെ വീട്ടില്‍ രക്‌തം ഛര്‍ദ്ദിച്ച്‌ അദ്ദേഹം ബോധരഹിതനാത്‌. തുടര്‍ന്ന്‌ അദ്ദേഹത്തെ അടുത്തുള്ള ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ചികില്‍സ നല്‍കയും പിന്നീട്‌ ലേക്‌ഷോറില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ശാന്തമ്മയാണ്‌ ഭാര്യ. മക്കള്‍ ആഷമ്മ, ജിബിള്‍ രാജ്‌. സഹോദരി റാണി.
നാടകവേദിയില്‍ കരുത്തുതെളിയിച്ചശേഷമാണ്‌ രാജന്‍പി ദേവ്‌ സിനിമയില്‍ എത്തുന്നത്‌. അവിടെയും അശ്വമേധ്വം തുടര്‍ന്ന അദ്ദേഹം സംവിധായകന്‍ എന്ന നിലയിലും കഴിവ്‌ തെളിയിച്ചിട്ടുണ്ട്‌. ചുരുങ്ങിയ കാലംകൊണ്ട്‌ തെന്നിന്ത്യന്‍ ഭാഷാ ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളിലൂടെ രാജന്‍ പി. ദേവ്‌ ശ്രദ്ധേയനായി. പ്രതിനായക വേഷങ്ങളോടൊപ്പം തന്നെ ഹാസ്യപ്രധാനമായ വേഷങ്ങളിലും മനോഹരമാക്കിയ രാജന്‍ പി ദേവിന്‌ ജൂബിലി തീയേറ്റേഴ്‌സ്‌ എന്ന പേരില്‍ ഒരു നാടകട്രൂപ്പുമുണ്ട്‌.
1954 മെയ്‌ 20 ന്‌ എസ്‌ ജെ ദേവിന്റെയും കുട്ടിയമ്മയുടെയും മകനായി ചേര്‍ത്തലയില്‍ ജനിച്ചു. സെന്റ്‌ മൈക്കിള്‍സ്‌, ചേര്‍ത്തല ഹൈസ്‌കൂള്‍, എസ്‌ എന്‍ കോളജ്‌ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആദ്യകാലങ്ങളില്‍ ഉദയാ സ്‌റ്റുഡിയോയില്‍ ഫിലിം റപ്രസന്‍റേറ്റീവായി ജോലി നോക്കിയിട്ടുണ്ട്‌. സഞ്ചാരിയാണ്‌ രാജന്‍ പി. ദേവ്‌ ആദ്യം അഭിനയിച്ച ചിത്രം. എണ്‍പതുകളുടെ തുടക്കത്തില്‍ എന്റെ മാമാട്ടിക്കുട്ടിയമ്മയ്‌ക്ക്‌ എന്ന സിനിമയില്‍ വക്കീലായി ചെറിയൊരു വേഷവും ചെയ്‌തു.
1984 ലും 86 ലും മികച്ച നാടകനടനുളള സംസ്‌ഥാന അവാര്‍ഡ്‌ രാജന്‍ പി ദേവിനാണ്‌ ലഭിച്ചത്‌. സോമസൂര്യയുടെ കാട്ടുകുതിര എന്ന നാടകമാണ്‌ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവ്‌ സൃഷ്ടിച്ചത്‌. ഈ നാടകത്തിലെ കൊച്ചുവാവ ഇന്നും നാടക പ്രേമികളുടെ മനസില്‍ മായാതെ നില്‍ക്കുന്ന വേഷമാണ്‌. കാട്ടുകുതിര സിനിമയായപ്പോള്‍ കൊച്ചുവാവയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്‌ തിലകനാണ്‌.
അവസാന നാളുകളില്‍ ഇടതു കണ്ണിന്റെ കാഴ്‌ച നഷ്‌ടപ്പെട്ട അവസ്‌ഥയിലായിരുന്നു. ഒന്നരയാഴ്‌ച മുമ്പ്‌ കരള്‍ രോഗത്തെ കുറിച്ച്‌ പരിശോധിക്കുന്നതിന്‌ കൊച്ചിയില്‍ ആശുപത്രിയില്‍ എത്തിയിരുന്നു. തുടര്‍ന്ന്‌ പരിശോധനയ്‌ക്കായി ഡോക്‌ടര്‍മാര്‍ നിര്‍ദേശം നല്‍കി. കരള്‍ രോഗത്തെ തുടര്‍ന്ന്‌ നാലു വര്‍ഷമായി മദ്യത്തിന്റെ ഉപയോഗം ഉപേക്ഷിച്ചിരുന്നു.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP