Friday, August 28, 2009

ബാങ്കുകളില്‍ നിക്ഷേപം കുന്നുകൂടുന്നു; വായ്‌പ വിതരണം മന്ദഗതിയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ബാങ്കുകളില്‍ നിക്ഷേപം കുന്നുകൂടുമ്പോഴും വായ്‌പാ വിതരണത്തില്‍ വന്‍ കുറവ്‌. ആഗോളസാനഎപത്തിക മാന്ദ്യത്തിന്റെ മറവില്‍ പല ബാങ്കുകളും വായ്‌പ നല്‍കുന്നതില്‍ കാട്ടുന്ന വിമുഖതയാണ്‌ ഈ കുറവിന്‌ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തെ ബാങ്കുകളിലെ നിക്ഷേപത്തില്‍ 24.03 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ആഗോള സാമ്പത്തികമാന്ദ്യം രൂക്ഷമായ തുടരുന്ന സാഹചര്യത്തിലും ഇതായിരുന്നു കേരളത്തിലെ സ്ഥിതി. എന്നിട്ടും വായ്‌പാ വിതരണത്തില്‍ വന്‍ കുറവാണ്‌ ബാങ്കുകള്‍ വരുത്തുന്നത്‌.
2008 മാര്‍ച്ചില്‍ 71.39 ശതമാനമായിരുന്ന വായ്‌പാ നിക്ഷേപാനുപാതം 2009 മാര്‍ച്ച്‌ മാസമായപ്പോള്‍ 63.54 ശതമാനമായി കുറഞ്ഞു. മൂന്നുമാസംകൂടി കഴിഞ്ഞപ്പോള്‍ വായ്‌പാ നിക്ഷേപാനുപാതം വീണ്ടും ഒരു ശതമാനം കണ്ടു കുറയുകയായിരുന്നുവെന്ന്‌ തിരുവനന്തപുരത്തു നടന്ന സ്‌റ്റേറ്റ്‌ ലെവല്‍ ബാങ്കേഴ്‌സ്‌ സമിതി യേഗാത്തില്‍ അവതരിപ്പിച്ച കണക്കുകള്‍ തെളിയിക്കുന്നു.

അതേസമയം പ്രവാസി നിക്ഷേപത്തില്‍ ജൂണ്‍മാസം വരെ 964 കോടിരൂപയുടെ വര്‍ധനയാണ്‌ ഉണ്ടായത്‌. പ്രവാസി നിക്ഷേപം 37,983 കോടി രൂപയാണ്‌. കഴിഞ്ഞ മാര്‍ച്ച്‌ മാസത്തില്‍ പ്രവാസി നിക്ഷേപം 37,019 കോടി രൂപയായിരുന്നു. സംസ്ഥാനത്തെ ബാങ്കുകളിലെ ആകെ നിക്ഷേപം 1,34,764 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്‌.
യോഗത്തില്‍ കനറാ ബാങ്ക്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ എച്‌ എസ്‌ ഉപേന്ദ്ര കാമത്ത്‌ അധ്യക്ഷനായിരുന്നു. എസ്‌ എല്‍ ബി സി കണ്‍വീനര്‍ കെ എന്‍ ആചാര്യ, പട്ടികജാതി-പട്ടിക വര്‍ഗ വികസനവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി പോള്‍ ആന്റണി, എസ്‌ ബി ടി മാനേജിംഗ്‌ ഡയറക്‌ടര്‍ എ കെ ജഗന്നാഥന്‍, ആര്‍ ബി ഐ റീജണല്‍ ഡയറക്‌ടര്‍ എസ്‌ രാമസ്വാമി, കാനറാ ബാങ്ക്‌ ജനറല്‍ മാനേജര്‍ എന്‍ നരസറെഡ്‌ഢി, എന്‍ ആര്‍ വെങ്കട്ടരമണി, ആര്‍ ബി ഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്‍ കെ മോറിയ, നബാര്‍ഡ്‌ ചീഫ്‌ ജനറല്‍ മാനേജര്‍ കെ സി ശശിധര്‍, ഡോ തര്‍സീം ചന്ദ്‌ എന്നിവര്‍ സംസാരിച്ചു.

തട്ടിയെടുക്കപ്പെട്ട അമേരിക്കന്‍ യുവതി 18 വര്‍ഷങ്ങള്‍ക്ക്‌ ശേഷം തിരിച്ചെത്തി

സാന്‍ഫ്രാന്‍സിസ്‌കോ: പതിനൊന്നാമത്തെ വയസില്‍ ബസ്‌സ്റ്റോപ്പില്‍ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട യുവതി പതിനെട്ട്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം സ്വന്തം വീട്ടില്‍ തിരിച്ചെത്തി. തട്ടിക്കൊണ്ടു പോയ പ്രതിയില്‍ നിന്നും പീഡനത്തിനിരയായ യുവതി 11 ഉം 15 ഉം വയസുളള രണ്ട്‌ കുട്ടികളുടെ അമ്മയുമായി. സാന്‍ഫ്രാന്‍സിസ്‌കോ സ്വദേശിയായ ജയ്‌സീ ഡുഗാര്‍ഡാണ്‌ ദീര്‍ഘകാലം പീഡനങ്ങള്‍ ഏറ്റുവാങ്ങിയത്‌.
പ്രതിയായ 58 കാരന്‍ ഫിലിപ്പ്‌ ഗരിഡോയെയും ഭാര്യ 54 കാരിയായ നാന്‍സി ഗരിഡോയെയും പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ്‌ ഇവര്‍ക്കെതിരെ ചുമത്തപ്പെട്ടിട്ടുളളത്‌.
സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയുളള ഗ്രാമപ്രദേശത്ത്‌ വിവിധ കേന്ദ്രങ്ങളിലായാണ്‌ ജയ്‌സിയെ പാര്‍പ്പിച്ചിരുന്നത്‌. രണ്ട്‌ കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസമോ, ആശുപത്രി ചികിത്സയോ ലഭ്യമാക്കിയിരുന്നില്ല.
വീട്‌ വിട്ട്‌ വെളിയില്‍ പോകാന്‍ പ്രതി, ജയ്‌സിയെയും കുട്ടികളെയും അനുവദിച്ചിരുന്നില്ല. ഗരിഡോയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ സംശയകരമായ രീതിയിലുളള റിപ്പോര്‍ട്ടുകള്‍ ലഭ്യമായതിനെ തുടര്‍ന്ന്‌ പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ തട്ടിക്കൊണ്ടുപോകലിനെക്കുറിച്ചറിഞ്ഞത്‌.

വിശ്വാസവോട്ട്‌: കോണ്‍ഗ്രസിനെ തുണച്ചത്‌ ചരിത്രപരമായ വിഡ്‌ഢിത്തമെന്ന്‌ സമാജ്‌വാദി

ന്യൂഡല്‍ഹി: കഴിഞ്ഞ യു പി എ സര്‍ക്കാരിനെ വിശ്വാസ േവാട്ടെടുപ്പ്‌ വേളയില്‍ പിന്തുണച്ചത്‌ ചരിതത്രപരമായ വിഡ്‌ഢിത്തമായിരുന്നെന്ന്‌ സമാജ്‌വാദി പാര്‍ട്ടി. അന്ന്‌ അവരെ സഹായിച്ച തങ്ങളോട്‌ ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ ശേഷം കോണ്‍ഗ്രസ്‌ മോശമായാണ്‌ പെരുമാറിയതെന്ന്‌ എസ്‌ പി ജനറല്‍ സെക്രട്ടറി അമര്‍സിംഗ്‌ കുറ്റപ്പെടുത്തി.
അന്ന്‌ യു പി എയെ സഹായിച്ചതില്‍ പാര്‍ട്ടിക്ക്‌ ഇപ്പോള്‍ സന്തോഷമില്ലെന്നും അമര്‍സിംഗ്‌ പറഞ്ഞു. അന്ന്‌ യു പി എയെ പിന്തുണച്ചതിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍പോലും തനിക്കെതിരെ രൂക്ഷമായ എതിര്‍പ്പ്‌ ഉയര്‍ന്നിരുന്നു.
കോണ്‍ഗ്രസ്‌ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോയിരുന്ന സമയത്താണ്‌ എസ്‌ പി പിന്തുണ നല്‍കിയത്‌. നിരവധി സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ പരാജയപ്പെട്ട സമയമായിരുന്നു അത്‌. പക്ഷേ പിന്നീട്‌ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ അധികാരം കൈയില്‍കിട്ടിയപ്പോള്‍ കോണ്‍ഗ്രസ്‌ പഴയതെല്ലാം മറന്നു.
വിശ്വാസവോട്ടെടുപ്പില്‍ യു പി എയെ പിന്തുണച്ച എസ്‌ പി അംഗങ്ങളോട്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ ഒരു നന്ദി പോലും പറഞ്ഞില്ല. അവസരവാദപരമായാണ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇപ്പോള്‍ എസ്‌ പി ഒരു ദുര്‍ബല പാര്‍ട്ടിയാണെന്നാണ്‌ അവര്‍ കരുതുന്നത്‌. പക്ഷേ, ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ സ്ഥിതി വീണ്ടും മാറുമെന്നും അമര്‍സിംഗ്‌ ഓര്‍മിപ്പിച്ചു.

ഹൈകോടതി ജഡ്‌ജിമാരും സ്വത്ത്‌ വെളിപ്പെടുത്തും

കൊച്ചി: സുപ്രീംകോടതി ജഡ്‌ജിമാരുടെ പാത പിന്തുടര്‍ന്ന്‌ കേരള ഹൈകോടതി ജഡ്‌ജിമാരും തങ്ങളുടെ സ്വത്ത്‌ വിവരം പ്രഖ്യാപിക്കുന്നു. ഹൈക്കോടതി ചീഫ്‌ ജസറ്റിസുമാര്‍ അടക്കമുള്ളവരാണ്‌ സ്വത്ത്‌ വിവരം പ്രഖ്യാപിക്കുന്നത്‌. ഹൈക്കോടതിയുടെ സൈറ്റിലൂടെയാവും ഇവര്‍ ഇക്കാര്യം വെളിപ്പെടുത്തുക. സെപ്‌തംബര്‍ 30 നായിരിക്കും ഹൈകോടതി ജഡ്‌ജിമാരുടെ സ്വത്ത്‌ വിവരം സൈറ്റില്‍ പ്രത്യക്ഷപ്പെടുക.

അന്തസുണ്ടെങ്കില്‍ അഹമ്മദ്‌ രാജിവയ്‌ക്കണം: ഹംസ

മലപ്പുറം: കേന്ദ്ര റയില്‍വേ സഹമന്ത്രി ഇ അഹമ്മദിന്‌ അന്തസും അഭിമാനവുമുണ്ടെങ്കില്‍ മന്ത്രിസ്‌ഥാനം രാജിവയ്‌ക്കണമെന്ന്‌ സി പി എം സംസ്‌ഥാനസമിതി അംഗം ടി കെ ഹംസ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിസഭയിലെ ഒരു മന്ത്രിക്കെതിരെ മറ്റൊരു മന്ത്രി ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നു പ്രഖ്യാപിക്കുന്നത്‌ ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണെന്നും ഹംസ ചൂണ്ടിക്കാട്ടി.
ഇ അഹമ്മദ്‌ മന്ത്രിയായതിനുശേഷമാണ്‌ ട്രാവല്‍ ഏജന്‍സികള്‍ക്കുള്ള ക്വാട്ട വീതിച്ചുനല്‍കുന്നതില്‍ ക്രമക്കേടുകള്‍ തുടങ്ങിയത്‌. മൂന്നുകൊല്ലം സര്‍വീസുള്ള ഏജന്‍സികള്‍ക്കു മാത്രമെ ക്വാട്ട അനുവദിക്കാവൂ എന്ന ചട്ടം 2006 മുതല്‍ ലംഘിക്കപ്പെട്ടതായും ഇത്‌ സംബന്ധിച്ച്‌ മുമ്പ്‌ പ്രധാനമന്ത്രിക്ക്‌ പരാതി നല്‍കിയ ടി കെ ഹംസ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കേന്ദ്രഹജ്‌ ക്വാട്ടയിലെ 16,000 സീറ്റുകള്‍ അഹമ്മദ്‌ നേരിട്ടു വില്‍പ്പന നടത്തിയെന്ന്‌ അന്നത്തെ വിദേശകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജിക്കു താന്‍ രേഖാമൂലം പരാതി നല്‍കിയതായിരുന്നു. പക്ഷേ നടപടിയുണ്ടായില്ല. അന്ന്‌ ലീഗിനെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസിനു ശക്‌തിയുണ്ടായിരുന്നില്ല. ഇന്ന്‌ സ്‌ഥിതി മാറിയെന്നും ഹംസ ചുണ്ടിക്കാട്ടി.
ക്വാട്ട വിതരണത്തില്‍ ക്രമക്കേടുണ്ടെന്ന്‌ കേന്ദ്രമന്ത്രി ശശി തരൂരിനു ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ്‌ ഇപ്പോഴത്തെ അന്വേഷണം. രാഷ്‌ട്രീയമായി അഭിപ്രായവ്യത്യാസമുണ്ടെങ്കിലും അദ്ദേഹം വ്യക്‌തിപരമായി മാന്യനും സത്യസന്ധനുമാണ്‌. എ ഐ സി സി നേതാവ്‌ വീരപ്പ മൊയ്‌ലി ഉള്‍പ്പെടെയുള്ളവര്‍ അറിഞ്ഞുകൊണ്ടാണ്‌ ഇപ്പോഴത്തെ അന്വേഷണമെന്നും ഹംസ പറഞ്ഞു.

അഴിമതി വിരുദ്ധ മിഷന്‍ രൂപീകരിക്കും

ന്യൂഡല്‍ഹി: അഴിമതിക്കെതിരെ ദേശീയ തലത്തില്‍ അഴിമതി വിരുദ്ധ മിഷന്‍ രൂപീകരിക്കാന്‍ ധാരണയായി. ഇതിനായി കേന്ദ്രസര്‍ക്കാര്‍ 100 കോടി രൂപ നീക്കിവയ്‌ക്കും. ഡല്‍ഹിയില്‍ ചേര്‍ന്ന സി ബി ഐയുടേയും സംസ്‌ഥാന വിജിലന്‍സ്‌ ആന്‍ഡ്‌ ആന്റി കറപ്‌ഷന്‍ ബ്യൂറോ മേധാവികളുടേയും യോഗത്തിലാണ്‌ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്‌.
അഴിമതിയുടെ വ്യാപനം തടയുന്നതും അഴിമതിക്കാര്‍ക്ക്‌ ശിക്ഷ ഉറപ്പാക്കുന്നതുമാണ്‌ ദേശീയ അഴിമതിവിരുദ്ധ മിഷന്റെ രൂപീകരണ ലക്ഷ്യം. വന്‍കിട അഴിമതിക്കാര്‍ കേസുകളില്‍നിന്നും രക്ഷപ്പെടുന്ന അവസ്ഥയാണ്‌ ഇന്നുള്ളതെന്നും അത്‌ ഒഴിവാക്കാന്‍ നടപടി വേണമെന്നും ഇന്നലെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ യോഗം ഉദ്‌ഘാടനം ചെയ്യവേ പറഞ്ഞിരുന്നു.
ഇതിന്റെ ചുവടുപിടിച്ചാണ്‌ ദേശീയതലത്തില്‍ അഴിമതി വിരുദ്ധ മിഷന്‍ രൂപീകരിക്കുന്നത്‌.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP