Monday, August 10, 2009

മുഖ്യമന്ത്രിയില്‍നിന്നും ഐ ടി വകുപ്പ്‌ പിടിച്ചെടുക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനില്‍നിന്നും പ്രസ്‌റ്റീജ്‌ വകുപ്പായ ഐ ടി വകുപ്പ്‌ പിടിച്ചെടുക്കാന്‍ സി പി എം ഔദ്യോഗിക പക്ഷം നീക്കം തുടങ്ങി. മന്ത്രിസഭയില്‍ പുതുതായി എത്തുന്ന രാമചന്ദ്രന്‍ കടന്നപ്പള്ളിയെ മറയാക്കിയാവും ഈ അനൗദ്യോഗിക തീരുമാനം നടപ്പിലാക്കുക. ഇതോടെ മുഖ്യമന്ത്രിക്കു കീഴില്‍ പ്രധാന വകുപ്പുകളൊന്നും ഇല്ലാതാവും. വ്യവസായ മേഖലയിലെ തങ്ങളുടെ താത്‌പര്യങ്ങള്‍ക്ക്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ തടസം നില്‍ക്കുന്നതാണ്‌ ഇത്തരമൊരു നീക്കത്തിന്‌ വഴിയൊരുക്കുന്നത്‌.
കടന്നപ്പള്ളി രാമചന്ദ്രന്‌ പുതിയ വകുപ്പ്‌ നല്‍കേണ്ടിവരുന്ന സാഹചരയത്തില്‍ മന്ത്രിസഭയില്‍ സമ്പൂര്‍ണ പുന`സംഘടനയാണ്‌ സി പി എം ഔദ്യോഗിക നേതൃത്വം ലക്ഷ്യമിടുന്നത്‌. ഇതിന്റെ മറവില്‍ ആകുമ്പോള്‍ മുഖ്യമന്ത്രിക്ക്‌ വകുപ്പ്‌ നഷ്ടമാകുന്നത്‌ ആരും ശ്രദ്ധിക്കാതെ പോകുമെന്നാണ്‌ അവരുടെ കണക്കുകൂട്ടല്‍.
സി പി ഐയില്‍നിന്നും ഭവനം എടുത്തുമാറ്റി കടന്നപ്പള്ളിക്ക്‌ നല്‍കാനാണ്‌ ഇന്നുചേര്‍ന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായ ധാരണ. ഈ തീരുമാനത്തെ സി പി ഐ കണ്ണുമടച്ച്‌ എതിര്‍ക്കുമെന്നും ഔദ്യോഗികപക്ഷം കണക്കുകൂട്ടുന്നു. അങ്ങനെവരുമ്പോള്‍ സി പി എം സ്വന്തം വകുപ്പുകളിലേതെങ്കിലും വിട്ടുകൊടുക്കേണ്ടിവരും. ഇതിന്റെ പേരില്‍ പുനസംഘടനക്ക്‌ അവസരമൊരുക്കുകയും മുഖ്യമന്ത്രിയുടെ ചിറകുകള്‍ പരിപൂര്‍ണമായി അരിയുകയുമാണ്‌ അവരുടെ ലക്ഷ്യം. തങ്ങളുടെ താത്‌പര്യ സംരക്ഷണത്തിനായി ഐ ടി ക്കു പുറമേ നിയമവകുപ്പും പിണറായി പക്ഷം ഏറ്റെടുേത്തക്കും.
വിദ്യാഭ്യാസ വകുപ്പ്‌ പി ജെ ജോസഫിന്‌ നല്‍കാനാണ്‌ പിണറായി പക്ഷം കിണഞ്ഞുശ്രമിക്കുന്നത്‌. ഇടഞ്ഞുനില്‍ക്കുന്ന ക്രൈസ്‌തവ വിഭാഗങ്ങളെ മുന്നണിയുമായി അടുപ്പിക്കുകയാണ്‌ ലക്ഷ്യം. ഇതു സംബന്ധിച്ച രണ്ടുതവണ ജോസഫുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. എന്നാല്‍ കറവപശുവായ പി ഡബ്ലു ഡി വകുപ്പു വിട്ടൊരു കളിക്ക്‌ തങ്ങളില്ലെന്ന്‌ ജോസഫ്‌ തീര്‍ത്തുപറഞ്ഞിട്ടുണ്ട്‌. പിണറായി പക്ഷത്തിന്റ കണ്ണും ഈ വകുപ്പില്‍ തന്നെയാണ്‌.

പി ജെ ജോസഫിന്റെ സത്യപ്രതിജ്ഞ: പിണറായിപക്ഷം വെട്ടില്‍

തിരുവനന്തപുരം: മന്ത്രിയായി പി ജെ ജോസഫ്‌ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ്‌ സി പി എം ഔദ്യോഗികപക്ഷ നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും അപകടക്കെണിയാവുന്നു. ലാവ്‌ലിന്‍ കേസില്‍ പ്രോസിക്യൂഷന്‌ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച്‌ ഗവര്‍ണറെ ബഹിഷ്‌കരിച്ച ഔഃദ്യോഗികപക്ഷത്തിനാണ്‌ ഇത്‌ തിരിച്ചടിയാവുന്നത്‌. രാജ്‌ഭവനു മുന്നില്‍ സമരം നടത്തിയവര്‍ ഇനി പറഞ്ഞതൊക്കെ വിഴുങ്ങി ഗവര്‍ണറുമായി വേദി പങ്കിടേണ്ടിവരും.
മന്ത്രിസഭയിലെ രണ്ടാമനും സി പി എം പൊളിറ്റ്‌ ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്‌ണനാണ്‌ ഇക്കാര്യത്തില്‍ കൂടുതല്‍ അപകടത്തിലാവുന്നത്‌. ഗവര്‍ണറുടെ പരിപാടി ബഹിഷ്‌കരിക്കാന്‍ കുടുതല്‍ താത്‌പര്യം കാണിച്ച അദ്ദേഹം സംസ്ഥാന ടൂറിസം അവാര്‍ഡ്‌ ദാനചടങ്ങ്‌ ഇതിന്റെ പേരില്‍ മാറ്റിവയ്‌പ്പിച്ചിരുന്നു. രണ്ടുമാസം മുമ്പ്‌ നടക്കേണ്ടിയിരുന്ന ഈ ചടങ്ങിന്റെ പുതിയ തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
ഈമാസം 17 ന്‌ നടക്കുന്ന സത്യപ്രതിജ്ഞാ ചാടങ്ങില്‍നിന്നും മാറി നില്‍ക്കാന്‍ കോടിയേരിക്ക്‌ കഴിയില്ല. മുന്നണിയിലെ ഒരു ഘടകക്ഷിയുടെ പരമോന്നത നേതാവ്‌ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അതില്‍നിന്നും വിട്ടു നില്‍ക്കുന്നത്‌ പുതിയ ആരോപണങ്ങള്‍ക്ക്‌ വഴിവയ്‌ക്കുമെന്നതിനാലാണിത്‌. അതേസമയം ഭരണഘടനാപരമായ ബാധ്യത എന്ന നിലയില്‍ ചടങ്ങില്‍ പങ്കെടുക്കാനും കോടിയേരിക്ക്‌ കഴിയില്ല.
ഭരണഘടനയോടുള്ള സ്‌നേഹം എന്നു തുടങ്ങിയെന്ന്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനോട്‌ ചോദിച്ച വിഭാഗത്തേയാണ്‌ കോടിയേരി പാര്‍ട്ടിയില്‍ പ്രതിനിധീകരിക്കുന്നത്‌ എന്നതിനാലാണിത്‌. അതുകൊണ്ടുതന്നെ സത്യപ്രതിജ്ഞാ ചടങ്ങ്‌ നടക്കുന്ന ദിവസം ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കോടിയേരിയെ ചിലപ്പോള്‍ കണ്ടെന്നുവരാം.
ജോസഫിന്റെ സത്യപ്രതിജ്ഞ ചടങ്ങ്‌ ഒഴിവാക്കിയാലും പ്രശ്‌നം തീരില്ല. ജോസ്‌ തെറ്റയിലിനെയും കടന്നപ്പള്ളി രാമചന്ദ്രനെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുമ്പോഴും ഇതേ പ്രശ്‌നം ഈ നേതാക്കള്‍ അഭിമുഖീകരിക്കേണ്ടിവരും.

പന്നിപ്പനി: മരണം തുടര്‍ക്കഥയാകുന്നു

പൂനെ: എ (എച്ച്‌1 എന്‍1) പനി ബാധിച്ച്‌ ഒരു കുട്ടികൂടി മരിച്ചു. ഇതോടെ പന്നിപ്പനി ബാധിച്ച്‌ ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം ആറായി. ചെന്നൈ സ്വദേശിയായ നാലുവയസുകാരനുമാണ്‌ ഇന്നു രാവിലെ മരിച്ച രണ്ടാമത്തെയാള്‍. എ(എച്ച്‌1 എന്‍1) രോഗബാധയെ തുടര്‍ന്ന്‌ ചെന്നൈയിലെ ആദ്യ മരണമാണ്‌ ഇന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.
ചെന്നൈ സ്വദേശിയായ നാലുവയസുകാരന്‍ എച്ച്‌ 1 എന്‍ 1 രോഗബാധയെ തുടര്‍ന്ന്‌ ഗുരുതരാവസ്‌ഥയിലായിരുന്നു. അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന്‌ കുട്ടിക്ക്‌ ഡയാലിസിസ്‌ നടത്തി വരികയായിരുന്നു. കുട്ടിയുടെ 11 വയസുകാരനായ സഹോദരനും രോഗബാധ സ്‌ഥിരീകരിച്ചിട്ടുണ്ട്‌. കുട്ടിയുടെ അപാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന മറ്റു രണ്ടു പേര്‍ക്കും രോഗം സ്‌ഥിരീകരിച്ചു.
പൂനെയില്‍ ഇന്നലെ പുതുതായി 42 പേരില്‍ രോഗബാധ കണ്ടെത്തിയിരുന്നു. ഇതില്‍ രണ്ടുപേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

വീണ്ടും പന്നിപ്പനി മരണം; മരിച്ചവര്‍ അഞ്ചായി

പൂനെ: രാജ്യത്ത്‌ പന്നിപ്പനി ബാധിച്ച്‌ വീണ്ടും മരണം. പൂനെയില്‍ ആയുര്‍വേദ ഡോക്‌ടറാണ്‌ ഇന്ന്‌ എ (എച്ച്‌1 എന്‍1) പനി ബാധിച്ച്‌ മരിച്ചത്‌. ഇതോടെ ഈ പനി ബാധിച്ച്‌ ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. ഇതില്‍ മൂന്ന്‌ മരണങ്ങളും സംഭവിച്ചത്‌ പൂനെയിലാണ്‌.
സാസൂണ്‍ ആശുപത്രിയിലെ ആയുര്‍വേദ ഡോക്‌ടര്‍ ബാബാസാഹിബ്‌ മാനെ (36) ആണു ഇന്ന്‌ മരിച്ചത്‌. പന്നിപ്പനിബാധയെ തുടര്‍ന്ന്‌ കഴിഞ്ഞ ശനിയാഴ്‌ചയാണ്‌ ബാബാസാഹിബ്‌ മാനെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.
പൂണെയില്‍ ഇന്നലെ പുതുതായി 42 പേരില്‍ രോഗബാധ കണ്ടെത്തിയിരുന്നു. ഇതില്‍ രണ്ടുപേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. രോഗം ബാധിച്ച ചെന്നൈ സ്വദേശിയായ നാലുവയസുകാരന്‍ ഇപ്പോഴും അപകടനില തരണം ചെയതിട്ടില്ലെന്ന്‌ അധികൃതര്‍ പറയുന്നു.
പൂനെയില്‍ അധ്യാപകനായ സഞ്‌ജയ്‌ തുകാറാം കോക്‌റെ, ഗുജറാത്തില്‍ വിദേശ ഇന്ത്യാക്കാരനായ പ്രവീണ്‍ പട്ടേല്‍ എന്നിവരാണ്‌്‌ ഇന്നലെ മരിച്ചത്‌. 53 കാരിയായ ഫഹമിത പന്‍വാലയും, 14 വയസുകാരി റീദാ ഷെയ്‌ഖും കഴിഞ്ഞ ദിവസങ്ങളില്‍ എച്ച്‌ 1 എന്‍ 1 പനി ബാധിച്ച്‌ മരിച്ചിരുന്നു. പ്രവീണ്‍ പട്ടേലിന്റെ ഭാര്യയ്‌ക്കും എച്ച്‌ 1 എന്‍ 1 രോഗബാധ സ്‌ഥിരീകരിച്ചിട്ടുണ്ട്‌.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP