പി ജെ ജോസഫിന്റെ സത്യപ്രതിജ്ഞ: പിണറായിപക്ഷം വെട്ടില്‍
തിരുവനന്തപുരം: മന്ത്രിയായി പി ജെ ജോസഫ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് സി പി എം ഔദ്യോഗികപക്ഷ നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും അപകടക്കെണിയാവുന്നു. ലാവ്‌ലിന്‍ കേസില്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് ഗവര്‍ണറെ ബഹിഷ്‌കരിച്ച ഔഃദ്യോഗികപക്ഷത്തിനാണ് ഇത് തിരിച്ചടിയാവുന്നത്. രാജ്‌ഭവനു മുന്നില്‍ സമരം നടത്തിയവര്‍ ഇനി പറഞ്ഞതൊക്കെ വിഴുങ്ങി ഗവര്‍ണറുമായി വേദി പങ്കിടേണ്ടിവരും.
മന്ത്രിസഭയിലെ രണ്ടാമനും സി പി എം പൊളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്‌ണനാണ് ഇക്കാര്യത്തില്‍ കൂടുതല്‍ അപകടത്തിലാവുന്നത്. ഗവര്‍ണറുടെ പരിപാടി ബഹിഷ്‌കരിക്കാന്‍ കുടുതല്‍ താത്‌പര്യം കാണിച്ച അദ്ദേഹം സംസ്ഥാന ടൂറിസം അവാര്‍ഡ് ദാനചടങ്ങ് ഇതിന്റെ പേരില്‍ മാറ്റിവയ്‌പ്പിച്ചിരുന്നു. രണ്ടുമാസം മുമ്പ് നടക്കേണ്ടിയിരുന്ന ഈ ചടങ്ങിന്റെ പുതിയ തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
ഈമാസം 17 ന് നടക്കുന്ന സത്യപ്രതിജ്ഞാ ചാടങ്ങില്‍നിന്നും മാറി നില്‍ക്കാന്‍ കോടിയേരിക്ക് കഴിയില്ല. മുന്നണിയിലെ ഒരു ഘടകക്ഷിയുടെ പരമോന്നത നേതാവ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അതില്‍നിന്നും വിട്ടു നില്‍ക്കുന്നത് പുതിയ ആരോപണങ്ങള്‍ക്ക് വഴിവയ്‌ക്കുമെന്നതിനാലാണിത്. അതേസമയം ഭരണഘടനാപരമായ ബാധ്യത എന്ന നിലയില്‍ ചടങ്ങില്‍ പങ്കെടുക്കാനും കോടിയേരിക്ക് കഴിയില്ല.
ഭരണഘടനയോടുള്ള സ്‌നേഹം എന്നു തുടങ്ങിയെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോട് ചോദിച്ച വിഭാഗത്തേയാണ് കോടിയേരി പാര്‍ട്ടിയില്‍ പ്രതിനിധീകരിക്കുന്നത് എന്നതിനാലാണിത്. അതുകൊണ്ടുതന്നെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന ദിവസം ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കോടിയേരിയെ ചിലപ്പോള്‍ കണ്ടെന്നുവരാം.
ജോസഫിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഒഴിവാക്കിയാലും പ്രശ്‌നം തീരില്ല. ജോസ് തെറ്റയിലിനെയും കടന്നപ്പള്ളി രാമചന്ദ്രനെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുമ്പോഴും ഇതേ പ്രശ്‌നം ഈ നേതാക്കള്‍ അഭിമുഖീകരിക്കേണ്ടിവരും.
0 comments:
Post a Comment