Tuesday, July 21, 2009

16 വര്‍ഷം പഴക്കമുള്ള പ്രേമലേഖനം കാമിതാക്കളെ കൂട്ടിയോജിപ്പിച്ചു

ലണ്ടന്‍: പതിനാറുവര്‍ഷമായി പിരിഞ്ഞിരുന്ന കമിതാക്കളുടെ പുനസംഗമത്തിന്‌ കാമുകിക്ക്‌ ഒന്നര ദശകം വൈകി ലഭിച്ച പ്രണയലേഖനം വഴിയൊരക്കി. ബ്രട്ടീഷുകാരനായ സ്‌റ്റീവ്‌ സ്‌മിത്തിനാണ്‌ തന്റെ മുന്‍ കാമുകിയായ സ്‌പാനിഷ്‌ സ്വദേശിയെ ജീവിതത്തിലേക്ക്‌ തിരികെ ലഭിച്ചത്‌.
സ്‌റ്റീവ്‌ സ്‌മിത്തും കാര്‍മെന്‍ റൂയിസ്‌ പെരസും പ്രണയത്തിലേക്ക്‌ വഴുതിവീഴുന്നത്‌ മധുരപ്പതിനേഴിന്റെ പടിവാതില്‍ക്കല്‍വച്ചാണ്‌. ഇപ്പോള്‍ രണ്ടുപേര്‍ക്കും വയസ്‌ 42. സൗത്ത്‌ വെസ്‌റ്റ്‌ ഇംഗ്ലണ്ടിലെ ബ്രിസ്‌ഹാമില്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച്‌ സ്‌റ്റുഡന്റായി എത്തിയതായിരുന്നു കാര്‍മെന്‍. വര്‍ഷങ്ങള്‍ നീണ്ട പ്രണയം വിവാഹനിശ്ചയത്തില്‍വരെ എത്തിയതുമായിരുന്നു.
സ്വന്തമായി ഒരു ഷോപ്പ്‌ നടത്തുന്നതിന്‌ കാര്‍മെന്‍ ഫ്രാന്‍സിലേക്ക്‌ പറന്നതോടെയാണ്‌ ഇവരുടെ പ്രണയജീവിതത്തിന്‌ തിരശീല വീണത്‌. പിന്നീട്‌ കാര്‍മെനെക്കുറിച്ച്‌ സ്‌മിത്തിന്‌ അറിവൊന്നുമില്ലായിരുന്നു.
കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം കാര്‍മെനിന്റെ സ്‌പെയിനിലെ വീട്ടിലേക്ക്‌ സ്‌റ്റീവ്‌ സ്‌മിത്ത്‌ അയച്ച പ്രണയലേഖനമാണ്‌ ഇപ്പോള്‍ ഇവരുടെ പുനസമാഗമത്തിന്‌ വഴിയൊരുക്കിയത്‌. കാര്‍മെനിന്റെ മാതാവ്‌ ആ കത്ത്‌ അശ്രദ്ധമായി സൂക്ഷിക്കുകയായിരുന്നു. വീട്ടിലെ വിറക്‌ മുറിക്കുള്ളിലായിപ്പോയ കത്ത്‌ ആരും ശ്രദ്ധിച്ചതുമില്ല.
അടുത്തിടെ വീട്‌ പുതുക്കിപ്പണിയാനായി വൃത്തിയാക്കിയപ്പോഴാണ്‌ വിറകുകൂട്ടത്തിനിടയില്‍നിന്നും കത്ത്‌ കാര്‍മെനിന്‌ ലഭിച്ചത്‌. പൊട്ടിച്ചുവായിച്ച കാര്‍മെനിന്‌ പിന്നീട്‌ സ്‌മിത്തിനെ ഫോണ്‍ ചെയ്യാതിരിക്കാന്‍ കഴിഞ്ഞില്ല. പലതവണ റിസീവര്‍ എടുത്തശേഷം തിരിച്ചുവച്ച കാര്‍മെന്‍ ഒടുവില്‍ രണ്ടും കല്‍പ്പിച്ചു ഫോണ്‍ ചെയ്യുകയായിരുന്നു.
ഫോണ്‍ കിട്ടേണ്ട താമസം സ്‌മിത്ത്‌ സ്‌പെയിനിലേക്ക്‌ വിമാനം കയറി. വിമാനത്താവളത്തില്‍ കണ്ടുമുട്ടിയ ഇരുവരും ഒടിയടുത്ത്‌ ആലിംഗനം ചെയ്‌തു. പിന്നീട്‌ വിമാനത്താവളത്തിലുണ്ടായിരുന്നവരെ സാക്ഷിനിര്‍ത്തി മിനിട്ടുകള്‍ നീണ്ട ഒരു ചുടുചുമ്പനവും. അടുത്ത ദിവസംതന്നെ പള്ളിയിലെത്തി വിവാഹിതരായ ഇരുവരും ഒരുമിച്ചു പുതിയ ജീവിതം ആരംഭിക്കുകയും ചെയ്‌തു.

ഓഹരി വിപണിയില്‍ വീണ്ടും ഇടിവ്‌

ഇന്നലത്തെ ആവേശവുമായി രാവിലെ ആരംഭിച്ച ഓഹരി വിപണി ക്ലോസ്‌ ചെയ്‌തത്‌ നഷ്ടത്തിലാണ്‌. ഒരു ഘട്ടത്തില്‍ 15,000 പോയിന്റിനും താഴേപോയ വിപണി വ്യാപാരം അവസനിച്ചപ്പോള്‍ വീണ്ടും 15,000 നുമുകളില്‍ എത്തിയതാണ്‌ ഏക ആശ്വാസം.
ഐ ടി ഓഹരികളിലെ പ്രൊഫിറ്റ്‌ ബുക്കിങ്ങിനെ തുടര്‍ന്നാണ്‌ ഓഹരി സൂചികകളില്‍ കുറവ്‌ രേഖപ്പെടുത്തിയത്‌. സെന്‍സെക്‌സ്‌ 128 പോയിന്റും നിഫ്‌റ്റി 33 പോയിന്റും നഷ്‌ടം രേഖപ്പെടുത്തി.
രാവിലെ 15,218.83 പോയിന്റിലാണ്‌ സെന്‍സെക്‌സില്‍ വ്യാപാരം ആരംഭിച്ചത്‌. ഒരവസരത്തില്‍ 14,955 പോയിന്റ്‌ വരെ ഇടിഞ്ഞ സൂചിക ഒടുവില്‍ 128.52 പോയിന്റിന്റെ നഷ്ടത്തോടെ 15,062.49 ല്‍ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.
4,501 പോയിന്റില്‍ വ്യാപാരം ആരംഭിച്ച നിഫ്‌റ്റി 4,469.10 ലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. 4,524 പോയിന്റു വരെ ഉയര്‍ന്ന ശേഷമാണ്‌ നിഫ്‌റ്റി നഷ്‌ടത്തില്‍ വ്യാപാരം നിര്‍ത്തിയത്‌.
ഇന്നലെ 16 ശതമാനത്തോളം നേട്ടമുണ്ടാക്കിയ ടി സി എസ്‌ അഞ്ചു ശതമാനം ഇടിവു രേഖപ്പെടുത്തി. സുസ്‌ലോണ്‍, മഹീന്ദ്ര, ഗെയ്‌ല്‍ തുടങ്ങിയ കമ്പനികളും നഷ്‌ടമുണ്ടാക്കി. ഐ ടി, ഊര്‍ജ സൂചികകള്‍ രണ്ടു ശതമാനത്തോളം ഇടിഞ്ഞു. ബി എസ്‌ ഇയില്‍ ഇന്നു വ്യാപാരം നടന്ന 2,718 ഓഹരികളില്‍ 1,343 എണ്ണവും നഷ്‌ടം നേരിട്ടു.

ജപ്പാനില്‍ പാര്‍ലമെന്റ്‌ പിരിച്ചുവിട്ടു

ടോക്കിയോ: ജപ്പാന്‍ പാര്‍ലമെന്റിന്റെ അധോസഭ പിരിച്ചു വിട്ടു. പ്രധാനമന്ത്രി ടാരോ അസോയാണ്‌ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്‌. അടുത്തമാസം രാജ്യത്ത്‌ തിരഞ്ഞെടുപ്പു നടത്താനും തീരുമാനിച്ചിട്ടുണ്ട്‌.
ജപ്പാനില്‍ പാര്‍ലമെന്റ്‌ പിരിച്ചു വിടുന്നതിനും തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുന്നതിനും പ്രധാനമന്ത്രിക്ക്‌ അവകാശമുണ്ട്‌. പാര്‍ലമെന്റിന്റെ അധോസഭയിലേക്ക്‌ ഓഗസ്‌റ്റ്‌ 30 ന്‌ തിരഞ്ഞെടുപ്പ്‌ നടത്തുന്നതിനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌.
ജപ്പാനില്‍ അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പ്‌ ചരിത്രപരമായിരിക്കുമെന്നാണ്‌ പ്രതിപക്ഷ നേതാക്കള്‍ അഭിപ്രായപ്പെട്ടത്‌. 50 വര്‍ഷത്തിനിടെ കൂടുതല്‍ സമയവും ഭരണകക്ഷിയായ ലിബറല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടിയാണ്‌ ജപ്പാനില്‍ അധികാരത്തില്‍ ഉണ്ടായിരുന്നത്‌. എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ സ്‌ഥിതിഗതികള്‍ മാറി മറിയുമെന്നാണ്‌ അടുത്തിടെ നടന്ന സര്‍വേകളില്‍ വ്യക്‌തമാകുന്നത്‌. സര്‍വേയില്‍ പങ്കെടുത്ത വോട്ടര്‍മാരില്‍ അധികവും പ്രതിപക്ഷത്തെയാണ്‌ പിന്തുണയ്‌ക്കുന്നത്‌. പ്രാദേശിക തിരഞ്ഞെടുപ്പുകളിലും ലിബറല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടിക്ക്‌ തിരിച്ചടിയേറ്റിരുന്നു.

എയര്‍ ഇന്ത്യയ്‌ക്ക്‌ പ്രത്യേക നിരക്കുകള്‍

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നും ഡല്‍ഹി, മുംബൈ, ബാംഗ്‌ളൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്ക്‌ എയര്‍ ഇന്ത്യ പ്രത്യേക യാത്രാ നിരക്കുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരത്തുനിന്നും ഡല്‍ഹിയിലേക്ക്‌ 5919 രൂപയാണ്‌ പുതിയ യാത്രാ നിരക്ക്‌. മുംബൈയിലേക്ക്‌ 5399 രൂപയ്‌ക്കും ബാംഗ്‌ളൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്ക്‌ 2679 രൂപയ്‌ക്കും ടിക്കറ്റ്‌ ലഭിക്കും. യാത്രയ്‌ക്ക്‌ മൂന്ന്‌ ദിവസം മുന്‍പ്‌വരെ എടുക്കുന്ന ടിക്കറ്റുകള്‍ക്കേ ഈ ആനുകൂല്യം ലഭിക്കൂ. വരുന്ന സെപ്‌തംബര്‍ 20 വരെ ഈ ആനുകൂല്യം ലഭിക്കും.
യാത്ര മാറ്റിവയ്‌ക്കുന്നതുമൂലം ടിക്കറ്റിന്റെ തീയതി നീട്ടേണ്ടിവരുന്നുവെങ്കില്‍ 750 രൂപ അധികം നല്‍കണം. ഫ്രീക്വന്റ്‌ ഫ്‌ളയര്‍ പ്രോഗ്രാം പോയിന്റുകള്‍ ഈ ടിക്കറ്റുകളില്‍ ലഭിക്കില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

ആല്‍ബര്‍ട്ടോ ഫുജിമോറിക്ക്‌ 7.5 വര്‍ഷം തടവ്‌

ലിമ (പെറു): പെറു മുന്‍ പ്രസിഡന്റ്‌ ആല്‍ബര്‍ട്ടോ ഫുജിമോറിയെ അഴിമതിയും സാമ്പത്തിക ക്രമക്കേടുംനടത്തിയ കേസില്‍ കോടതി 7.5 വര്‍ഷം തടവു ശിക്ഷ വിധിച്ചു. രഹസ്യാന്വേഷണ വിഭാഗം തലവന്‍ വ്‌ളാഡിമിറോ മൊന്‍ടെസിനോസിന്‌ 1.5 കോടി ഡോളര്‍ അനധികൃതമായി നല്‍കിയതിനാണ്‌ ശിക്ഷ. ഇതു മൂന്നാംതവണയാണ്‌ എഴുപതുകാരനായ ഫുജിമോറിയെ വിവിധ കേസുകളില്‍ തടവു ശിക്ഷയ്‌ക്കു വിധിക്കുന്നത്‌. ഒരു ദശാബ്‌ദം നീണ്ട ഭരണകാലത്ത്‌ ഫുജിമോറി തന്റെ സന്തത സഹചാരിയായ സുരക്ഷാമേധാവി വ്‌ളാഡിമിറോ മോണ്‍ടെസിനോസിന്റെ പിന്തുണയോടെ രാജ്യത്തൊട്ടാകെ ഭീതിയും ഭീകരതയും നടത്തിയ മനുഷ്യാവകാശ ലംഘനകുറ്റത്തില്‍ 25 വര്‍ഷത്തെ
തടവുശിക്ഷയ്‌ക്കു വിധിച്ചിരുന്നു. 2007ല്‍ മറ്റൊരുകേസില്‍ ആറുവര്‍ഷത്തെ ശിക്ഷയ്‌ക്കും വിധിച്ചിരുന്നു.
2000 ല്‍ നടന്ന അഴിമതി നിറഞ്ഞ തിരഞ്ഞെടുപ്പു പ്രചാരണത്തിനു ശേഷം മോണ്‍ടെസിനോസിന്റെ അഴിമതികള്‍ വെളിപ്പെടുത്തുന്ന വിഡിയോ കാസെറ്റുകള്‍ വെളിച്ചത്തുവന്നിരുന്നു. തുടര്‍ന്നുണ്ടായ ജനരോഷം ഉയര്‍ന്നതോടെ ഫുജിമോറി ജപ്പാനിലേക്കു രക്ഷപ്പെട്ടിരുന്നു. പിന്നീട്‌ 2007 ലാണ്‌ ഫുജിമോറി പെറുവില്‍ തിരിച്ചെത്തുന്നതും നിയമനടപടികള്‍ക്ക്‌ വിധേയനാകുന്നതും.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP