Tuesday, July 21, 2009

ആല്‍ബര്‍ട്ടോ ഫുജിമോറിക്ക്‌ 7.5 വര്‍ഷം തടവ്‌

ലിമ (പെറു): പെറു മുന്‍ പ്രസിഡന്റ്‌ ആല്‍ബര്‍ട്ടോ ഫുജിമോറിയെ അഴിമതിയും സാമ്പത്തിക ക്രമക്കേടുംനടത്തിയ കേസില്‍ കോടതി 7.5 വര്‍ഷം തടവു ശിക്ഷ വിധിച്ചു. രഹസ്യാന്വേഷണ വിഭാഗം തലവന്‍ വ്‌ളാഡിമിറോ മൊന്‍ടെസിനോസിന്‌ 1.5 കോടി ഡോളര്‍ അനധികൃതമായി നല്‍കിയതിനാണ്‌ ശിക്ഷ. ഇതു മൂന്നാംതവണയാണ്‌ എഴുപതുകാരനായ ഫുജിമോറിയെ വിവിധ കേസുകളില്‍ തടവു ശിക്ഷയ്‌ക്കു വിധിക്കുന്നത്‌. ഒരു ദശാബ്‌ദം നീണ്ട ഭരണകാലത്ത്‌ ഫുജിമോറി തന്റെ സന്തത സഹചാരിയായ സുരക്ഷാമേധാവി വ്‌ളാഡിമിറോ മോണ്‍ടെസിനോസിന്റെ പിന്തുണയോടെ രാജ്യത്തൊട്ടാകെ ഭീതിയും ഭീകരതയും നടത്തിയ മനുഷ്യാവകാശ ലംഘനകുറ്റത്തില്‍ 25 വര്‍ഷത്തെ
തടവുശിക്ഷയ്‌ക്കു വിധിച്ചിരുന്നു. 2007ല്‍ മറ്റൊരുകേസില്‍ ആറുവര്‍ഷത്തെ ശിക്ഷയ്‌ക്കും വിധിച്ചിരുന്നു.
2000 ല്‍ നടന്ന അഴിമതി നിറഞ്ഞ തിരഞ്ഞെടുപ്പു പ്രചാരണത്തിനു ശേഷം മോണ്‍ടെസിനോസിന്റെ അഴിമതികള്‍ വെളിപ്പെടുത്തുന്ന വിഡിയോ കാസെറ്റുകള്‍ വെളിച്ചത്തുവന്നിരുന്നു. തുടര്‍ന്നുണ്ടായ ജനരോഷം ഉയര്‍ന്നതോടെ ഫുജിമോറി ജപ്പാനിലേക്കു രക്ഷപ്പെട്ടിരുന്നു. പിന്നീട്‌ 2007 ലാണ്‌ ഫുജിമോറി പെറുവില്‍ തിരിച്ചെത്തുന്നതും നിയമനടപടികള്‍ക്ക്‌ വിധേയനാകുന്നതും.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP