Tuesday, July 28, 2009

15 അടി ഉയരത്തില്‍ പെരുംപാമ്പ്‌; ജീവഭയത്തോടെ നാട്ടുകാര്‍


കാട്ടുപന്നിയില്‍നിന്നും രക്ഷപ്പെട്ട്‌ മരത്തില്‍ അഭയംതേടിയ കൂറ്റന്‍ പെരുംപാമ്പ്‌ നാട്ടുകാര്‍ക്ക്‌ ഭീക്ഷണിയാവുന്നു. റാന്നി കരികുളം ഫോറസ്‌റ്റ്‌ സ്‌റ്റേഷന്‌ സമീപം പൊന്നമ്പാറ റോഡരികില്‍ വനത്തിനുള്ളിലെ മരത്തിലാണ്‌ പെരുംപാമ്പ്‌ അഭയം േതടിയത്‌. 15 അടി ഉയരത്തില്‍ മരത്തിന്റെ ശിഖരത്തില്‍ പെരുംപാമ്പ്‌ തൂങ്ങിക്കിടക്കുന്നതിനാല്‍ താഴെയുള്ള റോഡിലൂടെ സഞ്ചരിക്കാന്‍ ജനം ഭയപ്പെടുകയാണ്‌. എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക്‌ ഒന്നും ചെയ്യാനില്ലെന്ന നിലപാടാണ്‌ വനപാലകര്‍ക്ക്‌.

തുര്‍ക്കി തീരത്ത്‌ ബോട്ട്‌ മുങ്ങി 85 പേരെ കാണാതായി

പ്രൊവിഡിന്‍ഷ്യാലസ്‌: തുര്‍ക്കി-കായിക്കോസ്‌ തീരത്ത്‌ ബോട്ട്‌ മുങ്ങി 85 പേരെ കാണാതായി. രണ്ട്‌ പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. അപകടത്തില്‍പ്പെട്ട 113 പേരെ തീരദേശ സേന രക്ഷപെടുത്തി.
ബോട്ടിന്റെ അടിഭാഗം പവിഴപ്പുറ്റില്‍ തട്ടിയതാണ്‌ അപകടത്തിന്‌ കാരണമെന്ന്‌ കരുതപ്പെടുന്നു. തിങ്കളാഴ്‌ച ഉച്ചയ്‌ക്ക്‌ 2 നാണ്‌ അപകടമുണ്ടായത്‌. രണ്ട്‌ പവിഴപ്പുറ്റുകളിലായി അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു രക്ഷപെട്ടവരെല്ലാം.
അനധികൃതമായി കുടിയേറ്റം നടത്തുന്ന ഹെയ്‌തിയന്‍ അഭയാര്‍ഥികളാണ്‌ ബോട്ടിലുണ്ടായിരുന്നതെന്ന്‌ അധികൃതര്‍ അറിയിച്ചു. കായിക്കോസ്‌ ദ്വീപിന്റെ പടിഞ്ഞാറന്‍ കടല്‍പ്രദേശത്ത്‌ മൂന്ന്‌ കിലോമീറ്റര്‍ അകലെയാണ്‌ അപകടമുണ്ടായത്‌.
200 യാത്രക്കാരാണ്‌ ബോട്ടിലുണ്ടായിരുന്നത്‌. രാത്രി മുഴുവന്‍ തുടര്‍ന്ന തിരച്ചിലില്‍ ഇനിയും കണ്ടെത്താനാകാത്ത യാത്രക്കാര്‍ തിമിംഗലങ്ങളുടെ പിടിയില്‍പ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന്‌ തീരദേശ അധികൃതര്‍ അറിയിച്ചു.

ബാങ്ക്‌ നിരക്കുകളില്‍ മാറ്റമില്ല: ആര്‍ ബി ഐ

മുംബൈ: റിസര്‍വ്‌ ബാങ്ക്‌ വായ്‌പനയത്തിന്റെ ആദ്യപാദ അവലോകന റിപ്പോര്‍ട്ട്‌ പുറത്തിറക്കി. ബാങ്ക്‌ നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. റിപ്പോ, റിവേഴ്‌സ്‌ റിപ്പോ നിരക്കുകളിലും മാറ്റമില്ല. റിപ്പോ നിരക്ക്‌ 4.75 ശതമാനം, റിവേഴ്‌സ്‌ റിപ്പോ 3.25ശതമാനം , സി ആ ര്‍ആര്‍ 5 ശതമാനം എന്നീ നിലകളില്‍ തുടരും.
മുഖ്യ ബാങ്കു നിരക്കുകളില്‍ തല്‍ക്കാലം മാറ്റം വരുത്തേണ്ടെന്ന നിലപാടാണ്‌ റിസര്‍വ്‌ ബാങ്ക്‌ സ്വീകരിച്ചത്‌. സാമ്പത്തിക മാന്ദ്യത്തിന്റെ തീവ്രത കുറഞ്ഞെങ്കിലും പ്രശ്‌നം പൂര്‍ണമായും അവസാനിക്കാത്തതിനാല്‍ വിവിധ വായ്‌പാ പലിശനിരക്കുകള്‍ ഉയരാന്‍ ഇടയാക്കുന്ന നടപടികള്‍ വേണ്ടെന്നായിരുന്നു റിസര്‍വ്‌ ബാങ്ക്‌ നിലപാട്‌. മുംബൈയില്‍ നടന്ന യോഗത്തില്‍ ആര്‍ ബി ഐ ഗവര്‍ണര്‍ ഡി സുബ്ബറാവു അധ്യക്ഷനായിരുന്നു.

എന്‍ഡവര്‍ ദൗത്യം പൂര്‍ണം; 31 ന്‌ തിരിച്ചെത്തും

വാഷിംഗ്‌ടണ്‍: എന്‍ഡവറിന്റെ ദൗത്യം പൂര്‍ണമായി. ബഹിരാകാശ യാത്രികരെയുകൊണ്ട്‌ എന്‍ഡവര്‍ ഈമാസം 31 ന്‌ ഭൂമിയില്‍ തിരിച്ചെത്തും. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ജപ്പാന്റെ കിബോ ലബോറട്ടറിയില്‍ രണ്ടു ക്യാമറകള്‍ കൂടി സ്‌ഥാപിച്ചതോടെയാണ്‌ എന്‍ഡവര്‍ യാത്രികരുടെ അഞ്ചാമത്തെ ബഹിരാകാശ നടത്തവും വിജയകരമായി പര്യവസാനിച്ചത്‌.
നാലുമണിക്കൂര്‍ അന്‍പത്തിനാലു മിനിറ്റുകൊണ്ടാണ്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്‌. ക്രിസ്‌ കാസിഡയും മാര്‍ഷ്‌ ബേര്‍ണുമാണ്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌.
16 ദിവസം നീണ്ടു നില്‍ക്കുന്ന യാത്രാ ദൗത്യത്തില്‍ അഞ്ചു ബഹിരാകാശ നടത്തങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി. ജപ്പാന്‍ എയറോസ്‌പേസ്‌ എക്‌സ്‌പ്ലോറേഷന്‍ ഏജന്‍സിയുടെ കിബോ ലബോറട്ടറിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു യാത്രാ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP