Friday, July 24, 2009

ഇന്ത്യന്‍ ഫോട്ടോഗ്രാഫറെ ബ്രിട്ടീഷ്‌ നടന്‍ മര്‍ദിച്ചതായി പരാതി

ലണ്ടന്‍: ഇന്ത്യന്‍ വംശജയായ ഫോട്ടോഗ്രാഫര്‍ ഹര്‍ഷ ഗോപാലിനെ ബ്രിട്ടീഷ്‌ നടന്‍ ജൂഡ്‌ ലോ മര്‍ദിച്ചതായി പരാതി. ലണ്ടനിലെ ഒരു ലഘുഭക്ഷണശാലയില്‍ വച്ച്‌ ജൂഡ്‌ ലോ തന്റെ മുഖത്തടിച്ചുവെന്നാണ്‌ ഹര്‍ഷ പരാതിയില്‍ പറയുന്നത്‌.
ഹര്‍ഷയെ ഭക്ഷണശാലയില്‍ വച്ച്‌ തള്ളുന്ന ചിത്രമുള്‍പ്പെടെ വിവിധ ബ്രിട്ടീഷ്‌ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിട്ടുണ്ട്‌. എന്നാല്‍ വാര്‍ത്തകള്‍ ജൂഡ്‌ ലോ നിഷേധിക്കുകയാണ്‌. അകാരണമായി തന്നെ മര്‍ദിച്ച ജൂഡ്‌ ലോയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ്‌ ഹര്‍ഷ ഇപ്പോള്‍.

അവര്‍ കുട്ടികളെ മീന്‍ പിടിക്കാന്‍ പഠിപ്പിക്കുകയായിരുന്നു...

കേരളത്തിന്റെ സാമൂഹിക വളര്‍ച്ചയില്‍ തിരിച്ചറിയപ്പെട്ട ശക്തമായ സൂചകമായിരുന്നു വിദ്യാഭ്യാസം. നിലവിലുള്ള സിവില്‍ സമൂഹത്തെ രൂപപ്പെടുത്തിയതിലും ജനാധിപത്യത്തെക്കുറിച്ചുള്ള അടിസ്ഥാന കാഴ്‌ചപ്പാട്‌ വികസിപ്പിക്കുന്നതിലും നവോത്ഥാന മുന്നേറ്റങ്ങളുടെ കാലം മുതല്‍ ശക്തമായ ഉപകരണമായിരുന്നു വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍. അടിത്തട്ടിലേക്ക്‌ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ അവബോധത്തിന്റെയും സാഹോദര്യത്തിന്റെയും കാറ്റും സൂര്യപ്രകാശവുമെത്തിക്കാന്‍ നമ്മുടെ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിന്‌ സാധിച്ചു. എന്നാല്‍ ഇതെത്രകാലം?
നവലോക ക്രമത്തിന്റെയും ഘടനാക്രമീകരണത്തിന്റെയും ആശയങ്ങള്‍ വേരോട്ടം പിടിച്ച കേരളത്തില്‍, പൊതുവിദ്യാഭ്യാസം ആപത്തിലാകുന്നുവെന്ന്‌ സമീപകാല കണക്കുകള്‍ ബോധ്യപ്പെടുത്തുന്നു. സംസ്ഥാന സിലബസില്‍നിന്ന്‌ കുട്ടികള്‍ ഓടിയകലുന്ന കാഴ്‌ചയാണ്‌ ഇന്നുള്ളത്‌.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയില്‍ ഡി പി ഇ പി, എസ്‌ എസ്‌ എ എന്നീ പ്രൊജക്‌ടുകളിലൂടെ കോടിക്കണക്കിന്‌ രൂപ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപിക്കപ്പെട്ടു. ഒരു പക്ഷേ, ഏഷ്യയില്‍തന്നെ ഇത്രയധികം പരിശീലനം ലഭിച്ച അധ്യാപക സമൂഹം നമ്മുടെ പ്രൈമറി അധ്യാപകരാണ്‌.
ആവര്‍ത്തിച്ചുള്ള അധ്യാപക കൂട്ടായ്‌മകള്‍, ശില്‌പശാലകള്‍, അക്കാദമികവും അല്ലാത്തതുമായ `കൈത്താങ്ങു'കള്‍, സോഷ്യല്‍ കണ്‍സ്‌ട്രക്‌ടിവിസം, മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ്‌ തുടങ്ങി വൈവിദ്യമാര്‍ന്ന സൈദ്ധാന്തിക പിന്‍ബലങ്ങളും അവ നാണയപ്പെടുത്തിയ ടെര്‍മിനോളജികളും കൊണ്ട്‌ സമൃദ്ധമായിരുന്നു ഇക്കാലത്തെ ചര്‍ച്ചകളും വാഗ്‌്വാദങ്ങളും. എന്നിട്ടും സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പൊളിഞ്ഞു പാളീസാവുകയാണ്‌.
ഇക്കാലത്ത്‌ ആവര്‍ത്തിച്ചുപയോഗിച്ച ഒരു വാചകമുണ്ട്‌. `കുട്ടിക്കു മീന്‍ പിടിച്ചുകൊടുക്കലല്ല, മീന്‍ പിടിക്കാന്‍ കുട്ടിയെ പ്രാപ്‌തമാക്കുകയാണ്‌ വേണ്ടത്‌'- എന്നാല്‍ ഇപ്പോള്‍ കുട്ടി ചൂണ്ടയിട്ടിരിക്കുന്നത്‌ സംസ്ഥാന സിലബസിനു പുറത്താണെന്നുമാത്രം.
തീര്‍ച്ചയായും ആത്മവിചാരണകളുടെ നേരമാണിത്‌. ഈ പദ്ധതികള്‍ വിഭാവന ചെയ്‌തവരും നിര്‍വാഹകരും അവരുടെ കണ്‍സള്‍ട്ടന്റുമാരും മറ്റ്‌ വിദ്യാഭ്യാസ വിചക്ഷണരുമൊക്കെ തങ്ങള്‍ ചെയ്‌തതെന്താണെന്ന്‌ മലയാളി സമൂഹത്തോട്‌ തുറന്നുപറയേണ്ട സമയമാണിത്‌. അതിനുമുതിരാതെ അധ്യാപകരുടെ പുനര്‍വിന്യാസം, പ്രൊട്ടക്ഷന്‍ എന്നീ വിഷയങ്ങളിലേക്ക്‌ ഈ പ്രശ്‌നം ലഘൂകരിക്കപ്പെടരുത്‌.

എസ്‌ എം ഇ റാഗിംഗ്‌: പ്രതികളുടെ ശിക്ഷയ്‌ക്ക്‌ സ്‌റ്റേ ഇല്ല

ന്യൂഡല്‍ഹി: കോട്ടയം എസ്‌ എം ഇ റാഗിംഗ്‌ കേസില്‍ പ്രതികളുടെ ശിക്ഷിച്ച വിചാരണകോടതിയുടെ നടപടി സ്‌റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കേസിലെ പ്രതികളായ രഞ്‌ജിത്‌ വര്‍ഗീസ്‌, എസ്‌. ഷെറിന്‍ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ്‌ ജസ്‌റ്റിസുമാരായ ഡി.കെ. ജെയിന്‍, എച്ച്‌.എല്‍. ദത്തു എന്നിവര്‍ ശിക്ഷ സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചത്‌. വിചാരണകോടതി ഈ പ്രതികളെ പത്തുവര്‍ഷം കഠിന തടവിനാണ്‌ ശിക്ഷിച്ചത്‌.കഴിഞ്ഞ ഫെബ്രുവരി 26 നായിരുന്നു വിധി പ്രഖ്യാപനം.

ലാഭത്തില്‍ വന്‍ ഇടിവ്‌; മൈക്രോസോഫ്‌ടും ചെലവ്‌ ചുരുക്കലിലേക്ക്‌

ന്യൂയോര്‍ക്ക്‌: സ്വതന്ത്ര സോഫ്‌ട്‌വെയറിന്‌ ആവശ്യക്കാര്‍ കൂടിയതോടെ സോഫ്‌റ്റ്‌വെയര്‍ കമ്പനിയായ മൈക്രോസോഫ്‌ടിന്റെ ലാഭത്തില്‍ വന്‍ ഇടിവ്‌. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നുമാസത്തെ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ്‌ ഈ തകര്‍ച്ച്‌ വ്യക്തമായത്‌.
കഴിഞ്ഞ ഒന്‍പത്‌ മാസവും മൈക്രോസോഫ്‌ടിന്റെ വ്യാപാരത്തില്‍ വന്‍ ഇടിവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. കമ്പനിയുടെ വരുമാനത്തിലും ലാഭത്തിലും ഒരേപോലെ കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 310 കോടി ഡോളറിന്റെ ലാഭം കമ്പനിക്കുണ്ടായി. എന്നാല്‍ 2008 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലഘട്ടത്തിലുണ്ടായ ലാഭത്തെക്കാള്‍ 29 ശതമാനം കുറവാണിത്‌. കഴിഞ്ഞ മൂന്നുമാസത്തെ കമ്പനിയുടെ ആകെ വരുമാനം 1310 കോടി ഡോളറാണ്‌. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ വരുമാനത്തില്‍ 17 ശതമാനത്തിന്റെ കുറവാണ്‌ വരുമാനത്തില്‍ ഉണ്ടായത്‌. മൈക്രോസോഫ്‌ടിന്റെ വ്യാപാരം 1400 കോടി ഡോളര്‍ കടക്കുമെന്നാണ്‌ കമ്പനി വിലയിരുത്തിയിരുന്നത്‌.
വിന്‍ഡോസ്‌ ഓപ്പറേറ്റിങ്‌ സിസ്‌റ്റത്തിന്റെയും സോഫ്‌ട്‌വെയര്‍ പാക്കേജുകളുടെയും ആവശ്യം കുറഞ്ഞതാണ്‌ കമ്പനിക്കു തിരിച്ചടിയായത്‌. ആഗോളസാമ്പത്തിക മാന്ദ്യം തുടര്‍ന്നേക്കുമെന്നതിനാല്‍ വരുമാന വര്‍ധനയ്‌ക്കായി പുതിയ മാര്‍ഗങ്ങള്‍ തേടേണ്ടതുണ്ടെന്ന്‌ കമ്പനി സി എഫ്‌ ഒ ക്രിസ്‌ ലിഡല്‍ പറഞ്ഞു. കമ്പനിയുടെ വരുമാന നഷ്‌ടം കുറയ്‌ക്കുന്നതിന്‌ ചെലവു ചുരുക്കല്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സര്‍ക്കാര്‍ ചടങ്ങുകളില്‍ താലപ്പൊലി ഒഴിവാക്കണം: പി കെ ശ്രീമതി

തിരുവനന്തപുരം: സര്‍ക്കാര്‍ ചടങ്ങുകളില്‍ വിശിഷ്ടാതിഥികളെ താലപ്പൊലിയുമായി സ്വീകരിക്കുന്ന പതിവ്‌ നിര്‍ത്തണമെന്ന്‌ സാമൂഹികക്ഷേമമന്ത്രി പി കെ ശ്രീമതി. കൊച്ചുകുട്ടികളെ താലപ്പൊലിക്ക്‌ നിയോഗിക്കുന്നത്‌ ശരിയല്ലെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.
വിവാഹചടങ്ങുകളില്‍ ആര്‍ഭാടം ഒഴിവാക്കാന്‍ ശക്ലതമായ ബോധവത്‌കരണംനടത്തും. ഇതിന്‌ സാമൂഹിക - മത - രാഷ്‌ട്രീയ സംഘടനകളുടെ സഹകരണം തേടും. ലഘുലേഖകള്‍ അടിച്ചിറക്കും. സ്‌ത്രീധനപീഡന വിരുദ്ധ നിയമമുള്‍പ്പെടെയുള്ളവ കര്‍ശനമാക്കും. എന്നാല്‍ നിയമത്തെക്കാള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുക ബോധവത്‌കരണത്തിനാവുമെന്നും മന്ത്രി പറഞ്ഞു.

മാതാവിന്റെ ചികിത്സയ്‌ക്കായി കന്യകാത്വം വില്‍പനയ്‌ക്ക്‌

ലണ്ടന്‍: മാതാവിന്റെ ചികിത്സയ്‌ക്കായി ബ്രിട്ടനില്‍ യുവതി കന്യകാത്വം വില്‍ക്കുന്നു. ഇതു സംബന്ധിച്ച പരസ്യം യുവതി ഇന്റര്‍നെറ്റില്‍ നല്‍കിക്കഴിഞ്ഞു. ഇക്വഡോറില്‍ നിന്നും കുടിയേറിയ എവലിന്‍ ഡ്യൂനോസ്‌ ആണ്‌ അല്‍ഷിമേഴ്‌സ്‌ രോഗിയായ മാതാവിന്റെ ചികിത്സയ്‌ക്കായി കന്യകാത്വം വില്‍ക്കുന്നത്‌.
ഇതിനകം നിരവധിപേര്‍ ഇന്റര്‍നെറ്റിലൂടെയുള്ള ലേലം വിളിയില്‍ പങ്കുകൊണ്ടുകഴിഞ്ഞു. രണ്ട്‌ മില്ല്യണ്‍ പൗണ്ട്‌ ആണ്‌ 28 കാരിയായ എവലിന്‌ ഇതിനകം ലഭിച്ച ഏറ്റവും ഉയര്‍ന്ന തുകയുടെ വാഗ്‌ദാനം. പക്ഷേ കന്യകയാണെന്ന്‌ തെളിയിക്കണമെന്ന നിര്‍ദ്ദേശവും ഈ വാഗ്‌ദാനം നല്‍കിയ ആള്‍ മുന്നോട്ടുവച്ചിട്ടുണ്ട്‌. ഇതിനായി മെഡിക്കല്‍ പരിശോധനയ്‌ക്ക്‌ വിധേയയായ എവലിന്‍ കന്യകയാണെന്നതിന്‌ ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റും വാങ്ങിക്കഴിഞ്ഞു.
കഴിഞ്ഞ മാര്‍ച്ചില്‍ മറ്റൊരു യുവതിയും ഇതുപോലെ കന്യകാത്വം വിറ്റിരുന്നു. റൊമാനിയക്കാരിയായ എലിനാ പെര്‍സിയ ആണ്‌ അന്ന്‌ കന്യകാത്വം വിറ്റത്‌. 8,782 പൗണ്ടിനായിരുന്നു അത്‌. ഇതുസംബന്ധിച്ച വാര്‍ത്തകളാണ്‌ ഇത്തരമൊരു സാഹസത്തിന്‌ എവലിനെ പ്രേരിപ്പിച്ചത്‌.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP