അവര്‍ കുട്ടികളെ മീന്‍ പിടിക്കാന്‍ പഠിപ്പിക്കുകയായിരുന്നു...
കേരളത്തിന്റെ സാമൂഹിക വളര്‍ച്ചയില്‍ തിരിച്ചറിയപ്പെട്ട ശക്തമായ സൂചകമായിരുന്നു വിദ്യാഭ്യാസം. നിലവിലുള്ള സിവില്‍ സമൂഹത്തെ രൂപപ്പെടുത്തിയതിലും ജനാധിപത്യത്തെക്കുറിച്ചുള്ള അടിസ്ഥാന കാഴ്‌ചപ്പാട് വികസിപ്പിക്കുന്നതിലും നവോത്ഥാന മുന്നേറ്റങ്ങളുടെ കാലം മുതല്‍ ശക്തമായ ഉപകരണമായിരുന്നു വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍. അടിത്തട്ടിലേക്ക് സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ അവബോധത്തിന്റെയും സാഹോദര്യത്തിന്റെയും കാറ്റും സൂര്യപ്രകാശവുമെത്തിക്കാന്‍ നമ്മുടെ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിന് സാധിച്ചു. എന്നാല്‍ ഇതെത്രകാലം?
നവലോക ക്രമത്തിന്റെയും ഘടനാക്രമീകരണത്തിന്റെയും ആശയങ്ങള്‍ വേരോട്ടം പിടിച്ച കേരളത്തില്‍, പൊതുവിദ്യാഭ്യാസം ആപത്തിലാകുന്നുവെന്ന് സമീപകാല കണക്കുകള്‍ ബോധ്യപ്പെടുത്തുന്നു. സംസ്ഥാന സിലബസില്‍നിന്ന് കുട്ടികള്‍ ഓടിയകലുന്ന കാഴ്‌ചയാണ് ഇന്നുള്ളത്.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയില്‍ ഡി പി ഇ പി, എസ് എസ് എ എന്നീ പ്രൊജക്‌ടുകളിലൂടെ കോടിക്കണക്കിന് രൂപ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപിക്കപ്പെട്ടു. ഒരു പക്ഷേ, ഏഷ്യയില്‍തന്നെ ഇത്രയധികം പരിശീലനം ലഭിച്ച അധ്യാപക സമൂഹം നമ്മുടെ പ്രൈമറി അധ്യാപകരാണ്.
ആവര്‍ത്തിച്ചുള്ള അധ്യാപക കൂട്ടായ്‌മകള്‍, ശില്‌പശാലകള്‍, അക്കാദമികവും അല്ലാത്തതുമായ `കൈത്താങ്ങു'കള്‍, സോഷ്യല്‍ കണ്‍സ്‌ട്രക്‌ടിവിസം, മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് തുടങ്ങി വൈവിദ്യമാര്‍ന്ന സൈദ്ധാന്തിക പിന്‍ബലങ്ങളും അവ നാണയപ്പെടുത്തിയ ടെര്‍മിനോളജികളും കൊണ്ട് സമൃദ്ധമായിരുന്നു ഇക്കാലത്തെ ചര്‍ച്ചകളും വാഗ്‌്വാദങ്ങളും. എന്നിട്ടും സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പൊളിഞ്ഞു പാളീസാവുകയാണ്.
ഇക്കാലത്ത് ആവര്‍ത്തിച്ചുപയോഗിച്ച ഒരു വാചകമുണ്ട്. `കുട്ടിക്കു മീന്‍ പിടിച്ചുകൊടുക്കലല്ല, മീന്‍ പിടിക്കാന്‍ കുട്ടിയെ പ്രാപ്‌തമാക്കുകയാണ് വേണ്ടത്'- എന്നാല്‍ ഇപ്പോള്‍ കുട്ടി ചൂണ്ടയിട്ടിരിക്കുന്നത് സംസ്ഥാന സിലബസിനു പുറത്താണെന്നുമാത്രം.
തീര്‍ച്ചയായും ആത്മവിചാരണകളുടെ നേരമാണിത്. ഈ പദ്ധതികള്‍ വിഭാവന ചെയ്‌തവരും നിര്‍വാഹകരും അവരുടെ കണ്‍സള്‍ട്ടന്റുമാരും മറ്റ് വിദ്യാഭ്യാസ വിചക്ഷണരുമൊക്കെ തങ്ങള്‍ ചെയ്‌തതെന്താണെന്ന് മലയാളി സമൂഹത്തോട് തുറന്നുപറയേണ്ട സമയമാണിത്. അതിനുമുതിരാതെ അധ്യാപകരുടെ പുനര്‍വിന്യാസം, പ്രൊട്ടക്ഷന്‍ എന്നീ വിഷയങ്ങളിലേക്ക് ഈ പ്രശ്‌നം ലഘൂകരിക്കപ്പെടരുത്.
0 comments:
Post a Comment