Thursday, July 23, 2009

കെ സുരേഷ്‌ കുമാറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

തിരുവനന്തപുരം: മൂന്നാര്‍ മുന്‍ ദൗത്യസംഘത്തലവന്‍ കെ സുരേഷ്‌ കുമാറിന്റെ സസ്‌പെന്‍ഷന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതുസംബന്ധിച്ച ഉത്തരവ്‌ ഉടന്‍ പുറത്തിറങ്ങും. സുരേഷ്‌ കുമാര്‍ കുറ്റം ചെയ്‌തിട്ടില്ലെന്ന ചീഫ്‌ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ഈ നടപടി. റിപ്പോര്‍ട്ട്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ അംഗീകരിച്ചു തുടര്‍നടപടിക്കായി ചീഫ്‌ സെക്രട്ടറിക്കുതന്നെ കൈമാറി.
സുമരഷ്‌കുമാര്‍ സര്‍വീസ്‌ ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്നാണ്‌ ചീഫ്‌ സെക്രട്ടറി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്‌. എന്നാല്‍ മുതര്‍ന്ന ഐ എ എസ്‌ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ വിവാദപരമാര്‍ശങ്ങള്‍ സുരേഷിന്‌ ഒഴിവാക്കാമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌.
മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച്‌ കെ സുരേഷ്‌കുമാര്‍ പരസ്യ പ്രസ്‌താവന നടത്തിയതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 10 നാണ്‌ സര്‍വീസില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.

നിര്‍ഭാഗ്യവാനായ `ഭാഗ്യവാന്‍'; ജാക്ക്‌പോട്ട്‌ അടിച്ച നിമിഷം ജയിലായി

ടൊറോന്‍ഡോ: ലോട്ടറി അടിച്ചതിന്റെ ആഹ്ലാദം പങ്കുവയ്‌ക്കാന്‍ കഴിയുംമുമ്പേ കാനഡക്കാരന്‍ എത്തിയത്‌ ജയിലില്‍. 44.4 മില്ല്യണ്‍ ഡോളറിന്റെ ജാക്‌പോട്ട്‌ ചെക്ക്‌ കൈയില്‍വാങ്ങി പോക്കറ്റില്‍ നിക്ഷേപിച്ചതിന്‌ തൊട്ടുപിറകേയാണ്‌ ഭാഗ്യവാനെ പൊലീസ്‌ കൈവിലങ്ങുകളോടെ ഇരുമ്പഴിക്കുള്ളിലാക്കിയത്‌.
ഇന്ത്യാക്കാര്‍ കൂടുതല്‍ അധിവസിക്കുന്ന ബ്രാംപടണ്‍ നിവാസിയായ ബാരി ഷെല്‍ (45) ഒരേസമയം ഭാഗ്യത്തിന്റെ മധുരവും നിര്‍ഭാഗ്യത്തിന്റെ കയ്‌പും അനുഭവിച്ചത്‌. 5,000 ഡോളര്‍ മോഷ്ടിച്ചതിനും അനധികൃതമായി സ്വത്ത്‌ സമ്പാധിച്ചതിനും ഇയാള്‍ക്കെതിരെ നേരത്തേ കേസ്‌ ഉണ്ടായിരുന്നു. ഈ കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന്‌ 2003 ല്‍ ഇയാള്‍ക്കെതിരെ കോടതി വാറന്റ്‌ പുറപ്പെടുവിക്കുകയും ചെയ്‌തിരുന്നു.
കഴിഞ്ഞദിവസം രാവിലെ പ്രൊവിന്‍ഷ്യല്‍ ഒന്റാറിയോ ലോട്ടറി ആന്‍ഡ്‌ ഗെയ്‌മിംഗ്‌ ആസ്ഥാനത്തെത്തി 4,37,298 ഡോളറിന്റെ (എകദേശം 13 കോടിയിലധികം രൂപ) ചെക്ക്‌ കൈപ്പറ്റിയ ബാരി ഷെല്‍ പുറത്തിറങ്ങി ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്യുമ്പോഴാണ്‌ പൊലീസ്‌ എത്തിയതും അറസ്‌റ്റ്‌ ചെയ്‌തതും.
തനിക്കെതിരെ വാറന്റുണ്ടെന്നുകേട്ട ബാരി ഷെല്‍ ഒരു നിമിഷം ഞെട്ടിത്തകര്‍ന്നുപോയി. ഇതിനിടെ പൊലീസ്‌ അയാളുടെ കൈകള്‍ പിന്നിലാക്കി വിലങ്ങുവയ്‌ക്കുകയും ചെയ്‌തു. തന്നെ അനുഗ്രഹിച്ചത്‌ ഭാഗ്യദേവതയോ നിര്‍ഭാഗ്യദേവതയോ എന്നറിയാത്ത അവസ്ഥയിലാണ്‌ ഷെല്‍ ഇപ്പോള്‍.

ആദായനികുതി നല്‍കുന്നവരിലും മുന്നില്‍ സച്ചിന്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ്‌ താരങ്ങളില്‍ ഏറ്റവും കുടുതല്‍ ആദായ നികുതി നല്‍കുന്നത്‌ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ആരാധകര്‍ക്കിടയില്‍ പൂതിയ സൂപ്പര്‍താരമായ മഹേന്ദ്രസിംഗ്‌ ധോണിയെ ബഹുദൂരം പിന്നിലാക്കിയാണ്‌ സച്ചിന്‍ മുമ്പിലെത്തിയത്‌.
കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി എട്ട്‌ കോടിയില്‍ കുറയാത്ത തുകയാണ്‌ സച്ചിന്‍ ആദായ നികുതിയായി നല്‍കുന്നത്‌. കഴിഞ്ഞവര്‍ഷം 8.7 കോടിയും അതിനു മുന്‍ വര്‍ഷം 8.1 കോടിയുമാണ്‌ സച്ചിന്‍ ആദായനികുതിയായി നല്‍കിയത്‌.
രണ്ടാം സ്ഥാനം ഇന്ത്യന്‍ ക്യാപ്‌ടന്‍ മഹേന്ദ്രസിംഗ്‌ ധോണിക്കുതന്നെ. കഴിഞ്ഞവര്‍ഷം 4.7 കോടിരൂപ ധോണി ആദായനികുതിയായി രാജ്യത്തിന്റെ ഖജനാവിന്‌ നല്‍കി.
മൂന്നാം സ്ഥാനത്തുള്ള വിരേന്ദന്‍ സേവാഗ്‌ 3.4 കോടിയും നാലാം സ്ഥാനത്തുള്ള ഇന്ത്യന്‍ വൈസ്‌ക്യാപ്‌ടന്‍ യുവരാജ്‌ സിംഗ്‌ 2.6 കോടിയും ആദായ നികുതിപ്പണമായി നല്‍കി. വെറ്ററന്‍ രാഹുല്‍ദ്രാവിഡ്‌ ആണ്‌ അഞ്ചാം സ്ഥാനത്ത്‌. 2.4 കോടിയാണ്‌ ദ്രാവിഡിന്റെ സംഭാവന.

പാരസെറ്റമോള്‍ ഗുളിക കഴിച്ച 24 കുട്ടികള്‍ മരിച്ചു

ധാക്ക: ബംഗ്ലദേശില്‍ പാരസെറ്റമോള്‍ ഗുളിക കഴിച്ച 24 കുട്ടികള്‍ മരിച്ചു. ഒരു വയസിനും അഞ്ചു വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ്‌ മരിച്ചത്‌. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ഏഴംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്‌
കോമില ജില്ലയിലെ റിഡ്‌ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി നിര്‍മ്മിച്ച പാരസെറ്റാമോള്‍ ഗുളികയാണ്‌ കുട്ടികള്‍ കഴിച്ചത്‌. ഈ കമ്പനി സര്‍ക്കാര്‍ പൂട്ടി മുദ്രവച്ചിട്ടുണ്ട്‌.
സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച്‌ റിഡ്‌ കമ്പനി അവരുടെ എല്ലാ ഉല്‍പന്നങ്ങളും വിപണിയില്‍ നിന്നു പിന്‍വലിച്ചു. എന്നാല്‍ അപകടരമായ ഒന്നും ഗുളികയില്‍ ചേര്‍ത്തിരുന്നില്ലെന്നാണ്‌ കമ്പനി അറിയിച്ചിരിക്കുന്നത്‌.

മൈക്കല്‍ ജാക്‌സന്റെ ഡോക്ടറുടെ വീട്ടില്‍ റെയ്‌ഡ്‌

ലോസ്‌ഏഞ്ചല്‍സ്‌: മൈക്കല്‍ ജാക്‌സന്റെ ഡോക്‌ടര്‍ കോണ്‍റാഡ്‌ മുറേയുടെ ഹൂസ്‌റ്റണിലെ ഓഫിസില്‍ റെയ്‌ഡ്‌. മെഡിക്കല്‍ അധികൃതരും പൊലീസും ചേര്‍ന്നാണ്‌ റെയ്‌ഡ്‌ നടത്തിയത്‌.
ടെക്‌സസിലെയും ഹൂസ്‌റ്റണിലെയും ആംസ്‌ട്രോങ്‌ മെഡിക്കല്‍ ക്ലിനിക്കിലാണ്‌ റെയ്‌ഡ്‌ നടന്നത്‌. അമിതമായ രീതിയില്‍ മരുന്നുകളുടെ
ഉപയോഗമാണ്‌ ജാക്‌സന്റെ മരണത്തിന്‌ ഇടയാക്കിയതെന്ന സംശയം ബലപ്പെട്ടിരിക്കുന്നതിനിടെയാണ്‌ റെയ്‌ഡ്‌.
അതേസമയം, 50 കാരനായ മൈക്കല്‍ ജാക്‌സന്റെ മരണം സംബന്ധിച്ച ദുരൂഹത ഇപ്പോഴും തുടരുകയാണ്‌. മരണ സമയത്ത്‌ ഡോക്‌ടര്‍ മുറേ മൈക്കല്‍ ജാക്‌സന്റെ വസതിയില്‍ ഉണ്ടായിരുന്നുവെന്നാണ്‌ കരുതുന്നത്‌. മൈക്കല്‍ ജാക്‌സനെ അവസാനമായി ജീവനോടെ കണ്ടതും ഡോക്‌ടറാണെന്നു കരുതുന്നു.

സാദ്‌ ബിന്‍ലാദന്‍ കൊല്ലപ്പെട്ടതായി വാര്‍ത്ത

ഇസ്‌ലാമാബാദ്‌: അല്‍ഖായിദ തലവന്‍ ഉസാമ ബിന്‍ ലാദന്റെ മൂന്നാമത്തെ മകന്‍ സാദ്‌ ബിന്‍ലാദന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. ഈ വര്‍ഷം ആദ്യം പാക്കിസ്‌ഥാനില്‍ നടന്ന യു എസ്‌ മിസൈല്‍ ആക്രമണത്തിലാണ്‌ സാദ്‌ കൊല്ലപ്പെട്ടതെന്ന്‌ യു എസ്‌ നാഷണല്‍ പബ്ലിക്‌ റേഡിയോ അറിയിച്ചു. പേരു വെളിപ്പെടുത്താത്ത ഇന്റലിജന്‍സ്‌ വൃത്തങ്ങളെ ഉദ്ധരിച്ചാണ്‌ റേഡിയോ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്‌.
എന്നാല്‍ വാര്‍ത്തയ്‌ക്ക്‌ ഔദ്യോഗിക കേന്ദ്രങ്ങള്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല. നേരത്തേ ഇറാനില്‍ വീട്ടുതടങ്കലിലായിരുന്നു സാദ്‌ ബിന്‍ ലാദന്‍. ഇറാനില്‍നിന്നും സാദ്‌ കഴിഞ്ഞ ജനുവരിയില്‍ പാക്കിസ്‌ഥാനില്‍ എത്തിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം മുതല്‍ ഇതുവരെ യു എസ്‌ 50 മിസൈല്‍ ആക്രമണങ്ങളാണ്‌ പാക്കിസ്‌ഥാനിലെ തീവ്രവാദ താവളങ്ങള്‍ ലക്ഷ്യമാക്കി നടത്തിയത്‌. ഉന്നത തീവ്രവാദി നേതാക്കള്‍ ഉള്‍പ്പെടെ 470 പേര്‍ ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടുകയും ചെയ്‌തു. അതേസമയം അല്‍ ഖായിദയുടെ പ്രധാന പോരാളിയായിരുന്നില്ല സാദ്‌.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP