Thursday, August 20, 2009

പിണറായിയുടെ റിട്ട്‌ 31 ന്‌ പരിഗണിക്കും

ന്യൂഡല്‍ഹി: വിവാദമായ ലാവ്‌ലിന്‍ കേസില്‍ സി പി എം കേരള സെക്രട്ടറി പിണറായി വിജയന്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി ഈ മാസം 31 ന്‌ പരിഗണിക്കും. ഹര്‍ജി കോടതിയുടെ അഡ്വാന്‍സ്‌ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെതിരെ പ്രോസിക്യൂഷന്‌ അനുമതി നല്‍കിയ ഗവര്‍ണറുടെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും സി ബി ഐ നല്‍കിയ കുറ്റപത്രം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട്‌ കഴിഞ്ഞ തിങ്കളാഴ്‌ചയാണ്‌ പിണറായി ക്രിമിനല്‍ റിട്ട്‌ ഹര്‍ജി സമര്‍പ്പിച്ചത്‌. സംസ്ഥാന സര്‍ക്കാരിനെയും സി ബി ഐ യെയുമാണ്‌ റിട്ടില്‍ എതിര്‍കക്ഷിയാക്കിയിട്ടുള്ളത്‌.

ലോക ബോക്‌സിംഗ്‌: വിജേന്ദറിന്‌ രണ്ടാം റാങ്ക്‌

ന്യൂഡല്‍ഹി: ഇന്ത്യയുടെ ബോക്‌സിംഗ്‌ താരം വിജേന്ദര്‍ സിംഗിന്‌ ലോക റാങ്കിങ്ങില്‍ രണ്ടാം സ്‌ഥാനം. ആദ്യമായാണ്‌ വിജേന്ദര്‍ രാജ്യാന്തര ബോക്‌സിംഗ്‌ അസോസിയേഷന്റെ റാങ്കിങ്ങില്‍ രണ്ടാമതെത്തുന്നത്‌. 75 കിലോഗ്രാം വിഭാഗത്തിലാണ്‌ വിജേന്ദര്‍ രണ്ടാമതെത്തിയത്‌. കഴിഞ്ഞ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ വിജേന്ദര്‍അടുത്തിടെ ചെക്ക്‌ റിപ്പബ്ലിക്കില്‍ നടന്ന യൂറോപ്യന്‍ ഗ്രാന്‍ഡ്‌ പ്രീയിലും ചൈനയില്‍ നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലും വിജേന്ദര്‍ വെങ്കലം കരസ്ഥമാക്കിയിരുന്നു. ഒളിമ്പിക്‌സില്‍ സെമിയില്‍ വിജേന്ദറിനെ തോല്‌പിക്കുകയും വെള്ളി മെഡല്‍ നേടുകയും ചെയ്‌ത ക്യൂബയുടെ എമിലിയോ കൊറയ ബയൂവ്‌ ആണ്‌ റാങ്കിംഗില്‍ ഒന്നാമത്‌.
1700 പോയിന്റുള്ള വിജേന്ദറിനെ ബഹുദൂരം (2500 പോയിന്റ്‌) പിന്‍തള്ളിയാണ്‌ എമിലിയോ കൊറയ ബയൂവ്‌ ഒന്നാം സ്ഥാനത്തിന്‌ അര്‍ഹനായത്‌. അതേസമയം ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ ഇംഗ്ലണ്ടിന്റെ ജയിംസ്‌ ഡി ഗാലെയെ റാങ്കിംഗില്‍ പരിഗണിക്കപ്പെട്ടില്ല. വിവിധ ചാമ്പ്യന്‍ഷിപ്പുകളിലെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രകടനത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ റാങ്കിംഗ്‌ നിര്‍ണയിക്കുന്നത്‌.

പഞ്ചസാര പൂഴ്‌ത്തിയ കൊക്കകോളയ്‌ക്കെതിരെ നടപടി

ഭോപ്പാല്‍: രാജ്യം കടുത്ത പഞ്ചസാര ദൗര്‍ലഭ്യം നേരിടുന്ന അവസരത്തിലും പഞ്ചസാര പൂഴ്‌ത്തിയ കൊക്കകോള കമ്പനിക്കെതിരെ നടപടി. മധ്യപ്രദേശിലെ മിതുകേഡി ഗ്രാമത്തിലെ ഹിന്ദുസ്ഥാന്‍ കൊക്കകോളയുടെ ഗോഡൗണില്‍നിന്നും 1.32 കോടി രൂപയുടെ പഞ്ചസാരയാണ്‌ അധികൃതര്‍ റെയ്‌ഡ്‌ നടത്തി പിടികൂടിയത്‌.
4.719 ക്വിന്റല്‍ പഞ്ചസാരയാണ്‌ ഇവിടെ അനധികൃതമായി സൂക്ഷിച്ചിരുന്നത്‌. ഇതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഗോഡൗണ്‍ അധികൃതര്‍ക്ക്‌ കഴിയാതെ പോയതിനെതുടര്‍ന്ന്‌ അവശ്യവസ്‌തു നിയമപ്രകാരം കേസ്‌ എടുത്തതായി അഡീഷണല്‍ കലക്ടര്‍ ബലാബെ അറിയിച്ചു.

പ്രവാസികള്‍ക്ക്‌ ക്ഷേമനിധി; നെല്ലിന്റെ താങ്ങുവില 100 രൂപ ഉയര്‍ത്തി

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനായി ഇന്ത്യന്‍ എംബസികളില്‍ പ്രത്യേക ക്ഷേമനിധി ഫണ്ട്‌ ഏര്‍പ്പെടുത്താനും നെല്ലിന്റെ താങ്ങുവില ക്വിന്റലിന്‌ 100 രൂപ ഉയര്‍ത്താനും കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു.
ക്ഷേമനിധ ഫണ്ട്‌ രൂപീകരിക്കാന്‍ ഗള്‍ഫ്‌ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ 15 ലക്ഷം രൂപ വീതം അനുവദിക്കും. അടിയന്തര വൈദ്യസഹായം, നിയമസഹായം തുടങ്ങിയവയ്‌ക്ക്‌ ഈ ഫണ്ട്‌ വിനിയോഗിക്കും.
സാധാരണ നെല്ലിന്റെ താങ്ങുവില 950 രൂപയും ഗുണനിലവാരമുള്ള നെല്ലിന്‌ 980 രൂപയുമായിരിക്കും. പൊതു വിപണിയില്‍ നിന്ന്‌ സംസ്‌ഥാനങ്ങള്‍ക്ക്‌ എടുക്കാവുന്ന വായ്‌പയുടെ പരിധിയും ഉയര്‍ത്തിയിട്ടുണ്ട്‌. ഇത്‌ മൂന്നര ശതമാനത്തില്‍നിന്നും നാല്‌ ശതമാനമായാണ്‌ ഉയര്‍ത്തിയത്‌.
തുവരപരിപ്പിന്റെ താങ്ങുവിലയില്‍ 300 രൂപയുടെ വര്‍ധനയുണ്ട്‌. 2000 ല്‍ നിന്നും 2300 രൂപയായാണ്‌ തുവരപരിപ്പിന്റെ താങ്ങുവില വര്‍ധിക്കുന്നത്‌.

പണപ്പെരുപ്പം -1.53 ശതമാനം

ന്യൂഡല്‍ഹി: ഓഗസ്‌റ്റ്‌ എട്ടിന്‌ അവസാനിച്ച ആഴ്‌ചയില്‍ രാജ്യത്തെ നാണ്യപ്പെരുപ്പ നിരക്ക്‌ മൈനസ്‌ 1.53 ശതമാനമായി വര്‍ധിച്ചു. കഴിഞ്ഞ അവലോകന വാരത്തില്‍ ഇത്‌ മൈനസ്‌ 1.74 ശതമാനമായിരുന്നു. മൊത്തവില സൂചികയില്‍ ഇക്കുറിയും വില വര്‍ധനയാണുള്ളത്‌. ഇന്ധന വിലകളില്‍ വലിയ മാറ്റമില്ല.

കാനഡയിലും ഹസ്‌തദാനത്തിന്‌ വിലക്ക്‌


ടൊറന്റോ: പന്നിപ്പനി പടരുന്നത്‌ തടയാനായി കാനഡയും ജനങ്ങള്‍ ഹസ്‌തദാനം നടത്തുന്നത്‌ നിരോധിച്ചു. ലോകത്ത്‌ ഹസ്‌തദാനം നല്‍കുന്നത്‌ നിരോധിക്കുന്ന രണ്ടാമത്തെ രാജ്യമാണ്‌ കാനഡ. കഴിഞ്ഞദിവസം സ്വീഡനും ഇത്തരത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
കാനഡയില്‍ ക്യുബെക്‌ നഗരത്തിലാണ്‌ ഹസ്‌തദാനത്തിനു വിലക്ക്‌. പന്നിപ്പനി ബാധിച്ച്‌ കാനഡയില്‍ ഇതുവരെ 66 പേരാണ്‌ മരിച്ചത്‌. അതില്‍ 21 മരണവും ക്യൂബെക്കിലാണ്‌. ഈ സാഹചര്യത്തിലാണ്‌ ഹസ്‌തദാനത്തിനും നിരോധനം ഏര്‍പ്പെടുത്തിയത്‌. നവംബര്‍ ഒന്നിനു ക്യൂബെക്കില്‍ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ്‌ പുതിയ നിയമം. പരസ്‌പരം കൈകൊടുക്കുമ്പോള്‍ രോഗാണുക്കള്‍ എളുപ്പത്തില്‍ പകരുമെന്നും തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ അത്തരം പ്രകടനങ്ങള്‍ പാടില്ലെന്നും മേയര്‍ അറിയിച്ചു.

ആഞ്‌ജല മുന്നില്‍; ഫോബ്‌സ്‌ പട്ടികയില്‍ നാല്‌ ഇന്ത്യാക്കരും

ന്യൂയോര്‍ക്ക്‌: ഫോബ്‌സ്‌ മാഗസിന്‍ ലോകത്തെ ശക്‌തരായ വനിതകളുടെ 100 അംഗ പട്ടികയിലെ പ്രഥമ സ്‌ഥാനം ജര്‍മന്‍ ചാന്‍സലര്‍ ആഞ്‌ജല മാര്‍ക്കല്‍ നിലനിര്‍ത്തി. തുടര്‍ച്ചയായി നാലാം വര്‍ഷമാണ്‌ ആഞ്‌ജല മാര്‍ക്കല്‍ ഒന്നാം സ്ഥാനത്തത്തുന്നത്‌. യു എസിലെ ഫെഡറല്‍ ഡപ്പോസിറ്റ്‌ ഇന്‍ഷുറന്‍സ്‌ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷൈല ബയറാണ്‌ രണ്ടാം സ്‌ഥാനത്ത്‌.

യു പി എ അധ്യക്ഷ സോണിയാ ഗാന്ധി ഈ പട്ടികയില്‍ 13 ാം സ്‌ഭാനത്തുണ്ട്‌. പെപ്‌സികോ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഇന്ദ്ര നൂയി മൂന്നാം സ്‌ഥാനത്തും ഐ സി ഐ സി ഐ ബാങ്ക്‌ മേധാവി ചന്ദ്ര കൊച്ചാര്‍ 20 ാം സ്ഥാനത്തുമുണ്ട്‌. 91 ാം സ്ഥാനത്തെത്തിയ ബയോകോണ്‍ ചെയര്‍മാന്‍ കിരണ്‍ മസൂംദാര്‍ ഷായാണ്‌ ഈ ലിസ്‌റ്റിലുള്ള അവസാന ഇന്ത്യാക്കാരി. കഴിഞ്ഞവര്‍ഷം പട്ടികയില്‍ 59 ാം സ്ഥാനത്ത്‌ ഇടം പിടിച്ചിരുന്ന മായാവതിക്ക്‌ പക്ഷേ ഇക്കുറി 100 നുള്ളില്‍ സ്ഥാനം കണ്ടെത്താനായില്ല.
യു എസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ 28 ല്‍നിന്നും എട്ട പടിയിറങ്ങി 36 ാം സ്ഥാനത്താണ്‌. അതേസമയം അമേരിക്കയുടെ പ്രഥമ വനിത മിഷേല്‍ ഒബാമ ആദ്യമായി ഈ ലിസ്‌റ്റില്‍ ഇടം കണ്ടു. 40 ാം സ്ഥാനമാണ്‌ മിഷേലിന്‌ ലഭിച്ചത്‌. ബ്രിട്ടനിലെ എലിസബത്ത്‌ രാജ്‌ഞി 42ാം സ്ഥാനത്തുമുണ്ട്‌.

ദക്ഷിണകൊറിയ റോക്കറ്റ്‌ വിക്ഷേപണം മാറ്റിവച്ചു

സോള്‍: കൗണ്ട്‌ഡൗണിന്‌ മിനിട്ടുകള്‍മാത്രം അവശേഷിക്കേ ദക്ഷിണകൊറിയ ഉപഗ്രഹ റോക്കറ്റ്‌ വിക്ഷേപണം മാറ്റിവച്ചു. രാജ്യത്തിന്റെ ആദ്യ ഉപഗ്രഹ വിക്ഷേപണമാണ്‌ സാങ്കേതിക കാരണങ്ങളാല്‍ ദക്ഷിണകൊറിയ മാറ്റിവച്ചത്‌.
ശാസ്‌ത്ര പരീക്ഷണ ഉപഗ്രഹമാണ്‌ ദക്ഷിണ കൊറിയ വിക്ഷേപിക്കാനിരുന്നത്‌. റഷ്യന്‍ നിര്‍മ്മിത റോക്കറ്റാണ്‌ ഉപഗ്രഹത്തെ വഹിക്കുന്നത്‌. എന്നാല്‍ വടക്കന്‍കൊറിയയുടെ റോക്കറ്റ്‌ വിക്ഷേപണത്തിന്‌ ദക്ഷിണകൊറിയയുടെ മറുപടിയായാണ്‌ അന്താരാഷ്‌ട്ര സമൂഹം ഇതിനെ നോക്കിക്കാണുന്നത്‌.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP