Thursday, July 16, 2009

നൈജീരിയന്‍ വനിത ലോട്ടറിയടിച്ച 20,000 ഡോളര്‍ ഭിക്ഷക്കാരിക്കു നല്‍കി

ലാഗോസ്‌: 20,000 ഡോളര്‍ ലോട്ടറി സമ്മാനം ലഭിച്ച നൈജീരിയന്‍ വനിത അത്‌ ഭിക്ഷക്കാരിക്ക്‌ നല്‍കി. ലോട്ടറിയില്‍ നറുക്കുവീണത്‌ തനിക്കാണെന്ന്‌ അറിഞ്ഞ്‌ മണിക്കൂറുകള്‍ക്കകമാണ്‌ ടിക്കറ്റ്‌ ഭിക്ഷക്കാരിക്ക്‌ നല്‍കിയത്‌.
ലാഗോസ്‌ സ്വദേശിയായ 46 കാരി റോസ്‌മേരി ഒബിയാക്കോറാണ്‌ രാജ്യത്തെ നാഷണല്‍ ലോട്ടറിയില്‍ സമ്മാന ജേതാവായത്‌. മൂന്ന്‌ മില്ല്യന്‍ നൈറ (നൈജീരിയന്‍ കറന്‍സി) യാണ്‌ ഒന്നാം സമ്മാനം.
സമ്മാനവിവരം അറിഞ്ഞപ്പോള്‍തന്നെ പണം ഭിക്ഷക്കാര്‍ക്ക്‌ നല്‍കുമെന്ന്‌ റോസ്‌മേരി പ്രാദേശിക ചാനലുകളിലൂടെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന്‌ നിരവധി ഭിക്ഷക്കാര്‍ റോസ്‌മേരിയെ തേടിയെത്തിയെങ്കിലും അതില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞുമായി ഭിക്ഷാടനത്തിനിറങ്ങേണ്ടിവന്ന യുവതിയെയാണ്‌ ഭാഗ്യം കടാക്ഷിച്ചത്‌.
ലോട്ടറിയിലൂടെ ലഭിച്ച പണം തന്നെ ഭയപ്പെടുത്തിയതായി റോസ്‌മേരി പറയുന്നു. ലോട്ടറിയിലൂടെ പെട്ടെന്നു പണക്കാരായവര്‍ പലരും പിന്നീട്‌ ജീവിതത്തില്‍ ഏറെ കഷ്ടപ്പെടേണ്ടിവന്ന നിരവധി കഥകള്‍ കേട്ടിട്ടുണ്ട്‌. അതുകൊണ്ടുതന്നെ അത്തരമൊരു സ്ഥിതിവിശേഷത്തെ നേരിടാന്‍ താന്‍ ഒരുക്കമല്ലെന്നും റോസ്‌മേരി പറഞ്ഞു.
ഏതായാലും സമ്മാനത്തുക ലഭിച്ച ഭിക്ഷക്കാരി അതില്‍ കുറച്ചുതുക മറ്റ്‌ ഭിക്ഷക്കാര്‍ക്കും പകുത്തുനല്‍കാന്‍ തയ്യാറായിട്ടുണ്ട്‌. ബാക്കി തുകകൊണ്ട്‌ ലാഗോസില്‍ ഒരു ഭക്ഷണശാല തുറക്കണമെന്നാണ്‌ അവരുടെ ആഗ്രഹം.

രണ്ട്‌ ദിവസത്തിനുശേഷം ഓഹരി വിപണി വീണ്ടും താഴേക്ക്‌

പ്രതീക്ഷയോടെ തുടങ്ങിയ ഓഹരി വിപണി ഒടുവില്‍ താഴോട്ടുള്ള വളര്‍ച്ച രേഖപ്പടുത്തിയാണ്‌ ഇന്ന്‌ അവസാനിച്ചത്‌. കച്ചവടത്തിന്റെ അവസാന മണിക്കൂറുകളില്‍ കടുത്തവില്‍പ്പന സമ്മര്‍ദ്ദംകൂടിയുണ്ടായതോടെ ബോംബേ ഓഹരി സൂചികയായ സെന്‍സെക്‌സ്‌ മൂന്ന്‌ പോയിന്റ്‌ ഇടിഞ്ഞ്‌ 14,025 പോയിന്റിലും ദേശീയ ഓഹരി സൂചികയായ നിഫ്‌ടി രണ്ട്‌ പോയിന്റ്‌ ഇടിഞ്ഞ്‌ 4,231 പോയിന്റിലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. വരും ദിവസങ്ങളിലും ഇതേ പ്രവണതയായിരിക്കും വിപണിയില്‍ നിഴലിക്കുകയെന്ന്‌ കരുതപ്പെടുന്നു.
കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലെ കുതിപ്പിന്റെ ആശ്വാസത്തിലാണ്‌ രാവിലെ വിപണി ആരംഭിച്ചത്‌. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുന്നത്‌ സംബന്ധിച്ച തീരുമാനമടങ്ങുന്ന കരട്‌ രേഖ രണ്ട്‌ ദിവസത്തിനകം പുറത്തിറങ്ങുമെന്ന വാര്‍ത്തകളാണ്‌ വിപണിക്ക്‌ രാവിലെ ഉത്തേജനം നല്‍കിയത്‌. വാങ്ങല്‍ വര്‍ധിച്ചതോടെ വിപണിയില്‍ സൂചിക ഉയരുകയും ചെയ്‌തു.
എന്നാല്‍ ഏതൊക്കെ കമ്പനികളുടെ എത്രയൊക്കെ ഓഹരി വില്‍ക്കുമെന്നത്‌ സംബന്ധിച്ച വിവരങ്ങള്‍ ഘട്ടം ഘട്ടമായേ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടൂവെന്ന വാര്‍ത്തയും തൊട്ടുപിറകേയെത്തി. ഇതിനൊപ്പം വില്‍പ്പനസമ്മര്‍ദ്ദവും വര്‍ധിച്ചതോടെ സൂചിക താഴേക്ക്‌ നീളുകയായിരുന്നു.

യെസാര്‍ ഓയില്‍ പെട്രോള്‍ പമ്പുകളുടെ എണ്ണം 1500 ആക്കും

ന്യൂഡല്‍ഹി: യെസാര്‍ ഓയില്‍ തങ്ങളുടെ പെട്രോള്‍ പമ്പുകളുടെ എണ്ണം 1500 ആയി ഉയര്‍ത്തുന്നു. വരുന്ന മാര്‍ച്ച്‌ മാസത്തോടെയാവും പമ്പുകളുടെ എണ്ണം 1500 ആക്കി ഉയര്‍ത്തുക. നിലവില്‍ രാജ്യത്താകമാനം 1244 പെട്രോള്‍പമ്പുകളാണ്‌ യെസാര്‍ ഓയിലിനുള്ളത്‌. എല്ലാ മാസവും 15 മുതല്‍ 20 പമ്പുകള്‍വരെ പുതുതായി ആരംഭിക്കാനാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌.

ഇന്ത്യാക്കാരായ തൊഴിലാളികളെ പീഡിപ്പിക്കുന്നത്‌ 355 തൊഴിലുടമകള്‍

ന്യൂഡല്‍ഹി: വിദേശങ്ങളില്‍ ജോലിചെയ്യുന്ന ഇന്ത്യാക്കാരെ മാനസികമായി തളര്‍ന്നുന്ന 355 തൊഴിലുടമകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്‌ പ്രവാസികാര്യമന്ത്രി വയലാര്‍ രവി അറിയിച്ചു. ഇവരെ പ്രിയോര്‍ അപ്രൂവല്‍ കാറ്റഗറി ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദേശങ്ങളില്‍ ജോലിക്കുപോകുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അതത്‌ രാജ്യങ്ങളുമായി ഉഭയകക്ഷി കരാര്‍ ഒപ്പുവയ്‌ക്കും. യു എ ഇ, കുവൈറ്റ്‌, ഒമാന്‍, ബഹറിന്‍, മലേഷ്യ എന്നീ രാജ്യങ്ങളുമായാവും ആദ്യം കരാറില്‍ ഏര്‍പ്പെടുക. ഇന്ത്യാക്കാരെ ചൂഷണം ചെയ്യുന്നതും മാനസികമായി തളര്‍ത്തുന്നതും അവസാനിപ്പിക്കുകയാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌.
വിദേശത്ത്‌ ഉപരിപഠനത്തിന്‌ പോകുന്ന വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ എംബസികളിലും പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിക്കുന്നതും പരിഗണനയിലുണ്ട്‌. ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളാണ്‌ ഇത്തരമൊരു നീക്കത്തിന്‌ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്‌.
വിദേശത്ത്‌ പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെയും തൊഴിലാളികളുടെയും കണക്ക്‌ സൂക്ഷിക്കാന്‍ പുതിയ സംവിധാനം രൂപീകരിക്കുകയാണ്‌. അടുത്തവര്‍ഷത്തോടെ ഇത്‌ പൂര്‍ത്തീകരിക്കാനാവുമെന്നും വയലാര്‍ രവി പറഞ്ഞു.

ലാഭമുണ്ടാക്കിയത്‌ 28 പൊതുമേഖലാ സ്ഥാപനങ്ങള്‍

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനിടെ സംസ്ഥാനത്ത്‌ 28 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭമുണ്ടാക്കിയതായി വ്യവസായമന്ത്രി എളമരം കരീം അറിയിച്ചു. കഴിഞ്ഞ യു ഡി എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ വെറും 12 സ്ഥാപനങ്ങളാണ്‌ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്‌. ഈ ഗണത്തിലേക്ക്‌ മൂന്ന്‌ വര്‍ഷംകൊണ്ട്‌ 16 സ്ഥാപനങ്ങളെക്കൂടി എത്തിക്കാന്‍ എല്‍ ഡി എഫ്‌ സര്‍ക്കാരിന്‌ കഴിഞ്ഞു.
അപൂര്‍വം ചിലത്‌ ഒഴികെ മിക്ക പൊതുമേഖലകളിലും വളരെ മേശമായ ശമ്പള സ്‌കെയിലാണ്‌ നിലവിലുള്ളതെന്നും മന്ത്രി എളമരം കരീം നിയമസഭയില്‍ അറിയിച്ചു. പക്ഷേ ഇവരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്‌ നിലവിലുള്ളത്‌. നലവിലുള്ള സാമ്പത്തിക സ്ഥിതിയാണ്‌ ഇതിന്‌ പ്രധാന തടസം.
അന്താരാഷ്‌ട്ര കമ്പനികളുമായി മത്സരിക്കാന്‍ കഴിയുംവിധം സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ നവീകരിക്കേണ്ടതുണ്ട്‌. ഇതിനായി വന്‍ മുതല്‍മുടക്ക്‌ വേണ്ടിവരുമെന്നും മന്ത്രിപറഞ്ഞു.

എന്‍ഡവര്‍ വിജയകരമായി വിക്ഷേപിച്ചു

വാഷിങ്‌ടണ്‍: അമേരിക്കയുടെ സ്‌പേസ്‌ ഷട്ടില്‍ `എന്‍ഡവര്‍ ഫ്‌ളോറിഡയിലെ സ്‌പേസ്‌ സെന്ററില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യന്‍ സമയം ഇന്ന്‌ പുലര്‍ച്ചെയാണ്‌ കെന്നഡി സ്‌പേസ്‌ സെന്ററില്‍ നിന്ന്‌ എന്‍ഡവര്‍ യാത്രതിരിച്ചത്‌. രാജ്യാന്തര ബഹിരാകാശ നിലയം വികസിപ്പിക്കാനുള്ള ദൗത്യവുമായാണ്‌ എന്‍ഡവര്‍ കുതിച്ചുയര്‍ന്നത്‌. നേരത്തേ അഞ്ചുതവണ എന്‍ഡവറിന്റെ വിക്ഷേപണം മാറ്റിവച്ചിരുന്നു.
ഏഴു യാത്രക്കാരുമായി എന്‍ഡവര്‍ ശനിയാഴ്‌ച രാജ്യാന്തര ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലേക്ക്‌ പുറപ്പെടാനിരുന്നതായിരുന്നു. എന്നാല്‍ വെള്ളിയാഴ്‌ച ഉണ്ടായ ശക്‌തമായ ഇടിമിന്നലിനെ തുടര്‍ന്ന്‌ യാത്ര ഞായറാഴ്‌ചത്തേക്കു മാറ്റി. മോശം കാലാവസ്‌ഥയെ തുടര്‍ന്ന്‌ ഞായറാഴ്‌ചയും എന്‍ഡവറിന്റെ വിക്ഷേപണം സാധ്യമായില്ല.
ഇന്ധന ടാങ്കിലെ ചോര്‍ച്ചയെ തുടര്‍ന്നാണ്‌ ആദ്യം രണ്ടുതവണ എന്‍ഡവറിന്റെ യാത്ര മാറ്റിവച്ച്‌ത്‌. ഇതു പരിഹരിച്ച ശേഷമാണ്‌ ശനിയാഴ്‌ച എന്‍ഡവര്‍ വിക്ഷേപിക്കാനൊരുങ്ങിയത്‌.
16 ദിവസം നീണ്ടു നില്‍ക്കുന്ന യാത്രാ ദൗത്യത്തില്‍ അഞ്ചു ബഹിരാകാശ നടത്തങ്ങളാണ്‌ പദ്ധതിയിട്ടിരിക്കുന്നത്‌. ജപ്പാന്‍ എയറോസ്‌പേസ്‌ എക്‌സ്‌പ്ലോറേഷന്‍ ഏജന്‍സിയുടെ കിബോ ലബോറട്ടറിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്‌ യാത്രാ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP