ഇന്ത്യാക്കാരായ തൊഴിലാളികളെ പീഡിപ്പിക്കുന്നത് 355 തൊഴിലുടമകള്‍
ന്യൂഡല്‍ഹി: വിദേശങ്ങളില്‍ ജോലിചെയ്യുന്ന ഇന്ത്യാക്കാരെ മാനസികമായി തളര്‍ന്നുന്ന 355 തൊഴിലുടമകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പ്രവാസികാര്യമന്ത്രി വയലാര്‍ രവി അറിയിച്ചു. ഇവരെ പ്രിയോര്‍ അപ്രൂവല്‍ കാറ്റഗറി ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദേശങ്ങളില്‍ ജോലിക്കുപോകുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അതത് രാജ്യങ്ങളുമായി ഉഭയകക്ഷി കരാര്‍ ഒപ്പുവയ്‌ക്കും. യു എ ഇ, കുവൈറ്റ്, ഒമാന്‍, ബഹറിന്‍, മലേഷ്യ എന്നീ രാജ്യങ്ങളുമായാവും ആദ്യം കരാറില്‍ ഏര്‍പ്പെടുക. ഇന്ത്യാക്കാരെ ചൂഷണം ചെയ്യുന്നതും മാനസികമായി തളര്‍ത്തുന്നതും അവസാനിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വിദേശത്ത് ഉപരിപഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ എംബസികളിലും പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിക്കുന്നതും പരിഗണനയിലുണ്ട്. ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളാണ് ഇത്തരമൊരു നീക്കത്തിന് സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.
വിദേശത്ത് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെയും തൊഴിലാളികളുടെയും കണക്ക് സൂക്ഷിക്കാന്‍ പുതിയ സംവിധാനം രൂപീകരിക്കുകയാണ്. അടുത്തവര്‍ഷത്തോടെ ഇത് പൂര്‍ത്തീകരിക്കാനാവുമെന്നും വയലാര്‍ രവി പറഞ്ഞു.
0 comments:
Post a Comment