Thursday, July 30, 2009

സാമ്പത്തിക പ്രതിസന്ധി: അമേരിക്കയില്‍ നിയമസഭാ മന്ദിരം വില്‍പ്പനയ്‌ക്ക്‌

വില്‍പ്പനയ്‌ക്കുള്ള ലിസ്‌റ്റില്‍ ജയിലുകളും ആശുപത്രികളും

ഫിനിക്‌സ്‌: ആഗോളസാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്‌ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അമേരിക്കയിലെ അരിസോണ സംസ്ഥാനം പ്രതിനിധി സഭാ, സെനറ്റ്‌ മന്ദിരങ്ങള്‍ മന്ദിരങ്ങള്‍ വില്‍ക്കാനൊരുങ്ങുന്നു.
ഇക്കാര്യം നിയമസഭാംഗങ്ങള്‍ സജീവമായി ചര്‍ച്ചചെയ്യുകയാണ്‌. ഇതു സംബന്ധിച്ച തീരുമാനവും ഉടന്‍ ഉണ്ടാകുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.
ആദ്യം മന്ദിരങ്ങള്‍ വന്‍ തുകയ്‌ക്ക്‌ വില്‍ക്കുക, എന്നിട്ട്‌ അവ വാങ്ങുന്നവരില്‍നിന്നും ലീസിന്‌ സര്‍ക്കാര്‍ തന്നെ ഈ മന്ദിരങ്ങള്‍ തിരിച്ചെടുക്കുകയെന്ന പദ്ധതിയാണ്‌ ഇപ്പോള്‍ സജീവ പരിഗണനയിലുള്ളത്‌. സാമ്പത്തിക ഭദ്രത ഉറപ്പാകുന്ന കാലത്ത്‌ ഈ കെട്ടിടങ്ങള്‍ തിരിടെ വാങ്ങാമെന്നാണ്‌ സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
വില്‍പ്പന ഈ മന്ദിരങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ലെന്നതാണ്‌ വസ്‌തുത. ജയിലുകളുടെയും മാനസികാരോഗ്യ കേന്ദ്രങ്ങളുടെയും കെട്ടിടങ്ങളും വില്‍പ്പനയ്‌ക്ക വയ്‌ക്കുന്നുണ്ട്‌. എന്നാല്‍ ഇത്‌ ജനങ്ങള്‍ക്കിടയില്‍ ആശങ്കയും പരത്തുന്നുണ്ട്‌.
കെട്ടിടം വില്‍പനയിലൂടെ 3,675 കോടി രൂപ സമാഹരിക്കാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. കെട്ടിടങ്ങള്‍ ലീസിലെടുക്കാന്‍ ചെലവാക്കേണ്ടത്‌ കിഴിച്ചുള്ള തുകയാണിത്‌. ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന്‌ മനരിടേണ്ടിവരുക 17000 കോടിരൂപയുടെ ബജറ്റ്‌ കമ്മിയാണെന്നാണ്‌ റിപ്പോര്‍ട്ട്‌. ഈ സാഹചര്യത്തില്‍ കെട്ടിടങ്ങള്‍ വില്‍ക്കുകയല്ലാതെ മറ്റ്‌ വഴികളില്ലെന്നാണ്‌ അരിസോണ ഭരണകര്‍ത്താക്കളുടെ നിലപാട്‌.

ഇന്റര്‍സെപ്‌റ്റര്‍ ബോട്ട്‌ കമ്മിഷന്‍ ചെയ്‌തു


കൊല്ലം: സംസ്ഥാനത്തിന്‌ അനുവദിച്ച ഒന്‍പത്‌ തീരദേശ പൊലീസ്‌ സ്റ്റേഷനുകളും ഈ വര്‍ഷം തന്നെ പ്രവര്‍ത്തനക്ഷമമാക്കുമെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍. പ്രവര്‍ത്തനം ആരംഭിച്ച നീണ്ടകര കോസ്റ്റല്‍ പൊലീസ്‌ സ്റ്റേഷന്‌ ലഭിച്ച ഹൈസ്‌പീഡ്‌ ഇന്റര്‍സെപ്‌റ്റര്‍ ബോട്ട്‌ കടലില്‍ ഇറക്കിയശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.
കടലില്‍ പോകുന്നവര്‍ക്ക്‌ ഐഡന്റിറ്റി കാര്‍ഡുകളും, വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും നമ്പരുകളും നല്‍കും. ഇവയില്ലാത്ത യാനങ്ങള്‍ കടലില്‍ ഇറങ്ങില്ലെന്ന്‌ ഉറപ്പുവരുത്തും. തീരദേശ പൊലീസ്‌ സ്റ്റേഷനുകള്‍ക്കാവശ്യമായ ഹൈസ്‌പീഡ്‌ ബോട്ടുകളുടെ നിര്‍മാണം ഗോവയില്‍ നടന്നുവരുന്നു.
അത്യാധുനിക സജ്ജീകരണങ്ങളുള്ള ഇന്റര്‍സെപ്‌റ്റര്‍ ബോട്ടിന്‌ കെ സി പി `നേത്ര' എന്ന്‌ ആഭ്യന്തരമന്ത്രി നാമകരണം ചെയ്‌തു.
മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍, ഡി ജി പി ജേക്കബ്‌ പുന്നൂസ്‌, തിരുവനന്തപുരം റേഞ്ച്‌ ഐജി എ ഹേമചന്ദ്രന്‍, ജില്ലാ പൊലീസ്‌ സൂപ്രണ്ട്‌ കെ സഞ്‌ജയ്‌കുമാര്‍, നീണ്ടകര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി മനോഹരന്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബി രാജു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഫ്‌ളാഗ്‌ ഓഫിനുശേഷം മന്ത്രിമാരും പൊലീസ്‌ ഉദ്യോഗസ്ഥരും ബോട്ടില്‍ യാത്ര ചെയ്‌തു.
ബുള്ളറ്റ്‌പ്രൂഫ്‌ ബോട്ടില്‍ അത്യാധുനിക ഉപകരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന്‌ സ്‌ട്രക്‌ച്ചറല്‍ എന്‍ജിനീയറും പ്രോജക്‌ട്‌ കോ-ഓര്‍ഡിനേറ്ററുമായ സിറില്‍ ഫെര്‍ണാണ്ടസ്‌ പറഞ്ഞു. രാത്രിയിലും പകലും കടലില്‍ നിരീക്ഷണം നടത്താന്‍ കഴിയുന്ന ബോട്ട്‌ ഒരിക്കലും വെള്ളത്തില്‍ മുങ്ങിപ്പോവുകയില്ല. 12 ടണ്‍ കേവുഭാരവും 13 മീറ്റര്‍ നീളവുമുള്ള ബോട്ടില്‍ നാല്‌ ജീവനക്കാരുള്‍പ്പെടെ 20 പേര്‍ക്ക്‌ സഞ്ചരിക്കാനാകും. 75 നോട്ടിക്കല്‍ മൈല്‍ വേഗത കൈവരിക്കാനാകും.
ജി പി എസ്‌ സംവിധാനം, റഡാര്‍, എക്കോസൗണ്ടര്‍ എന്നിവയും അഗ്നിശമനയന്ത്രങ്ങള്‍, ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളും ബോട്ടില്‍ സജ്ജീകരിച്ചിട്ടുണ്ട്‌. പൂര്‍ണമായും ശീതീകരിച്ചിട്ടുള്ളതും ബുള്ളറ്റ്‌ പ്രൂഫുമാണിത്‌.
ഗോവ ഷിപ്പ്‌യാര്‍ഡിലാണ്‌ ബോട്ട്‌ നിര്‍മിച്ചത്‌. അയല്‍രാജ്യങ്ങള്‍ക്കൊന്നും ഇത്രയധികം സംവിധാനങ്ങളുള്ള ഹൈസ്‌പീഡ്‌ ഇന്റര്‍സെപ്‌റ്റര്‍ ബോട്ടുകളില്ലെന്നും സിറിള്‍ ഫെര്‍ണാണ്ടസ്‌ പറഞ്ഞു.

സ്‌റ്റോക്‌നെറ്റ്‌ ഇന്റര്‍നാഷണലിന്‌ വിലക്ക്‌

മുംബൈ: സോഫ്‌ട്‌ വെയര്‍ കമ്പനിയായ സ്‌റ്റോക്‌നെറ്റ്‌ ഇന്റര്‍നാഷണലിന്‌ വിലക്ക്‌. തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്‌താവനകള്‍ നടത്തിയതിനാണ്‌ സെക്യൂരിറ്റി മാര്‍ക്കറ്റില്‍ ഇവര്‍ക്ക്‌ സെബി ആറ്‌ മാസത്തെ വിലക്ക്‌ ഏര്‍പ്പെടുത്തിയത്‌. കമ്പനിയിലെ ഡയറക്ടര്‍മാര്‍ക്കും വിലക്ക്‌ ബാധകമാക്കിയിട്ടുണ്ട്‌. സെക്യൂരിറ്റി മാര്‍ക്കറ്റിലെ വില്‌പനയിലും വാങ്ങലിലും ഇവര്‍ക്ക്‌ വിലക്കുണ്ട്‌.
ഒപ്‌ടിക്കല ഫൈബര്‍, സോഫ്‌ട്‌ വെയര്‍ ബിസിനസുകള്‍ക്കായി ഒരു അമേരിക്കന്‍ കമ്പനിയുമായി 2001 ജൂലൈയില്‍ കരാറുണ്ടാക്കിയെന്ന്‌ നടത്തിയ പ്രസ്‌താവനയാണ്‌ സ്‌റ്റോക്‌നെറ്റിന്‌ വിനയായത്‌. ഈ പ്രസ്‌താവനയെ സാധൂകരിക്കാന്‍ 2001 ജൂലൈയില്‍തന്നെ നിക്ഷേപകര്‍ക്ക്‌ 20 ശതമാനം ഡിവിഡന്റും കമ്പനി പ്രഖ്യാപിച്ചിരുന്നു.
ഇതോടെ ബോംബെ ഓഹരി കമ്പോളത്തില്‍ സ്‌റ്റോക്‌നെറ്റ്‌ ഇന്റര്‍നാഷണലിന്റെ ഓഹരി വില ഉയരുകയും വില്‌പന വര്‍ധിക്കുകയും ചെയ്‌തു. എന്നാല്‍ ഡിവിഡന്റ്‌ പ്രഖ്യാപനം കമ്പനി സെപ്‌തംബറില്‍ പിന്‍വലിക്കുകയും ചെയ്‌തു.ഉപഭോക്താക്കളെ കമ്പളിപ്പിച്ച്‌ കമ്പനിയുടെ ഓഹരി മൂല്യം വര്‍ധിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമായാണ്‌ സെബി ഇതിനെ വിലയിരുത്തിയത്‌.

ആഗോള സാമ്പത്തികമാന്ദ്യം എല്‍ ഐ സിക്കു തുണയായി

ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക മാന്ദ്യം ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യയ്‌ക്ക്‌ അനുഗ്രഹമാവുന്നു. മറ്റ്‌ സ്വകാര്യ ഇന്‍ഷ്വറന്‍സ്‌ കമ്പനികള്‍ക്ക്‌ സാമ്പത്തിക മാന്ദ്യം തിരിച്ചടിയായപ്പോള്‍ എല്‍ ഐ സിയുടെ ബിസിനസ്‌ വര്‍ധിക്കുകയാണ്‌ ചെയ്‌തത്‌. പൊതുമേഖലയില്‍ നില്‍ക്കുന്നതുകൊണ്ട്‌ ജനങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ എല്‍ ഐ സിക്കു കഴിഞ്ഞതാണ്‌ ഈ നേട്ടത്തിനു പിന്നില്‍.
നടപ്പ്‌ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ എല്‍ ഐ സിയുടെ ബിസിനസില്‍ 10 ശതമാനം വര്‍ധനയാണുണ്ടായത്‌. അതേസമയം ഈ കാലയളവില്‍ നേട്ടമുണ്ടാക്കാന്‍ സ്വകാര്യകമ്പനികള്‍ക്ക്‌ കഴിഞ്ഞിട്ടില്ല. സ്വകാര്യമേഖലയില്‍നിന്ന്‌ ജനം കൂട്ടായി എല്‍ ഐ സിയിലേക്ക്‌ മാറുന്നുവെന്നാണ്‌ ഈ കണക്ക്‌ സൂചിപ്പിക്കുന്നത്‌.
ലൈഫ്‌ ഇന്‍ഷറന്‍സ്‌ മേഖലയില്‍ നേരത്തെ 52 ശതമാനത്തിന്റെ മേല്‍ക്കേയ്‌മയായിരുന്നു നേരത്തേ എല്‍ ഐ സിക്കുണ്ടായിരുന്നത്‌. ബാക്കി 48 ശതമാനം സ്വകാര്യ ഇന്‍ഷ്വറന്‍സ്‌ കമ്പനികളുടെ കൈവശവും. ഈ ആനുപാതത്തില്‍ വന്‍ മാറ്റം വന്നുകഴിഞ്ഞു. ഇപ്പോള്‍ 62 ശതമാനവും എല്‍ ഐ സിയുടെ കൈയിലാണ്‌. പഴയ പ്രതാപകാലത്തേക്ക്‌ എല്‍ ഐ സി മടങ്ങിവരുന്നതിന്റെ സൂചനയാണിതെന്ന്‌ സാമ്പത്തിക വിദഗ്‌ദ്ധര്‍ ചൂണ്‌ിക്കാട്ടുന്നു.
കഴിഞ്ഞ പാദത്തില്‍ എല്ലാ ഇന്‍ഷ്വറന്‍സ്‌ കമ്പനികളും കൂടി ആകെ സമാഹരിച്ചത്‌ 14,456.34 കോടി രൂപയാണ്‌. എന്നാല്‍ ഇതില്‍ 9,028.68 കോടിയും സമാഹരിച്ചത്‌ എല്‍ ഐ സിയാണ്‌. ബാക്കി 5,427.67 കോടിയാണ്‌ മറ്റ്‌ 21 സ്വകാര്യ ഇന്‍ഷ്വറന്‍സ്‌ കമ്പനികളുംകൂടി സമാഹരിച്ചത്‌.
ഈ കമ്പനികളുടെ പ്രീമിയം വരുമാനത്തില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്‌ 25 ശതമാനത്തിന്റെ കുറവും സംഭവിച്ചുകഴിഞ്ഞതായും ഐ ആര്‍ ഡി എയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഐ സി ഐ സി പ്രുഡന്‍ഷ്യല്‍സിന്റെ വരുമാനം 1590 കോടിയില്‍നിന്നും 807 കോടിയായാണ്‌ കഴിഞ്ഞ പാദത്തില്‍ കുറഞ്ഞത്‌.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP