Thursday, July 30, 2009

ഇന്റര്‍സെപ്‌റ്റര്‍ ബോട്ട്‌ കമ്മിഷന്‍ ചെയ്‌തു


കൊല്ലം: സംസ്ഥാനത്തിന്‌ അനുവദിച്ച ഒന്‍പത്‌ തീരദേശ പൊലീസ്‌ സ്റ്റേഷനുകളും ഈ വര്‍ഷം തന്നെ പ്രവര്‍ത്തനക്ഷമമാക്കുമെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍. പ്രവര്‍ത്തനം ആരംഭിച്ച നീണ്ടകര കോസ്റ്റല്‍ പൊലീസ്‌ സ്റ്റേഷന്‌ ലഭിച്ച ഹൈസ്‌പീഡ്‌ ഇന്റര്‍സെപ്‌റ്റര്‍ ബോട്ട്‌ കടലില്‍ ഇറക്കിയശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.
കടലില്‍ പോകുന്നവര്‍ക്ക്‌ ഐഡന്റിറ്റി കാര്‍ഡുകളും, വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും നമ്പരുകളും നല്‍കും. ഇവയില്ലാത്ത യാനങ്ങള്‍ കടലില്‍ ഇറങ്ങില്ലെന്ന്‌ ഉറപ്പുവരുത്തും. തീരദേശ പൊലീസ്‌ സ്റ്റേഷനുകള്‍ക്കാവശ്യമായ ഹൈസ്‌പീഡ്‌ ബോട്ടുകളുടെ നിര്‍മാണം ഗോവയില്‍ നടന്നുവരുന്നു.
അത്യാധുനിക സജ്ജീകരണങ്ങളുള്ള ഇന്റര്‍സെപ്‌റ്റര്‍ ബോട്ടിന്‌ കെ സി പി `നേത്ര' എന്ന്‌ ആഭ്യന്തരമന്ത്രി നാമകരണം ചെയ്‌തു.
മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍, ഡി ജി പി ജേക്കബ്‌ പുന്നൂസ്‌, തിരുവനന്തപുരം റേഞ്ച്‌ ഐജി എ ഹേമചന്ദ്രന്‍, ജില്ലാ പൊലീസ്‌ സൂപ്രണ്ട്‌ കെ സഞ്‌ജയ്‌കുമാര്‍, നീണ്ടകര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി മനോഹരന്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബി രാജു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഫ്‌ളാഗ്‌ ഓഫിനുശേഷം മന്ത്രിമാരും പൊലീസ്‌ ഉദ്യോഗസ്ഥരും ബോട്ടില്‍ യാത്ര ചെയ്‌തു.
ബുള്ളറ്റ്‌പ്രൂഫ്‌ ബോട്ടില്‍ അത്യാധുനിക ഉപകരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന്‌ സ്‌ട്രക്‌ച്ചറല്‍ എന്‍ജിനീയറും പ്രോജക്‌ട്‌ കോ-ഓര്‍ഡിനേറ്ററുമായ സിറില്‍ ഫെര്‍ണാണ്ടസ്‌ പറഞ്ഞു. രാത്രിയിലും പകലും കടലില്‍ നിരീക്ഷണം നടത്താന്‍ കഴിയുന്ന ബോട്ട്‌ ഒരിക്കലും വെള്ളത്തില്‍ മുങ്ങിപ്പോവുകയില്ല. 12 ടണ്‍ കേവുഭാരവും 13 മീറ്റര്‍ നീളവുമുള്ള ബോട്ടില്‍ നാല്‌ ജീവനക്കാരുള്‍പ്പെടെ 20 പേര്‍ക്ക്‌ സഞ്ചരിക്കാനാകും. 75 നോട്ടിക്കല്‍ മൈല്‍ വേഗത കൈവരിക്കാനാകും.
ജി പി എസ്‌ സംവിധാനം, റഡാര്‍, എക്കോസൗണ്ടര്‍ എന്നിവയും അഗ്നിശമനയന്ത്രങ്ങള്‍, ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളും ബോട്ടില്‍ സജ്ജീകരിച്ചിട്ടുണ്ട്‌. പൂര്‍ണമായും ശീതീകരിച്ചിട്ടുള്ളതും ബുള്ളറ്റ്‌ പ്രൂഫുമാണിത്‌.
ഗോവ ഷിപ്പ്‌യാര്‍ഡിലാണ്‌ ബോട്ട്‌ നിര്‍മിച്ചത്‌. അയല്‍രാജ്യങ്ങള്‍ക്കൊന്നും ഇത്രയധികം സംവിധാനങ്ങളുള്ള ഹൈസ്‌പീഡ്‌ ഇന്റര്‍സെപ്‌റ്റര്‍ ബോട്ടുകളില്ലെന്നും സിറിള്‍ ഫെര്‍ണാണ്ടസ്‌ പറഞ്ഞു.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP