Friday, August 21, 2009

ഓഹരിവിപണിയില്‍ വളര്‍ച്ച

മുംബൈ: നഷ്ടത്തില്‍ വിപണനം തുടങ്ങിയ മുംബൈ ഓഹരി സുചിക ഒടുവില്‍ മനട്ടം കൊയ്‌തു. 215 പോയിന്റ്‌ നേട്ടത്തോടെ 15227 പോയിന്റിലാണ്‌ സെന്‍സെക്‌സ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. രാവിലെ 126 പോയിന്റുവരെ പിന്നോക്കം പോയശേഷമായിരുന്നു ഈ തിരിച്ചുവരവ്‌.
ദേശീയ ഓഹരി സൂചികയായ നിഫ്‌ടിയിലും നേട്ടമുണ്ടായി. വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ നിഫ്‌ടി 73 പോയിന്റ്‌ ഉയര്‍ന്ന്‌ 4527 പോയിന്റില്‍ എത്തിയിരുന്നു.
റിയാല്‍ട്ടി, ഓട്ടോ, ബാങ്കിംഗ്‌, ഓയില്‍ ആന്‍ഡ്‌ ഗ്യാസ്‌, ഊര്‍ജം, തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ക്ക്‌ ഇന്ന്‌ ആവശ്യക്കാര്‍ ഏറെയായിരുന്നു. ഇതാണ്‌ വിപിണയില്‍ ഉണര്‍വുണ്ടാക്കിയത്‌.
റിലയന്‍സ്‌, ഇന്‍ഫോസിസ്‌, ഐ സി ഐ സി ഐ ബാങ്ക്‌, എല്‍ ആന്‍ഡ്‌ ടി, എച്ച്‌ ഡി എഫ്‌ സി ബാങ്ക്‌, ഭാരതി എയര്‍ടെല്‍, ഒ എന്‍ ജി സി തുടങ്ങിയ ഓഹരികള്‍ നേട്ടം കൊയ്‌തു.

പന്നിപ്പനി: മരണം 45 ആയി

ചെന്നൈ: എച്ച്‌1 എന്‍1 പനി ബാധിച്ച്‌ ചെന്നൈയില്‍ ഒരാള്‍ മരിച്ചു. ഇതോടെ രാജ്യത്ത്‌ പന്നിപ്പനിയെ തുടര്‍ന്നു മരിക്കുന്നവരുടെ എണ്ണം 45 ആയി.
ബാംഗ്ലൂരില്‍ നാലും ഡല്‍ഹിയിലും ഗുജറാത്തിലും രണ്ടുവീതവും മുംബൈയിലും പുണെയിലും ഓരോരുത്തരും കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
ഇതേവരെ രാജ്യത്ത്‌ പന്നിപ്പനി ബാധിച്ച്‌ ഏറ്റവും കൂടുതല്‍ മപര്‍ മരിച്ചത്‌ മഹാരാഷ്‌ട്രയിലാണ്‌. 21 പേര്‍ ഇവിടെ മരിച്ചു. ഇതില്‍ 16 മരണവും പൂനെയിലാണ്‌ സംഭവിച്ചത്‌.
കര്‍ണാടകയില്‍ പത്തും ഗുജറാത്തില്‍ അഞ്ചും ഡല്‍ഹി, ചത്തീസ്‌ഗഡ്‌, തമിഴ്‌നാട്‌ എന്നിവിടങ്ങളില്‍ രണ്ടു വീതവും കേരളത്തില്‍ ഒന്നും മരണമാണ്‌ സംഭവിച്ചത്‌. രാജ്യത്ത്‌ പന്നിപ്പനി ബാധിച്ചവരുടെ എണ്ണം 2401 ആയി ഉയര്‍ന്നിട്ടുണ്ട്‌.

ബോള്‍ട്ടിന്‌ വീണ്ടും ലോകറെക്കോഡ്‌

ബര്‍ലിന്‍: ജൈമെക്കയുടെ ഉസൈന്‍ ബോള്‍ട്ടിന്‌ വീണ്ടും ലോകറെക്കോഡ്‌. ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്റര്‍ ഓട്ടത്തിലാണ്‌ ബോള്‍ട്ട്‌ തന്റെതന്നെ റെക്കോഡ്‌ തകര്‍ത്തെറിഞ്ഞത്‌. നേരത്തേ 100 മീറ്ററിലും ബോള്‍ട്ട്‌ പുതിയ സമയം കണ്ടെത്തിയിരുന്നു.
ഇന്നലെ 19.19 സെക്കന്‍ഡില്‍ 200 മീറ്റര്‍ മറികടന്ന ബോള്‍ട്ട്‌ കഴിഞ്ഞ ഒളിമ്പിക്‌സില്‍ താന്‍തന്നെ കണ്ടെത്തിയ 19.30 സെക്കന്‍ഡ്‌ എന്ന റെക്കോഡാണ്‌ മാറ്റിയെഴുതിയത്‌. 19.81 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌ത പനാമയുടെ അലെന്‍സോ എഡ്വേര്‍ഡിനാണ്‌ വെള്ളി. അമേരിക്കയുടെ വാലസ്‌ സ്‌പിയര്‍മാന്‍ വെങ്കലവും നേടി.

ധനകമ്മിവായ്‌പ: പരിധി നാല്‌ ശതമാനമാക്കും

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ ധനകമ്മി നികത്താന്‍ വായ്‌പയെടുക്കാനുള്ള പരിധി സംസ്ഥാന ആഭ്യന്തര ഉല്‍പാദനത്തിന്റെ നാല്‌ ശതമാനമാക്കി ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി യോഗം തീരുമാനിച്ചു. 2008-09ല്‍ സംസ്ഥാന ആഭ്യന്തര ഉത്‌പാദനത്തിന്റെ 3.5 ശതമാനം വായ്‌പയെടുക്കാനാണ്‌ സംസ്ഥാനങ്ങള്‍ക്ക്‌ അനുമതി ഉണ്ടായിരുന്നത്‌. ഇതില്‍ അര ശതമാനത്തിന്റെ കൂടി വര്‍ധനവാണ്‌ വരുത്തുന്നത്‌.

മഞ്ഞുരുകി; സ്വിസ്സ്‌ അതിര്‍ത്തി ഇറ്റലിയിലേക്ക്‌ വ്യാപിച്ചു

ബേണ്‍: ഇറ്റലിയുടെ ചെലവില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ അതിര്‍ത്തി വിപുലമായി. ആല്‍പ്‌സ്‌ പര്‍വത നിരകളിലെ മഞ്ഞുപാളികള്‍ ഉരുകിയതിനെ തുടര്‍ന്നാണിത്‌.
അതിര്‍ത്തി മേഖലകളിലെ ചില പ്രദേശങ്ങളില്‍ 150 മീറ്ററാണ്‌ ഇറ്റലിയില്‍ നിന്ന്‌ സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക്‌ കൂട്ടിച്ചേര്‍ക്കപ്പെട്ടത്‌. 1942 ല്‍ നിശ്ചയിച്ച അതിര്‍ത്തിയാണ്‌ വിപുലീകരിക്കപ്പെട്ടതായി സ്വിസ്സ്‌ ഗവണ്‍മെന്റ്‌ കഴിഞ്ഞ ദിവസം അംഗീകരിച്ചത്‌. നേരത്തെ തങ്ങളുടെ ഭാഗമായിരുന്ന മേഖലയിലേക്കുള്ള സ്വിസ്സ്‌ വിപുലീകരണത്തെ ഇറ്റലി ഇതിനകം തന്നെ അംഗീകരിച്ചിട്ടുണ്ട്‌.
ആല്‍പ്‌സിലെ പടുകൂറ്റന്‍ മഞ്ഞുപാളികളും മഞ്ഞു പാടങ്ങളും ഉരുകി, നേരത്തെയുണ്ടായിരുന്ന നീര്‍ത്തടത്തിന്റെ വിസ്‌തൃതി വര്‍ധച്ചതിനെ തുടര്‍ന്നാണ്‌ അതിര്‍ത്തി പുനര്‍ നിര്‍ണയിച്ചത്‌. 1942 ല്‍ ഉണ്ടായിരുന്നതിലും നീര്‍ത്തടത്തിന്‌ വിസ്‌തൃതി ഉണ്ടായപ്പോള്‍ സ്വിറ്റസര്‍ലാന്‍ഡിന്‌ അത്‌ ലാഭമായി. ഇറ്റലിക്കാകട്ടെ സ്ഥല നഷ്‌ടം സംഭവിക്കുകയും ചെയ്‌തു.
സ്വിറ്റ്‌സര്‍ലാന്‍ഡിലെ പ്രകൃതി സ്ഥിതി പഠന ഓഫീസ്‌ നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ്‌ അതിര്‍ത്തി പുനര്‍ നിര്‍ണയിച്ചത്‌. സ്വിസ്സ്‌ അതിര്‍ത്തി അല്‍പം വര്‍ധിച്ചെങ്കിലും ഔദ്യോഗിക അറ്റ്‌ലസില്‍ ഇത്‌ രേഖപ്പെടുത്തില്ലെന്ന്‌ പ്രകൃതി സ്ഥിതി പഠന ഓഫീസ്‌ വ്യക്തമാക്കി.

ഇന്ത്യ സൈബര്‍ കുറ്റങ്ങളുടെ കേന്ദ്രമായി മാറുന്നു

ലണ്ടന്‍: സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി ഇന്ത്യ മാറുന്നുവെന്ന്‌ പഠന ഫലം. സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി കമ്പ്യൂട്ടര്‍ സാക്ഷരതയുള്ള കുറ്റവാളികള്‍ ഇന്ത്യയില്‍ പെരുകുന്നതായി ബ്രൈറ്റണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ്‌ വ്യക്തമായത്‌.
ഇന്ത്യയ്‌ക്കു പുറമെ ചൈന, റഷ്യ, ബ്രസീല്‍ എന്നിവിടങ്ങളിലാണ്‌ സൈബര്‍ കുറ്റകൃത്യങ്ങള്‍ ആശങ്കാജനകമാംവിധം വ്യാപകമായിട്ടുള്ളത്‌. കോള്‍ സെന്ററുകളുടെ എണ്ണം വര്‍ധിച്ചത്‌ ഇന്ത്യയില്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ കുതിച്ചുചാട്ടത്തിന്‌ കാരണമായിട്ടുണ്ടത്രേ.

സഹകരണ ഓണവിപണിയിലെ വിറ്റുവരവ്‌ 48 കോടി കവിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ഓണവിപണികളുടെ വിറ്റുവരവ്‌ 48 കോടി കവിഞ്ഞു. ഓഗസ്റ്റ്‌ ഒന്നു മുതല്‍ 19 വരെയുള്ള കാലയളവിലെ കണക്കാണിത്‌. സംസ്ഥാനത്തൊട്ടാകെ 4776 ഓണവിപണികളാണ്‌ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്‌.
വരും ദിവസങ്ങളില്‍ കൂടുതല്‍ വിപണനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതോടെ ഓണവിപണികളുടെ എണ്ണം 5000 കവിയുമെന്നും സഹകരണ വകുപ്പ്‌ മന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഓഗസ്റ്റ്‌ ഒന്നുമുതല്‍ സെപ്‌തംബര്‍ 20 വരെയുള്ള ദിവസങ്ങളില്‍ ആകെ 150 കോടിരൂപയുടെ വിറ്റുവരവാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇരുപത്തിയഞ്ചിനം നിത്യോപയോഗ സാധനങ്ങള്‍ 20 ശതമാനം മുതല്‍ 60 ശതമാനം വരെ വിലക്കുറവിലാണ്‌ വിപണികളില്‍ നിന്ന്‌ വിറ്റഴിക്കുന്നത്‌. ഈ മാസം 23 മുതല്‍ സേമിയ, പാലട, അരിഅട, ഉരുളക്കിഴങ്ങ്‌, ചുവന്നുള്ളി, സവാള, ഏത്തക്കായ തുടങ്ങിയ ഏഴിനങ്ങള്‍ കൂടി ഈ വിപണികളിലൂടെ വിറ്റഴിക്കും.
ഇതു കൂടാതെ 12 റംസാന്‍ സ്‌പെഷ്യല്‍ ഇനങ്ങളും വിപണിയില്‍ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. ഈ വിപണികളിലൂടെ സാധാരണ ജനങ്ങള്‍ക്ക്‌ 45 കോടിരൂപയുടെ ആനുകൂല്യം ലഭിക്കും. ഗുണമേന്മയും അളവുതൂക്കങ്ങളും ഉറപ്പുവരുത്താന്‍ സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ഉന്നതതല മോണിറ്ററിംഗ്‌ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. സാധനങ്ങളുടെ ദുരുപയോഗം തടയുന്നതിനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള വിപണന വിതരണ മാര്‍ഗനിര്‍ദേശങ്ങള്‍ സംഘങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന്‌ നിരീക്ഷിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ വിജിലന്‍സ്‌ സംഘങ്ങള്‍ നിരന്തരം പരിശോധന നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ഓഹരി വിപണയില്‍ വില്‌പന സമ്മര്‍ദ്ദം

മുംബൈ: കടുത്ത വില്‍പന സമ്മര്‍ദ്ദം ഓഹരി വിലയെ വീണ്ടും 15,000 നു താഴെ എത്തിച്ചു. 15079 പോയിന്റില്‍ വിലപന ആരംഭിച്ച ബോംബേ ഓഹരി സൂചിക സെന്‍സെക്‌സ്‌ 14809.64 പോയിന്റിലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. നഷ്‌ടം 225.62 പോയിന്റ്‌. ഒരുഘട്ടത്തില്‍ 14684 പോയിന്റുവരെ സൂചിക താണിരുന്നു.
ദേശീയ ഓഹരി സൂചികയായ നിഫ്‌റ്റി 64.8 പോയിന്റ്‌ കുറഞ്ഞ്‌ 4394.10 ലാണ്‌ വ്യാപരം അവസാനിപ്പിച്ചത്‌. ആഗോള വിപണികളില്‍, പ്രത്യേകിച്ച്‌ ചൈനീസ്‌ വിപണിയില്‍ നിലനില്‍ക്കുന്ന വില്‍പന സമ്മര്‍ദമാണ്‌ ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ചത്‌. എല്ലാ വിഭാഗം ഓഹരികളിലും വിലയിടിവുണ്ടായി. ചെറുകിട വിഭാഗം അര ശതമാനവും ഇടത്തരം വിഭാഗം ഒരു ശതമാനത്തിലധികവും കുറഞ്ഞു. ബോംബെ ഓഹരിവിപണിയില്‍ ആകെ വ്യാപാരം നടന്ന 2713 ഓഹരികളില്‍ 1490 എണ്ണത്തിന്റെ വിലയിടിഞ്ഞു.
എണ്ണ-പ്രകൃതിവാതക, ലോഹം, ഓട്ടോ വിഭാഗം ഓഹരികളാണ്‌ ഏറ്റവുമധികം നഷ്‌ടം നേരിട്ടത്‌.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP