Friday, August 21, 2009

സഹകരണ ഓണവിപണിയിലെ വിറ്റുവരവ്‌ 48 കോടി കവിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ഓണവിപണികളുടെ വിറ്റുവരവ്‌ 48 കോടി കവിഞ്ഞു. ഓഗസ്റ്റ്‌ ഒന്നു മുതല്‍ 19 വരെയുള്ള കാലയളവിലെ കണക്കാണിത്‌. സംസ്ഥാനത്തൊട്ടാകെ 4776 ഓണവിപണികളാണ്‌ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്‌.
വരും ദിവസങ്ങളില്‍ കൂടുതല്‍ വിപണനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതോടെ ഓണവിപണികളുടെ എണ്ണം 5000 കവിയുമെന്നും സഹകരണ വകുപ്പ്‌ മന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഓഗസ്റ്റ്‌ ഒന്നുമുതല്‍ സെപ്‌തംബര്‍ 20 വരെയുള്ള ദിവസങ്ങളില്‍ ആകെ 150 കോടിരൂപയുടെ വിറ്റുവരവാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇരുപത്തിയഞ്ചിനം നിത്യോപയോഗ സാധനങ്ങള്‍ 20 ശതമാനം മുതല്‍ 60 ശതമാനം വരെ വിലക്കുറവിലാണ്‌ വിപണികളില്‍ നിന്ന്‌ വിറ്റഴിക്കുന്നത്‌. ഈ മാസം 23 മുതല്‍ സേമിയ, പാലട, അരിഅട, ഉരുളക്കിഴങ്ങ്‌, ചുവന്നുള്ളി, സവാള, ഏത്തക്കായ തുടങ്ങിയ ഏഴിനങ്ങള്‍ കൂടി ഈ വിപണികളിലൂടെ വിറ്റഴിക്കും.
ഇതു കൂടാതെ 12 റംസാന്‍ സ്‌പെഷ്യല്‍ ഇനങ്ങളും വിപണിയില്‍ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. ഈ വിപണികളിലൂടെ സാധാരണ ജനങ്ങള്‍ക്ക്‌ 45 കോടിരൂപയുടെ ആനുകൂല്യം ലഭിക്കും. ഗുണമേന്മയും അളവുതൂക്കങ്ങളും ഉറപ്പുവരുത്താന്‍ സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ഉന്നതതല മോണിറ്ററിംഗ്‌ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. സാധനങ്ങളുടെ ദുരുപയോഗം തടയുന്നതിനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള വിപണന വിതരണ മാര്‍ഗനിര്‍ദേശങ്ങള്‍ സംഘങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന്‌ നിരീക്ഷിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ വിജിലന്‍സ്‌ സംഘങ്ങള്‍ നിരന്തരം പരിശോധന നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP