Thursday, August 13, 2009

സോണിയ അഗര്‍വാള്‍ വിവാഹമോചനത്തിന്‌

ചെന്നൈ: പ്രമുഖ തമിഴ്‌നടി സോണിയ അഗര്‍വാള്‍ വിവാഹമോചനം മതടുന്നു. ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷം 2006 ലാണ്‌ സംവിധായകന്‍ ശെല്‍വരാഘവനും തമിഴ്‌ നടി സോണിയ അഗര്‍വാളും വിവാഹിതരായത്‌. വിവാഹമോചനം ആവശ്യപ്പെട്ട്‌ ഇരുവരും സംയുക്തമായി കഴിഞ്ഞദിവസം കുടുംബകോടതിയെ സമീപിച്ചിരുന്നു.
വ്യക്‌തിപരമായ അഭിപ്രായഭിന്നതകളാണ്‌ ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ കാരണമെന്നാണ്‌ സുചന. തമിഴിലെ പ്രശസ്‌ത സംവിധായകന്‍ കസ്‌തൂരിരാജയുടെ മകനായ ശെല്‍വന്റെ കാതല്‍കൊണ്ടേനിലൂടെയാണ്‌ സോണിയ അഗര്‍വാള്‍ സിനിമയില്‍ തുടക്കം കുറിച്ചത്‌. ശെല്‍വന്റെ സഹോദരനായ ധനുഷിന്റെ ആദ്യ ചിത്രവും ഇതുതന്നെയായിരുന്നു. തമിഴ്‌നാട്ടില്‍ സൂപ്പര്‍ഹിറ്റായിരുന്നു ചിത്രം.
ചിത്രം ഹിറ്റായതോടെ മൂവരും പ്രശസ്‌തരായി. ഉത്തരേന്ത്യക്കാരിയായ സോണിയ തമിഴ്‌ ചാനലില്‍ അവതാരകയായി തിളങ്ങുമ്പോഴാണു
ശെല്‍വന്റെ ശ്രദ്ധയാകര്‍ഷിക്കുന്നത്‌. അതോടെ ആദ്യചിത്രത്തില്‍ തന്നെ നായികയാക്കുകയും ചെയ്‌തു.

പന്നിപ്പനി: രണ്ട്‌ മരണംകൂടി

പൂനെ: എ (എച്ച്‌1 എന്‍1) രോഗബാധയെത്തുടര്‍ന്ന്‌ പുനെയില്‍ ഇന്ന്‌ രണ്ടു മരണം കൂടി. ഒന്‍പത്‌ മാസം പ്രായമുള്ള കുട്ടിയും 75വയസുള്ള സ്‌ത്രീയുമാണ്‌ ഇന്നു മരിച്ചത്‌. ഇതോടെ രാജ്യത്ത്‌ പന്നിപ്പനി മൂലം മരിച്ചവരുടെ എണ്ണം 19 ആയി.
പുനെയില്‍ മാത്രം മരിച്ചവരുടെ എണ്ണം 12 ആയി. നാഗ്‌പൂരില്‍ മൂന്നു പേരും മുംബൈയില്‍ രണ്ടുപേരും പൂനെയില്‍ ആറുപേരും ഗുരുതരാവസ്‌ഥയിലാണ്‌. അതിനിടെ കേരളത്തില്‍ എ(എച്ച്‌1 എന്‍1) രോഗലക്ഷണത്തോടെ മൂന്നു പേരെക്കൂടി പെരുമ്പാവൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയവരാണ്‌ ഇവര്‍.
എ (എച്ച്‌1 എന്‍1) പനി ബാധിച്ച്‌ രാജ്യത്ത്‌ ഇന്നലെ ആറു പേര്‍ കൂടി മരിച്ചിരുന്നു. ഏറ്റവും അധികം പേര്‍ മരിച്ചത്‌ പുനെയിലാണ്‌-10 പേര്‍. ഇതുകൂടാതെ ഗുജറാത്ത്‌, തമിഴ്‌നാട്‌, കേരളം എന്നിവിടങ്ങളിലാണ്‌ മരണം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. കേന്ദ്ര ആരോഗ്യ വകുപ്പ്‌ നല്‍കുന്ന കണക്കുപ്രകാരം 119 പേരില്‍ ഇന്നലെ രോഗബാധ സ്‌ഥിരീകരിച്ചു. ജമ്മു, നാഗ്‌പൂര്‍, മണിപ്പാല്‍, നാസിക്‌ എന്നിവിടങ്ങളിലും പുതുതായി സ്‌ഥിരീകരിച്ചു. 589 പേര്‍ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു.
കേരളത്തില്‍ ഇതുവരെ 55 പേര്‍ക്ക്‌ എച്ച്‌1എന്‍1 രോഗബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്‌ അറിയിച്ചു. തിരുവനന്തപുരം , എറണാകുളം ജില്ലകളിലായി ചികില്‍സിച്ച ഡോക്‌ടര്‍മാരുള്‍പ്പെടെ 45 ലേറെപ്പേരുടെ പരിശോധനാഫലം ഇനിയും ലഭിക്കാനുണ്ട്‌.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP