Wednesday, July 15, 2009

ഫ്‌ളിന്റോഫ്‌ ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ മതിയാക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ ഫ്‌ളിന്റോഫ്‌ ടെസ്‌റ്റ്‌ ക്രിക്കറ്റിനിന്നും വിരമിക്കുന്നു. ആഷസ്‌ ടെസ്‌റ്റ്‌ പരമ്പരയിലെ രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റ്‌ നാളെ ലോര്‍ഡ്‌സില്‍ തുടങ്ങാനിരിക്കെയാണ്‌ ഫ്‌ളിന്റോഫിന്റെ വിരമിക്കല്‍ തീരുമാനം. എങ്കിലും ആഷസ്‌ പരമ്പരയ്‌ക്കു ശേഷമേ വിരമിക്കല്‍ ഉണ്ടാകൂ.
കണങ്കാലിനേറ്റ പരുക്കു വീണ്ടും വഷളായതോടെ ഫ്‌ളിന്റോഫ്‌ വിരമിക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കാന്‍ തുടങ്ങിയത്‌. രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഫ്‌ളിന്റോഫ്‌ കളിക്കുന്ന കാര്യം സംശയത്തിലാണ്‌. എന്നാല്‍, ഏകദിനങ്ങള്‍ക്കും ട്വിന്റി-20 മല്‍സരങ്ങള്‍ക്കും തുടര്‍ന്നും കളിക്കുമെന്ന്‌ ഫ്‌ളിന്റോഫ്‌ വ്യക്‌തമാക്കി. വിരമിക്കല്‍ തീരുമാനം ഇന്നു വൈകിട്ടു പ്രഖ്യാപിക്കുമെന്നാണ്‌ കരുതുന്നത്‌.
കണങ്കാലിന്‌ നാല്‌ ശസ്‌ത്രക്രിയയ്‌ക്കു വിധേയനായിട്ടുള്ള ഫ്‌ളിന്റോഫിന്‌ തോളെല്ലിനും പുറത്തും ഇടുപ്പിലും ഒക്കെ പരുക്കേറ്റിട്ടുണ്ട്‌. ബോളിങ്ങിന്റെ അധികസമ്മര്‍ദ്ദം കൂടി താങ്ങാന്‍ ഈ മുപ്പത്തിയൊന്നുകാരന്‌ ആവുന്നില്ലെന്ന്‌ കുറച്ചുനാളായി ആരാധകര്‍ ഭയപ്പെട്ടിരുന്നു.
2005 ല്‍ ആഷസ്‌ പരമ്പര നേടാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത്‌ ഫ്‌ളിന്റോഫിന്റെ ഓള്‍റൗണ്ട്‌ മികവായിരുന്നു. ടെസ്‌റ്റില്‍ 76 മല്‍സരങ്ങളില്‍ നിന്നായി 219 വിക്കറ്റെടുത്തിട്ടുണ്ട്‌. അഞ്ചു സെഞ്ചുറി ഉള്‍പ്പടെ 3,645 റണ്‍സ്‌ നേടുകയും ചെയ്‌തു. 141 ഏകദിനങ്ങളില്‍ നിന്നായി 3,394 റണ്‍സും 169 വിക്കറ്റും നേടിയിട്ടുണ്ട്‌.

ഇറാനില്‍ വിമാനം തകര്‍ന്ന്‌ 150 മരണം

ടെഹ്‌റാന്‍: ഇറാനില്‍ യാത്രാവിമാനം തകര്‍ന്ന്‌ 168 പേര്‍ മരിച്ചു. ക്വാസ്‌വിന്‍ പ്രവിശ്യയിലെ ജന്നത്താബാദ്‌ ഗ്രാമത്തിലാണ്‌ വിമാനം തകര്‍ന്നു വീണത്‌.
വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തു.
ഇറാന്‍ തലസ്‌ഥാനമായ ടെഹ്‌റാനില്‍നിന്നും അര്‍മേനിയയിലെ യേരവാനിലേയ്‌ക്കുപോയ കാസ്‌പിയന്‍ എയര്‍ലൈന്‍സ്‌ വിമാനമാണ്‌ തകര്‍ന്നത്‌.
ടെഹ്‌റാനില്‍നിന്ന്‌ ടേക്ക്‌ ഓഫ്‌ ചെയ്‌ത്‌ 16 മിനിറ്റിനുള്ളില്‍ വിമാനം തകര്‍ന്നുവീഴുകയായിരുന്നുവെന്ന്‌ ഇറാന്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ വക്താവ്‌ പറഞ്ഞു. റഷ്യന്‍ നിര്‍മ്മിത ടുപോലേവ്‌ വിമാനമാണ്‌ അപകടത്തില്‍പ്പെട്ടത്‌.

ഹിലരി ക്ലിന്റണ്‍ 17 ന്‌ ഇന്ത്യയില്‍

വാഷിംഗ്‌ടണ്‍: യു എസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ഈമാസം 17 ന്‌ ഇന്ത്യയിലെത്തും. യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറിയായി സ്‌ഥാനമേറ്റ ശേഷം ആദ്യമായാണ്‌ ഹിലരി ഇന്ത്യ സന്ദര്‍ശിക്കുന്നത്‌. ഇന്ത്യ- യുഎസ്‌ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ക്കായി എത്തുന്ന ഹിലരിയുടെ സന്ദര്‍ശനം അഞ്ച്‌ ദിവസം നീണ്ടുനില്‍ക്കും.
17 ന്‌ മുംബൈയിലെത്തുന്ന ഹിലരി മൂംബൈ ഭീകരാക്രമണത്തില്‍ ദുരിതമനുഭവിക്കുന്നവരെ ഹിലരി സന്ദര്‍ശിക്കും. തുടര്‍ന്ന്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്‌, വിദേശകാര്യമന്ത്രി എസ്‌ എം കൃഷ്‌ണ, പ്രതിപക്ഷനേതാവ്‌ എല്‍ കെ അഡ്വാനി തുടങ്ങിയ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും. ഇന്ത്യയിലെ വ്യവസായ പ്രമുഖരുമായും ശാസ്‌ത്രജ്‌ഞരുമായും കൂടിക്കാഴ്‌ച നടത്തുന്ന ഹിലരി 21 നു തായ്‌ലന്‍ഡിനു തിരിക്കുമെന്ന്‌ സ്‌റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ വക്‌താവ്‌ ഇയാന്‍ കെല്ലി അറിയിച്ചു.

2012 ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചേക്കും

ന്യൂഡല്‍ഹി: ഏഷ്യയില്‍ പ്രമുഖ സൈനിക, സാമ്പത്തിക ശക്തിയായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യയെ 2012 ല്‍ ചൈന ആക്രമിച്ചേക്കുമെന്ന്‌ സൈനിക വിദഗ്‌ദ്ധരുടെ വിലയിരുത്തല്‍. രാജ്യത്ത്‌ വളര്‍ന്നവരുന്ന തൊഴിലില്ലയ്‌മയും സാമ്പത്തിക- വ്യവസായ- കയറ്റുമതി മേഖലകളിലെ പ്രതിസന്ധിയും വല്ലാത്തൊരു അരക്ഷിതാവസ്ഥയിലേക്കാണ്‌ ചൈനയെ തള്ളിവിടുന്നത്‌. ഇതില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍ ഇന്ത്യയ്‌ക്കെതിരെ സൈനികനീക്കം നടത്താന്‍ ചൈന നിര്‍ബന്ധിതരാകുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.
2012 നു മുമ്പുതന്നെ ഇന്ത്യയെ ആക്രമിക്കാന്‍ ചൈനയ്‌ക്ക്‌ കാരണങ്ങള്‍ ഏറെയുണ്ടെന്ന്‌ ഇന്ത്യന്‍ ഡിഫന്‍സ്‌ റിവ്യൂ എഡിറ്റര്‍ ഭാരത്‌ വര്‍മ്മ പറയുന്നു. ഏഷ്യയില്‍ ഇപ്പോള്‍ മൂന്നാമത്തെ വലിയ ശക്തിയാണ്‌ ഇന്ത്യ. ചൈനയും ജപ്പാനുമാണ്‌ ഇന്ത്യക്ക്‌ മുന്നിലുള്ളത്‌. ലോകത്ത്‌ 12 ാം സ്ഥാനവും ഇന്ത്യക്കുണ്ട്‌.
ഇന്നത്തെ സ്ഥിതി തുടര്‍ന്നാല്‍ ഏഷ്യയിലെ ഏറ്റവും വലിയ സൈനിക - സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും. ഇത്‌ ഈ മേഖലയില്‍ ചൈനയ്‌ക്കുള്ള മേധാവിത്വത്തിന്‌ ഇളക്കം തട്ടിക്കും. അങ്ങനെയൊരു അവസ്ഥ സംജാതമാക്കാന്‍ ചൈന ആഗ്രഹിക്കുന്നില്ലെന്നതാണ്‌ യാഥാര്‍ത്ഥ്യം.
പ്രധാന വരുമാന മാര്‍ഗമായ കയറ്റുമതി മേഖലയില്‍ ചൈന ഇപ്പോള്‍ വന്‍തിരിച്ചടിയാണ്‌ നേരിടുന്നത്‌. ആഗോള സാമ്പത്തിക പ്രതിസന്ധിമാത്രമല്ല ഇതിനു കാരണം. ഗുണനിലവാരമില്ലത്തതും അപകടകരമായ രാസവസ്‌തുക്കളുടെ അംശമുള്ളതും ചൈനീസ്‌ ഉത്‌പന്നങ്ങള്‍ക്ക്‌ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന്‌ നിരോധനം ഏര്‍പ്പെടുത്തുന്നതിന്‌ വഴിതെളിയിച്ചിട്ടുണ്ട്‌.
തൊഴിലില്ലായ്‌മ പ്രതിദിനം വര്‍ധിക്കുകയാണ്‌. അസംതൃപ്‌തരായ യുവജനതയെ പിടിച്ചുനിര്‍ത്താന്‍ ഭരണകുടത്തിനുമഗുന്നില്‍ മറ്റുമാര്‍ഗങ്ങളൊന്നും ഇപ്പോഴില്ല. ചൈനയുടെ വിദേശനാണയ വിനിമയശേഷി കുറഞ്ഞുവരുകയാണ്‌. കരുതല്‍ ധനത്തിലും കുറവുണ്ടായിട്ടുണ്ട്‌.
ചൈനയുടെ മുന്‍നീക്കങ്ങള്‍ പാകിസ്ഥാനെ മറയാക്കിയായിരുന്നു. ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാന്റെ എല്ലാ നീക്കങ്ങള്‍ക്കും പിന്നീല്‍ ചൈനയുടെ രഹസ്യ സഹായ ഹസ്‌തങ്ങള്‍ ഉണ്ട്‌. പക്ഷേ താലിബാന്‌ എതിരായ പോരാട്ടത്തില്‍ പാകിസ്ഥാനും പങ്കാളിയാവേണ്ടി വന്നതോടെ ഇന്ത്യയ്‌ക്കെതിരെ ഒരു യുദ്ധത്തിന്‌ ഇറങ്ങിപ്പുറപ്പെടാന്‍ കഴിയാത്ത അവസ്ഥയിലായി അവര്‍. ഇതും ചൈനയ്‌ക്ക്‌ നേരിട്ട്‌ രംഗത്തിറങ്ങാന്‍ പ്രേരണയാവും.
ഇതേ ലക്ഷ്യത്തോടെയുള്ള ചൈനയുടെ പടയൊരുക്കം ആരംഭിച്ചുകഴിഞ്ഞതായും ഇന്ത്യന്‍ ഡിഫന്‍സ്‌ റിവ്യൂ എഡിറ്റര്‍ ഭാരത്‌ വര്‍മ്മ പറയുന്നു. ഉത്തരകൊറിയ അണുവായുധ പരീക്ഷണങ്ങളുമായി മുന്നോട്ടുപോകുന്നതിനാല്‍ തങ്ങളുടെ സുരക്ഷിതത്വം വര്‍ധിപ്പിക്കാനായി പസഫിക്‌ സമുദ്രത്തിലെ നാവികസേനയെ ചൈന ശക്തിപ്പെടുത്തുകയാണ്‌. പക്ഷേ ഏതു നിമിഷവും ഇന്ത്യയ്‌ക്കുനേരെ നാവികസേനയെ തിരിച്ചുവിടാന്‍ കഴിയുന്ന വിധത്തിലാണ്‌ ഈ ശക്തിപ്പെടുത്തല്‍ നടപടികള്‍.
ശ്രീലങ്കയില്‍ ജാഫ്‌നയ്‌ക്കടുത്ത്‌ വ്യവസായത്തിനായി 100 ഏക്കറോളം ഭൂമിയാണ്‌ ചൈനയ്‌ക്ക്‌ പ്രത്യേക സാമ്പത്തിക വ്യവസായ മേഖലയായി നല്‍കുന്നത്‌. ഈ സ്ഥലവും ചൈന തങ്ങളുടെ സൈനികാവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കാനുള്ള സാധ്യത കുറവല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അരുണാചലിലെ നമ്മള്‍ നമ്മുടേതെന്നും അവര്‍ അവരുടേതെന്നും പറയുന്ന സ്ഥലത്തില്‍തന്നെയാവും ചൈന യുദ്ധത്തിന്‌ കാരണവും കണ്ടെത്തുകയെന്നും വിലയിരുത്തപ്പെടുന്നു.

വിമാനയാത്രക്കാരുടെ എണ്ണം കുറഞ്ഞു; ബജറ്റ്‌ എയര്‍ലൈന്‍സുകളില്‍ തിരക്ക്‌

ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക പ്രതിസന്ധി കുടുതല്‍ രൂക്ഷമാകുമ്പോള്‍ ഇന്ത്യയിലെയും വിമാന സര്‍വീസുകള്‍ക്ക്‌ നഷ്ടം പെരുകുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ ഒരു ലക്ഷത്തിലധികം പേരുടെ കുറവാണുണ്ടായത്‌.
2008 ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച്‌ പ്രതിവര്‍ഷം 36.9 ലക്ഷം പേര്‍ ആഭ്യന്തരയാത്ര നടത്തിയിരുന്നെങ്കില്‍ കഴിഞ്ഞ ജൂണ്‍ 30 ലെ കണക്കനുസരിച്ച്‌ ഇത്‌ 35 ലക്ഷമായി കുറഞ്ഞു. 1.9 ലക്ഷം ആഭ്യന്തര യാത്രക്കാരുടെ കുറവാണ്‌ വ്യോമയാന മേഖലയില്‍ ഉണ്ടായത്‌.
ആഗോളതലത്തിലും വിമാനയാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്‌. ബ്രട്ടീഷ്‌ എയര്‍ ഉപ്പെടെയുള്ള ലോകത്തെ പ്രമുഖ വിമാനകമ്പനികളെല്ലാം നഷ്ടത്തിലാണ്‌. ഇക്കൂട്ടത്തില്‍ എയര്‍ ഇന്ത്യയും ഉള്‍പ്പെടും.
അതേസമയം വന്‍കിട കമ്പനികള്‍ നഷ്ടത്തിലോടുമ്പോള്‍ ലോകത്ത്‌ ചെലവുകുറഞ്ഞ വിമാനസര്‍വീസ്‌ ഉറപ്പാക്കുന്ന വിമാനകമ്പനികളെല്ലാം ലാഭം നേടുകയാണ്‌. യൂറോപ്പിലെ പ്രമുഖ കമ്പനിയായ റയാന്‍ എയര്‍ ആണ്‌ ഇക്കാര്യത്തില്‍ ഏറ്റവും മുമ്പിലുള്ളത്‌. റയാന്‍ എയറില്‍ പലപ്പോഴും സീറ്റുകിട്ടാത്ത അവസ്ഥയാണ്‌ നിലനില്‍ക്കുന്നത്‌. അതുകൊണ്ടുതന്നെ യാത്രക്കാരെ നിര്‍ത്തി കൊണ്ടുപോകുന്ന കാര്യവും റയാന്‍ എയര്‍ സജീവമായി പരിഗണിക്കുകയാണ്‌.
ഈ ശ്രേണിയില്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ കമ്പനികളും നേട്ടമുണ്ടാക്കുന്നുണ്ട്‌. സ്‌പൈസ്‌ ജറ്റ്‌, ഇന്‍ഡിഗോ എയര്‍ലൈന്‍സ്‌ എന്നിവയാണ്‌ കഴിഞ്ഞവര്‍ഷത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കിയ കമ്പനികള്‍. ഇന്‍ഡിയോഗുടെ യാത്രക്കാരുടെ എണ്ണം 4.74 ലക്ഷത്തില്‍നിന്നും 5.04 ലക്ഷമായും സ്‌പൈസ്‌ ജറ്റിന്റെ യാത്രക്കാര്‍ 3.66 ലക്ഷത്തില്‍നിന്നും 4.22 ലക്ഷമായും ഉയര്‍ന്നിട്ടുണ്ട്‌.
ബജറ്റ്‌ എയര്‍ലൈന്‍സ്‌ എന്ന സങ്കല്‌പം ഇന്ത്യയില്‍ അവതരിപ്പിച്ച എയര്‍ ഇന്ത്യ പക്ഷേ ഇക്കാര്യത്തില്‍ പിന്നിലാണ്‌. പേരിലല്ലാതെ റേറ്റില്‍ കുറവില്ലാത്തതാണ്‌ എയര്‍ ഇന്ത്യയെ നഷ്ടത്തിലേക്ക്‌ തള്ളിവിടുന്നത്‌. ഏതായാലും ബജറ്റ്‌ എയര്‍ലൈന്റെ സാധ്യത തിരിച്ചറിഞ്ഞ്‌ ഈ മേഖലയിലേക്ക്‌ തിരിയാന്‍ കിംഗ്‌ ഫിഷറും ജറ്റ്‌ എയര്‍വേയ്‌സും തീരുമാനിച്ചിട്ടുണ്ട്‌.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP