Wednesday, July 15, 2009

2012 ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചേക്കും

ന്യൂഡല്‍ഹി: ഏഷ്യയില്‍ പ്രമുഖ സൈനിക, സാമ്പത്തിക ശക്തിയായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യയെ 2012 ല്‍ ചൈന ആക്രമിച്ചേക്കുമെന്ന്‌ സൈനിക വിദഗ്‌ദ്ധരുടെ വിലയിരുത്തല്‍. രാജ്യത്ത്‌ വളര്‍ന്നവരുന്ന തൊഴിലില്ലയ്‌മയും സാമ്പത്തിക- വ്യവസായ- കയറ്റുമതി മേഖലകളിലെ പ്രതിസന്ധിയും വല്ലാത്തൊരു അരക്ഷിതാവസ്ഥയിലേക്കാണ്‌ ചൈനയെ തള്ളിവിടുന്നത്‌. ഇതില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍ ഇന്ത്യയ്‌ക്കെതിരെ സൈനികനീക്കം നടത്താന്‍ ചൈന നിര്‍ബന്ധിതരാകുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.
2012 നു മുമ്പുതന്നെ ഇന്ത്യയെ ആക്രമിക്കാന്‍ ചൈനയ്‌ക്ക്‌ കാരണങ്ങള്‍ ഏറെയുണ്ടെന്ന്‌ ഇന്ത്യന്‍ ഡിഫന്‍സ്‌ റിവ്യൂ എഡിറ്റര്‍ ഭാരത്‌ വര്‍മ്മ പറയുന്നു. ഏഷ്യയില്‍ ഇപ്പോള്‍ മൂന്നാമത്തെ വലിയ ശക്തിയാണ്‌ ഇന്ത്യ. ചൈനയും ജപ്പാനുമാണ്‌ ഇന്ത്യക്ക്‌ മുന്നിലുള്ളത്‌. ലോകത്ത്‌ 12 ാം സ്ഥാനവും ഇന്ത്യക്കുണ്ട്‌.
ഇന്നത്തെ സ്ഥിതി തുടര്‍ന്നാല്‍ ഏഷ്യയിലെ ഏറ്റവും വലിയ സൈനിക - സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും. ഇത്‌ ഈ മേഖലയില്‍ ചൈനയ്‌ക്കുള്ള മേധാവിത്വത്തിന്‌ ഇളക്കം തട്ടിക്കും. അങ്ങനെയൊരു അവസ്ഥ സംജാതമാക്കാന്‍ ചൈന ആഗ്രഹിക്കുന്നില്ലെന്നതാണ്‌ യാഥാര്‍ത്ഥ്യം.
പ്രധാന വരുമാന മാര്‍ഗമായ കയറ്റുമതി മേഖലയില്‍ ചൈന ഇപ്പോള്‍ വന്‍തിരിച്ചടിയാണ്‌ നേരിടുന്നത്‌. ആഗോള സാമ്പത്തിക പ്രതിസന്ധിമാത്രമല്ല ഇതിനു കാരണം. ഗുണനിലവാരമില്ലത്തതും അപകടകരമായ രാസവസ്‌തുക്കളുടെ അംശമുള്ളതും ചൈനീസ്‌ ഉത്‌പന്നങ്ങള്‍ക്ക്‌ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന്‌ നിരോധനം ഏര്‍പ്പെടുത്തുന്നതിന്‌ വഴിതെളിയിച്ചിട്ടുണ്ട്‌.
തൊഴിലില്ലായ്‌മ പ്രതിദിനം വര്‍ധിക്കുകയാണ്‌. അസംതൃപ്‌തരായ യുവജനതയെ പിടിച്ചുനിര്‍ത്താന്‍ ഭരണകുടത്തിനുമഗുന്നില്‍ മറ്റുമാര്‍ഗങ്ങളൊന്നും ഇപ്പോഴില്ല. ചൈനയുടെ വിദേശനാണയ വിനിമയശേഷി കുറഞ്ഞുവരുകയാണ്‌. കരുതല്‍ ധനത്തിലും കുറവുണ്ടായിട്ടുണ്ട്‌.
ചൈനയുടെ മുന്‍നീക്കങ്ങള്‍ പാകിസ്ഥാനെ മറയാക്കിയായിരുന്നു. ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാന്റെ എല്ലാ നീക്കങ്ങള്‍ക്കും പിന്നീല്‍ ചൈനയുടെ രഹസ്യ സഹായ ഹസ്‌തങ്ങള്‍ ഉണ്ട്‌. പക്ഷേ താലിബാന്‌ എതിരായ പോരാട്ടത്തില്‍ പാകിസ്ഥാനും പങ്കാളിയാവേണ്ടി വന്നതോടെ ഇന്ത്യയ്‌ക്കെതിരെ ഒരു യുദ്ധത്തിന്‌ ഇറങ്ങിപ്പുറപ്പെടാന്‍ കഴിയാത്ത അവസ്ഥയിലായി അവര്‍. ഇതും ചൈനയ്‌ക്ക്‌ നേരിട്ട്‌ രംഗത്തിറങ്ങാന്‍ പ്രേരണയാവും.
ഇതേ ലക്ഷ്യത്തോടെയുള്ള ചൈനയുടെ പടയൊരുക്കം ആരംഭിച്ചുകഴിഞ്ഞതായും ഇന്ത്യന്‍ ഡിഫന്‍സ്‌ റിവ്യൂ എഡിറ്റര്‍ ഭാരത്‌ വര്‍മ്മ പറയുന്നു. ഉത്തരകൊറിയ അണുവായുധ പരീക്ഷണങ്ങളുമായി മുന്നോട്ടുപോകുന്നതിനാല്‍ തങ്ങളുടെ സുരക്ഷിതത്വം വര്‍ധിപ്പിക്കാനായി പസഫിക്‌ സമുദ്രത്തിലെ നാവികസേനയെ ചൈന ശക്തിപ്പെടുത്തുകയാണ്‌. പക്ഷേ ഏതു നിമിഷവും ഇന്ത്യയ്‌ക്കുനേരെ നാവികസേനയെ തിരിച്ചുവിടാന്‍ കഴിയുന്ന വിധത്തിലാണ്‌ ഈ ശക്തിപ്പെടുത്തല്‍ നടപടികള്‍.
ശ്രീലങ്കയില്‍ ജാഫ്‌നയ്‌ക്കടുത്ത്‌ വ്യവസായത്തിനായി 100 ഏക്കറോളം ഭൂമിയാണ്‌ ചൈനയ്‌ക്ക്‌ പ്രത്യേക സാമ്പത്തിക വ്യവസായ മേഖലയായി നല്‍കുന്നത്‌. ഈ സ്ഥലവും ചൈന തങ്ങളുടെ സൈനികാവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കാനുള്ള സാധ്യത കുറവല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അരുണാചലിലെ നമ്മള്‍ നമ്മുടേതെന്നും അവര്‍ അവരുടേതെന്നും പറയുന്ന സ്ഥലത്തില്‍തന്നെയാവും ചൈന യുദ്ധത്തിന്‌ കാരണവും കണ്ടെത്തുകയെന്നും വിലയിരുത്തപ്പെടുന്നു.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP