Wednesday, July 15, 2009

വിമാനയാത്രക്കാരുടെ എണ്ണം കുറഞ്ഞു; ബജറ്റ്‌ എയര്‍ലൈന്‍സുകളില്‍ തിരക്ക്‌

ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക പ്രതിസന്ധി കുടുതല്‍ രൂക്ഷമാകുമ്പോള്‍ ഇന്ത്യയിലെയും വിമാന സര്‍വീസുകള്‍ക്ക്‌ നഷ്ടം പെരുകുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ ഒരു ലക്ഷത്തിലധികം പേരുടെ കുറവാണുണ്ടായത്‌.
2008 ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച്‌ പ്രതിവര്‍ഷം 36.9 ലക്ഷം പേര്‍ ആഭ്യന്തരയാത്ര നടത്തിയിരുന്നെങ്കില്‍ കഴിഞ്ഞ ജൂണ്‍ 30 ലെ കണക്കനുസരിച്ച്‌ ഇത്‌ 35 ലക്ഷമായി കുറഞ്ഞു. 1.9 ലക്ഷം ആഭ്യന്തര യാത്രക്കാരുടെ കുറവാണ്‌ വ്യോമയാന മേഖലയില്‍ ഉണ്ടായത്‌.
ആഗോളതലത്തിലും വിമാനയാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്‌. ബ്രട്ടീഷ്‌ എയര്‍ ഉപ്പെടെയുള്ള ലോകത്തെ പ്രമുഖ വിമാനകമ്പനികളെല്ലാം നഷ്ടത്തിലാണ്‌. ഇക്കൂട്ടത്തില്‍ എയര്‍ ഇന്ത്യയും ഉള്‍പ്പെടും.
അതേസമയം വന്‍കിട കമ്പനികള്‍ നഷ്ടത്തിലോടുമ്പോള്‍ ലോകത്ത്‌ ചെലവുകുറഞ്ഞ വിമാനസര്‍വീസ്‌ ഉറപ്പാക്കുന്ന വിമാനകമ്പനികളെല്ലാം ലാഭം നേടുകയാണ്‌. യൂറോപ്പിലെ പ്രമുഖ കമ്പനിയായ റയാന്‍ എയര്‍ ആണ്‌ ഇക്കാര്യത്തില്‍ ഏറ്റവും മുമ്പിലുള്ളത്‌. റയാന്‍ എയറില്‍ പലപ്പോഴും സീറ്റുകിട്ടാത്ത അവസ്ഥയാണ്‌ നിലനില്‍ക്കുന്നത്‌. അതുകൊണ്ടുതന്നെ യാത്രക്കാരെ നിര്‍ത്തി കൊണ്ടുപോകുന്ന കാര്യവും റയാന്‍ എയര്‍ സജീവമായി പരിഗണിക്കുകയാണ്‌.
ഈ ശ്രേണിയില്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ കമ്പനികളും നേട്ടമുണ്ടാക്കുന്നുണ്ട്‌. സ്‌പൈസ്‌ ജറ്റ്‌, ഇന്‍ഡിഗോ എയര്‍ലൈന്‍സ്‌ എന്നിവയാണ്‌ കഴിഞ്ഞവര്‍ഷത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കിയ കമ്പനികള്‍. ഇന്‍ഡിയോഗുടെ യാത്രക്കാരുടെ എണ്ണം 4.74 ലക്ഷത്തില്‍നിന്നും 5.04 ലക്ഷമായും സ്‌പൈസ്‌ ജറ്റിന്റെ യാത്രക്കാര്‍ 3.66 ലക്ഷത്തില്‍നിന്നും 4.22 ലക്ഷമായും ഉയര്‍ന്നിട്ടുണ്ട്‌.
ബജറ്റ്‌ എയര്‍ലൈന്‍സ്‌ എന്ന സങ്കല്‌പം ഇന്ത്യയില്‍ അവതരിപ്പിച്ച എയര്‍ ഇന്ത്യ പക്ഷേ ഇക്കാര്യത്തില്‍ പിന്നിലാണ്‌. പേരിലല്ലാതെ റേറ്റില്‍ കുറവില്ലാത്തതാണ്‌ എയര്‍ ഇന്ത്യയെ നഷ്ടത്തിലേക്ക്‌ തള്ളിവിടുന്നത്‌. ഏതായാലും ബജറ്റ്‌ എയര്‍ലൈന്റെ സാധ്യത തിരിച്ചറിഞ്ഞ്‌ ഈ മേഖലയിലേക്ക്‌ തിരിയാന്‍ കിംഗ്‌ ഫിഷറും ജറ്റ്‌ എയര്‍വേയ്‌സും തീരുമാനിച്ചിട്ടുണ്ട്‌.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP