Tuesday, July 14, 2009

മുംബൈയില്‍ കനത്ത മഴയും കാറ്റും; ജനജീവിതം സ്‌തംഭിച്ചു

തീവണ്ടി ഗതാഗതം മണിക്കൂറോളം വൈകി

മുംബൈ: നഗരത്തില്‍ കഴിഞ്ഞ ദിവസം പെയ്‌ത കനത്ത മഴയിലും വീശിയടിച്ച ശക്തമായ കാറ്റിലും റോഡ്‌, റയില്‍ ഗതാഗതം പാടേ തകര്‍ന്നതും താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലുമായതും ജനജീവിതം താറുമാറാക്കി. മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിലേയ്‌ക്കുള്ള റോഡ്‌ഗതാഗതം മണിക്കൂറുകളോളം സ്‌തംഭിച്ചു. വിമാനത്താവളത്തിലെത്താനാകാതെ യാത്രക്കാര്‍ വലഞ്ഞു.
റണ്‍വേയില്‍ വെള്ളം കെട്ടിനില്‍ക്കല്‍, വെളിച്ചക്കുറവ്‌ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇല്ലെങ്കിലും യാത്രക്കാരെ കണക്കിലെടുത്ത്‌ മിക്ക വിമാനങ്ങളും അര മണിക്കൂറോളം വൈകിയാണ്‌ സര്‍വീസ്‌ നടത്തിയതെന്ന്‌ വിമാനത്താവള അധികൃതര്‍ പറഞ്ഞു. ശക്തമായ കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണ്‌ ഗതാഗതം തടസ്സം സൃഷ്‌ടിച്ചത്‌ നേരെയാക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവന്നു.
തിങ്കളാഴ്‌ച്ചത്തെ ശക്തമായ കാറ്റിനൊപ്പം നീണ്ടുനിന്ന കനത്ത മഴയില്‍ പാളത്തില്‍ വെള്ളംകയറിയതോടെ പ്രാന്തപ്രദേശങ്ങളിലേയ്‌ക്കുള്ള തീവണ്ടി ഗതാഗതം അര-മുക്കാല്‍ മണിക്കൂറോളം വൈകി. മുംബൈ സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ചില തീവണ്ടികള്‍ വൈകിയാണ്‌ ഓടുന്നതെന്ന്‌ റയില്‍വേ അധികൃതര്‍ അറിയിച്ചു.
നഗരത്തിലെ കിംഗ്‌സ്‌ സര്‍ക്കിള്‍, സിയോണ്‍, അന്ധേരി മിലന്‍ സബ്‌വേ, ഹിന്ദ്‌ മാതാ തുടങ്ങിയ താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനാല്‍ കിഴക്കും പടിഞ്ഞാറുമുള്ള ദേശീയപാതയിലെ ഗതാഗതവും സ്‌തംഭിച്ചിരിക്കുകയാണെന്ന്‌ ട്രാഫിക്‌ പൊലീസ്‌ അധികൃതര്‍ പറഞ്ഞു.
ചൊവ്വാഴ്‌ച രാവിലെ 5.30 വരെ ദക്ഷിണ മുംബൈയില്‍ കൊളാബയില്‍ 93.4 സെന്റീമീറ്ററും പടിഞ്ഞാറന്‍ മുംബൈയിലെ സാന്താക്രൂസില്‍ 125.6 സെന്റീമീറ്ററും മഴ രേഖപ്പെടുത്തി. ഇടതടവില്ലാതെയുള്ള മഴയും ശക്തമായ കാറ്റും വരും ദിവസങ്ങളിലുമുണ്ടാകുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP