Wednesday, July 8, 2009

എയ്‌ഡ്‌സ്‌ മരുന്ന്‌: ഇന്ത്യന്‍ കമ്പനി ദക്ഷിണാഫ്രിക്കയില്‍ ഫാക്ടറി തുടങ്ങുന്നു

ഹൈദ്രാബാദ്‌: എയ്‌ഡ്‌സിനുള്ള ആന്റിറെട്രോ വൈറല്‍ മരുന്ന്‌ നിര്‍മ്മിക്കുന്ന ലോകത്തെ പ്രമുഖ കമ്പനിയായ അരബിന്ദോ ദക്ഷിണാഫ്രിക്കയില്‍ പുതിയ മരുന്ന്‌ ഫാക്ടറി സ്ഥാപിക്കുന്നു.
ഏകദേശം 10 മില്ല്യണ്‍ രൂപ മുതല്‍മുടക്കുള്ള പദ്ധതിയാണ്‌ അരബിന്ദോ തയ്യാറാക്കിയിട്ടുള്ളത്‌. ഈ പദ്ധതി ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരിന്‌ നല്‍കിക്കഴിഞ്ഞു. അനുമതി ലഭിച്ചാല്‍ ഉടന്‍ പദ്ധതി ആരംഭിക്കുമെന്ന്‌ അരബിന്ദോ ചെയര്‍മാന്‍ പി രാമപ്രസാദ്‌ റെഡ്ഡി ഹൈദ്രാബാദില്‍ അറിയിച്ചു.
ദക്ഷിണാഫ്രിക്കയിലെ ഗൗടെങ്‌ മേഖലയിലാണ്‌ ഫാക്ടറിക്ക്‌ സ്ഥലം കണ്ടെത്തിയിട്ടുള്ളത്‌. പ്രതിവര്‍ഷം രണ്ട്‌ ബില്ല്യണ്‍ ക്യാപ്‌സൂള്‍ ആയിരിക്കും ഫാക്ടറിയുടെ ഉത്‌പാദനക്ഷമത. ഏകദേശം 100 ദക്ഷിണാഫ്രിക്കക്കാര്‍ക്ക്‌ ഇവിടെ ജോലിയും നല്‍കും.
ചെലവ്‌ കുടുമെന്നതിനാലാണ്‌ ഇന്ത്യയില്‍നിന്നും തൊഴിലാളികളെ എടുക്കാത്തത്‌. ദക്ഷിണാഫ്രിക്കയുള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എയ്‌ഡ്‌സ്‌ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ ഈ മേഖലയിലാണ്‌ മരുന്നു കമ്പനികള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. ബ്രസീല്‍, അമേരിക്ക, യൂറോപ്പ്‌ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദ വെര്‍ട്ടിക്കല്‍ ഇന്റഗ്രേറ്റഡ്‌ ഫാര്‍മസ്യൂട്ടിക്കല്‍ നേരേത്തതന്നെ ദക്ഷിണാഫ്രിക്കയില്‍ ഫാക്ടറി ആരംഭിച്ചിട്ടുണ്ട്‌.
മൂന്ന്‌ മാസത്തിനകം ഗൗടെങില്‍ ഭൂമി വാങ്ങാനാണ്‌ അരബിന്ദോയുടെ പദ്ധതി. ഒക്‌ടോബറില്‍ ഫാക്ടറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. അടുത്തവര്‍ഷം ആദ്യത്തോടെ മരുന്നും ഉത്‌പാദിപ്പിക്കാനാവുമെന്നാണ്‌ കമ്പനിയുടെ പ്രതീക്ഷ.

ഓഹരി വിപണിക്ക്‌ ഇടിവിന്റെ ദിവസം

ഓഹരി വിപണിക്ക്‌ ഇന്ന്‌ ഇടിവിന്റെ ദിവസമായിരുന്നു. ഇടയ്‌ക്ക്‌ ഒരു തിരിച്ചുവരവിന്‌ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അന്താരാഷ്‌ട്ര ഓഹരി വിപണിയിലുണ്ടായ ഇടിവ്‌ ഇന്ത്യയിലും പ്രതിഫലിക്കുകയായിരുന്നു.
ഓഹരി വിപണി ഇന്ന്‌ തുടക്കം മുതല്‍തന്നെ വില്‌പന സമ്മര്‍ദ്ദത്തിന്റെ പിടിയിലായിരുന്നു. വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളില്‍ വീണ്ടും സൂചിക താഴോട്ടുപോകുന്നതാണ്‌ കണ്ടത്‌. ബോംബേ ഓഹരി സൂചികകളായ സെന്‍സക്‌സ്‌ 401 പോയിന്റ്‌ ഇടിഞ്ഞ്‌ 13,769 പോയിന്റിലും നിഫ്‌ടി 123 പോയിന്റ്‌ ഇടിഞ്ഞ്‌ 4,078 പോയിന്റിലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌.
കേന്ദ്രബജറ്റില്‍ പ്രതീക്ഷയ്‌ക്ക്‌ വകയില്ലാതായതും വില്‌പനസമ്മര്‍ദ്ദവും നേരത്തേതന്നെ ഇന്ത്യന്‍ വിപണിക്ക്‌ തിരിച്ചടി സൃഷ്ടിച്ചിരുന്നു. ഇതോടൊപ്പം അന്താരാഷ്‌ട്ര ഓഹരി വിപണിയിലെ ഇടിവും പ്രതിഫലിച്ചതാണ്‌ ഇന്ത്യന്‍ വിപണിക്ക്‌ തിരിച്ചടിയായത്‌. ഇതിന്റെ പ്രതിഫലനങ്ങള്‍ വരും ദിവസങ്ങളിലും ദൃശ്യമാകുമെന്നാണ്‌ ചൂണ്ടിക്കാട്ടപ്പെടുന്നത്‌.

തരംഗമാകുന്ന പോര്‍ട്ടബിള്‍ ഹാര്‍ഡ്‌ ഡിസ്‌ക്‌

കമ്പ്യൂട്ടറില്‍ സംഭരിച്ചു വക്കേണ്ട ഫയലുകളുടെ വലിപ്പം വര്‍ധിച്ചു തുംങ്ങിയതോടെ കമ്പ്യൂട്ടറിനു പുറത്ത്‌ ഒരു സംഭരണ സംവിധാനത്തെക്കുറിച്ച്‌ പലരും ചിന്തിച്ചു തുടങ്ങി. ഇതിനുള്ള ഉത്തരമായിരുന്നു കൊണ്ടുനടക്കാവുന്ന ഹാര്‍ഡ്‌ ഡിസ്‌ക്‌ അഥവാ പോര്‍ട്ടബിള്‍ ഹാര്‍ഡ്‌ ഡിസ്‌ക്‌. പെന്‍ ഡ്രൈവുകളുടെ സംഭരണ ശേഷി പോലും 256 എം.ബി യില്‍ നിന്ന്‌ 64 ജി.ബി യിലേക്ക്‌ കടന്ന ഇക്കാലത്ത്‌ ടെറാബൈറ്റു സംഭരണ ശേഷിയുള്ള പോര്‍ട്ടബിള്‍ ഹാര്‍ഡ്‌ ഡിസ്‌കുകളാണ്‌ രംഗം അടക്കി വാഴുന്നത്‌.
നാം പോക്കറ്റിലിട്ടു നടക്കുന്ന ഒരു ഡിജിറ്റല്‍ ഡയറിയുടെ വലിപ്പംപോലുമില്ലാത്ത പോര്‍ട്ടബിള്‍ ഹാര്‍ഡ്‌ ഡിസ്‌കുകള്‍ കൊണ്ടുനടക്കാന്‍ ഏറെ സൗകര്യമുള്ളതാണെന്ന്‌ പറയേണ്ടതില്ലല്ലോ. ഒരു പെന്‍ഡ്രൈവ്‌ ഉപയോഗിക്കുന്നപോലെ ഏതൊരു കമ്പ്യൂട്ടറിലും ഉപയോഗിക്കാനാകുന്ന ഇവ 80ജി.ബി മുതല്‍ വിവിധ ബ്രാന്റുകളില്‍ ലഭ്യമാണ്‌.
സാധാരണ പോര്‍ട്ടബിള്‍ ഹാര്‍ഡ്‌ ഡിസ്‌കിനൊപ്പം ഒരു യു.എസ്‌.ബി കേബിള്‍ മാത്രമാണുണ്ടാവുക.500 ജി.ബി ഹാര്‍ഡിസ്‌കിനൊപ്പം പവര്‍ അഡാപ്‌റ്റര്‍ കൂടിയുണ്ടാകും. ഒരു പെന്‍ഡ്രൈവ്‌ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്നപോലെ ഈ പോര്‍ട്ടബിള്‍ ഹാര്‍ഡ്‌ ഡിസ്‌കിനെയും സിസ്‌റ്റവുമായി ബന്ധിപ്പിക്കാനാകും. വേണമെങ്കില്‍ കമ്പ്യൂട്ടറിലെ ഹാര്‍ഡ്‌ ഡിസ്‌കിനെ പാര്‍ട്ടീഷന്‍ ചെയ്‌തിരിക്കുന്നപോലെ ഇതിനെയും പാര്‍ട്ടീഷന്‍ ചെയ്‌തും ഉപയോഗിക്കാം.
ഓണ്‍ലൈന്‍ സിനിമകളും പാട്ടുകളും ഗെയിമുകളും മറ്റും ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ സൂക്ഷിക്കുന്നവരുടെ എണ്ണം കുടിയതോടെ പോര്‍ട്ടബിള്‍ ഹാര്‍ഡ്‌ ഡിസ്‌കിനും ആവശ്യക്കര്‍ കുടിയെന്ന്‌ കൊച്ചിയിലെ ഐ.ടി നെറ്റ്‌ ഇന്‍ഫോകോം സെയില്‍സ്‌ ഡയറക്ടര്‍ ഫൈസല്‍ സാക്ഷ്യപ്പെടുത്തുന്നു. 500ജി.ബി പോര്‍ട്ടബിള്‍ ഹാര്‍ഡ്‌ ഡിസ്‌കുകള്‍ പോലും നന്നായി വിറ്റുപോകുന്നുവെന്നാണ്‌ വില്‍പനക്കാര്‍ അവകാശപ്പെടുന്നത്‌.
പെന്‍ഡ്രൈവുകളുടെ കഥയും മറ്റൊന്നല്ല. 512 എം.ബി പെന്‍ ഡ്രൈവുകള്‍ അന്വേഷിച്ചു വന്നിരുന്നവരുടെ സ്ഥാനത്ത്‌ ഇപ്പോള്‍ 8 ജി.ബി അന്വേഷിച്ച്‌ വരുന്നവരെയാണ്‌ കാണാനാവുക. ഒരു വര്‍ഷം മുമ്പ്‌ ഒരു ജി.ബി പെന്‍ഡ്രവ്‌ വാങ്ങാന്‍ ചെലവാക്കിയിരുന്ന പണം കൊടുത്താല്‍ ഇന്ന്‌ 8ജി.ബി പെന്‍ഡ്രൈവ്‌ ലഭിക്കും എന്നതുതന്നെ കാരണം.

ആഷസിന്‌ ഇന്ന്‌ തുടക്കം

കാഡിഫ്‌:ഇംഗ്ലണ്ടും ആസ്‌ത്രേലിയയും തമ്മിലുള്ള ആഷസ്‌ പരമ്പരക്ക്‌ ഇന്ന്‌ തുടക്കം. പരമ്പരയിലെ ആദ്യ ടെസ്റ്റ്‌ പുതിയ വേദിയായ കാഡിഫിലായിരിക്കും നടക്കുക. പരമ്പര നിലനിര്‍ത്തി തങ്ങളുടെ പ്രൗഢി നഷ്ടപ്പെട്ടിട്ടില്ലെന്ന്‌ തെളിയിക്കാന്‍ ആസ്‌ത്രേലിയ ഇറങ്ങുമ്പോള്‍ 1995 ലെ ചരിത്രവിജയം ആവര്‍ത്തികാകനായിരിക്കും ഇംഗ്ലണ്ട്‌ ഇറങ്ങുക.ഇതുവരെ 300 തവണ ഏറ്റുമുട്ടിയതില്‍ ആസ്‌ത്രേലിയ 121 കളികളിലും ഇംഗ്ലണ്ട്‌ 95 കളികളിലും വിജയം നേടിയിട്ടുണ്ട്‌.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP