Wednesday, July 8, 2009

എയ്‌ഡ്‌സ്‌ മരുന്ന്‌: ഇന്ത്യന്‍ കമ്പനി ദക്ഷിണാഫ്രിക്കയില്‍ ഫാക്ടറി തുടങ്ങുന്നു

ഹൈദ്രാബാദ്‌: എയ്‌ഡ്‌സിനുള്ള ആന്റിറെട്രോ വൈറല്‍ മരുന്ന്‌ നിര്‍മ്മിക്കുന്ന ലോകത്തെ പ്രമുഖ കമ്പനിയായ അരബിന്ദോ ദക്ഷിണാഫ്രിക്കയില്‍ പുതിയ മരുന്ന്‌ ഫാക്ടറി സ്ഥാപിക്കുന്നു.
ഏകദേശം 10 മില്ല്യണ്‍ രൂപ മുതല്‍മുടക്കുള്ള പദ്ധതിയാണ്‌ അരബിന്ദോ തയ്യാറാക്കിയിട്ടുള്ളത്‌. ഈ പദ്ധതി ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരിന്‌ നല്‍കിക്കഴിഞ്ഞു. അനുമതി ലഭിച്ചാല്‍ ഉടന്‍ പദ്ധതി ആരംഭിക്കുമെന്ന്‌ അരബിന്ദോ ചെയര്‍മാന്‍ പി രാമപ്രസാദ്‌ റെഡ്ഡി ഹൈദ്രാബാദില്‍ അറിയിച്ചു.
ദക്ഷിണാഫ്രിക്കയിലെ ഗൗടെങ്‌ മേഖലയിലാണ്‌ ഫാക്ടറിക്ക്‌ സ്ഥലം കണ്ടെത്തിയിട്ടുള്ളത്‌. പ്രതിവര്‍ഷം രണ്ട്‌ ബില്ല്യണ്‍ ക്യാപ്‌സൂള്‍ ആയിരിക്കും ഫാക്ടറിയുടെ ഉത്‌പാദനക്ഷമത. ഏകദേശം 100 ദക്ഷിണാഫ്രിക്കക്കാര്‍ക്ക്‌ ഇവിടെ ജോലിയും നല്‍കും.
ചെലവ്‌ കുടുമെന്നതിനാലാണ്‌ ഇന്ത്യയില്‍നിന്നും തൊഴിലാളികളെ എടുക്കാത്തത്‌. ദക്ഷിണാഫ്രിക്കയുള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എയ്‌ഡ്‌സ്‌ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ ഈ മേഖലയിലാണ്‌ മരുന്നു കമ്പനികള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. ബ്രസീല്‍, അമേരിക്ക, യൂറോപ്പ്‌ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദ വെര്‍ട്ടിക്കല്‍ ഇന്റഗ്രേറ്റഡ്‌ ഫാര്‍മസ്യൂട്ടിക്കല്‍ നേരേത്തതന്നെ ദക്ഷിണാഫ്രിക്കയില്‍ ഫാക്ടറി ആരംഭിച്ചിട്ടുണ്ട്‌.
മൂന്ന്‌ മാസത്തിനകം ഗൗടെങില്‍ ഭൂമി വാങ്ങാനാണ്‌ അരബിന്ദോയുടെ പദ്ധതി. ഒക്‌ടോബറില്‍ ഫാക്ടറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. അടുത്തവര്‍ഷം ആദ്യത്തോടെ മരുന്നും ഉത്‌പാദിപ്പിക്കാനാവുമെന്നാണ്‌ കമ്പനിയുടെ പ്രതീക്ഷ.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP