Saturday, August 29, 2009

ഫീസ്‌ അടയ്‌ക്കാത്തതിന്‌ മൂന്നാം ക്ലാസ്‌ വിദ്യാര്‍ഥിനിയെ അധ്യാപിക നഗ്നയാക്കി

ചണ്ഡിഗഢ്‌: ഫീസ്‌ അടയ്‌ക്കാത്തതിന്റെ പേരില്‍ മൂന്നാം ക്ലാസ്‌ വിദ്യാര്‍ഥിനിയെ അധ്യാപിക നഗ്നയാക്കി നടത്തിച്ചു. ഫരീദാബാദ്‌ മോഡല്‍ സ്‌കൂളിലെ അധ്യാപികയാണ്‌ മൂന്നാം ക്‌ലാസുകാരിയെ പീഡിപ്പിച്ചത്‌. ഇവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തിട്ടുണ്ട്‌.
കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തില്‍ അധ്യാപികയ്‌ക്കെതിരെ കേസെടുക്കാന്‍ പോലീസിന്‌ പൊലീസ്‌ കമ്മിഷണര്‍ പി കെ അഗര്‍വാള്‍ നിര്‍ദ്ദേശം നല്‍കി.
ഫരീദാബാദിലെ ഓട്ടോറിക്ഷ ഡ്രൈവറുടെ മകളായ വിദ്യാര്‍ഥിനിയെ നിര്‍ബന്ധിച്ച്‌ ഉടുപ്പൂരിപ്പിച്ചശേഷം എല്ലാ ക്ലാസിലേക്കും നടത്തിക്കുകയായിരുന്നു അധ്യാപിക. മറ്റു വിദ്യാര്‍ഥികളെക്കൊണ്ട്‌ കുട്ടിയെ കളിയാക്കിപ്പിക്കുകയും ചെയ്‌തു.
ഫീസിളവിന്‌ അര്‍ഹതയുള്ള വിദ്യാര്‍ത്ഥിനിയാണ്‌ തന്റെ മകളെന്ന്‌ പിതാവ്‌ പറയുന്നു. ഈ ആനുകൂല്യത്തിനായി അധികൃതര്‍ക്ക്‌ അപേക്ഷയും നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമായ ശേഷം സ്‌കൂള്‍ ഫീസ്‌ അടയ്‌ക്കുന്ന കാര്യം തീരുമാനിക്കാമെന്ന്‌ സ്‌കൂള്‍ മാനേജ്‌മെന്റിനെ പിതാവ്‌ അറിയിച്ചിരുന്നതുമാണ്‌. ഇതു വകവയ്‌ക്കാതെയാണ്‌ അധ്യാപിക കുട്ടിയെ അപമാനിച്ചത്‌.
ഫീസ്‌ അടയ്‌ക്കാത്തതുമായി ബന്ധപ്പെട്ടല്ല സംഭവമെന്ന്‌ പറയുന്ന പ്രിന്‍സിപ്പല്‍ എച്ച്‌ എസ്‌ മാലിക്‌ പക്ഷേ, കുട്ടിയെ നഗ്നയാക്കി നടത്തിച്ചെന്ന പരാതി അവര്‍ സ്ഥിരീകരിച്ചു.

എയര്‍ ഇന്ത്യയുടെ ഓഹരി വന്‍തോതില്‍ വിറ്റഴിക്കും

ന്യൂഡല്‍ഹി: നഷ്‌ടത്തില്‍നിന്നും കരകയറ്റാനെന്ന േപരില്‍ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഓഹരി വില്‌പനയിലൂടെ 25,000 കോടിരൂപ സമാഹരിക്കാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. ഇതിലൂടെ എയര്‍ ഇന്ത്യയുടെ ഇന്നത്തെ പ്രതിസന്ധി മറികടക്കാനാവുമെന്നാണ്‌ ചൂണ്ടിക്കാട്ടുന്നത്‌.
എയര്‍ ഇന്ത്യയ്‌ക്ക്‌ ഹൃസ്വ, ദീര്‍ഘകാല വായ്‌പകള്‍ ലഭ്യമാക്കാന്‍ മനരത്തേ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്‌. ഇീ വായ്‌പ ലഭ്യമാക്കിയാലും എയര്‍ ഇന്ത്യ രക്ഷപ്പെടില്ലെന്നും അതിന്‌ ഓഹരി വില്‌പന കൂടിയേ കഴിയൂവെന്നുമാണ്‌ എയര്‍ ഇന്ത്യ പുന`സംഘടിപ്പിക്കാനായി രൂപീകരിച്ച ഉന്നതതല സമിതിയുടെ നിലപാട്‌.
ഇത്‌ സംബന്ധിച്ച തങ്ങളുടെ നിര്‍ദ്ദേശം കേന്ദ്ര വ്യോമയാനമന്ത്രാലയം മുഖേന കാബിനറ്റിന്റെ പരിഗണനയ്‌ക്ക്‌ സമര്‍പ്പിക്കാനും ധാരണയായിട്ടുണ്ട്‌. എയര്‍ ഇന്ത്യയുടെ ഇക്വിറ്റി ബേസ്‌ 25,000 കോടിയായി ഉയര്‍ത്തും. നിലവില്‍ ഇത്‌ 145 കോടിയാണ്‌.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 7,200 കോടി രൂപയുടെ നഷ്ടമാണ്‌ എയര്‍ ഇന്ത്യ സമ്പാദിച്ചത്‌. ഇതിന്‌ തൊട്ടുമുമ്പുവരെയുള്ള 16,000 കോടിയുടെ നഷ്ടം വേറെയും. ഈ സാഹചര്യത്തില്‍ ഓഹരി വില്‍ക്കാതെ കമ്പനിയെ രക്ഷപ്പെടുത്താന്‍ കഴിയില്ല എന്നതാണ്‌ കേന്ദ്രത്തിന്റെ നിലപാട്‌. ഈ സാഹചര്യത്തില്‍ ഓഹരി വില്‌പനയേ മാര്‍ഗമുള്ളൂവെന്ന തരത്തിലാണ്‌ സമിതിയുടെ റിപ്പോര്‍ട്ട്‌

വണ്ടിച്ചെക്ക്‌ കേസില്‍ മുന്‍മന്ത്രി മുനീറിനും മൂന്നുപേര്‍ക്കും ഒരു ദിവസം തടവ്‌

കോട്ടയം: വണ്ടിച്ചെക്ക്‌ കേസില്‍ മുന്‍മന്ത്രി ഡോ. എന്‍ കെ മുനീര്‍ അടക്കം മൂന്നു പേര്‍ക്ക്‌ ഒരു ദിവസം തടവും 25 ലക്ഷം രൂപ പിഴയും. ഇന്ത്യാവിഷന്‍ സാറ്റലൈറ്റ്‌ കമ്പനി പ്രൈവറ്റ്‌ ലിമിറ്റഡ്‌ ചെയര്‍മാനും മുന്‍മന്ത്രിയുമായ ഡോ. എന്‍ കെ മുനീര്‍, ചാനലിന്റെ സെക്രട്ടറി എസ്‌ യോഗേന്ദ്രനാഥ്‌, ഡയറക്‌ടര്‍ ജമാലുദ്ദീന്‍ ഫറൂഖ്‌ എന്നിവരെയാണ്‌ ഒരു ദിവസത്തെ തടവിനും പിഴ അടയ്‌ക്കുവാനും കോട്ടയം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി ജഡ്‌ജി അമീര്‍ അലി വിധിച്ചത്‌.
മാത്യു അലക്‌സ്‌ വെള്ളാപ്പള്ളി നല്‍കിയ ചെക്കു കേസിലാണ്‌ ഇന്നലെ വിധി ഉണ്ടായത്‌. ഡോ. എന്‍ കെ മുനീര്‍ മന്ത്രിയായിരുന്ന സമയത്ത്‌ അദ്ദേഹം ചെയര്‍മാനായി ആരംഭിച്ച ഇന്ത്യാവിഷന്‍ ചാനലിനുവേണ്ടി മാത്യു അലക്‌സില്‍ നിന്നും 25 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഒരാഴ്‌ചയ്‌ക്കം പണം തിരികെ നല്‍കാമെന്ന്‌ പറഞ്ഞാണ്‌ പണം വാങ്ങിയത്‌. ഒരാഴ്‌ച കഴിഞ്ഞ്‌ പണം നല്‍കാതെ ഇന്ത്യാവിഷന്റെ പേരില്‍ ചെക്ക്‌ നല്‍കുകയാണുണ്ടായത്‌. അക്കൗണ്ടില്‍ പണമില്ലാതെ ചെക്ക്‌ മടങ്ങിയതിനെ തുടര്‍ന്ന്‌ പണം തിരികെ ലഭിക്കാന്‍ മാത്യു അലക്‌സ്‌ കോടതിയെ സമീപിക്കുകയായിരുന്നു. പണം അടയ്‌ക്കാന്‍ തയ്യാറാകാത്ത പക്ഷം രണ്ടു മാസം കഠിനതടവ്‌ അനുഭവിക്കണം. വാദി ഭാഗത്തിനുവേണ്ടി അഡ്വ. സുരേഷ്‌ ബാബു തോമസ്‌, അഡ്വ. വിനീത്‌ ജേക്കബ്‌ വര്‍ഗീസ്‌ എന്നിവര്‍ ഹാജരായി.

ചന്ദ്രയാനിന്‌ അകാല ചരമം

ബംഗളൂരു: രണ്ടൃവര്‍ഷം ആയുസു കല്‍പ്പിച്ചിരുന്ന ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ചന്ദ്രയാനിന്‌ പത്താംമാസം അകാല ചരമം. പ്രഖ്യാപിത ലക്ഷ്യങ്ങളിലേറെയും ഇതിനകം പൂര്‍ത്തിയാക്കിയ ചന്ദ്രയാന്‍ ഒന്നുമായുള്ള എല്ലാ ബന്ധങ്ങളും ഇന്നലെ പുലര്‍ച്ചെയോടെ ഐ എസ്‌ ആര്‍ ഒയ്‌ക്ക്‌ നഷ്‌ടപ്പെട്ടു.
ഇതോടെ ചന്ദ്രയാന്‍ ഒന്നിന്റെ ദൗത്യം അസാനിപ്പിക്കാന്‍ ഐ എസ്‌ ആര്‍ ഒ തീരുമാനിക്കുകയായിരുന്നു. ദൗത്യം പൂര്‍ണമായെന്ന്‌ പ്രൊജക്‌ട്‌ ഡയറക്‌ടര്‍ എം അണ്ണാദുരൈ വ്യക്തമാക്കി.
സാങ്കേതികമായി ചാന്ദ്രയാന്‍ ഒന്നിന്റെ ദൗത്യം 100 ശതമാനം പൂര്‍ത്തിയാക്കിയതായി പ്രൊജക്‌ട്‌ ഡയറക്‌ടര്‍ എം അണ്ണാദുരൈ പറഞ്ഞു. ശാസ്‌ത്രീയതലത്തില്‍ 90- 95 ശതമാനം ദൗത്യവും പൂര്‍ത്തിയായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ശനിയാഴ്‌ച രാത്രി ഒന്നരയോടെ ചന്ദ്രയാന്‍ ഒന്നുമായുള്ള റേഡിയോ ബന്ധം നഷ്‌ടപ്പെടുകയായിരുന്നു. ചന്ദ്രയാന്‍ ഒന്നില്‍ നിന്ന്‌ ബയാലുവിലെ ഡീപ്‌ സ്‌പേസ്‌ നെറ്റ്‌വര്‍ക്കില്‍ പന്ത്രണ്ടരവരെ ലഭിച്ച വിവരങ്ങളുടെ വിശദമായ അവലോകനം ഐ എസ്‌ ആര്‍ ഒ നടത്തുകയാണ്‌. എന്താണ്‌ സംഭവിച്ചതെന്ന്‌ വിലയിരുത്തുമെന്ന്‌ അണ്ണാദുരൈ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 22 നാണ്‌ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്‌പേസ്‌ സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്ന്‌ ചന്ദ്രയാന്‍ വിക്ഷേപിച്ചത്‌. 312 ദിവസം കൊണ്ട്‌ ചന്ദ്രയാന്‍ 3400 തവണ ചന്ദ്രനെ ഭ്രമണം ചെയ്‌തു. ചന്ദ്രോപരിതലത്തിന്റെ 70,000 ഓളം ചിത്രങ്ങള്‍ ഇതിനകം ഐ എസ്‌ ആര്‍ ഒ യ്‌ക്ക്‌ ലഭിച്ചിട്ടുണ്ട്‌. ചന്ദ്രനിലെ ഗര്‍ത്തങ്ങളുടെയും കുന്നുകളുടെയും നിരവധി ചിത്രങ്ങളാണ്‌ ലഭിച്ചത്‌. ചന്ദ്രന്റെ പൂര്‍ണമായും ഇരുണ്ട ധ്രുവമേഖലയിലെ ഗര്‍ത്തങ്ങളുടെ ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്‌. ചന്ദ്രനിലെ രാസ, ധാതു വസ്‌തുക്കളുടെ വിവരങ്ങള്‍ കണ്ടെത്താന്‍ മൂണ്‍ മിനറളോജി മാപ്പറിന്‌ കഴിഞ്ഞെന്ന്‌ ജൂലൈ പതിനേഴിന്‌ ഐ എസ്‌ ആര്‍ ഒ വ്യക്തമാക്കിയിരുന്നു.
1380 കിലോ ഭാരമുള്ള ചന്ദ്രയാനില്‍ വിദേശത്തുനിന്നുള്ള പേലോഡുകളടക്കം 11 ഉപഗ്രഹങ്ങളാണ്‌ ഉണ്ടായിരുന്നത്‌. ടെറൈന്‍ മാപ്പിംഗ്‌ കാമറയുള്‍പ്പെടെയുള്ള വിവിധ ഉപകരണങ്ങള്‍ ചന്ദ്രനെക്കുറിച്ചുള്ള വിവരങ്ങള്‍ ഭൂമിയിലെത്തിച്ചിരുന്നു. ചന്ദ്രന്റെ ഉത്തരധ്രുവത്തിലെ ഇരുണ്ട ഗര്‍ത്തത്തില്‍ ജലാംശം കണ്ടെത്താനുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതിന്‌ ഈ മാസം 21 ന്‌ ഐ എസ്‌ ആര്‍ ഒയും നാസയും സംയുക്ത പരീക്ഷണം നടത്തിയിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 26 ന്‌ ചന്ദ്രയാന്‍ ഒന്നിലെ സ്റ്റാര്‍ സെന്‍സര്‍ പ്രവര്‍ത്തനം നിലച്ചതോടെ തന്നെ ദൗത്യത്തിന്റെ ആയുസ്‌ സംബന്ധിച്ച ആശങ്കകളുയര്‍ന്നിരുന്നു. ചന്ദ്രയാന്റെ ദിശ കൃത്യമാക്കുന്നതിനാണ്‌ സെന്‍സര്‍ ഉപയോഗിച്ചിരുന്നത്‌. ബദല്‍ സംവിധാനങ്ങളുപയോഗിച്ച്‌ അന്ന്‌ ആയുസ്‌ വര്‍ധിപ്പിക്കുകയായിരുന്നു. ഇത്തവണ ഈ ശ്രമവും വിജയം കണ്ടില്ല.

മുകുന്ദന്‍ എഴുത്തച്ഛനേയും തള്ളിപ്പറയും: പത്മനാഭന്‍

കണ്ണൂര്‍: സാഹിത്യ അക്കാദമി പ്രസിഡന്റ്‌ എം മുകുന്ദന്‍ തുഞ്ചത്തെഴുത്തച്‌ഛനെയും തള്ളിപ്പറയുമെന്ന്‌ കഥാകൃത്ത്‌ ടി പത്മനാഭന്‍. അക്കാദമിയിലുണ്ടായിരുന്ന ശ്രീപത്മനാഭ പുരസ്‌ക്കാരം എടുത്തു കളഞ്ഞതിനെപ്പറ്റി എം. മുകുന്ദന്‍ പറഞ്ഞത്‌ അത്‌ സെക്കുലറല്ല എന്നാണ്‌. ഭൂമിയിലെ ദൈവങ്ങളായ ബ്രാഹ്‌മണരുടെ കാലു പിടിച്ച്‌ എഴുതിയ ആളാണ്‌ എഴുത്തച്‌ഛന്‍. അതു സെക്കുലറായിരുന്നോ? അപ്പോള്‍ എഴുത്തച്‌ഛനെ വരെ തള്ളിപ്പറയില്ലേ മുകുന്ദന്‍?
ഭക്‌തി പ്രസ്‌ഥാന കാലത്ത്‌ ഇന്ത്യയില്‍ ഒരേ പോലെ ചിന്തിച്ച കവികളുണ്ടായിരുന്നു. അവര്‍ അവരുടെ ഭാഷയെ സമ്പന്നമാക്കിയിരുന്നു. മുകുന്ദന്‍ പറഞ്ഞതിന്‌ അപ്പോള്‍ എന്താണ്‌ അര്‍ഥം.
ഇന്നത്തെ കാലഘട്ടം ക്വട്ടേഷന്‍ മാഫിയകളുടെ കാലമാണ്‌. രാഷ്‌ട്രീയത്തിലും
പൊതുജീവിതത്തിലും മാത്രമല്ല സാഹിത്യത്തിലും ഇത്തരം സംഘങ്ങള്‍ വിലസുന്നുണ്ട്‌. നമ്മുടെ ഭാഷയും സംസ്‌ക്കാരവും സാഹിത്യവുമെല്ലാം നശിച്ചുകൊണ്ടിരിക്കുന്നു.
മഹാരഥന്‍മാരായവര്‍ പഠിച്ചിരുന്ന കേരള യൂണിവേഴ്‌സിറ്റിയില്‍ ഇന്ന്‌ പഠിപ്പിക്കുന്നത്‌ നളിനി ജമീലയുടെ ആത്മകഥയാണ്‌. ഇതിലെ സത്യങ്ങള്‍ പിന്‍തുടരാനും അധ്യാപകര്‍ പഠിപ്പിക്കുന്നു. സംസ്‌ക്കാരത്തിന്റെ ദുരന്തമാണ്‌ ഇവിടെ കാണുന്നതെന്നും പത്‌മനാഭന്‍ പറഞ്ഞു.

ബോള്‍ട്ട്‌ വീണ്ടും ഒന്നാമന്‍

സൂറിക്ക്‌: സൂറിച്ചിലെ ഗോള്‍ഡന്‍ ലീഗ്‌ മീറ്റിലും ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിന്‌ സ്വര്‍ണം. ബെര്‍ലിനിലെ അവിസ്‌മരണീയമായ ലോക റെക്കോര്‍ഡ്‌ പ്രകടനത്തിന്‌ 12 ദിവസത്തിനു ശേഷമാണ്‌ റൂറിച്ചിലും നൂറു മീറ്റര്‍ ഓട്ടത്തില്‍ ഉസൈന്‍ ബോള്‍ട്ട്‌ ഒന്നാമനായി ഓടിക്കയറിയത്‌.
ബെര്‍ലിനില്‍ 9.58 സെക്കന്‍ഡില്‍ 100 മീറ്റര്‍ പിന്നിട്ട ബോള്‍ട്ട്‌ സൂറിച്ചില്‍ 9.81 സെക്കന്‍ഡിലാണ്‌ ഫിനിഷിങ്‌ ലൈന്‍ പിന്നിട്ടത്‌. ലോക റെക്കോര്‍ഡിന്‌ അടുത്തെത്താനായില്ലെങ്കിലും ബോള്‍ട്ടിന്റെ ഈ പ്രകടനം ലോകത്ത്‌ 100 മീറ്റര്‍ മത്സരങ്ങളില്‍ കുറിച്ച ഏറ്റവും മികച്ച പതിമൂന്നാമതു പ്രകടനമാണ്‌. 9.88 സെക്കന്‍ഡില്‍ ഓിയെത്തിയ ജമൈക്കക്കാരനായ അസഫ പവലിനാണ്‌ വെള്ളി. അമേരിക്കയുടെ ഡാര്‍വിസ്‌ പാറ്റനാണ്‌(9.95 സെക്കന്‍ഡ്‌) മൂന്നാമതെത്തിയത്‌.

പന്നിപ്പനി: മരണം 2100 കവിഞ്ഞു

ജനീവ: ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച്‌ ആഗോളതലത്തില്‍ എ (എച്ച്‌1 എന്‍1) വൈറസ്‌ ബാധിച്ച്‌ ലോകത്തില്‍ ആകെ മരിച്ചവരുടെ എണ്ണം 2,100 കടന്നു. കഴിഞ്ഞ ഏപ്രിലിലാണ്‌ ആദ്യമായി പന്നിപ്പനി റിപ്പോര്‍ട്ട്‌ചെയ്യപ്പെട്ടത്‌. അതിനുശേഷമാണ്‌ ഇത്രയും മരണം സംഭവിച്ചതെന്ന്‌ ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലാണ്‌ ഏറ്റവും അധികം മരണം നടന്നിട്ടുള്ളത്‌. 1876 പേര്‍ ഇവിടെ പന്നിപ്പനി ബാധിച്ച്‌ മരണത്തിന്‌ കീഴടങ്ങി. തെക്കുകിഴക്കന്‍ എഷ്യയില്‍ 139 മരണവും യൂറോപ്പില്‍ 85 മരണവും ഉണ്ടായി. അവസാന കണക്കനുസരിച്ച്‌ ഇന്ത്യയില്‍ 89 പേര്‍ പന്നിപ്പനി ബാധമൂലം മരണമടഞ്ഞിട്ടുണ്ട്‌.
ലോകവ്യാപകമായി എ (എച്ച്‌1 എന്‍1) വൈറസ്‌ ബാധ 2,09,438 പേരിലാണ്‌ സ്‌ഥിരീകരിച്ചിട്ടുള്ളത്‌.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP