ചന്ദ്രയാനിന് അകാല ചരമം
ബംഗളൂരു: രണ്ടൃവര്‍ഷം ആയുസു കല്‍പ്പിച്ചിരുന്ന ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ചന്ദ്രയാനിന് പത്താംമാസം അകാല ചരമം. പ്രഖ്യാപിത ലക്ഷ്യങ്ങളിലേറെയും ഇതിനകം പൂര്‍ത്തിയാക്കിയ ചന്ദ്രയാന്‍ ഒന്നുമായുള്ള എല്ലാ ബന്ധങ്ങളും ഇന്നലെ പുലര്‍ച്ചെയോടെ ഐ എസ് ആര്‍ ഒയ്‌ക്ക് നഷ്‌ടപ്പെട്ടു.
ഇതോടെ ചന്ദ്രയാന്‍ ഒന്നിന്റെ ദൗത്യം അസാനിപ്പിക്കാന്‍ ഐ എസ് ആര്‍ ഒ തീരുമാനിക്കുകയായിരുന്നു. ദൗത്യം പൂര്‍ണമായെന്ന് പ്രൊജക്‌ട് ഡയറക്‌ടര്‍ എം അണ്ണാദുരൈ വ്യക്തമാക്കി.
സാങ്കേതികമായി ചാന്ദ്രയാന്‍ ഒന്നിന്റെ ദൗത്യം 100 ശതമാനം പൂര്‍ത്തിയാക്കിയതായി പ്രൊജക്‌ട് ഡയറക്‌ടര്‍ എം അണ്ണാദുരൈ പറഞ്ഞു. ശാസ്‌ത്രീയതലത്തില്‍ 90- 95 ശതമാനം ദൗത്യവും പൂര്‍ത്തിയായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ശനിയാഴ്‌ച രാത്രി ഒന്നരയോടെ ചന്ദ്രയാന്‍ ഒന്നുമായുള്ള റേഡിയോ ബന്ധം നഷ്‌ടപ്പെടുകയായിരുന്നു. ചന്ദ്രയാന്‍ ഒന്നില്‍ നിന്ന് ബയാലുവിലെ ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്കില്‍ പന്ത്രണ്ടരവരെ ലഭിച്ച വിവരങ്ങളുടെ വിശദമായ അവലോകനം ഐ എസ് ആര്‍ ഒ നടത്തുകയാണ്. എന്താണ് സംഭവിച്ചതെന്ന് വിലയിരുത്തുമെന്ന് അണ്ണാദുരൈ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 22 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്ന് ചന്ദ്രയാന്‍ വിക്ഷേപിച്ചത്. 312 ദിവസം കൊണ്ട് ചന്ദ്രയാന്‍ 3400 തവണ ചന്ദ്രനെ ഭ്രമണം ചെയ്‌തു. ചന്ദ്രോപരിതലത്തിന്റെ 70,000 ഓളം ചിത്രങ്ങള്‍ ഇതിനകം ഐ എസ് ആര്‍ ഒ യ്‌ക്ക് ലഭിച്ചിട്ടുണ്ട്. ചന്ദ്രനിലെ ഗര്‍ത്തങ്ങളുടെയും കുന്നുകളുടെയും നിരവധി ചിത്രങ്ങളാണ് ലഭിച്ചത്. ചന്ദ്രന്റെ പൂര്‍ണമായും ഇരുണ്ട ധ്രുവമേഖലയിലെ ഗര്‍ത്തങ്ങളുടെ ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്. ചന്ദ്രനിലെ രാസ, ധാതു വസ്‌തുക്കളുടെ വിവരങ്ങള്‍ കണ്ടെത്താന്‍ മൂണ്‍ മിനറളോജി മാപ്പറിന് കഴിഞ്ഞെന്ന് ജൂലൈ പതിനേഴിന് ഐ എസ് ആര്‍ ഒ വ്യക്തമാക്കിയിരുന്നു.
1380 കിലോ ഭാരമുള്ള ചന്ദ്രയാനില്‍ വിദേശത്തുനിന്നുള്ള പേലോഡുകളടക്കം 11 ഉപഗ്രഹങ്ങളാണ് ഉണ്ടായിരുന്നത്. ടെറൈന്‍ മാപ്പിംഗ് കാമറയുള്‍പ്പെടെയുള്ള വിവിധ ഉപകരണങ്ങള്‍ ചന്ദ്രനെക്കുറിച്ചുള്ള വിവരങ്ങള്‍ ഭൂമിയിലെത്തിച്ചിരുന്നു. ചന്ദ്രന്റെ ഉത്തരധ്രുവത്തിലെ ഇരുണ്ട ഗര്‍ത്തത്തില്‍ ജലാംശം കണ്ടെത്താനുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ഈ മാസം 21 ന് ഐ എസ് ആര്‍ ഒയും നാസയും സംയുക്ത പരീക്ഷണം നടത്തിയിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 26 ന് ചന്ദ്രയാന്‍ ഒന്നിലെ സ്റ്റാര്‍ സെന്‍സര്‍ പ്രവര്‍ത്തനം നിലച്ചതോടെ തന്നെ ദൗത്യത്തിന്റെ ആയുസ് സംബന്ധിച്ച ആശങ്കകളുയര്‍ന്നിരുന്നു. ചന്ദ്രയാന്റെ ദിശ കൃത്യമാക്കുന്നതിനാണ് സെന്‍സര്‍ ഉപയോഗിച്ചിരുന്നത്. ബദല്‍ സംവിധാനങ്ങളുപയോഗിച്ച് അന്ന് ആയുസ് വര്‍ധിപ്പിക്കുകയായിരുന്നു. ഇത്തവണ ഈ ശ്രമവും വിജയം കണ്ടില്ല.
0 comments:
Post a Comment