Tuesday, August 11, 2009

തിരുവനന്തപുരത്തും പന്നിപ്പനി മരണം

തിരുവനന്തപുരം: കേരളത്തില്‍ ആദ്യ എ (എച്ച്‌1 എന്‍1) മരണം സ്‌ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശിയായ വില്‍സണ്‍ ലൂക്കോസാണ്‌ മരിച്ചത്‌. യു എസില്‍ നിന്ന്‌ ചെന്നൈ വഴി നാട്ടിലെത്തിയ 35 കാരനായ ഇയാള്‍ ഒരാഴ്‌ചയായി തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ്‌ ഇയാളുടെ നില ഗുരുതരമായത്‌.
വൈകുന്നേരം കര്‍ണാടകയിലും എ (എച്ച്‌1 എന്‍1) മരണം സ്‌ഥിരീകരിച്ചിരുന്നു. ഇതോടെ ഇന്ത്യയില്‍ പന്നിപ്പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 12 ആയി. കര്‍ണാടകയില്‍ ഒരു സ്‌ത്രീയാണ്‌ പന്നിപ്പനി ബാധിച്ച്‌ മരിച്ചത്‌.

പന്നിപ്പനി: മരണം 10 ആയി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ എച്ച്‌1 എന്‍1 പനി ബാധിച്ചു മരിച്ചവരുടെ എണ്ണം പത്തായി. മുംബൈയിലും ഗുജറാത്തിലുമാണ്‌ ഇന്നു പനി മരണങ്ങള്‍ ഉണ്ടായത്‌. മുംബൈയിലെ നൂര്‍ ആശുപത്രിയില്‍ വാഴ്‌സിയ ഷാഹിദ (63) എന്ന സ്‌ത്രീയാണ്‌ മരിച്ചത്‌. ഗുജറാത്തിലെ വഡോദരയിലാണ്‌ മറ്റൊരു മരണം. ഏഴു വയസുകാരിയായ ആര്യ എന്ന പെണ്‍കുട്ടിയാണ്‌ വഡോദരയില്‍ മരിച്ചത്‌. എസ്‌ എസ്‌ ജി ആശുപത്രിയിലായിരുന്നു മരണം. ഒരാഴ്‌ചമുമ്പാണ്‌ ആര്യയെ ഇവിടെ പ്രവേശിപ്പിച്ചത്‌. എച്ച്‌1 എന്‍1 പനി വ്യാപകമായതോടെ മുംബൈയിലെ 1200 സ്‌കൂളുകള്‍ എട്ടു ദിവസത്തേക്ക്‌ അടച്ചിട്ടു.

സൂ കിയുടെ വീട്ടുതടങ്കല്‍ 1.5 വര്‍ഷം നീട്ടി

യാങ്കൂണ്‍: വീട്ടുതടങ്കലില്‍ കഴിയുന്ന മ്യാന്‍മര്‍ പ്രതിപക്ഷ നേതാവും നൊബേല്‍ സമ്മാന ജേതാവുമായ ഓങ്‌ സാന്‍ സൂ കിയുടെ വീട്ടുതടങ്കല്‍ 18 മാസംകൂടി നീട്ടി. സൂ കി യാങ്കൂണില്‍ വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന സമയത്ത്‌ അമേരിക്കക്കാരനായ ജോണ്‍ യെറ്റൗ, ഇന്‍യ കായല്‍നീന്തി അവരുടെ വസതിയില്‍ എത്തി രണ്ടുദിവസം താമസിച്ചുവെന്ന കേസിലാണു 18 മാസത്തെ വീട്ടുതടങ്കല്‍ വിധിച്ചത്‌.
കഴിഞ്ഞ 13 വര്‍ഷമായി സൂ കി വീട്ടുതടങ്കലിലാണ്‌. തടങ്കല്‍ച്ചട്ടം ലംഘിച്ചതിന്റെ പേരിലാണ്‌ അവരെ യാങ്കൂണിലെ സിയീന്‍ ജയിലില്‍ അടച്ചത്‌. മറ്റു മൂന്നു പ്രതികള്‍ക്കെതിരായ കേസുകള്‍ തുടരുകയാണ്‌. വിചാരണ സമയത്തു മാധ്യമപ്രവര്‍ത്തകര്‍ക്കു കോടതിയില്‍ പ്രവേശനം നിഷേധിച്ചിരുന്നു.

എച്ച്‌ എം ടി ഭൂമി ഇടപാടിന്‌ ഹൈകോടതിയുടെ അംഗീകാരം

കൊച്ചി: വിവാദ എച്ച്‌ എം ടി ഭൂമി വില്‍പ്പന ഹൈക്കോടതി ശരിവച്ചു. ഭൂമി വ്യാവസായിക ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയോടെയാണ്‌ ഭൂമി വില്‍പ്പന കോടതി ശരിവച്ചത്‌. സംസ്‌ഥാനത്തിന്റെ വ്യാവസായിക വളര്‍ച്ചയാണ്‌ പ്രധാനം. വ്യവസായ വികസനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനും ഇത്തരം പദ്ധതികള്‍ സഹായകരമാകുമെന്നും കോടതി വിധിയില്‍ പ്രത്യാശിച്ചു.
സ്‌റ്റേറ്റ്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌ പ്രൊട്ടക്ഷന്‍ സെന്റര്‍ സെക്രട്ടറി ജോയി കൈതാരം സമര്‍പ്പിച്ച ഹര്‍ജിയിലാണു ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌ ആര്‍ ബന്നൂര്‍മഠ്‌, ജസ്‌റ്റിസ്‌ കുര്യന്‍ ജോസഫ്‌ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ വിധി പുറപ്പെടുവിച്ചത്‌.
ഭൂമി കൈമാറാന്‍ എച്ച്‌ എം ടിക്കുള്ള അവകാശത്തിനും പുനര്‍വാദത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ അംഗീകാരം നല്‍കിയിട്ടുണ്ട്‌. മുന്‍ ചീഫ്‌ ജസ്‌റ്റിസിനു സുപ്രീംകോടതിയിലേക്കു സ്‌ഥാനക്കയറ്റം ലഭിച്ചതിനാലാണു കേസില്‍ പുനര്‍വാദം വേണ്ടി വന്നത്‌.

എച്ച്‌ എം ടി ക്കു വേണ്ടി 1972 ല്‍ 781.50 ഏക്കര്‍ ഭൂമി സംസ്‌ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു കൈമാറിയിരുന്നു. ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്‌ഥകളില്‍ നിന്ന്‌ 1991 ജൂലൈ 29 ന്‌ ഉപാധികളോടെ എച്ച്‌ എം ടി ഭൂമിയെ സര്‍ക്കാര്‍ ഒഴിവാക്കി. പ്രസ്‌തുത തീയതി മുതല്‍ നാലു വര്‍ഷത്തിനകം ഭൂമി വ്യവസായ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കണമെന്നായിരുന്നു പ്രധാന നിബന്ധന.

ഈ നിബന്ധന എച്ച്‌ എം ടി പാലിക്കാത്തതിനാല്‍ കമ്പനിയുടെ 400 ഏക്കര്‍ ഭൂമി വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. ഇതില്‍ 350 ഏക്കര്‍ കിന്‍ഫ്രയ്‌ക്ക്‌ സൗജന്യമായി നല്‍കാനും ബാക്കി 50 ഏക്കര്‍ സംസ്‌ഥാന ഭവന നിര്‍മാണ ബോര്‍ഡിനു വ്യവസായ ടൗണ്‍ഷിപ്പ്‌ സ്‌ഥാപിക്കാന്‍ നല്‍കാനുമായിരുന്നു തീരുമാനം. 1995 ഓഗസ്‌റ്റ്‌ 28 ന്‌ ഉണ്ടായ പ്രസ്‌തുത തീരുമാനത്തിനെതിരെ എച്ച്‌ എം ടി ഹൈക്കോടതിയില്‍ റിട്ട്‌ ഹര്‍ജി ഫയല്‍ ചെയ്‌തു.

ഹര്‍ജി പരിഗണനയിലിരിക്കെ 100 ഏക്കര്‍ ഭൂമി തങ്ങളുടെ ഇഷ്‌ടത്തിന്‌ ഉപയോഗിക്കാന്‍ അനുവദിച്ചാല്‍ 300 ഏക്കര്‍ കിന്‍ഫ്രയ്‌ക്ക്‌ വിട്ടുകൊടുക്കുന്നകാര്യം പരിഗണിക്കാമെന്ന നിര്‍ദേശം എച്ച്‌ എം ടി മുന്നോട്ടു വച്ചു. അവരുടെ നിര്‍ദേശം പരിഗണിച്ച സര്‍ക്കാര്‍ 100 ഏക്കര്‍ കമ്പനിക്ക്‌ വിട്ടുകൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതേ തുടര്‍ന്നാണ്‌ 1963 ലെ കേരള ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്‌ഥകളില്‍ നിന്ന്‌ 100 ഏക്കര്‍ ഭൂമി സ്‌ഥിരമായി ഒഴിവാക്കപ്പെട്ടതെന്ന്‌ സര്‍ക്കാര്‍ വിശദീകരിച്ചു. ഇതോടെ വ്യവസായ ആവശ്യത്തിനു മാത്രമെ ഭൂമി ഉപയോഗിക്കാവൂ എന്ന മുന്‍നിബന്ധന ഇല്ലാതായെന്നും സര്‍ക്കാര്‍ വ്യക്‌തമാക്കിയിരുന്നു.

നൂറേക്കറില്‍പ്പെട്ട 70 ഏക്കര്‍ ബ്ലൂ സ്‌റ്റാര്‍ റിയല്‍റ്റേഴ്‌സിനു കൈമാറിയതും പ്രസ്‌തുത ഭൂമിയുടെ പോക്കു വരവു നടത്തിയതും ഈ സാഹചര്യത്തില്‍ ശരിയാണെന്നും സര്‍ക്കാര്‍ സത്യവാങ്‌മൂലത്തില്‍ വ്യക്‌തമാക്കിയിരുന്നു. ഭൂപരിഷ്‌കരണ നിയമ വ്യവസ്‌ഥകളില്‍ നിന്നൊഴിവാക്കപ്പെട്ട ഭൂമി കൈമാറാന്‍ എച്ച്‌ എം ടിക്ക്‌ സര്‍ക്കാരിന്റെ അനുമതി ആവശ്യമായിരുന്നില്ലെന്നായിരുന്നു കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചത്‌.
ഈ വാദം അംീകരിച്ച ഡിവിഷന്‍ ബഞ്ച്‌ പക്ഷേ ഭൂമി വ്യവസായ ഇതര ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശവും മുന്നോട്ടുവയ്‌ക്കുകയായിരുന്നു.

വിദ്യാര്‍ഥിനി മരിച്ചു; പന്നിപ്പനി മരണം എട്ട്‌ ആയി

പൂനെ: പന്നിപ്പനി ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. ഇന്ന്‌ പുലര്‍ച്ചെ പൂനെയിലാണ്‌ എ(എച്ച്‌1 എന്‍1) വൈറസ്‌ ബാധമൂലം ഒരു പെണ്‍കുട്ടി മരിച്ചത്‌. ഇതോടെ പന്നിപ്പനി ബാധിച്ച രാജ്യത്ത്‌ മരിച്ചവരുടെ എണ്ണം ഏട്ട്‌ ആയി. ഇതില്‍ അഞ്ചുപേരും പൂനെയിലുള്ളവരാണ്‌.
പൂനെയിലെ സസൂണ്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ശ്രുതി ഗവാഡെ എന്ന പതിമൂന്നുകാരിയായ വിദ്യാര്‍ഥിനിയാണ്‌ ഇന്ന്‌ പുലച്ചെ മരിച്ചത്‌. മറ്റ്‌ മൂന്ന്‌ രോഗികള്‍കൂടി ഈ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്‌.
ഇന്നലെ ചെന്നൈയില്‍ നാലു വയസുകാരനും പുനെയില്‍ രണ്ടു യുവാക്കളും എ (എച്ച്‌1 എന്‍1) വൈറസ്‌ ബാധമൂലം മരിച്ചിരുന്നു. ചെന്നൈ വേളാച്ചേരി സ്വദേശിയായ യു കെ ജി വിദ്യാര്‍ഥി സഞ്‌ജയ്‌ ബാലകൃഷ്‌ണനാണു (നാല്‌) ദക്ഷിണേന്ത്യയിലെ ആദ്യ ഇര. ആയുര്‍വേദ ഡോക്‌ടര്‍ ബാബാ സാഹെബ്‌ മാനെ (35), ഫാര്‍മസിസ്‌റ്റ്‌ സഞ്‌ജയ്‌ തിലേകര്‍ (35) എന്നിവരാണു ഇന്നലെ പൂനെയില്‍ മരണത്തിന്‌ കീഴടങ്ങിയത്‌.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP