Friday, July 17, 2009

ഓപ്പലിലും ലുഫ്‌താന്‍സയിലും കൂട്ട പിരിച്ചുവിടല്‍

ബര്‍ലിന്‍: ആഗോള സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകവെ പ്രമുഖ കമ്പനികളില്‍ കൂട്ടപിരിച്ചുവിടല്‍ തുടരുന്നു. പ്രമുഖ കാര്‍ കമ്പനിയായ ഓപ്പല്‍ തങ്ങളുടെ 10,000 ജീവനക്കാരെയാണ്‌ പിരിച്ചുവിടുന്നത്‌. പ്രമുഖ വിമാനകമ്പനിയായ ലുഫ്‌താന്‍സ 20 ശതമാനം ജീവനക്കാര്‍ക്ക്‌ ഗോള്‍ഡന്‍ ഷേക്ക്‌ ഹാന്‍ഡ്‌ നല്‍കാന്‍ തീരുമാനിച്ചുകഴിഞ്ഞു.
നഷ്ടംകൊണ്ടുമുടിഞ്ഞ ഓപ്പല്‍ ഏറ്റെടുക്കാന്‍ ബല്‍ജിയത്തിലെ പ്രധാന കമ്പനിയായ ആര്‍ എച്ച്‌ ജെ ഇന്റന്‍നാഷണല്‍ മുന്നോട്ടുവന്നിട്ടുണ്ട്‌. ഓപ്പല്‍ ഏറ്റെടുത്താല്‍ തങ്ങള്‍ ആദ്യം ചെയ്യുക 10,000 ജീവനക്കാരെ പിരിച്ചുവിടുകയായിരിക്കുമെന്ന്‌ ആര്‍ എച്ച്‌ ജെ ഇന്റന്‍നാഷണല്‍ വക്താക്കള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. അതേസമയം യൂറോപ്പിലെ ഒരു ഫാക്ടറിയും തങ്ങള്‍ അടച്ചുപൂട്ടില്ലെന്നും അവര്‍ അറിയിച്ചിട്ടുണ്ട്‌.
ഇതു സംബന്ധിച്ച കരാര്‍ ഒരാഴ്‌ചയ്‌ക്കകം തയ്യാറാകും. ജീവനക്കാരുടെ എണ്ണം കുറയ്‌ക്കുന്നതിലൂടെ ചെലവ്‌ പ്രതിവര്‍ഷം 800 മില്ല്യണ്‍ യൂറോ കുറയ്‌ക്കാനാവുമെന്നാണ്‌ കമ്പനിയുടെ കണക്കുകൂട്ടല്‍. ആഗോള സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചശേഷം ഓപ്പല്‍, ജനറല്‍ മോട്ടേഴ്‌സ്‌, വാക്‌സഹാള്‍ എന്നീ കാര്‍ കമ്പനികള്‍ യൂറോപ്പില്‍ ഇതുവരെ 50,000 തൊഴിലാളികളെയാണ്‌ പിരിച്ചുവിട്ടത്‌.
ജര്‍മ്മന്‍ എയര്‍ലൈന്‍ ലുഫ്‌താന്‍സ അഡ്‌മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍പ്പെട്ട ജീവനക്കാരെയാണ്‌ പിരിച്ചുവിടുന്നത്‌. ഇതിലൂടെ ചെലവ്‌ പ്രതിവര്‍ഷം ഒരു ബില്ല്യണ്‍ യൂറോ കണ്ട്‌ കുറയ്‌ക്കാനാവുമെന്നാണ്‌ അധികൃതരുടെ കണക്കുകൂട്ടല്‍.

നടപ്പ്‌ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വന്‍ നഷ്ടത്തിലേക്കാണ്‌ ലുഫ്‌താന്‍സ മൂക്കുകുത്തിയത്‌. ജര്‍മ്മനിയില്‍ വിമാന ഇന്ധനവില വര്‍ധിച്ചതും യാത്രക്കാരുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞതുമാണ്‌ ലുഫ്‌താന്‍സയെ പ്രതിസന്ധിയിലാക്കിയത്‌. നടപ്പ്‌ സാമ്പത്തിക വര്‍ഷം യാത്രാക്കൂലിയില്‍നിന്നും ലാഭമുണ്ടാക്കാനാവില്ലെന്ന്‌ ഉറപ്പായിക്കഴിഞ്ഞുവെന്ന്‌ അധികൃതര്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ ഭരണചെലവ്‌ കുറയ്‌ക്കുകയല്ലാതെ മറ്റ്‌ മാര്‍ഗങ്ങളില്ലെന്ന്‌ പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ഡ്‌ വിഭാഗം മേധാവി ക്രിസ്‌റ്റഫ്‌ ഫ്രാന്‍സ്‌ പറഞ്ഞു. അഡ്‌മിനിസ്‌ട്രേറ്റീവ്‌ വിഭാഗത്തിലെ അഞ്ചില്‍ ഒന്ന്‌ ജീവനക്കാരാണ്‌ പുറത്തുപോകേണ്ടി വരുന്നത്‌.
ചെലവു കുറയ്‌ക്കലിന്റെ ഭാഗമായി പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള നീക്കവും ലുഫ്‌താന്‍സ ഉപേക്ഷിച്ചിട്ടുണ്ട്‌. 2014 നകം 160 പുതിയ യാത്രാ വിമാനങ്ങള്‍ വാങ്ങാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടു കാരണം ഈ ഓര്‍ഡറുകള്‍ എല്ലാം കമ്പനി റദ്ദാക്കിക്കഴിഞ്ഞു.

ചന്ദ്രയാനിന്‌ തകരാര്‍

തിരുവനന്തപുരം: രാജ്യത്തിന്റെ സ്വപ്‌ന പദ്ധതിയായ ചന്ദ്രയാനിനു സാങ്കേതിക തകരാര്‍. ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ ചാന്ദ്രയാന്റെ സ്‌ഥാനം നിര്‍ണയിക്കുന്ന സ്‌റ്റാര്‍ സെന്‍സറിലാണ്‌ തകരാര്‍ കണ്ടെത്തിയത്‌. ഒരുമാസം മുമ്പാണ്‌ സിഗ്നലുകളിലെ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്‌.
എന്നാല്‍ പദ്ധതി സംബന്ധിച്ച ആശങ്കകള്‍ അടിസ്‌ഥാന രഹിതമാണെന്ന്‌ ഐ എസ്‌ ആര്‍ ഒ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍ അറിയിച്ചു. തകരാറുകള്‍ താല്‍ക്കാലികമായി പരിഹരിച്ചു. പദ്ധതിക്ക്‌ തടസം നേരിടില്ലെന്നും അദ്ദേഹം പറഞ്ഞു.
ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന്‌ 2008 ഒക്‌ടോബര്‍ 22 നാണ്‌ ചന്ദ്രയാന്‍ വിക്ഷേപിച്ചത്‌.
ഭൂമിയിലെ ഊര്‍ജ്‌ജാവശ്യങ്ങള്‍ക്കുളള സ്രോതസ്സായി ചന്ദ്രനെ ഉപയോഗപ്പെടുത്താന്‍ കഴിയുമോ എന്നതാണ്‌ ചന്ദ്രപര്യവേഷണത്തിന്റെ പ്രധാനലക്ഷ്യം. ഗവേഷണ നിരീക്ഷണ പ്രാധാന്യമുളള ചന്ദ്രസ്‌ഥലങ്ങളുടെ ത്രിമാനചിത്രങ്ങള്‍ എല്ലാവിധ സൂക്ഷ്‌മാംശങ്ങളോടുംകൂടി തയ്യാറാക്കാനും ചന്ദ്രയാനെ ഉപയോഗിക്കുന്നുണ്ട്‌.
ചന്ദ്രന്റെ രാസഭൂപടം നിര്‍മിച്ച്‌ മൂലകങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്തലിലൂടെ ചന്ദ്രനിലുളള മഗ്നീഷ്യം, അലുമിനിയം, സിലിക്കോണ്‍, കാത്സ്യം, അയണ്‍, ടൈറ്റാനിയം, റഡോണ്‍, യുറേനിയം, തോറിയം, ഗാഡോലിനിയം, എന്നീ മൂലകങ്ങളുടെ സാന്നിധ്യവും സാന്ദ്രതയും ഇങ്ങനെ കണ്ടെത്തലും പ്രധാന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്‌.
കഴിഞ്ഞ എട്ടു മാസത്തെ പ്രവര്‍ത്തനംകൊണ്ടുതന്നെ ഈ ദൗത്യങ്ങള്‍ ചന്ദ്രയാന്‍ നിറവേറ്റിക്കഴിഞ്ഞതായും ഐ എസ്‌ ആര്‍ ഒ വൃത്തങ്ങള്‍ പറയുന്നു.

സിഖുകാരുടെ ടര്‍ബന്‌ ഫ്രാന്‍സില്‍ നിരോധനമില്ല

ഷാം -എല്‍-ഷെയ്‌ക്ക്‌ (ഈജിപ്‌റ്റ്‌): ഫ്രാന്‍സില്‍ സിഖുകാരുടെ തലയില്‍കെട്ടിന്‌ (ടര്‍ബന്‍) നിരോധനം ഏര്‍പ്പെടുത്തില്ലെന്ന്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ നികോളാസ്‌ സര്‍കോസി. ഇന്ത്യ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗുമായി നടത്തിയ ചര്‍ച്ചയിലാണ്‌ ഇക്കാര്യത്തില്‍ സര്‍കോസി ഉറപ്പു നല്‍കിയത്‌.
ഫ്രാന്‍സില്‍ അടുത്തിടെ മുസ്ലീം വനിതകള്‍ ബുര്‍ഖ ധരിക്കുന്നത്‌ നിയമവിരുദ്ധമാക്കിയിരുന്നു. മുസ്ലീ സംഘടനകളുടെ എതിര്‍പ്പിന്‌ കാരണമായ നടപടിയായിരുന്നു ഇത്‌. എന്നാല്‍ തന്റെ നിലപാടില്‍നിന്നും പിന്നോക്കം പോകാത്ത സര്‍കോസിയുടെ അടുത്ത ലക്ഷ്യം സിഖുകാര്‍ ആണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്‌ ഇന്ത്യന്‍ സമൂഹത്തില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു.
ഇതേതുടര്‍ന്ന്‌ രണ്ട്‌ ദിവസം മുമ്പ്‌ ഫ്രാന്‍സ്‌ സന്ദര്‍ശിച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ ഒരു അനൗദ്യോഗിക മെമോറാണ്ടം സര്‍ക്കോസിക്ക്‌ നല്‍കുകയും ചെയ്‌തു. രാജ്യത്തെ സ്‌കൂളുകളില്‍ മതചിഹ്നങ്ങള്‍ ധരിച്ച്‌ വിദ്യാര്‍ത്ഥികള്‍ എത്തുന്നത്‌ നിരോധിക്കാനുള്ള പുതിയ ബില്ലില്‍ സിഖുകാര്‍ക്ക്‌ ഇളവ്‌ നല്‍കുമെന്നും സര്‍കോസി വ്യക്തമാക്കിയിട്ടുണ്ട്‌. ഫ്രാന്‍സില്‍ താമസിക്കുന്ന സിഖുകാര്‍ ആറായിരത്തോളമുണ്ട്‌.

ഓഹരി വില്‍പന: കേന്ദ്രസര്‍ക്കാരില്‍ അഭിപ്രായ ഭിന്നത

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുന്നത്‌ സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാരിലും കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വത്തിലും അഭിപ്രായഭിന്നത. ഇക്കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പ്‌ ഉണ്ടാവാത്തതിനാലാണ്‌ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ സംബന്ധിച്ച കരട്‌ രേഖ ഇനിയും പുറത്തിറങ്ങാത്തത്‌.
പൊതുമേഖലാ സ്ഥാപനങ്ങളുടെ 49 ശതമാനം ഓഹരി വിറ്റഴിക്കുമെന്ന്‌ കഴിഞ്ഞ ബജറ്റ്‌ പ്രസംഗത്തില്‍ ധനമന്ത്രി പ്രണബ്‌കുമാര്‍ മുഖര്‍ജി പ്രഖ്യാപിച്ചിരുന്നു. ഇതിനോട്‌ ഭരണമുന്നണിയില്‍ ആര്‍ക്കും വിയോജിപ്പില്ല. എന്നാല്‍ ഓഹരി എങ്ങനെ വില്‍ക്കണമെന്നതിനെ ചൊല്ലിയാണ്‌ ഇപ്പോള്‍ തര്‍ക്കം. 49 ശതമാനം ഓഹരിയും ഒറ്റയടിക്ക്‌ വില്‍ക്കണമെന്നാണ്‌ ധനവകുപ്പിന്റെ ആഗ്രഹം.
പക്ഷേ പാര്‍ട്ടിയിലും ഭരണത്തിലും ഇതിനെയെതിര്‍ക്കാന്‍ ഒരു വിഭാഗം മുന്നോട്ടിറങ്ങിയിട്ടുണ്ട്‌. വീണ്ടും തങ്ങളെ അധികാരത്തിലേറ്റിയ ജനങ്ങളോടുള്ള വെല്ലുവിളിയാവും ഈ നീക്കമെന്നാണ്‌ ഇവരുടെ പക്ഷം. മാത്രമല്ല ഒറ്റയടിക്ക്‌ 49 ശതമാനം ഓഹരിയും വിറ്റാല്‍ അത്‌ രാജ്യത്താകമാനം ശക്തമായ പ്രക്ഷോഭം ഉണ്ടാകാനും ഇടയാക്കും. അതിനാല്‍ ആദ്യം 10 ശതമാനം ഒഹരി പബ്ലിക്‌ ഇഷ്യൂവായി വില്‍ക്കണമെന്നാണ്‌ ഇവരുടെ നിര്‍ദ്ദേശം.
ഇതിന്റെ മറവില്‍ ബാക്കി 39 ശതമാനം ഒരുമിച്ചു വില്‍ക്കാനും തൊഴിലാളികളുടെ പ്രതിഷേധങ്ങളെ മറികടക്കാനും സാധിക്കുമെന്നും അവര്‍ കണക്കുകൂട്ടുന്നു.
നവരത്‌ന കമ്പനികളുടെ ഓഹരി വില്‍ക്കുന്ന കാര്യത്തിലും അനശ്ചിതത്വം നിലനില്‍ക്കുകയാണ്‌. ഇവയുടെ ഓഹരി വില്‍പന കഴിഞ്ഞ യു പി എ സര്‍ക്കാരിന്റെ കാലത്ത്‌ ഉപേക്ഷിച്ചതാണ്‌. എന്നാല്‍ ഇവയുടെ ഓഹരിയും വില്‍ക്കാനുള്ള നീക്കങ്ങളാണ്‌ ഒരു വിഭാഗം നടത്തുന്നത്‌. നവരത്‌ന കമ്പനികളുടെ ഓഹരികള്‍ക്കാണ്‌ വിപണിയില്‍ കൂടുതല്‍ പ്രിയമെന്നതിനാലാണിത്‌. എന്നാല്‍ ഇത്തരമൊരു നീക്കം യു പി എ സര്‍ക്കാരിന്റെ പ്രതിച്ഛായയെ മൊത്തത്തില്‍ ബാധിക്കുമെന്ന്‌ മറുവിഭാഗവും ചൂണ്ടിക്കാട്ടുന്നുണ്ട്‌.
മുന്‍ ബി ജെ പി സര്‍ക്കാരിന്റെ കാലത്താണ്‌ നവരത്‌ന കമ്പനികളുടെ ഓഹരി വില്‍പനയ്‌ക്കുള്ള ആദ്യനീക്കം ഉണ്ടാകുന്നത്‌. കഴിഞ്ഞ യു പി എ സര്‍ക്കാര്‍ ഈ നീക്കവുമായി മുന്നോട്ടുപോയപ്പോള്‍ ശക്തമായ പ്രതിരോധവുമായി ഇടതുപക്ഷം മുന്നോട്ടുവരുകയും ഒടുവില്‍ ഓഹരി വില്‍പന ഉപേക്ഷിക്കുകയുമായിരുന്നു.
ഇത്തവണ യു പി എ സര്‍ക്കാരിനുമേല്‍ ഇടതുപക്ഷത്തിന്‌ നിയന്ത്രണമില്ലാത്തതും കോണ്‍ഗ്രസ്‌ കൂടുതല്‍ കരുത്താര്‍ജ്ജിച്ചതുമാണ്‌ ഓഹരി വില്‍പനയുമായി മുന്നോട്ടുപോകാന്‍ ധനവകുപ്പിന്‌ ധൈര്യം നല്‍കുന്നത്‌.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP